എട്ടുവയസ്സുള്ള പയ്യന്‍ മഹാവികൃതിയാണ്. സ്ഥിരമായി അമ്മയുടെ കോപത്തിന് ഇരയാവുകയും ചെയ്യും. എന്നിട്ടും ഒരു മാറ്റവും ഇല്ല. ഇത്രമേല്‍ പുലഭ്യം കേട്ടിട്ടും തല്ലുകിട്ടിയിട്ടും എന്താ കുട്ടി തിരുത്താതെന്ന ചോദ്യത്തിന് മറുപടിയായി അവന്‍ അമ്മയുടെ കലിയുടെ ചിത്രം വാക്കുകളില്‍ വരച്ചു കാട്ടി. അമ്മയുടെ മുഖത്തേക്ക് ചുവപ്പുനിറം ഇരച്ചുകയറും. ശരീരമാസകലം വിറയ്ക്കും. ശബ്ദം ഉച്ചത്തിലാവുന്നതുകൊണ്ടു വര്‍ത്തമാനം പതറും. ശാപവാക്കുകളുടെയും ചീത്തപറച്ചിലിന്‍റെയും പ്രളയമാകും. ഞാനൊന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ ദേഷ്യം കൂടും. മുറ്റത്തെ ചെടിയില്‍നിന്ന്‍ ഒരു കമ്പ് അടര്‍ത്തിയെടുക്കാനായി അപ്പോള്‍ തുള്ളിച്ചാടി ഇറങ്ങും. പിന്നെ പൊതിരെ തല്ലും. മുടി പാറിപ്പറന്നിട്ടുണ്ടാവും. നീയൊന്നും ഒരു കാലത്തും നന്നാവില്ലെന്ന ശാപവാക്കുകളോടെ പിന്നെ ഒരു കരച്ചിലാണ്. ചവിട്ടുനാടകം പോലെയുള്ള ഈ കലിതുള്ളലല്ലാതെ മറ്റൊന്നും പയ്യന്‍റെ മനസ്സിലില്ല. ചിലപ്പോള്‍ ആ നേരത്ത് അവന്‍ സിനിമകളില്‍ നടികള്‍ കെട്ടിയാടുന്ന കലിവേഷങ്ങള്‍ ഓര്‍ത്തുപോകും. എന്താണ് അവന്‍ ചെയ്ത തെറ്റെന്നും എന്തുകൊണ്ടാണ് കോപം വന്നതെന്നും ശാന്തമായി പറഞ്ഞു ഫലിപ്പിക്കാന്‍ അമ്മയ്ക്ക് ഇതിനിടയില്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ശിക്ഷ കിട്ടുന്നത് എന്തിനെന്നു ഓര്‍ത്തെടുക്കാന്‍ പയ്യന് പറ്റുന്നില്ല. പിന്നെ എങ്ങനെ തിരുത്തലുകള്‍ ഉണ്ടാകാനാണ്? വേണ്ട സന്ദേശങ്ങള്‍ ഫലവത്തായ രീതിയില്‍ മകന്‍റെ മനസ്സിലേക്ക് എത്താതിരിക്കുന്നത് അരിശത്തിന്‍റെ അതിപ്രസരം മൂലമാണന്നു വ്യക്തം. ഇതാണ് കോപത്തിന്‍റെ കുഴപ്പം. ഇച്ഛാഭംഗം, വിഷാദം, ഉത്കണ്ട, നൈരാശ്യം, അപകര്‍ഷതാബോധം,... അരക്ഷിതബോധം ഇങ്ങനെ ഒട്ടേറെ മാനസികാവസ്ഥകളില്‍ നിന്നാണ് ക്ഷോഭം പൊട്ടിമുളക്കുന്നത്. ഈ മാനസികഭാവങ്ങളെ ഉണര്‍ത്തുന്ന സഹാചര്യങ്ങള്‍ സത്യമായിരിക്കും. പരിഗണന അര്‍ഹിക്കുന്നതുമാകും. പക്ഷെ, അതിരുവിട്ട കോപം പ്രകടിപ്പിച്ചാല്‍ പരിഹാരങ്ങള്‍ അകന്നുപോകുമെന്നതാണ് വാസ്തവം. പലപ്പോഴും കാര്യങ്ങള്‍ സങ്കിര്‍ണമായെന്നും വരാം. കോപനിയന്ത്രണത്തിന്‍റെ പാഠങ്ങള്‍ ശീലിക്കേണ്ടത് അത്യാവശ്യമാണ്.