വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
8 minutes reading time (1538 words)

മനസ്സറിഞ്ഞ് മക്കളെ വളര്‍ത്താം

മനസ്സറിഞ്ഞ് മക്കളെ വളര്‍ത്താം

മക്കളെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണമെന്നു തന്നെയാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. പോഷകാഹാരങ്ങളും പ്രതിരോധ കുത്തിവെപ്പുകളുമൊക്കെ നല്‍കി ആരോഗ്യമുള്ളവര്‍ ആക്കണമെന്ന വിചാരം ഏതാണ്ടെല്ലാവര്‍ക്കുമുണ്ട്. പത്തു കാശു സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തിലും തര്‍ക്കമില്ല. അവര്‍ക്ക് നല്ല കല്യാണവും കുടുംബവുമൊക്കെ ഉണ്ടാകണമെന്നും ആഗ്രഹിക്കും. അറിഞ്ഞോ അറിയാതെയോ വളര്‍ത്തലിന്‍റെ രീതികള്‍ ഈ പരിമിതവൃത്തത്തില്‍ ഒതുങ്ങിപ്പോവാറുണ്ട് പലപ്പോഴും. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രകൃതമെന്തായിരിക്കണം? എല്ലാവിധ സംരക്ഷണത്തിന്‍റെയും ഉത്തരവാദിത്തമുള്ളതു കൊണ്ട് അധികാരിയോ ഉടമയോ ആയി മാറാന്‍ അവര്‍ക്കു കഴിയുമോ? തീര്‍ച്ചയായും അതു പാടില്ല. വേണ്ടത് സ്നേഹനിര്‍ഭരമായ ചങ്ങാത്തമാണ്. ഇതു സാധിക്കണമെങ്കില്‍ മക്കളുടെ വളര്‍ച്ചയ്ക്കൊപ്പം ശൈശവത്തിന്‍റെയും ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയുമൊക്കെ ചൂടും തണുപ്പും അറിഞ്ഞനുഭവിച്ച് ഓരോ മാതാപിതാക്കളും അവര്‍ക്കൊപ്പം കടന്നുപോകേണ്ടതുണ്ട്. എങ്കിലേ പ്രായത്തിനനുസരിച്ചുള്ള ആശയസംവേദനം നടക്കുകയുള്ളൂ, മനസ്സിലാക്കല്‍ പൂര്‍ണമാവുകയുള്ളൂ. മക്കളുടെ മനസ്സിലെ സന്തോഷവും സന്താപവും ആശയക്കുഴപ്പങ്ങളുമൊക്കെ അപ്പൊഴേ പെട്ടെന്ന് വായിച്ചെടുക്കാനാവുകയുള്ളൂ. ഉരിയാടാതെ തന്നെ ഉള്ളറിയാന്‍ പോന്ന അടുപ്പവും ഏതു പ്രതിസന്ധിയിലും കുറ്റപ്പെടുത്താതെ നേര്‍വഴി കാട്ടുമെന്ന വിശ്വാസവുമാണ് മക്കള്‍ക്കു നല്‍കേണ്ടത്. അതിനെക്കാള്‍ വലിയ ശക്തി വേറെ നല്‍കാനില്ല അവര്‍ക്ക്.

വളര്‍ത്തുദോഷങ്ങള്‍

അമ്മ പെറ്റ് അച്ഛന്‍ വളര്‍ത്തണം എന്നാണ് പഴമൊഴി. അമ്മയുടെ അളവില്ലാത്ത സ്നേഹവും അച്ഛന്‍റെ സ്നേഹശിക്ഷണങ്ങളുമാണ് മക്കളെ വളര്‍ത്തുന്നതില്‍ പ്രധാനം എന്നര്‍ത്ഥം. മാതാപിതാക്കളുടെ ബന്ധത്തിന്‍റെ ഇഴയടുപ്പവും പ്രധാനം. എത്രയധികം വളര്‍ത്തുദോഷങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുന്നത്! ചില മാതാപിതാക്കള്‍ മക്കളുടെ ജീവിതത്തില്‍ അമിതമായി ഇടപെടും. മക്കളുടെ ആഗ്രഹങ്ങളും അഭിരുചികളും മനസ്സിലാക്കാതെ സ്വന്തം ആഗ്രഹങ്ങളും മോഹങ്ങളും അവരുടെ തലയില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കും. മക്കള്‍ എന്തു തന്നെ ആവശ്യപ്പെട്ടാലും അല്‍പം പോലും താമസിക്കാതെ അതൊക്കെ സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാരും കുറവല്ല. മക്കളുടെ ആവശ്യങ്ങളെക്കുറിച്ച് ഒട്ടും വിവേചനബുദ്ധി പ്രകടിപ്പിക്കാത്ത ഇക്കൂട്ടരുടെ വികലമായ സ്നേഹപ്രകടനങ്ങള്‍ മക്കളെ നശിപ്പിക്കുകയേ ഉള്ളൂ. ശരിതെറ്റുകളെക്കുറിച്ചുള്ള ബോധമൊന്നും പകരാതെ മക്കളെ തോന്നിയപടി വളര്‍ത്തുന്നവരുണ്ട്. ഇനിയൊരു കൂട്ടരുടെ വിചാരം പിള്ളേരോട് തുറന്ന് ഇടപഴകുകയോ സ്നേഹം പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്താല്‍ അവര്‍ വഷളായിപ്പോകുമെന്നാണ്. മക്കളുടെയടുത്ത് അവര്‍ മസിലുപിടിച്ച് ഗൌരവം നടിച്ചിരിക്കും. അടക്കിയൊതുക്കി കര്‍ശനമായ ശിക്ഷാവിധികള്‍ക്കകത്തു വളര്‍ത്തുന്ന ചിലരുമുണ്ട്. ഇളംമനസ്സു കാണാന്‍ ശ്രമിക്കാതെയുള്ള ഇത്തരം ഇടപെടലുകളൊക്കെ അവരില്‍ പെരുമാറ്റവൈകല്യങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാക്കുകയാണ് ചെയ്യുക.

കുഞ്ഞു കൌതുകങ്ങള്‍

അമ്മേ... ഇന്ന് ഞങ്ങടെ ക്ളാസ്സിലേ ഒരു വെല്യേ കാര്യവൊണ്ടായി... പറയട്ടേ.. ആറുവയസ്സുകാരി നികിത വീട്ടിലേക്കെത്തിയ പാടേ കൌതുകം അടക്കാനാവാതെ ഓടിച്ചാടിയാണെത്തിയത്. സ്കൂളിലെ സംഭവം അറിയാന്‍ അമ്മയ്ക്കും ആകാംക്ഷ!- എന്താ മോളേ വെല്യേ സംഭവം. അതേ.. ഞങ്ങടെ ക്ളാസ്സിലേക്ക് ഒരു പൂമ്പാറ്റ ദേ ഇങ്ങനെ പാറിപ്പാറി... അതു കേട്ടതും അമ്മയുടെ മുഖത്തെ ആകാംക്ഷ ഫ്യൂസായി! മല പോലെ വന്നത് എലിപോലെ പോയി. ആഹാ! ഇതാണോ ഇത്ര വല്യ കാര്യം!കുഞ്ഞിന്‍റെ വലിയ കൌതുകങ്ങളോട് വലിയൊരു വിഭാഗം അച്ഛനമ്മമാരുടെയും പ്രതികരണം ഇങ്ങനെ തണുപ്പനായിരിക്കും. ചിലര്‍ ആഹാ! എന്നിട്ടോ മോളേ എന്നു ചോദിക്കും. അത്ര തന്നെ. അതിലപ്പുറം പോകാത്തവരാണ് 90 ശതമാനം അമ്മമാരും. ആ.. ശരി ശരി വന്ന് പാലു കുടിക്ക് എന്ന് വലിയൊരു ഗ്ളാസ്സ് പാല് കുട്ടിയെക്കൊണ്ട് കുടിപ്പിച്ച് അതു കണ്ട് സന്തോഷിക്കാനാവും മിക്ക അമ്മമാര്‍ക്കും താല്‍പര്യം. തങ്ങളുടെ കൌതുകങ്ങള്‍ പറയാനും അത് തികഞ്ഞ താല്‍പര്യത്തോടെ കേള്‍ക്കാനും ആളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏതാണ്ടെല്ലാ കുഞ്ഞുങ്ങളും. എന്തിന്! പറയുന്നത് താല്‍പര്യത്തോടെ കേള്‍ക്കാനൊരാളുണ്ടായാല്‍ എന്തു സംതൃപ്തിയാണ് മുതിര്‍ന്നയാളുകള്‍ക്കുമുള്ളത്. കുഞ്ഞുങ്ങളുടെ കൌതുകങ്ങള്‍ വളര്‍ത്താനും അവര്‍ പറയുന്നതു കേള്‍ക്കാനും സമയവും സന്മനസ്സുമുള്ള അച്ഛനമ്മമാര്‍ കുറവാണ്. അവര്‍ പറയുന്നതു കേള്‍ക്കുക എന്നത് അവരോടു പറഞ്ഞു കൊടുക്കുന്നതു പോലെ തന്നെ പ്രധാനമാണ്.

ക്ളാസ്സിലേക്കു പറന്നു വന്നത് അച്ഛന്‍ പൂമ്പാറ്റയാണോ അമ്മപ്പൂമ്പാറ്റയാണോ അതോ കുഞ്ഞിപ്പൂമ്പാറ്റയാണോ എന്നു ചോദിക്കാന്‍, അത് മഞ്ഞയാണോ പച്ചയാണോ നീലയാണോ എന്ന് അന്വേഷിക്കാന്‍, അത് നിങ്ങളെപ്പോലെ പഠിക്കാന്‍ കൊതിയായിട്ട് പാറിപ്പറന്നു വന്നതാണോ എന്നു തിരക്കാന്‍ ഒക്കെ താല്‍പര്യം കാണിക്കാന്‍ അച്ഛനമ്മമാര്‍ക്കു കഴിഞ്ഞാല്‍ അതായിരിക്കും കുഞ്ഞിനു കിട്ടുന്ന വലിയ അംഗീകാരവും പരിശീലനവും. അപ്പോളാണ് അവരുടെ കണ്ണും കാതും മനസ്സും വിശാലമാകുന്നത്, അവരുടെ ഭാവന വിരിയുന്നത്. അപ്പോളാണ് ഓരോ ചെറുചെറുവസ്തുവിലും വിരല്‍ തൊട്ടുതൊട്ട് അങ്ങനെ കൌതുകം കൊള്ളാനുള്ള കഴിവ് അവര്‍ക്കുണ്ടാകുന്നത്. ഉള്ളമറിയുന്ന മാതാപിതാക്കളുണ്ടെന്ന വിശ്വാസം മൊട്ടിടുന്നതും.

ഏതാണ്ടൊരു പതിനാലു പതിനഞ്ചു വയസ്സാകുമ്പോള്‍ ഒരു പെണ്‍കുട്ടിയോട് കൂട്ടുകാരന്‍, എന്തു ഭംഗിയാണ് നിന്നെക്കാണാന്‍ എന്നു പറഞ്ഞാല്‍, നിന്‍റെ ചുരിദാര്‍ സ്റ്റൈലാണല്ലോ എന്നു പറഞ്ഞാല്‍ ആ കൌതുകവും ആ കൂട്ടുകാരനോടുള്ള മനോഭാവവും വീട്ടിലെത്തി അമ്മയോടു പങ്കു വെക്കുന്നത് ഏതു കുട്ടിയായിരിക്കുമെന്ന് ഓര്‍ത്തു നോക്കൂ! താന്‍ പറയുന്നത് താല്‍പര്യത്തോടെ കേള്‍ക്കുമെന്നും അതിന്‍റെ കൌതുകങ്ങള്‍ തനിക്കൊപ്പം പങ്കുവച്ച് അഭിപ്രായമെന്തെങ്കിലും പറയുമെന്നും ഉറപ്പുള്ള അച്ഛനമ്മമാരോടു മാത്രമേ കുട്ടി ഉള്ളു തുറക്കുകയുള്ളൂ. അല്ലാത്ത കുട്ടികള്‍ തനിക്ക് എവിടെ നിന്നെങ്കിലും കിട്ടുന്ന അംഗീകാരത്തിലും പരിഗണനയിലും സ്നേഹപ്രകടനത്തിലും രഹസ്യമായി അഭിരമിക്കുകയേ ഉള്ളൂ. ചിലപ്പോള്‍ അവര്‍ ആ പുതിയ അനുഭവത്തിനു മുന്നില്‍ പകച്ച് അങ്കലാപ്പിലാവുകയും ചെയ്യാം. ചതിക്കുഴികളില്‍ വീണെന്നും വരാം. മക്കള്‍ എല്ലാം തുറന്നു പറയുന്നവരാകണമെങ്കില്‍ അവര്‍ പറയുന്നതെല്ലാം എപ്പോഴും താല്‍പര്യത്തോടെ കേള്‍ക്കുന്നവരാകണം അച്ഛനമ്മമാര്‍..

മക്കളോടൊപ്പം അവരുടെ കൌതുകങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വളരാന്‍ അച്ഛനമ്മമാര്‍ക്കു കഴിയണം. വാസ്തവത്തില്‍ ആ പ്രായത്തിലൂടെ വീണ്ടുമൊരു കടന്നു പോക്കിനു കിട്ടുന്ന സന്ദര്‍ഭമാണ് മക്കളെ വളര്‍ത്തുമ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടാകുന്നത്. മുതിര്‍ന്ന മനസ്സോടെയും ആത്മവിശ്വാസത്തോടെയും ശൈശവവും ബാല്യവും കൌമാരവും വീണ്ടും അനുഭവിക്കാനുള്ള അവസരം. ആ മനോഹരമായ അവസരം തിരിച്ചറിഞ്ഞ് മക്കള്‍ക്കൊപ്പം വളരുക. അതാണ് മക്കളെ വളര്‍ത്തലിന്‍റെ കല.

റിസല്‍ട്ടു വന്നോ? തോറ്റോ?

അച്ഛാ പരീക്ഷയുടെ റിസല്‍റ്റു വന്നു എന്നു പറഞ്ഞാല്‍ ഗൌരവത്തോടെ ഒന്നു മൂളി ങാ.. എന്നിട്ട്..? തോറ്റോ..? എന്ന്‍ ചോദിക്കുന്ന അച്ഛന്മാര്‍ കുറവായിരുന്നില്ല പഴയ തലമുറയില്‍... കുറ്റപ്പെടുത്തിയും പരിഹസിച്ചും ശിക്ഷിച്ചും മാത്രമേ കുഞ്ഞുങ്ങളെ നേരെയാക്കാനാവൂ എന്നു തെറ്റിദ്ധരിച്ചിരുന്നവര്‍.......... കുറ്റപ്പെടുത്തലുകളും ശിക്ഷകളും ഒരാളെയും മികവിലേക്കെത്തിക്കുകയില്ല. തെറ്റും കുറ്റവും ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കണം. ശിക്ഷണം വേണ്ടിടത്ത് നല്‍കാം. പക്ഷേ, കുട്ടികളോടുള്ള പൊതുസമീപനം പ്രോല്‍സാഹനത്തിന്റേതു തന്നെ ആയിരിക്കണം. ലോപമില്ലാതെ പ്രോല്‍സാഹിപ്പിക്കുക, അഭിനന്ദിക്കുക. അതാകട്ടെ എല്ലാ കാര്യത്തിലും നമ്മുടെ ശീലം. ഒരു കാര്യവുമില്ലാതെ, എന്‍റെ കുഞ്ഞാണ് ഈ ലോകത്തില്‍ വെച്ച് ഏറ്റവും മികച്ചത് എന്ന പൊങ്ങച്ചപ്പുകഴ്ത്തലുകളല്ല വേണ്ടത്. അവരുടെ ഓരോ ചെറിയ നേട്ടവും അംഗീകരിക്കണം, അഭിനന്ദിക്കണം. അവരെ വിമര്‍ശിക്കുകയും തെറ്റു പറയുകയും ചെയ്യുന്നതിന്‍റെ മൂന്നു മടങ്ങ് പ്രോല്‍സാഹനവും അംഗീകാരവും അഭിനന്ദനവും നല്‍കണം.

ശിക്ഷണത്തിന്റെ ധര്‍മോമീറ്റര്‍

ഈ തെറ്റു ചെയ്തതു കൊണ്ട് ഇന്നു കാര്‍ട്ടൂണ്‍ കാണിക്കില്ല എന്നു പറയുന്നത്, അങ്ങനെ ചെയ്തതിനാല്‍ ഇന്നു കഥ പറഞ്ഞു തരില്ലെന്നു പറയുന്നത് ഒക്കെ നല്ല ശിക്ഷാരീതികളാണ്.

ഒരു ലോപവുമില്ലാതെ കുട്ടികളെ പ്രോല്‍സാഹിപ്പിക്കണം എന്നു പറയുന്നതിനര്‍ത്ഥം അവര്‍ക്ക് ശിക്ഷയോ ശിക്ഷണമോ പാടില്ല എന്നല്ല. ശിക്ഷണം വേണം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കുന്ന ശിക്ഷകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കിഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങള്‍- അത് കളിയോ ടെലിവിഷന്‍ കാഴ്ചകളോ ഒക്കെയാകാം- തല്‍ക്കാലത്തേക്കു വിലക്കുന്നതും ശിക്ഷയാണ്. ഈ തെറ്റു ചെയ്തതു കൊണ്ട് ഇന്നു കാര്‍ട്ടൂണ്‍ കാണിക്കില്ല എന്നു പറയുന്നത്, അങ്ങനെ ചെയ്തതിനാല്‍ ഇന്നു കഥ പറഞ്ഞു തരില്ലെന്നു പറയുന്നത് ഒക്കെ നല്ല ശിക്ഷാരീതികളാണ്. ഇത്തരം കാര്യങ്ങള്‍ ഭാവനാപൂര്‍ണമായി ചെയ്യുന്നതിലാണ് മിടുക്കു കാട്ടേണ്ടത്.

അവരുടെയുള്ളില്‍ ഒരു ധര്‍മോമീറ്റര്‍ സെറ്റു ചെയ്യുകയാവണം ശിക്ഷണത്തിന്‍റെ ലക്ഷ്യം. അച്ഛനമ്മമാരെ പേടിച്ച് തെറ്റു ചെയ്യാതിരിക്കുകയല്ല, മറിച്ച് ശരിയല്ലാത്ത കാര്യങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാനുള്ള ധാര്‍മിക ബോധമാണുണ്ടാവേണ്ടത്. അതിനു പറ്റിയ വിധത്തിലുള്ളതാവണം ശിക്ഷണം. ചൊല്ലുവിളിയോടെ വളര്‍ത്തണം എന്ന് പറയും. ചൊല്ലിക്കൊട്, നുള്ളിക്കൊട് എന്നാണ് പണ്ടുള്ളവര്‍ പറയുക. നമുക്ക്   ചൊല്ലിക്കൊടുക്കാം, കാണിച്ചു കൊടുക്കാം, ബോധ്യപ്പെടുത്തിക്കൊടുക്കാം പിന്നെയും പിന്നെയും. നല്ലതു ചെയ്യുമ്പോള്‍ നന്നായി പ്രോല്‍സാഹിപ്പിച്ചാല്‍ ചീത്ത ചെയ്യുമ്പോളുണ്ടാകുന്ന ചെറിയ ശിക്ഷണങ്ങള്‍ക്കു പോലും ഫലം കൂടും.

ശിക്ഷകള്‍ വേണ്ടിവരും. എന്നാല്‍, എന്തിനാണ് ശിക്ഷിക്കുന്നത് എന്ന് അവര്‍ക്ക് പൂര്‍ണബോധ്യമുള്ള തരത്തിലാവണം അത്. മുമ്പെപ്പൊഴോ ചെയ്ത തെറ്റിന്‍റെ കണക്ക് എഴുതി വെച്ച് പിന്നീട് ശിക്ഷ നല്‍കുന്ന പരിപാടി ശരിയല്ല. കുട്ടി ചെയ്യുന്ന തെറ്റിന് ആനുപാതികമായി ഉചിതമായ ചെറിയ ശിക്ഷകള്‍ നല്‍കുക. ഒരേ തെറ്റിന് എപ്പോഴും ഒരേ തരം ശിക്ഷയേ പാടുള്ളൂ. അച്ഛനമ്മമാരുടെ ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാവരുത്. ശിക്ഷകള്‍.. വരച്ച വരയില്‍ നിര്‍ത്തുന്ന രീതിയല്ല വേണ്ടത്. അത്തരക്കാരാണ് ആദ്യം കിട്ടുന്ന അവസരത്തില്‍ ആഘോഷമായി വര മുറിച്ചു കടന്നുപോകുന്നത്. എന്നാല്‍ ഒരു ശിക്ഷണവുമില്ലാതെ വളയമില്ലാതെ ചാടുന്ന രീതിയും ശരിയല്ല. വരച്ച വരയിലൂടെയുള്ള നടത്തയാകാനും പാടില്ല, വളയമില്ലാത്ത ചാട്ടമാകാനും പാടില്ല. അതെ, മക്കളെ നന്നായി വളര്‍ത്തുന്നത് നല്ല ഉത്തരവാദിത്തമുള്ള പണി തന്നെയാണ്.

ഉത്കൃഷ്ടവേളകള്‍

കുഞ്ഞിനു വേണ്ടി എത്ര സമയമാണെന്നോ ചെലവഴിക്കുന്നത്... എന്നു കരുതുന്ന അച്ഛനമ്മമാരുണ്ട്. അവരുറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്ന് ഹോംവര്‍ക്കും പ്രൊജക്റ്റും ചെയ്ത്, ടോയ് ലറ്റിലിരിക്കുന്ന കുഞ്ഞിന്‍റെ സമയം കളയാതെ പുറത്തു നിന്ന്ഗൃഹപാഠങ്ങള്‍ ചോദിച്ച്, ട്യൂഷന്‍ ക്ളാസ്സില്‍ ഒപ്പം പോയി പുറത്തിരുന്ന്... അങ്ങനെ സദാ കുഞ്ഞിനെ മേച്ചു നടക്കുന്നവര്‍ . ജീവിതം മുഴുവന്‍ മക്കള്‍ക്കു വേണ്ടി ചെലവിട്ടു എന്നാവും ഇവരൊക്കെ മേനി പറയുക. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടത് ഇതാണോ? അച്ഛനമ്മമാരുടെ മുഴുവന്‍ സമയവും ഇങ്ങനെ മക്കളുടെ പുറകേ നടന്നു തീര്‍ത്തിട്ട് എന്തുകാര്യം? എത്രയേറെ സമയം നല്‍കുന്നു എന്നതല്ല, എത്ര നല്ല രീതിയില്‍ സമയം ചെലവഴിക്കുന്നു എന്നതാണ് കാര്യം. കുഞ്ഞുങ്ങള്‍ക്കു വേണ്ടത് ഉത്കൃഷ്ടവേളകളാണ് (Quality time). അവരോടൊപ്പം അവര്‍ക്ക് ആഹ്ളാദകരമായ വിധത്തില്‍ ചെലവഴിക്കുന്ന സമയം. മക്കളുടെ പ്രായത്തിനു ചേര്‍ന്ന കളിചിരി നേരം, സൊറ പറച്ചില്‍, വിശേഷം പങ്കുവെക്കല്‍ ഇവയൊക്കെ വേണം. പേടിയോ സങ്കോചമോ ഇല്ലാതെ എന്തും പറയാവുന്ന, സന്തോഷത്തോടെ മാത്രം ഇടപെടാവുന്ന ആഹ്ളാദനേരങ്ങളാണ് ഉത്കൃഷ്ടവേളകള്‍. . ഇത്തരം നേരങ്ങളില്‍ ആവശ്യാനുസരണം ചേര്‍ന്ന് പഠിപ്പു പോലുള്ള കാര്യങ്ങളില്‍ മക്കളെ ഉത്തേജിപ്പിക്കാനും കഴിയും.

നിധിതേടല്‍

അവരുടെയുള്ളിലെ വലിയ നിധികള്‍ അവഗണിച്ചിട്ട് അച്ഛനമ്മമാരുടെ ചെറിയ മോഹങ്ങളുടെ കുറ്റിയില്‍ അവരെ കൊണ്ടുചെന്നു കെട്ടുകയാണ് പലരും ചെയ്യാറുള്ളത്.

ഓരോ കുഞ്ഞിന്‍റെയും ജീവിതം ഒരു നിധിതേടലാണ്. ഉള്ളിലൊളിഞ്ഞിരിക്കുന്ന അഭിരുചികളുടെയും വൈഭവങ്ങളുടെയും നിധികള്‍ . ആ നിധിയിലേക്കാവണം അവര്‍ വളര്‍ന്നെത്തേണ്ടത്. അവരുടെ ജീവിതം അവര്‍ക്കുള്ളതാണെന്ന തിരിച്ചറിവ് അച്ഛനമ്മമാര്‍ക്കുണ്ടെങ്കിലേ നിധിയിലേക്കുള്ള യാത്രയില്‍ മക്കള്‍ക്കു തുണയാകാന്‍ കഴിയൂ. അച്ഛനമ്മമാരുടെ ആഗ്രഹം പോലെ ഒരു എഞ്ചിനീയറിങ് സീറ്റ് വാങ്ങിയിട്ടോ എം ബി എക്കു ചേര്‍ത്തിട്ടോ എന്തു കാര്യം. അവരുടെയുള്ളിലെ വലിയ നിധികള്‍ അവഗണിച്ചിട്ട് അച്ഛനമ്മമാരുടെ ചെറിയ മോഹങ്ങളുടെ കുറ്റിയില്‍ അവരെ കൊണ്ടുചെന്നു കെട്ടുകയാണ് പലരും ചെയ്യാറുള്ളത്. ഓരോ കുഞ്ഞും ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ സ്വജീവിതത്തിലെ നിധിയിലേക്കു മുന്നേറട്ടെ.

‘പൊന്നുപോലെ' വളര്‍ത്തേണ്ട

കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിത്തന്നെ വളര്‍ത്താം. പൊന്നു പോലെ വളര്‍ത്തേണ്ട. ഏതാനും വര്‍ഷം മുമ്പ് 10-11 വയസ്സുള്ള ഒരു കുട്ടിയെയും കൊണ്ട് അച്ഛനമ്മമാര്‍ വന്നു. ഒറ്റ മകന്‍ . മകനെ വളര്‍ത്താനായി ഉഴിഞ്ഞു വെച്ചതാണ് അച്ഛനമ്മമാരുടെ ജീവിതം. ട്യൂഷനു പോകുമ്പോള്‍, പാട്ടുക്ളാസ്സില്‍ പോകുമ്പോള്‍ ഒക്കെ അമ്മയോ അച്ഛനോ ഒപ്പമുണ്ടാകും. ഒരു മിനിറ്റു പോലും പാഴാക്കാതെ പഠിച്ച് കുഞ്ഞ് പരീക്ഷകളില്‍ ജയിച്ചു പോന്നു. നല്ല മാര്‍ക്കു വാങ്ങി മിടുക്കനാവുക മാത്രമാണ് കുട്ടിയുടെ ഉത്തരവാദിത്തം. പകരമായി അവന്‍ ചോദിക്കുന്നതെന്തും കൊടുക്കും. ഒരു വിലക്കുമില്ല. പ്രോല്‍സാഹനമല്ല, തികഞ്ഞ സ്തുതികള്‍ മാത്രം കേട്ടാണ് വളരുന്നത്. മകന് വയസ്സായതോടെ ആവശ്യങ്ങള്‍ വലുതായി. അച്ഛനമ്മമാരുടെ പിടിയില്‍ നില്‍ക്കാതായി. ചോദിച്ചയുടന്‍ ബൈക്ക് കിട്ടാതെ വന്നപ്പോള്‍ കൈയില്‍ കിട്ടിയതെല്ലാം എറിഞ്ഞുടച്ചു. പിന്നെപ്പിന്നെ അച്ഛനമ്മമാരെ വകവെക്കാതായി. അവരോട് പകയായി. കിട്ടുന്ന അവസരങ്ങളിലൊക്കെ മനപ്പൂര്‍വം അവരെ വേദനിപ്പിക്കാന്‍ തുടങ്ങി. 

ഞങ്ങള്‍ പൊന്നുപോലെ വളര്‍ത്തിയതാണെന്നറിയാമല്ലോ, മോനെ തിരിച്ചു കിട്ടാന്‍ എന്തു ചെയ്യണം എന്ന് സങ്കടമായി അച്ഛനുമമ്മയും. എന്തു ചെയ്യാനാണ്. അവന് വന്ന പാളത്തിലൂടെ മുന്നേറാനല്ലാതെ മാറിയോടാനാവില്ലല്ലോ! മക്കളെ പൊന്നുപോലെ വളര്‍ത്തുന്ന അച്ഛനമ്മമാര്‍ക്കൊക്കെ പാഠമാണ് ആ ജീവിതങ്ങള്‍ . അവരവരുടെ സാഹചര്യങ്ങളും പരിമിതികളും മനസ്സിലാക്കി, ജീവിതത്തിന്‍റെ ചൂടും ചൂരും അറിഞ്ഞു വേണം മക്കള്‍ വളരാന്‍ . എന്നാലേ പൊന്നിനെക്കാള്‍ മൂല്യമുള്ള സ്വഭാവ ഗുണമുണ്ടാവൂ. മക്കളെ പൊന്നു പോലെയാക്കി അമിത സംരക്ഷണത്തിന്റെ ചിറകില്‍ വളര്‍ത്തിയാല്‍ പിന്നെ ലോക്കറില്‍ വെക്കുക തന്നെ വേണ്ടി വരും. സങ്കീര്‍ണമായ സമൂഹത്തില്‍ ജീവിക്കാന്‍ അവര്‍ക്കു കഴിയാതെ വരുമെന്ന അപകടവുമുണ്ട്.

  • വഴക്കു പറയുമ്പോള്‍ എന്തിനു വഴക്കു പറയുന്നു എന്ന കാര്യം കൃത്യമായി ഓര്‍മിപ്പിക്കുക. നിനക്കു കഴിവില്ല, അല്ലെങ്കില്‍ നീ എപ്പോളും ഇങ്ങനെയായിപ്പോകുന്നതെന്താ.. എന്ന മട്ടില്‍ കുഞ്ഞിന്‍റെ വിലയിടിക്കുന്ന വിധത്തില്‍ സംസാരിക്കാതിരിക്കുക.
  • വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ കുഞ്ഞിനെ സ്നേഹിക്കുകയില്ല എന്ന മട്ടില്‍ പെരുമാറരുത്. നേട്ടങ്ങളെക്കാള്‍ പ്രധാനമാണ് നമ്മുടെ കുഞ്ഞ്. നേട്ടങ്ങള്‍ അവരുടേതാകുമ്പോള്‍ മാത്രമാണ് നമുക്കു സ്വീകാര്യമാകുന്നത്.
  • മറ്റുള്ളവരോടു താരതമ്യപ്പെടുത്തി താഴ്ത്തിക്കെട്ടാതിരിക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ സ്വയം വിലയുളളവരായിരിക്കട്ടെ എപ്പോഴും.
  • കുട്ടികള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കുകയല്ല, അവര്‍ക്ക് ശരിക്കും ആവശ്യമുള്ളവ സാധിച്ചു കൊടുക്കുകയാണ് നല്ല രീതി.
  • ആവശ്യങ്ങളുടെ പ്രാധാന്യം അനുസരിച്ചായിരിക്കണം പരിഗണന കിട്ടേണ്ടത്.
  • പ്രധാനപ്പെട്ടവയല്ലെങ്കില്‍ ആവശ്യങ്ങള്‍ നീട്ടിവെക്കാനുള്ള പരിശീലനവും അവര്‍ക്ക് കിട്ടേണ്ടതുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളോട് പറ്റില്ല എന്നുറപ്പിച്ചു പറയാന്‍ അച്ഛനമ്മമാര്‍ക്കു കഴിയണം. പറ്റില്ല എന്നു പറയലും അത് ബോധ്യപ്പെടുത്തിക്കൊടുക്കലും സ്നേഹത്തിന്‍റെ ഭാഗം തന്നെയാണ്.
  • കുഞ്ഞിന് സ്നേഹസ്പര്‍ശവും ആലിംഗനങ്ങളും നല്‍കണം. സ്നേഹപൂര്‍വം ഒന്നു ചേര്‍ത്തു പിടിക്കുന്നത് അവര്‍ക്കു നല്‍കുന്നത് അഗാധമായ അനുഭവമായിരിക്കും.
  • അവരില്‍ മികച്ച വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം. കൂട്ടുകാരോടും ബന്ധുക്കളോടുമൊക്കെ നന്നായി ഇടപഴകിക്കഴിയുന്നതാണ് നല്ലത്. മറ്റുള്ളവരെ അംഗീകരിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുക്കണം.
  • സമയത്തിന്‍റെ പ്രാധാന്യം കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കണം.
  • പണത്തിന്‍റെ വിലയെക്കുറിച്ചും അവര്‍ക്ക് ശരിയായ ബോധ്യമുണ്ടാകണം. അല്പം ചെലവു ചുരുക്കല്‍ ശീലിക്കുന്നതു തന്നെയാണ് നല്ലത്.

ആത്മാഭിമാനത്തോടെ വളര്‍ത്താം

ഒരു വാക്കിന്‍റെ സ്പെല്ലിങ്ങ് പഠിക്കാന്‍ പറഞ്ഞിട്ടു പറ്റുന്നില്ലേ! അയ്യയ്യേ.. പത്തു തവണ പറഞ്ഞിട്ടും പതിനൊന്നാമത് പിന്നെയും തെറ്റിക്കുന്നല്ലോ! നിനക്കു വല്ല കാളപൂട്ടുകാരന്‍റെയും ഹെല്‍പ്പറുടെ പണിയേ കിട്ടൂ... എന്ന മട്ടില്‍ നിരന്തരം ശകാരിച്ചും കുറ്റം പറഞ്ഞും ഇപ്പം ശരിയാക്കിയെടുക്കാം എന്ന് തെറ്റിദ്ധരിക്കുന്നവരാണ് അച്ഛനമ്മമാരിലൊരു വിഭാഗം. കുട്ടി നന്നായിക്കൊള്ളും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നത്. ഓരോ തവണ കുറ്റപ്പെടുത്തുമ്പൊഴും കുഞ്ഞ് കുറേശ്ശെ നന്നായി നന്നായി വരും എന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. കുഞ്ഞുങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്ന ഓരോ കുറ്റപ്പെടുത്തലും ഓരോ കളിയാക്കലും അവരുടെ കുതിപ്പിനു മേല്‍ ഏല്പിക്കുന്ന ആഘാതങ്ങളാണ്. കുറ്റവും കുറവും കേട്ടു കേട്ട് അവരുടെ ഉള്ളിന്‍റെ ഉള്ളില്‍ സ്വയമൊരു ധാരണ വരും - താന്‍ വല്ലാതെ മോശപ്പെട്ടവനാണെന്ന്. അവരവരുടെ വില മനസ്സിലാക്കാന്‍ കഴിയാതെ വളരാന്‍ ഇടയാക്കും ഇത്തരം വളര്‍ത്തു രീതികള്‍ . കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ധനം ആത്മാഭിമാനവും ആത്മവിശ്വാസവുമാണ്. അതില്ലാതെ അവര്‍ക്ക് എവിടെയുമെത്താനാവില്ല.

എന്തിന് മക്കളെ വളര്‍ത്തണം

ആടു തേക്ക് മാഞ്ചിയം പരിപാടികള്‍ പോലെ വയസ്സു കാലത്ത് നമ്മെ സംരക്ഷിക്കാന്‍ സഹായകമാകുന്ന ഒരു ദീര്‍ഘകാലനിക്ഷേപമാണ് മക്കള്‍ എന്നാണ് ചിലര്‍ കരുതുന്നത്. മക്കള്‍ പഠിച്ചു മിടുക്കരായി (കഴിയുമെങ്കില്‍ വിദേശത്ത്) നല്ല ജോലി വാങ്ങി സമ്പന്നതയില്‍ കഴിയണം എന്നതായിരിക്കും ചിലരുടെ ലക്ഷ്യം. എന്നാല്‍ വലിയ ബിരുദമോ വലിയ ജോലിയോ കിട്ടിയതു കൊണ്ടുമാത്രം ജീവിതത്തില്‍ വിജയമാകുന്നില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഐ.ഐ.ടി.യില്‍ നിന്ന് ബിരുദം നേടിയശേഷം ഐഐഎമ്മില്‍ ബിരുദാനന്തര പഠനം നടത്തിയിരുന്ന ഒരു വിദ്യാര്‍ഥി, എല്ലാവര്‍ക്കും കാണാനായി വെബ്ക്യാമില്‍ തന്‍റെ മരണം റെക്കോഡു ചെയ്യാന്‍ വെച്ച ശേഷം ഒരു മുഴം കയറില്‍ ജീവനൊടുക്കിയത് അടുത്ത കാലത്തായിരുന്നു. പഠിച്ച ക്ളാസ്സുകളിലൊക്കെ റാങ്കു വാങ്ങിയിട്ടുള്ള, ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസനിലവാരമുള്ള ആളാണ്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം! ജീവിക്കാനറിയില്ല! പരീക്ഷകള്‍ പാസ്സാകുന്നതിനെക്കാള്‍ പ്രധാനമാണ് ജീവിക്കാന്‍ പഠിക്കുക എന്നത്. മക്കളെ കണ്ടും മാമ്പൂവു കണ്ടും മദിക്കേണ്ട എന്നു പറയാറുണ്ടല്ലോ. വലിയ ഉദ്യോഗസ്ഥരോ വലിയ സമ്പന്നരോ ആവുക എന്നതിനെക്കാള്‍ എത്രയോ പ്രധാനമാണ് നല്ല മനുഷ്യരാവുക എന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല മനുഷ്യരായി വളരട്ടെ.

സാംസ്കാരിക മലിനീകരണകാലം

വീട്ടില്‍ വഴക്കും മറ്റു പ്രശ്നങ്ങളുമൊക്കെയുളള പ്രശ്നക്കാരായ അച്ഛനമ്മമാരുടെ മക്കളാണ് വഴി തെറ്റിപ്പോവുകയും വളര്‍ത്തുദോഷം കൊണ്ട് പ്രശ്നത്തിലാവുകയുമൊക്കെ ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് നല്ല അച്ഛനമ്മമാരുടെ മക്കള്‍ക്കും വഴിതെറ്റാനുള്ള സാധ്യത വളരെയധികമാണ്. അവര്‍ ജീവിക്കുന്നത് സര്‍വവിധത്തിലുമുള്ള സാംസ്കാരിക മലിനീകരണത്തിന്‍റെ കാലത്താണെന്നതു തന്നെ കാരണം. കേവലം മല്‍സരത്തില്‍ അധിഷ്ഠിതമായ ജീവിത രീതി, സകലതും വാങ്ങി ഉപയോഗിച്ച് ഉപഭോഗത്തിന്‍റെ ധാരാളിത്തത്തില്‍ അമര്‍ന്നു പോകുന്ന സാഹചര്യങ്ങള്‍, അമിത മദ്യപാനത്തിന്‍റെ പ്രശ്നങ്ങള്‍, പ്രലോഭകമായ അതിലൈംഗികതയുടെ പ്രസരം,ധാര്‍മിക മൂല്യങ്ങളില്‍ അനുദിനമുണ്ടാവുന്ന മാറ്റം മറിച്ചിലുകള്‍ എന്നിങ്ങനെ പലതും. അവര്‍ വീട്ടില്‍ അച്ഛനമ്മമാര്‍ക്കൊപ്പമായിരിക്കുമ്പോള്‍ പോലും പുതിയ കാലത്തെ ജീവിതരീതികള്‍ സാംസ്കാരിക മലിനീകരണത്തിന്‍റെ പ്രസരം ശക്തിയായിത്തന്നെ അവരിലെത്തിക്കും. അതിനാല്‍ അച്ഛനമ്മമാര്‍ക്ക് മുമ്പത്തെക്കാളധികം ജാഗ്രത കൂടിയേ തീരൂ. പുതിയ ലോകത്തിന്‍റെ പ്രലോഭനങ്ങളെ നേരിടാനുള്ള വകതിരിവു നല്‍കാന്‍ ശ്രദ്ധിച്ചേ മതിയാകൂ. മക്കളെ ഈ മലിനീകരണ കാലത്ത് കരുതലോടെയും കരുത്തോടെയും ജീവിക്കാന്‍ പ്രാപ്തരാക്കണ്ടേ? അവര്‍ നല്ല മനുഷ്യരായി വളരേണ്ടേ?

മുകളിലെ ഫോട്ടോയിലെ മോഡലുകള്‍ - ഹരിപ്രശാന്ത് , മഞ്ജു, ആന്‍, മുസ്കാന്‍

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

മനോരോഗ ചികിത്സ
സ്കിസോഫ്രീനിയയെ അടുത്തറിയുക