വായനാമുറി
സ്കിസോഫ്രീനിയയെ അടുത്തറിയുക
ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തില്‍ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia). ആ അവസ്ഥയില്‍ വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വ്വം ചിന്തിക്കാനും ശരിയായ രീതിയില്‍ പെരുമാറാനും വികാരപ്രകടനങ്ങള്‍ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടും. സ്കിസോഫ്രീനിയ രോഗികള്‍ക്ക് ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും തങ്ങളുടെ ശരീരത്തിനുള്ളില്‍ നിന്നും ആരോ പറയുന്നതായുമൊക്കെ തോന്നും.
സ്കിസോഫ്രീനിയ ബാധിക്കുന്നവര്‍
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. 15-നും 30-നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഇതുകാണുന്നത്. സാധാരണയായി നൂറുപേരില്‍ ഒരാള്‍ക്ക് സ്കീസോഫ്രീനിയ കണ്ടുവരുന്നു.
കാരണങ്ങള്‍
വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന രോഗമാണിതെന്നു കരുതുന്നു. തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളായ ഡോപാമൈന്‍ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിനു കാരണമാകുന്നു.
പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ നാശം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ എന്നിവയൊക്കെ മറ്റു കാരണങ്ങളാണ്. മാനസിക സംഘര്‍ഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ ഈ രോഗാവസ്ഥയെ കൂടുതല്‍ മോശമാക്കാം.
ലക്ഷണങ്ങള്‍
സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ പലതാണ്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങള്‍ നിരന്തരമായി കണ്ടുവരുന്നു.
- ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും കേള്‍ക്കുന്നതായും മണക്കുന്നതായും രുചിക്കുന്നതായുമുള്ള തോന്നല്‍
- തെറ്റായ വിചാരങ്ങള്‍, സംശയം, അസാധാരണമായ ചിന്തകള്‍.
- തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍
- സംശയകരമായ ചിന്തകളും ക്രമമില്ലാതെയുള്ള സംസാരവും
- വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള തടസ്സം
- ഒരു കാര്യത്തിലും താല്പര്യമില്ലായ്മ
- സംസാരിക്കാനുള്ള പ്രയാസം
ചികിത്സ
ശരിയായ ചികിത്സയിലൂടെയും തെറാപ്പികളിലൂടെയും സ്കിസോഫ്രീനിയ ഭേദമാക്കാം. തത്സമയം പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കി ഭാവിജീവിതം സുരക്ഷിതമാക്കിക്കൊണ്ടുള്ള ചികിത്സാരീതികളാണ് ഇന്നു നിലവിലുള്ളത്. മരുന്നുകളോടൊപ്പം തെറാപ്പികളും നല്ല ഉപദേശങ്ങളും നല്‍കിയാല്‍ ചികിത്സ വളരെയേറെ എളുപ്പമാകും. ഇലക്ട്രോകണ്‍വല്‍സീവ് തെറാപ്പിയും കൌണ്‍സെലിംഗ് പോലുള്ള മാനവിക സാമൂഹ്യ ചികിത്സകളും ഇന്നു വ്യാപകമാണ്.
മരുന്നുകള്‍
സ്കിസോഫ്രീനിയക്കുള്ള മരുന്നുകള്‍ പൊതുവെ ആന്റിസൈക്കോട്ടിക്സ് എന്നറിയപ്പെടുന്നു. അവ നല്‍കുന്ന രീതികള്‍ താഴെപ്പറയുന്നു.
കഴിക്കാനുള്ള ക്യാപ്സ്യൂളുകള്‍, ഗുളികകള്‍, സിറപ്പുകള്‍ എന്നിവയുടെ രൂപത്തിലാണവ. അവ ദിവസേന കഴിക്കണം. രോഗികള്‍ മരുന്നുകള്‍ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പരിചരിക്കുന്നവരുടെ കടമയാണ്. എന്നാല്‍ മരുന്നുകള്‍ കഴിക്കാന്‍ മറക്കുന്നതും ബോധപൂര്‍വ്വം കഴിക്കാതിരിക്കുന്നതുമായ ചില രോഗികളുമുണ്ട്.
ഇന്‍ഞ്ചെക്ഷനുകള്‍
ആന്റിസൈക്കോട്ടിക് മരുന്നുകള്‍ ഇന്‍ഞ്ചെക്ഷന്‍ രൂപത്തിലും നല്‍കാം. അത്തരം ഇന്‍ഞ്ചെക്ഷനുകള്‍ മാസത്തില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ നല്‍കിയാല്‍ മതിയാകും.
ഇലക്ട്രോകണ്‍വല്‍സീവ് തെറാപ്പി (ഷോക്ക് തെറാപ്പി)
വൈദ്യുതി കടത്തിവിട്ട് തലച്ചോറിലെ തകരാറുകള്‍ പരിഹരിക്കുന്ന രീതിയാണിത്. ഇതിന് ഏകദേശം 40 സെക്കന്റു മാത്രമേ ആവശ്യമുള്ളൂ. തലച്ചോറില്‍ ഏല്‍പ്പിക്കുന്ന വൈദ്യുതി ശരീരത്തിന്റെ മറ്റുഭാഗത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ മരുന്നുകളും പ്രയോഗിക്കുന്നു. വൈദ്യുതി ഏല്‍പ്പിക്കുന്നത് ന്യൂറോട്രാന്‍സ്മിറ്റേഴ്സ് (neurotransmitters) എന്നറിയപ്പെടുന്ന ഒട്ടേറെ രാസപദാര്‍ത്ഥങ്ങളെ ഉത്പാദിപ്പിക്കാന്‍ തലച്ചോറിനെ സഹായിക്കുന്നു. തലച്ചോറിനെ വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നവയാണ് ന്യൂറോട്രാന്‍സ്മിറ്ററുകള്‍. മരുന്നുകളൊന്നും ഫലിക്കാത്തതും കഴിക്കാന്‍ കൂട്ടാക്കാത്തതുമായ, നിരന്തരം ആത്മഹത്യാ പ്രവണത കാണിക്കുന്ന കടുത്ത വിഷാദരോഗികളില്‍ ഷോക്ക്തെറാപ്പി ഉപയോഗിച്ചുവരുന്നു.
സാമൂഹ്യ-മനഃശാസ്ത്രചികിത്സ
ആശയവിനിമയത്തിനുള്ള പ്രയാസം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്മ, മറ്റുള്ള വരുമായി ബന്ധം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള താല്പര്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാല്‍ വിഷമിക്കുന്ന രോഗികള്‍ക്ക് ഒരാശ്വാസമാണ് സാമൂഹ്യ-മനഃശാസ്ത്രചികിത്സ.ഈ ചികിത്സ വീണ്ടും നല്ലൊരു ജീവിതം നയിക്കാന്‍ രോഗികളെ സഹായിക്കുന്നു. സൈക്കോതെറാപ്പി, കോഗ്നീറ്റിവ് ബിഹാവിയര്‍ തെറാപ്പി, കെയര്‍ ഗിവര്‍ എഡ്യുക്കേഷന്‍ , റീഹാബിലിറ്റേഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ചികിത്സാരീതി.
സൈക്കോതെറാപ്പി
മാനസികവും വൈകാരികവുമായ പ്രശ്നങ്ങളെ നല്ല ഉപദേശത്തിലൂടെ ഭേദമാക്കുന്ന രീതിയാണിത്. രോഗിയും ഡോക്ടറുമായി നിരന്തരം സംഭാഷണത്തിലേര്‍പ്പെടുന്നു. സൈക്കോതെറാപ്പിക്കൊപ്പം മരുന്നുകളും ഉപയോഗിക്കേണ്ടതാണ്. സ്കിസോഫ്രീനിയ എന്ന രോഗാവസ്ഥ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ സൈക്കോതെറാപ്പി രോഗികളെ സഹായിക്കുന്നു.
കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി
യുക്തിരഹിതമായ ചിന്തകളും കാഴ്ചപ്പാടുകളുമുള്ള സ്കിസോഫ്രീനിയ രോഗികള്‍ക്ക് ഉപദേശങ്ങളിലൂടെ തിരിച്ചറിവ് നല്‍കുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ ഈ ചികിത്സാരീതി രോഗികളുടെ ചിന്തകളെയും പെരുമാറ്റത്തെയുമാണ് ലക്ഷ്യം വയ്ക്കുന്നത്. രോഗികളുടെ ചിന്തകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ തെറാപിസ്റ് അവരെ പരിശീലിപ്പിക്കുന്നു. രോഗികള്‍ കേള്‍ക്കുന്നതായി അവര്‍ക്കനുഭവപ്പെടുന്ന "ശബ്ദങ്ങളെ'' എങ്ങനെ ഒഴിവാക്കാം, രോഗലക്ഷണങ്ങളെ മൊത്തത്തില്‍ എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ തെറാപ്പിസ്റ് രോഗികളെ പറഞ്ഞുമനസ്സിലാക്കുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കുറച്ച് സാധാരണരീതിയില്‍ ചിന്തിക്കാന്‍ ഈ ചികിത്സാരീതി രോഗികളെ സഹായിക്കുന്നു.
രോഗീപരിചാരകര്‍ക്കുള്ള ബോധവത്കരണം
സ്കിസോഫ്രീനിയ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവരെ പരിചരിക്കുന്നവര്‍ക്ക് വളരെ പ്രധാനമായ പങ്കുണ്ട്. ആശുപത്രി വിട്ട് വീട്ടിലെത്തുന്ന രോഗികളെ പരിചരിക്കുന്നവര്‍ക്ക് സ്കിസോഫ്രീനിയയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. രോഗികള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകള്‍ കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് പരിചാരകര്‍ അറിഞ്ഞിരിക്കണം. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ രോഗീപരിചാരകരെ സഹായിക്കാനാകും.സ്കിസോഫ്രീനിയ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവരെ പരിചരിക്കുന്നവര്‍ക്ക് വളരെ പ്രധാനമായ പങ്കുണ്ട്. ആശുപത്രി വിട്ട് വീട്ടിലെത്തുന്ന രോഗികളെ പരിചരിക്കുന്നവര്‍ക്ക് ഈ അസുഖത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
പുനരധിവാസം
വ്യക്തിശുചിത്വം പുലര്‍ത്തല്‍, പാചകം, ജോലിക്കു പോകല്‍ തുടങ്ങിയ ദൈനംദിന പ്രവൃത്തികള്‍ക്ക് പ്രയാസമനുഭവിക്കുന്നവരാകാം ചില രോഗികള്‍. ആത്മവിശ്വാസം വീണ്ടെടുത്ത് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ രോഗികളെ സഹായിക്കുന്നു. സാമൂഹികവും തൊഴില്‍പരവുമായ പരിശീലനം നല്കുന്നതും അതിന്റെ ഭാഗമാണ്. പണം എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, ജോലി എങ്ങനെ പ്രയാസം കൂടാതെ ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ രോഗികള്‍ക്ക് ഉപദേശം നല്‍കുന്നു. തൊഴില്‍ പരിശീലനത്തോടൊപ്പം നല്ല ചിന്തകളും മനസ്സില്‍ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണാവശ്യം. ജോലികള്‍ പ്രയാസം കൂടാതെ ചെയ്യാനും പ്രധാന കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാനും മറ്റും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ രോഗികളെ സഹായിക്കുന്നു.
മരുന്നുകള്‍ നിര്‍ത്തിയാല്‍ എന്തു സംഭവിക്കാം?
സ്വന്തം ഇഷ്ടപ്രകാരം മരുന്നുപയോഗം പെട്ടെന്ന് നിര്‍ത്തുന്നത് രോഗാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിലേയ്ക്കും മറ്റും പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നു. ഡോക്റുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്നുകള്‍ ഒരിക്കലും നിര്‍ത്തരുത്.
ചികിത്സ തുടരുന്നതിന്റെ പ്രാധാന്യം
മരുന്നുകള്‍ ആവശ്യമാണെന്ന് തിരിച്ചറിയാത്തവരും മരുന്നുകള്‍ കഴിക്കാത്തവരുമായ സ്കിസോഫ്രീനിയ രോഗികളുണ്ട്. എന്നാല്‍ മറ്റു ചിലര്‍ മോശമായ പാര്‍ശ്വഫലങ്ങള്‍ കാരണം മരുന്നുകള്‍ കഴിക്കാന്‍ ഭയപ്പെടുന്നവരാണ്. മരുന്നുകള്‍ കഴിക്കണമെന്ന കാര്യം പോലും മറന്നുപോകുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ.
ചികിത്സയില്‍ പങ്കാളികളാകുന്ന രോഗീപരിചാരകര്‍ക്ക് വളരെ വലിയ പങ്കാണുള്ളത്. മരുന്നുകള്‍ കൃത്യസമയത്ത് നല്കാനും മരുന്നുകള്‍ കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് രോഗികളെ പറഞ്ഞുമനസ്സിലാക്കാനും രോഗീപരിചാരകര്‍ ശ്രദ്ധിക്കണം.
ആശുപത്രി വിട്ട രോഗികള്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും വളരെ പ്രധാനമാണ്. മരുന്നുകള്‍ നിര്‍ത്തിക്കളയുന്ന രോഗികളിലും തുടര്‍ചികിത്സയ്ക്കു പോകാത്തവരിലും രോഗാവസ്ഥ തിരിച്ചു വന്നേക്കാം. ചികിത്സ തുടരാന്‍ രോഗികളെ പ്രേരിപ്പിച്ച് ചികിത്സയില്‍ സഹായിക്കുന്നതിലൂടെ പരിചാരകര്‍ക്ക് രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനാകും.
പരിചാരകര്‍ക്ക് എന്തൊക്കെ ചെയ്യാനാകും?
തങ്ങളുടെ പ്രിയപ്പെട്ടവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ രോഗീപരിചാരകര്‍ക്ക് വളരെ പ്രധാനപങ്കുണ്ട്.രോഗികളില്‍ ആത്മഹത്യാപ്രവണതയുടെ എന്തെങ്കിലും സൂചനകള്‍ കാണുകയാണെങ്കില്‍ അക്കാര്യം ഉടന്‍തന്നെ ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്.
- കുറ്റപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യാതെ ഊര്‍ജ്ജസ്വലതയോടെ ജീവിക്കാന്‍ പരിചാരകര്‍ രോഗികളെ പ്രേരിപ്പിക്കണം
- പരിചാരകര്‍ ദയയും ശ്രദ്ധയുമുള്ളവരാകണം
- മരുന്നുകള്‍ കൃത്യമായി കഴിക്കാന്‍ രോഗികളെ പ്രേരിപ്പിക്കണം
- രോഗികളില്‍ ആത്മഹത്യാപ്രവണതയുടെ എന്തെങ്കിലും സൂചനകള്‍ കാണുകയാണെങ്കില്‍ അക്കാര്യം ഉടന്‍തന്നെ ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതാണ്.
- പരിചാരകര്‍ രോഗികളുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുകയും അത്തരം പ്രവൃത്തികള്‍ തുടര്‍ന്നും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും വേണം.
- പരിചാരകര്‍ രോഗികളോട് തര്‍ക്കിക്കുന്ന വിധത്തില്‍ സംസാരിക്കരുത്.
പൊതുവായ ചോദ്യങ്ങള്‍
Q. സ്കിസോഫ്രീനിയ ഒരു ശാപമാണോ?
A. സ്കിനോഫ്രിനിയ ഒരു രോഗമാണ്. അതൊരു ശാപമല്ല. അത് ദൈവത്തിന്റെ ശാപംകൊണ്ടോ ദുര്‍മന്ത്രവാദം കൊണ്ടോ വരുന്നതല്ല. വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഈ രോഗം ചികിത്സിക്കേണ്ടത്. അല്ലാതെ മന്ത്രവാദിയല്ല.
Q. സ്കിസോഫ്രീനിയ എപ്പോഴെങ്കിലും ഭേദമാകുമോ?
A. ഇപ്പോള്‍ സ്കിനോഫ്രീനിയ സ്ഥിരമായി മാറാനുള്ള വഴികളില്ല. എന്നാല്‍ രോഗലക്ഷണങ്ങള്‍ നിയന്ത്രിച്ച് ഒരു നല്ല ജീവിതം നയിക്കാന്‍ മരുന്നുകള്‍ രോഗികളെ സഹായിക്കുന്നു. ചികിത്സ ദീര്‍ഘകാലം ആവശ്യമാണ്. ചിലപ്പോള്‍ അത് ജീവിതകാലം മുഴുവന്‍ വേണ്ടിവന്നേക്കാം.
Q. മരുന്നുകള്‍ ഫലിക്കുന്നില്ലെന്ന് തോന്നുമ്പോള്‍ രോഗികള്‍ അവ നിര്‍ത്തില്ലേ?
A.ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അങ്ങനെ ചെയ്യാന്‍ പാടില്ല.
Q.സൈക്കോതെറാപ്പി രോഗികളെ എങ്ങനെ സഹായിക്കുന്നു?
A.രോഗലക്ഷണങ്ങളുടെ കാഠിന്യം കുറച്ച് സ്ഥിരമായ മാനസികാവസ്ഥ നിലനിര്‍ത്താന്‍ തെറാപ്പികള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ അതിന് തെറാപ്പികള്‍ തീവ്രമായി ചെയ്യേണ്ടതുണ്ട്. ചികിത്സയില്‍ മരുന്നുകള്‍ക്ക് വളരെ വലിയ പ്രാധാന്യമാണുള്ളത്. ഒരു നല്ല ജീവിതം നയിക്കാന്‍ മരുന്നുപയോഗം രോഗികളെ സഹായിക്കുന്നു.
Q.എത്രകാലം ചികിത്സ തുടരേണ്ടിവരും?
A.ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്രയും കാലം മരുന്നുകള്‍ കൃത്യമായി കഴിച്ചിരിക്കണം.രോഗപുരോഗതി കാണുന്നവരുടെ മരുന്നുകള്‍ തുടരേണ്ടതുണ്ട്. ആ നല്ല മാനസികാവസ്ഥ സ്ഥിരമായി നിലനിര്‍ത്താന്‍ വേണ്ടിയാണിത്.
Q.ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ?
A.എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ നിയന്ത്രിക്കുകയാണ് വേണ്ടത്. പാര്‍ശ്വഫലങ്ങള്‍ കാണുന്നതും അല്ലാത്തവരുമായ രോഗികളുണ്ട്. പാര്‍ശ്വഫലങ്ങള്‍ കാണുന്നവര്‍ അക്കാര്യം ഡോക്ടറെ അറിയിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകള്‍ നിര്‍ത്താനോ അവയുടെ ഡോസ്കുറയ്ക്കാനോ പാടില്ല.
Q.മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും രോഗലക്ഷണങ്ങള്‍ തിരിച്ചുവന്നാലോ കൂടുതല്‍ മോശമായാലോ രോഗികള്‍ എന്തു ചെയ്യും?
A.രോഗീപരിചാരകര്‍ ഡോക്ടറോട് അതേക്കുറിച്ച് സംസാരിക്കണം. ചിലപ്പോള്‍ രോഗികള്‍ക്കുള്ള മരുന്നുകളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവന്നേക്കാം.
Q.രോഗീപരിചാരകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതെങ്ങനെ?
A.വിദഗ്ദ്ധ ഡോക്ടറുമായി സംസാരിക്കുന്നതിലൂടെ രോഗീപരിചാരകര്‍ക്ക് സ്കിനോഫ്രീനിയയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.