വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
6 minutes reading time (1201 words)

അമിത കോപം നിയന്ത്രിക്കാന്‍ ചില തന്ത്രങ്ങള്‍

അമിത കോപം നിയന്ത്രിക്കാന്‍ ചില തന്ത്രങ്ങള്‍

എട്ടുവയസ്സുള്ള പയ്യന്‍ മഹാവികൃതിയാണ്. സ്ഥിരമായി അമ്മയുടെ കോപത്തിന് ഇരയാവുകയും ചെയ്യും. എന്നിട്ടും ഒരു മാറ്റവും ഇല്ല. ഇത്രമേല്‍ പുലഭ്യം കേട്ടിട്ടും തല്ലുകിട്ടിയിട്ടും എന്താ കുട്ടി തിരുത്താതെന്ന ചോദ്യത്തിന് മറുപടിയായി അവന്‍ അമ്മയുടെ കലിയുടെ ചിത്രം വാക്കുകളില്‍ വരച്ചു കാട്ടി. അമ്മയുടെ മുഖത്തേക്ക് ചുവപ്പുനിറം ഇരച്ചുകയറും. ശരീരമാസകലം വിറയ്ക്കും. ശബ്ദം ഉച്ചത്തിലാവുന്നതുകൊണ്ടു വര്‍ത്തമാനം പതറും. ശാപവാക്കുകളുടെയും ചീത്തപറച്ചിലിന്‍റെയും പ്രളയമാകും. ഞാനൊന്നും ചെയ്തിട്ടില്ലെന്ന മട്ടില്‍ നില്‍ക്കുമ്പോള്‍ ദേഷ്യം കൂടും. മുറ്റത്തെ ചെടിയില്‍നിന്ന്‍ ഒരു കമ്പ് അടര്‍ത്തിയെടുക്കാനായി അപ്പോള്‍ തുള്ളിച്ചാടി ഇറങ്ങും. പിന്നെ പൊതിരെ തല്ലും. മുടി  പാറിപ്പറന്നിട്ടുണ്ടാവും. നീയൊന്നും ഒരു കാലത്തും നന്നാവില്ലെന്ന ശാപവാക്കുകളോടെ പിന്നെ ഒരു കരച്ചിലാണ്. ചവിട്ടുനാടകം പോലെയുള്ള ഈ കലിതുള്ളലല്ലാതെ മറ്റൊന്നും പയ്യന്‍റെ മനസ്സിലില്ല. ചിലപ്പോള്‍ ആ നേരത്ത് അവന്‍ സിനിമകളില്‍ നടികള്‍ കെട്ടിയാടുന്ന കലിവേഷങ്ങള്‍ ഓര്‍ത്തുപോകും. എന്താണ് അവന്‍ ചെയ്ത തെറ്റെന്നും എന്തുകൊണ്ടാണ് കോപം വന്നതെന്നും ശാന്തമായി പറഞ്ഞു ഫലിപ്പിക്കാന്‍ അമ്മയ്ക്ക് ഇതിനിടയില്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ശിക്ഷ കിട്ടുന്നത് എന്തിനെന്നു ഓര്‍ത്തെടുക്കാന്‍ പയ്യന് പറ്റുന്നില്ല. പിന്നെ എങ്ങനെ തിരുത്തലുകള്‍ ഉണ്ടാകാനാണ്? വേണ്ട സന്ദേശങ്ങള്‍ ഫലവത്തായ രീതിയില്‍ മകന്‍റെ മനസ്സിലേക്ക് എത്താതിരിക്കുന്നത് അരിശത്തിന്‍റെ അതിപ്രസരം മൂലമാണന്നു വ്യക്തം. ഇതാണ് കോപത്തിന്‍റെ കുഴപ്പം. ഇച്ഛാഭംഗം, വിഷാദം, ഉത്കണ്ട, നൈരാശ്യം, അപകര്‍ഷതാബോധം,... അരക്ഷിതബോധം ഇങ്ങനെ ഒട്ടേറെ മാനസികാവസ്ഥകളില്‍ നിന്നാണ് ക്ഷോഭം പൊട്ടിമുളക്കുന്നത്. ഈ മാനസികഭാവങ്ങളെ ഉണര്‍ത്തുന്ന സഹാചര്യങ്ങള്‍ സത്യമായിരിക്കും. പരിഗണന അര്‍ഹിക്കുന്നതുമാകും. പക്ഷെ, അതിരുവിട്ട കോപം പ്രകടിപ്പിച്ചാല്‍ പരിഹാരങ്ങള്‍ അകന്നുപോകുമെന്നതാണ് വാസ്തവം. പലപ്പോഴും കാര്യങ്ങള്‍ സങ്കിര്‍ണമായെന്നും വരാം. കോപനിയന്ത്രണത്തിന്‍റെ പാഠങ്ങള്‍ ശീലിക്കേണ്ടത് അത്യാവശ്യമാണ്.

നാവിനെ പിടിച്ചുകെട്ടാം

വൈകിട്ട് ജോലികഴിഞ്ഞു വരുമ്പോള്‍ ഫാമിലി പാക്ക് ഐസ്ക്രീം കൊണ്ടുവരണമെന്ന് ഭര്‍ത്താവിനോട് പ്രത്യേകം പറഞ്ഞതാണ്. എന്താണ് വിശേഷമെന്ന ചോദ്യം ആണ്‍തലയില്‍ മിന്നിയില്ല. ഓഫീസ് ടെന്‍ഷനും തിരക്കും കഴിഞ്ഞ് ഓടി വീട്ടിലെത്തിയപ്പോള്‍ കക്ഷി ഇത് വെടിപ്പായി മറന്നുപോയി. ഭാര്യയുടെ  ജന്മദിനമാണെന്ന കാര്യം രാവിലെ തന്നെ ഓര്‍ത്തില്ല. മകളെ ആശംസിക്കാന്‍ പതിവായി വന്നെത്തുന്ന മാതാപിതാക്കള്‍ക്കുള്ള ഭക്ഷണത്തിനൊടുവില്‍ വിളമ്പാനുള്ളതായിരുന്നു ഐസ്ക്രീം. ഇതില്‍ കോപം തോന്നുക  സ്വാഭാവികം. നാക്കില്‍നിന്നു വന്ന വാക്കുകള്‍ ഇങ്ങനെ... "ഓഫിസിലെ സുന്ദരിക്കോതകളുടെ  ജന്മദിനത്തില്‍ എസ്.എം.എസ്. അയയ്ക്കാന്‍ ഒരു മറവിയുമില്ല. കെട്ടിയ പെണ്ണിന്‍റെ കാര്യത്തിലുള്ള ബോധക്കേട് നിങ്ങളുടെ കുടുംബപാരമ്പര്യമാണ്. ഒരു സ്നേഹവുമില്ലാത്ത ഒരു മൃഗത്തിനെയാണല്ലോ ഞാന്‍ വിവാഹം കഴിച്ചത്."

മുഖം വീര്‍പ്പിച്ചു കൊണ്ട്‌ അതിഥികളുടെ മുന്‍പിലാണ് ശബ്ദഘോഷത്തോടെയുള്ള ഈ വായ്ത്താരി. മറുവാക്കുകളും കടുത്തതാകാനാണ് സാധ്യത. ഒരു യുദ്ധത്തിന് കളമൊരുങ്ങുമെന്ന്‍ ഉറപ്പാണ്. പിഴച്ചുപോകുന്ന നാക്കും വാക്കുകളും ദാമ്പത്യത്തെ ഒരു പ്രതിസന്ധിയിലേക്ക് തള്ളി വിടും. നാളിതു വരെയുള്ള പരിഗണനകള്‍ മറന്ന് അവഗണിക്കുന്നവനെന്ന പഴി. പ്രകടിപ്പിച്ചിട്ടുള്ള സ്നേഹത്തിനു നേരെ കണ്ണടച്ച്  മൃഗമെന്ന വിശേഷണം. പരസ്ത്രീ വിഷയത്തില്‍ ദുര്‍ബലനെന്ന ദുസ്സൂചനയും.
നോക്കണേ കോപവാക്കുകളുടെ ഒരു വികൃതി! അതുകൊണ്ട് ദേഷ്യം  അമിതമാകുമ്പോള്‍ നാവടയ്ക്കാന്‍ ശീലിക്കുക. പറഞ്ഞാല്‍ കൂടിപ്പോകുമെന്നു തോന്നുമ്പോള്‍ ഉടന്‍ പറയാതിരിക്കുക. കോപം തിളച്ചുമറിയുമ്പോള്‍ മറ്റുള്ളവരെ കൈ ചൂണ്ടി ആക്ഷേപിക്കുന്നതിനു പകരം "ഞാന്‍" "എനിക്ക്" എന്ന വാക്കുകളില്‍ തുടങ്ങി സ്വയം അനുഭവിച്ച ആകുലത പങ്കുവെയ്ക്കാന്‍ ശ്രമിക്കുക. ജന്മദിനം ഓര്‍ക്കാത്തതും ഇപ്പോള്‍ ഐസ്ക്രീം വാങ്ങിക്കൊണ്ടുവരാന്‍ മറന്നതതുമൊക്കെ എന്നെ ശരിക്കും സങ്കടപ്പെടുത്തിയെന്നും നിങ്ങളോട് വല്ലാത്ത അരിശം തോന്നിയെന്നും ഈ സാഹചര്യത്തില്‍ ശാന്തമായി  അവതരിപ്പിച്ചുനോക്കൂ. തല്ലുകൂടല്‍ ഇല്ലാതാകുമെന്നു മാത്രമല്ല പ്രയോജനം, സംഭവിച്ച വീഴ്ചയെക്കുറിച്ച് ഭര്‍ത്താവിന് കുറ്റബോധമുണ്ടാകും. ഇത് ആവര്‍ത്തിക്കരുതെന്ന നിഷ്കര്‍ഷയുണ്ടാകും.

കലിമൂത്ത ഒരു വാക്പയറ്റ് ഉണ്ടാക്കുന്ന മുറിവുകള്‍ ഇതിനൊക്കെ തടസ്സവുമാകും. കോപമുള്ളപ്പോള്‍ കുറച്ചുമാത്രം സംസാരിക്കുക. പ്രശ്നത്തെക്കുറിച്ച് ശാന്തമായി ചുരുങ്ങിയ വാക്കുകളില്‍ പറയുക. ആരെയും കുറ്റപ്പെടുത്താതെ അവനവന്‍റെ വിഷമം വ്യക്തമാക്കുക. ഇത് ഒഴിവാക്കാന്‍ ചെയ്യേണ്ട ചെറിയ മാറ്റങ്ങള്‍ എന്തൊക്കൊയാണന്ന്‍ അറിയിക്കുക.

പ്രകടിപ്പിക്കേണ്ട വ്യക്തിയോടും സാഹചര്യത്തിലും ശരിയായ വിധത്തില്‍, ഉചിതമായ നേരത്ത്, കൃത്യമായ അളവില്‍ കോപം പ്രകടിപ്പിച്ചാല്‍ ഗുണമുണ്ടാകും. കേള്‍ക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. നാവിനെ നിയന്ത്രണമില്ലാതെ അഴിച്ചുവിട്ടാല്‍ ഇതൊന്നും സംഭവിക്കില്ല. ഇരയാകുന്ന ആളെക്കാള്‍ ക്ഷോഭം കാര്‍ന്നുതിന്ന്‍  നശിപ്പിക്കുന്നത്  അത് മനസ്സിലേറ്റുന്ന വ്യക്തിയെത്തന്നെയാണെന്നത് മനശ്ശാസ്ത്രതത്ത്വം.

മനസടക്കം ശീലിക്കാം

നാവടക്കണമെന്ന മോഹമുണ്ടായിരുന്നുവെങ്കിലും മനസ്സ്  സമ്മതിച്ചില്ലെന്നാണ് പലരുടെയും പരാതി. അരിശം മൂത്ത് അങ്കക്കോഴികളെപ്പോലെ പൊരുതുന്നവരും കുറെ നേരത്തേക്ക്  ഉന്മാദാവസ്ഥയിലെന്നപോലെയാകുന്നവരും  പതിവായി  പറയുന്ന കാര്യമാണിത്. എല്ലാം കഴിയുമ്പോള്‍  ഒന്നും വേണ്ടായിരുന്നുവെന്ന ഒരു കുറ്റബോധവും കയ്പ്പും മനസ്സിനെ പിടികൂടുകയും  ചെയ്യും. പക്ഷെ, ഇതൊന്നും അടുത്ത തവണ കോപിക്കുമ്പോള്‍ ഓര്‍മ വരില്ല. പ്രതികരണങ്ങളില്‍ വിനാശകരമായ ദേഷ്യസ്വഭാവം  കയറിവരുന്നുവെന്ന വാസ്തവം അംഗീകരിച്ചുകൊണ്ടുള്ള മനസ്സടക്കം ബോധപൂര്‍വം ശീലിക്കാത്തതാണ് ഇതിന്‍റെ കാരണം. ചിലര്‍ക്കിത് സ്വഭാവത്തിലെ പ്രത്യേകതയാകാം. ചിലപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള മാനസികാസ്വാസ്ഥ്യത്തിന്‍റെ പ്രതിഫലനമാകും. അങ്ങനെയെങ്കില്‍ വിദഗ്ദ്ധ ചികിത്സ  വേണ്ടി വരാം. എന്തായാലും മുന്‍കോപമുണ്ടെന്ന്‍ സ്വയം  സമ്മതിക്കുമ്പോഴാണ് മനസ്സടക്കം ശീലിക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകുന്നത്. കുഴപ്പം പിടിച്ച ഈ വികാരം നുരഞ്ഞു പൊന്തുമ്പോള്‍ ആ സാഹചര്യത്തില്‍ നിന്ന്‍  തല്‍കാലത്തേയ്ക്ക്  ഒഴിഞ്ഞുമാറാം. മനസ്സില്‍ നൂറുതൊട്ട് കീഴോട്ട് എണ്ണി കലിയില്‍നിന്ന്‍ മനസ്സിനെ  വ്യതിചലിപ്പിക്കാം. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്തും മെല്ലെ  പുറത്തേക്കു വിട്ടും ഒരു ധ്യാനത്തിലെന്നപോലെ അഞ്ചോ പത്തോ മിനിറ്റ് ചെലവാക്കാം. മനസ്സിന് ശാന്തത നേടാം. നല്ലൊരു പാട്ട് കേള്‍ക്കാം. പുറത്ത് കുറച്ചുനേരം ഉലാത്താം. കലിതുള്ളില്ല ഞാനെന്ന്‍ ഇടയ്ക്കിടെ മനസ്സിനോട് കല്പിച്ചും കടിഞ്ഞാണ്‍ കൈവശപ്പെടുത്താം. അതിരുവിടുന്ന കോപം  ശമിച്ചുകഴിയുമ്പോള്‍ അലോസരമുണ്ടാക്കിയ കാര്യങ്ങള്‍ക്ക് സ്വസ്ഥതയോടെ പ്രതിവിധി കണ്ടെത്താം. സ്ഥായീഭാവം  കലിയെന്ന പ്രകൃതമുള്ളവര്‍ സ്ഥിരമായി ശ്വസനവ്യായമവും യോഗയും വിശ്രാന്തി വ്യായാമങ്ങളുമൊക്കെ ചെയ്യണം. ചിലര്‍ക്ക് ഔഷധങ്ങളും വേണ്ടി വരാം. ഇല്ലെങ്കില്‍ ഈ  വികാരം  തടികേടാക്കി പലതരം  ആരോഗ്യപ്രശ്നങ്ങള്‍ക്ക്  വഴിതെളിക്കും. വേണ്ടപ്പെട്ടവര്‍ പിണങ്ങി  അകന്നുപോകുമെന്നതിന്‍റെ കഷ്ടപ്പാടുകളും സാമൂഹികപ്രശ്നങ്ങളും വേറെ.

കോപത്തിന്‍റെ കണക്കെടുക്കാം

  • കോപം അമിതമായി കത്തിനില്‍ക്കുന്നത് എത്ര നേരമാണ്?
  • എത്ര പ്രാവശ്യം കഴിഞ്ഞമാസം അതിരുവിടുന്ന ക്ഷോഭത്തിനടിപ്പെട്ടിട്ടുണ്ട്?
  • കലി എങ്ങനെയൊക്കെയാണ് പ്രകടിപ്പിക്കുക?
  • ആരൊക്കെയായുള്ള ഇടപെടലുകളും എന്തൊക്കെ കാര്യങ്ങളുമാണ് കോപത്തിന് തിരികൊളുത്തുക?
  • ദേഷ്യം കലശലാകുമ്പോള്‍ അനുഭവപ്പെടുന്ന ശാരീരികാസ്വസ്ഥതകള്‍ എന്തൊക്കെയാണ്?
  • കലി തുള്ളുമ്പോഴും  അതിനുശേഷവുമുള്ള മാനസികാവസ്ഥ എന്തൊക്കെയാണ്?
  • മറ്റുള്ളവര്‍ നിങ്ങളോട് കോപിക്കുമ്പോള്‍ എങ്ങനെയാണ്  പ്രതികരിക്കാറുള്ളത്?
  • അന്യരുടെ ക്ഷോഭപ്രകടനത്തെ  എങ്ങനെയാണ്  വിലയിരുത്താറുള്ളത്?
  • കലി കത്തിക്കയറിയാലും  അതു നിയന്ത്രിച്ചു നിര്‍ത്താന്‍  സാധിക്കുന്ന  സാഹചര്യങ്ങള്‍ ഏതൊക്കെ?
  • ക്ഷോഭത്തെ നിയന്ത്രിക്കാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്?  

കോപസ്വഭാവത്തെക്കുറിച്ച് ഇടയ്ക്കൊക്കെ ഇത്തരം  നിഷ്പക്ഷമായ കണക്കെടുപ്പുകള്‍  നടത്തുന്നത് നല്ലതാണ്. ക്ഷോഭത്തിന്  പകരം  മറ്റു പ്രതികരണശൈലികള്‍ സ്വീകരിക്കാനുള്ള ഉള്‍വിളികള്‍ അപ്പോള്‍ രൂപപ്പെട്ടേക്കാം.

ശരീരഭാഷ നിയന്ത്രിക്കാം

മനസ്സിനെ ഒതുക്കി നിര്‍ത്താതെ ചുമ്മാ വായടച്ചാല്‍  മാത്രം  ഗുണമുണ്ടാകില്ല. ശരീരഭാഷ ചതിക്കും. കുടുംബസാഹചര്യത്തില്‍  ‍അസ്വാരസ്യം ഉണ്ടാകുമ്പോള്‍ കോപവാക്കുകള്‍ ചൊല്ലില്ലെന്ന്‍  ഭര്‍ത്താവ് തീരുമാനിച്ചു. കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ഉള്ളില്‍ കോപം  തിളച്ചുമറിയുന്ന വേളകളില്‍  ‍അത് പെരുമാറ്റത്തില്‍ കൃത്യമായി പ്രതിഫലിക്കും. കതക്  വലിച്ചടയ്ക്കും. നടത്തത്തില്‍ ഒരു സ്വസ്ഥതയില്ലായ്മ. മുഖത്തെ പേശികള്‍ക്ക് ഒരു മുറുക്കം. വര്‍ത്തമാനമില്ല. ചിരിയില്ല. കൈ ചുരുട്ടിപ്പിടിച്ചിരിക്കും. ഇടയ്ക്ക് ചുമ്മാ  മേശമേല്‍  ഇടിക്കും. പല്ലു  കടിക്കും. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാമെന്ന മട്ടിലിരിക്കുന്ന ഈ  വിദ്വാനോട്  എന്നെ കൊല്ലണമെങ്കില്‍ കൊല്ലെടോയെന്ന ഒരു തീപ്പൊരി വാചകം ഭാര്യ വീശിയാല്‍ മതി കോപാഗ്നി കത്തിപ്പടരാന്‍. കോപത്തിന്‍റെ ചൊല്ലുകളെ കുറയ്ക്കുന്നതുപോലെത്തന്നെ പ്രധാനമാണ് ശരീരഭാഷയെ  നിയന്ത്രിക്കുന്നതും. മനസ്സിനെ മെരുക്കിയാലെ രണ്ടും സാധിക്കൂ

കലി കലശലായി അവതാളത്തിലാകുന്ന ശരീരഭാഷയെ  മറ്റുള്ളവര്‍ മനസ്സിലാക്കി കുറ്റപ്പെടുത്തും മുന്‍പേ സ്വയം തിരിച്ചറിയാന്‍ ശീലിക്കണം.  രോഷത്തെ ബലം പിടിച്ച് ചങ്ങലക്കിടാനൊന്നും  പോവണ്ട. അരിശം ഉളവാക്കുന്ന വിധത്തില്‍  അപ്രിയമായത് നേരിട്ടുവെന്ന്‍ അതിന് കാരണമായവര്‍ക്ക് മനസ്സിലാക്കാന്‍ പോന്ന വിധത്തില്‍ ശാന്തമായി അത്  പ്രകടിപ്പിക്കണമെന്നു മാത്രം. ബന്ധപ്പെട്ടവര്‍ ചോദിച്ചാല്‍ കടിച്ചുകീറാന്‍ പോകാതെ അപ്രിയമായത്  എങ്ങനെ സങ്കടപ്പെടുത്തിയെന്ന്‍ സമാധാനമായി  അറിയിക്കുകയും ചെയ്യാം. എല്ലാവരുടെയും സമാധാനം നഷ്ടപ്പെടുന്ന വിധത്തില്‍ തല്ലിത്തകര്‍ക്കലും വലിച്ചെറിയലും അടിയും ബഹളവുമൊക്കെയായി കോപത്തിനെ വളര്‍ത്തിയെടുക്കരുത്. ബാക്കിപത്രത്തില്‍ നഷ്ടങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കുന്ന വ്യക്തിക്ക് മാത്രമായിരിക്കും. ചെയ്തികള്‍ പിടിവിട്ടുപോകുമെന്നു സൂചന തോന്നിയാല്‍ നേരത്തെ  സൂചിപ്പിച്ചതുപൊലെ തല്‍ക്കാലത്തേക്ക്  ആ സാഹചര്യത്തില്‍ നിന്ന്‍  മാറിനില്‍ക്കുന്നത് തന്നെയാവും വിവേകം.

ചിരിച്ചും സന്തോഷിച്ചും  അരിശത്തെ അകറ്റാം

ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മബോധമുള്ളവര്‍ക്കും കലിതുള്ളലിന്‍റെ സാധ്യതകള്‍ താരതമ്യേന കുറവാണ്. കോപനിയന്ത്രണം എളുപ്പമാകണമെങ്കില്‍ നിഷേധചിന്തകള്‍ കുറയ്ക്കണം. നല്ലത് സംഭവിക്കുമ്പോള്‍ സന്തോഷിക്കുവാന്‍ പഠിക്കണം. മനസ്സ് പ്രത്യാശ നിറഞ്ഞതാകണം. ചിരിക്കാന്‍ വക തരുന്നതൊക്കെ ആസ്വദിച്ച്  ഉള്ളുതുറന്ന്‍ ചിരിക്കണം. സ്വന്തം ജീവിതത്തിലും ചുട്ടുപാടിലുമൊക്കെയുള്ള നര്‍മങ്ങള്‍ക്ക് നേരെ കണ്‍തുറക്കാം. ഈഗോയുടെയും ഞാനെന്ന ഭാവത്തിന്‍റെയും കെട്ടുപാടുകള്‍  പൊട്ടിച്ച് പൊട്ടിച്ചിരിക്കാം.മനസ്സിന്‍റെ വാശികള്‍ അപ്പോള്‍  അലിഞ്ഞില്ലാതാകും. വെറുതെ  കത്തിക്കയറി കോപിക്കാനും കലഹിക്കാനുമൊന്നും  അപ്പോള്‍ തോന്നില്ല. ഇനി ഒരല്പം  അരിശം  തോന്നിയാലും  അത്  സ്ഥിരമായ  പകയായും  വൈരാഗ്യമായും  വളര്‍ത്തിയെടുക്കാതിരിക്കാനുള്ള  വിവേകമെങ്കിലുമുണ്ടാവണം.

കോപത്തെ കോപം കൊണ്ട് നേരിടണോ?

അരിശം മൂത്ത് വെളിവില്ലാതെ  തുള്ളുന്നവര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. അത് മക്കളാകാം, ഭാര്യയാകാം, സഹോദരങ്ങളോ  മാതാപിതാക്കളോ ആകാം.  മറ്റു ബന്ധുജനങ്ങളോ, മിത്രങ്ങളോ മുന്‍പരിചയമില്ലാത്ത വ്യക്തികളോ  ആകാം. ഇവരില്‍ രോഷത്തിന്‍റെ തീപ്പൊരി പടര്‍ത്തുന്ന കാര്യം നിസ്സാരമാകാം. ഗുരുതരവുമാകാം. കോപിഷ്ഠനോട് നേര്‍ക്കുനേര്‍ ഒപ്പത്തിനൊപ്പം കോപിക്കണോ? സംഘര്‍ഷത്തിന് പരിഹാരം വേണം. മറ്റൊരാളുടെ അതിരുവിടുന്ന ദേഷ്യത്തെ ഒരു പകര്‍ച്ചവ്യാധിപോലെ സ്വയം ഏറ്റെടുക്കാനും പാടില്ല. കലിതുള്ളുന്ന വ്യക്തിക്ക് ഈ പെരുമാറ്റം മൂലം ദോഷമേ  സംഭവിക്കൂവെന്ന വെളിപാട് ലഭിക്കുകയും വേണം. ഇതൊന്നും ഒപ്പത്തിനൊപ്പം കൊമ്പ്കോര്‍ത്താല്‍ ഉണ്ടാകില്ലെന്ന് ഉറപ്പ്. ഇരുകൂട്ടര്‍ക്കും ഇത് നഷ്ട്ടക്കച്ചവടമായി കലാശിക്കും. അതുകൊണ്ട് കോപിഷ്ഠന്‍റെ പെരുമാറ്റങ്ങളോട് തികച്ചും ശാന്തമായിത്തന്നെ പ്രതികരിക്കുക. പ്രകോപനത്തിനടിമപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക. വേദമോതാന്‍  ശ്രമിക്കുകയും വേണ്ട. കോപത്തിന്‍റെ തീ താനെ കത്തിത്തീരട്ടെ. ഇതാണ് അതിരുവിടുന്ന അരിശത്തെ നേരിടാനും കോപനിയന്ത്രണത്തെക്കുറിച്ചുള്ള  ഉള്‍ക്കാഴ്ച  നല്‍കാനും പ്രയോഗിക്കാവുന്ന തന്ത്രം.  ആരുടേയും അരിശത്തെ ന്യായീകരിക്കുന്ന  നിലപാട്  എടുക്കാനും പാടില്ല.  കാറ്റും കോളും അടങ്ങിക്കഴിഞ്ഞിട്ടാവാം കാര്യവിചാരം. എന്നിട്ടേ അത് ഉണ്ടാകൂവെന്ന്‍ ആവര്‍ത്തിച്ചു പറയാം. മുഖാമുഖസാഹചര്യത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ സൂത്രം പ്രയോഗിക്കാം.

ആത്മവിമര്‍ശനം ശീലമാക്കാം

ക്ഷോഭംപോലെയുള്ള അതിവൈകാരികതയെ സ്വഭാവത്തില്‍ നിന്ന്‍ തുടച്ചുമാറ്റണമെന്ന ആഗ്രഹമുള്ളവര്‍ കോപമടങ്ങിയശേഷം ആത്മവിമര്‍ശനം നടത്തണം. തികച്ചും നിഷ്പക്ഷമായി തന്നെ. സിനിമയ്ക്ക് പോകാന്‍ നേരത്തെ വരാമെന്ന് വാക്കു നല്‍കിയ ഭര്‍ത്താവ് വൈകി വരുന്നു. പോകാനായി ചമഞ്ഞൊരുങ്ങി ഭാര്യ കാത്തിരിക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്ത് ചില ജോലികള്‍ വന്നുചേര്‍ന്നതുകൊണ്ട് ഭര്‍ത്താവിന് സമയത്തിനെത്താന്‍  സാധിച്ചില്ല.  മോഹിച്ചതു നടക്കാത്തതിന്‍റെ സങ്കടത്തില്‍ ഇതൊന്നും ഭാര്യയുടെ തലയില്‍ കയറിയില്ല. കുറ്റപ്പെടുത്തുന്ന വാക്കുകള്‍‍‍. പാത്രങ്ങള്‍ വലിച്ചെറിയല്‍. കതകടച്ച് ഇരിക്കല്‍. കലിയുടെ പൊടിപൂരം. കുറച്ചു കഴിയുമ്പോള്‍  ഈ ബാധ ഒഴിയും. പക്ഷേ എത്ര പേര്‍  ആ  സാഹചര്യത്തെ എങ്ങനെ ഒഴിവാക്കാമായിരുന്നുവെന്ന്‍ പരിശോധിക്കും? ഇത്രമേല്‍  ക്ഷോഭം ആവശ്യമായിരുന്നോ? ഭര്‍ത്താവിന്‍റെ നിസ്സഹായത മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതല്ലായിരുന്നോ? അരിശം മൂത്തുള്ള കോപ്രായങ്ങള്‍ മറ്റുള്ളവരെ എത്രയധികം വേദനിപ്പിച്ചിട്ടുണ്ടാകാം? സ്വന്തം പ്രതിച്ഛായ നശിപ്പിച്ചിട്ടുണ്ടാകും? ഈ മാതൃകയില്‍ എല്ലാ കോപാസാഹചര്യങ്ങളെയും മനസ്സു ശാന്തമാകുമ്പോള്‍ വിലയിരുത്തണം. അങ്ങനെ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ പിന്നീട്  പാകതയോടെ പ്രതിസന്ധികളെ കൈകാര്യം ചെയ്യാനുള്ള  പ്രേരണകള്‍ നല്‍കും. കോപത്തെ മയപ്പെടുത്താനുള്ള പ്രകൃതം അപ്പോള്‍ ഉണ്ടായിക്കൊള്ളും. ഡയറിയെഴുത്ത് ശീലമുള്ളവര്‍ക്ക്‌ ഇത് കുറിച്ചു വെക്കുകയുമാകാം.

അവനവന്‍ തന്ത്രങ്ങള്‍

തിരുവനന്തപുരത്തെ  ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണിയെടുക്കുന്ന ഒരു കക്ഷിയുടെ  പ്രശ്നം മുന്‍കോപിയായ മേലധികാരിയായിരുന്നു. നല്ല വാക്കു പറയില്ല. തൊട്ടതിനും പിടിച്ചതിനും കടിച്ചു കീറും. വര്‍ത്തമാനം കേട്ടാല്‍ അടിച്ചുകൊല്ലാനുള്ള ക്ഷോഭമുണ്ടാകും. ഉള്ള തൊഴില്‍ നഷ്ടമാകുമെന്ന് ഓര്‍ക്കുമ്പോള്‍ കടിച്ചുപിടിച്ചു മനസ്സടക്കും. പക്ഷേ ക്ഷോഭപ്രകടനം മുഴുവനും വീട്ടില്‍ ഭാര്യയോടും  മക്കളോടുമാണ്. മേലധികാരിയേക്കാള്‍  വലിയ ഭീകരനായിട്ടാണ് കുടുംബത്തിലെ പെരുമാറ്റം.  സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ഭാര്യയും മക്കളും രണ്ടുപ്രാവശ്യം പിണങ്ങിപ്പോയി. ദാമ്പത്യപ്രശ്നത്തിനുള്ള പരിഹാരത്തിനായി വന്നപ്പോള്‍  കോപനിയന്ത്രണതിന്‍റെ  എല്ലാ പാഠങ്ങളും കഥാപാത്രത്തിന് ചൊല്ലിക്കൊടുത്തു. ഒന്നും പ്രാവര്‍ത്തികമാക്കാന്‍  കക്ഷിക്ക്  കഴിഞ്ഞിട്ടില്ല. കുടുംബം  നാശത്തിലേക്ക് പോകുമെന്ന അവസ്ഥയായി. കുറെ നാള്‍  അയാളെ കണ്ടില്ല. ഒരു നാള്‍ തികഞ്ഞ  സന്തോഷത്തോടെ  അയാള്‍ കയറി വന്നു. വീട്ടിലെത്തുമ്പോള്‍ കോപം പുറത്തെടുക്കാതിരിക്കാന്‍ അയാള്‍ നല്ലൊരു വഴി കണ്ടെത്തിയത്രെ. വല്ലാതെ  കോപത്തിനിടയാകുന്ന ദിവസങ്ങളില്‍ ഓഫീസ് സമയം കഴിഞ്ഞാല്‍  മൂപ്പര്‍  നേരെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് പോകും. സമരക്കാര്‍ ഒഴിയാത്ത സ്ഥലമാണല്ലോ അത്. വൈകുന്നേരം ആള്‍ത്തിരക്ക് കൂടുന്ന നേരത്ത് മുദ്രാവാക്യം  തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ വിളിച്ചു കൂവും. ഏതെങ്കിലും ജാഥയുണ്ടെങ്കില്‍ അതില്‍ചേരും. അവര്‍  ഉയര്‍ത്തുന്ന മുദ്രാവാക്യം ഉയര്‍ത്തി ഒന്നു രണ്ടു കിലോമീറ്റര്‍ നടക്കും. കോപമൊക്കെ അപ്പോള്‍ ആവിയായി പറന്നുപോവും.
വീട്ടിലെത്തിയാല്‍ സമാധാനം, സന്തോഷം. തല്ലില്ല, വഴക്കില്ല.

കോപനിയന്ത്രണത്തില്‍ ഓരോരുത്തര്‍ക്കും തനതായ വഴികളുണ്ടാകണമെന്നാണ് പറഞ്ഞുവരുന്നത്. ഒഴിഞ്ഞസ്ഥലത്ത് പോയിരുന്നു ഉറക്കെ സങ്കടം പറയുന്നവരുണ്ട്. മേനിയിളകുന്ന സ്പോര്‍ട്സിലേര്‍പ്പെട്ട് ക്ഷോഭനിയന്ത്രണം  സാധിക്കുന്നവരുണ്ട്. എന്തു മാര്‍ഗ്ഗം സ്വീകരിച്ചാലും അതു മാനസികാരോഗ്യത്തിന് കേടുവരുത്തുന്നതാകരുതെന്ന്  മാത്രം.

കോപത്തിന് വിദഗ്ദ്ധ സഹായം എപ്പോള്‍?

  • നിസ്സാര കാര്യങ്ങള്‍ക്കുപോലും ചാടിക്കടിക്കുംവിധം കോപത്തിനടിപ്പെടുമ്പോള്‍
  • ക്ഷോഭം ജോലിയിലും ബന്ധങ്ങളിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍
  • മൂക്കത്തെ ശുണ്‍ഠി മൂലം പല സാഹചര്യങ്ങളെയും വ്യക്തികളെയും ഒഴിവാക്കാന്‍ നിര്‍ബന്ധിതനാകുമ്പോള്‍
  • കലിതുള്ളല്‍ മൂലം ഗാര്‍ഹികപീഡനങ്ങള്‍ പോലെയുള്ള നിയമപ്രശ്നങ്ങളില്‍ കുടുങ്ങുമ്പോള്‍
  • കോപം അധികരിക്കുമ്പോള്‍ മറ്റുള്ളവരെ ശാരീരികമായി പീഡിപ്പിക്കാനും കൈയ്യില്‍ കിട്ടുന്നതൊക്കെ തല്ലിതകര്‍ക്കാനുമുള്ള പ്രവണത പ്രകടിപ്പിക്കുമ്പോള്‍ 
  • ആത്മഹത്യാ ശ്രമവും  സ്വയം വേദനിപ്പിക്കലുമൊക്കെ പെരുമാറ്റത്തില്‍ ഉണ്ടാകുമ്പോള്‍
  • എന്തെങ്കിലും മാനസികരോഗത്തിന്‍റെയോ  മദ്യം പോലെയുള്ള ലഹരി വസ്തുക്കളുടെയോ ഫലമായി അരിശപ്രകടനങ്ങള്‍ ഉണ്ടാകുമ്പോള്‍
×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ആത്മവിശ്വാസം
വിസ്മയ സായൂജ്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍