വായനാമുറി
സമ്പദ്’വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും ഏറിയ മാത്സര്യവും മൂലം ഇന്ന്‍ മിക്ക തൊഴില്‍മേഖലകളിലുമുള്ളവര്‍ ഏറെ മനസ്സമ്മര്‍ദ്ദം നേരിടുന്നുണ്ട്. സാങ്കേതികതയുടെ വളര്‍ച്ച തങ്ങള്‍ക്കുള്ള വൈദഗ്ദ്ധ്യത്തെ അപ്രസക്തമാക്കിക്കളയുമോ, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തൊഴില്‍നഷ്ടത്തിനിടവരുത്തുമോ, ഒപ്പമുള്ളവര്‍ പിരിച്ചുവിടപ്പെട്ടാല്‍ ഓവര്‍ടൈം അദ്ധ്വാനിക്കേണ്ടതായിവരുമോ എന്നൊക്കെയുള്ള ആശങ്കകള്‍ പ്രബലമാണ്. അടുത്ത ക്വാര്‍ട്ടറിലെ അറ്റാദായത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന പല കമ്പനികളും തൊഴിലാളികളോടു പെരുമാറുന്നത് കവലച്ചട്ടമ്പികളുടെ രീതിയിലാണെന്ന് പല ഗവേഷകരും അനുമാനിക്കുന്നുണ്ട്. തീരുമാനങ്ങളെല്ലാം തൊഴില്‍ദാതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യവും അദ്ധ്വാനത്തിനനുസരിച്ച പ്രതിഫലം കിട്ടാതെപോവുന്നതും ചിലപ്പോള്‍ മാസങ്ങളേക്ക് ശമ്പളമേ കിട്ടാതെവരുന്നതുമൊക്കെ ആധുനിക തൊഴിലിടങ്ങളെ ഏറെ സമ്മര്‍ദ്ദജനകങ്ങളാക്കുന്നുണ്ട്. ASSOCHAM എന്ന സംഘടന നടത്തിയ സര്‍വേയുടെ അനുമാനപ്രകാരം 2009-നും 2015-നുമിടയില്‍ തൊഴില്‍ജന്യമായ മാനസികസമ്മര്‍ദ്ദം ഇന്ത്യയിലുണ്ടാക്കിയ നഷ്ടം 72,000 കോടി രൂപയുടേതാണ്. റീഗസ് എന്ന മള്‍ട്ടിനാഷണല്‍കമ്പനിയുടെ പഠനം വെളിപ്പെടുത്തിയത് ഇന്ത്യയിലെ തൊഴിലാളികളില്‍ 71% പേരും തൊഴില്‍സമ്മര്‍ദ്ദമനുഭവിക്കുന്നുണ്ടെന്നാണ്. തൊഴിലിലെ അസംതൃപ്തി, അടിക്കടിയുള്ള ജോലിമാറ്റങ്ങള്‍, കാര്യക്ഷമത നഷ്ടമാവല്‍ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുള്ള തൊഴില്‍സമ്മര്‍ദ്ദം പലപ്പോഴും എടുത്തുചാട്ടം, ലഹരിയുപയോഗം, അമിത മദ്യപാനം എന്നിവക്കും അകാലമരണത്തിനു പോലും നിമിത്തമാവാറുമുണ്ട്.
ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി.
എട്ടുവയസ്സുള്ള പയ്യന്‍ മഹാവികൃതിയാണ്. സ്ഥിരമായി അമ്മയുടെ കോപത്തിന് ഇരയാവുകയും ചെയ്യും. എന്നിട്ടും ഒരു മാറ്റവും ഇല്ല. ഇത്രമേല്‍ പുലഭ്യം കേട്ടിട്ടും തല്ലുകിട്ടിയിട്ടും എന്താ കുട്ടി തിരുത്താതെന്ന ചോദ്യത്തിന് മറുപടിയായി അവന്‍ അമ്മയുടെ കലിയുടെ ചിത്രം വാക്കുകളില്‍ വരച്ചു കാട്ടി. അമ്മയുടെ മുഖത്തേക്ക് ചുവപ്പുനിറം ഇരച്ചുകയറും. ശരീരമാസകലം വിറയ്ക്കും. ശബ്ദം ഉച്ചത്തിലാവുന്നതുകൊണ്ടു വര്‍ത്തമാനം പതറും. ശാപവാക്കുകളുടെയും ചീത്തപറച്ചിലിന്‍റെയും പ്രളയമാകും. ഞാനൊന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ ദേഷ്യം കൂടും. മുറ്റത്തെ ചെടിയില്‍നിന്ന്‍ ഒരു കമ്പ് അടര്‍ത്തിയെടുക്കാനായി അപ്പോള്‍ തുള്ളിച്ചാടി ഇറങ്ങും. പിന്നെ പൊതിരെ തല്ലും. മുടി പാറിപ്പറന്നിട്ടുണ്ടാവും. നീയൊന്നും ഒരു കാലത്തും നന്നാവില്ലെന്ന ശാപവാക്കുകളോടെ പിന്നെ ഒരു കരച്ചിലാണ്. ചവിട്ടുനാടകം പോലെയുള്ള ഈ കലിതുള്ളലല്ലാതെ മറ്റൊന്നും പയ്യന്‍റെ മനസ്സിലില്ല. ചിലപ്പോള്‍ ആ നേരത്ത് അവന്‍ സിനിമകളില്‍ നടികള്‍ കെട്ടിയാടുന്ന കലിവേഷങ്ങള്‍ ഓര്‍ത്തുപോകും. എന്താണ് അവന്‍ ചെയ്ത തെറ്റെന്നും എന്തുകൊണ്ടാണ് കോപം വന്നതെന്നും ശാന്തമായി പറഞ്ഞു ഫലിപ്പിക്കാന്‍ അമ്മയ്ക്ക് ഇതിനിടയില്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ശിക്ഷ കിട്ടുന്നത് എന്തിനെന്നു ഓര്‍ത്തെടുക്കാന്‍ പയ്യന് പറ്റുന്നില്ല. പിന്നെ എങ്ങനെ തിരുത്തലുകള്‍ ഉണ്ടാകാനാണ്? വേണ്ട സന്ദേശങ്ങള്‍ ഫലവത്തായ രീതിയില്‍ മകന്‍റെ മനസ്സിലേക്ക് എത്താതിരിക്കുന്നത് അരിശത്തിന്‍റെ അതിപ്രസരം മൂലമാണന്നു വ്യക്തം. ഇതാണ് കോപത്തിന്‍റെ കുഴപ്പം. ഇച്ഛാഭംഗം, വിഷാദം, ഉത്കണ്ട, നൈരാശ്യം, അപകര്‍ഷതാബോധം,... അരക്ഷിതബോധം ഇങ്ങനെ ഒട്ടേറെ മാനസികാവസ്ഥകളില്‍ നിന്നാണ് ക്ഷോഭം പൊട്ടിമുളക്കുന്നത്. ഈ മാനസികഭാവങ്ങളെ ഉണര്‍ത്തുന്ന സഹാചര്യങ്ങള്‍ സത്യമായിരിക്കും. പരിഗണന അര്‍ഹിക്കുന്നതുമാകും. പക്ഷെ, അതിരുവിട്ട കോപം പ്രകടിപ്പിച്ചാല്‍ പരിഹാരങ്ങള്‍ അകന്നുപോകുമെന്നതാണ് വാസ്തവം. പലപ്പോഴും കാര്യങ്ങള്‍ സങ്കിര്‍ണമായെന്നും വരാം. കോപനിയന്ത്രണത്തിന്‍റെ പാഠങ്ങള്‍ ശീലിക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് മാനസിക സമ്മര്‍ദ്ദം?
യഥാര്‍ത്ഥമോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസികസമ്മര്‍ദ്ദം (stress) എന്നു വിളിക്കുന്നത്. മാനസികസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളെ ഒരാളുടെ വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നും പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍ എന്നും രണ്ടായി വേര്‍തിരിക്കാം. ഉദാഹരണത്തിന്, ഏറ്റവും പുതിയ മോഡല്‍ സെല്‍ഫോണ്‍ കയ്യിലുള്ളവരെയേ സമൂഹം മിടുക്കരായി പരിഗണിക്കുകയുള്ളൂ എന്നതുപോലെയുള്ള ചില വിശ്വാസങ്ങളും, തന്നെ ഒരാളും ഒരിക്കലും പരിഹസിക്കാന്‍ പാടില്ല എന്നു തുടങ്ങിയ ചില ചിന്താഗതികളും ആളുകളില്‍ മാനസികസമ്മര്‍ദ്ദത്തിനു കാരണമാവാം. അതുപോലെ അവര്‍ ഇടപഴകുന്ന ചില വ്യക്തികളോ, അവര്‍ ചെന്നുപെടുന്ന ചില സാഹചര്യങ്ങളോ (ഉദാ:- പരീക്ഷ, സ്റ്റേജില്‍ കയറേണ്ടി വരിക), അവരുടെ ജീവിതത്തിലെ ചില പ്രധാനസംഭവവികാസങ്ങളോ (ഉദാ:- വിവാഹം, പ്രൊമോഷന്‍) ആളുകളെ മാനസികസമ്മര്‍ദ്ദത്തിലേക്കു നയിച്ചേക്കാം.