കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.
കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്.