വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
4 minutes reading time (778 words)

മദ്യപാനവും ആരോഗ്യപ്രശ്നങ്ങളും

മദ്യപാനവും ആരോഗ്യപ്രശ്നങ്ങളും

കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. 

കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്.

മദ്യത്തിന്റെ ആഗിരണം

മദ്യത്തിന്റെ 10% ആമാശയത്തില്‍നിന്നും 90% ചെറുകുടലില്‍നിന്നുമാണ് ശരീരം വലിച്ചെടുക്കുന്നത്. കഴിച്ചു കഴിഞ്ഞാല്‍ 45 മുതല്‍ 60 മിനിട്ടിനുളളില്‍തന്നെ രക്തത്തില്‍ പരമാവധി അളവിലെത്തുന്നു. വലിച്ചെടുക്കപ്പെട്ട മദ്യം ഉടനെ തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വലിച്ചെടുക്കപ്പെട്ട മദ്യത്തിന്റെ 90%വും കരള്‍ വിഘടിപ്പിച്ച് നിരുപദ്രവ വസ്തുക്കളാക്കി ശരീരത്തില്‍നിന്നും ശ്വാസത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറംതളളുന്നു.

മദ്യപാനം - വിവിധ ഘട്ടങ്ങള്‍

പ്രാഥമിക ഘട്ടം

തുടക്കത്തില്‍ പാര്‍ട്ടികളിലോ, വിനോദയാത്രയിലോ, കുടുംബ പരിപാടിയിലോ മദ്യപാനം തുടങ്ങിവെയ്ക്കുന്നു. ലഭിക്കുന്ന ലഹരിമൂലം കാലക്രമേണ വ്യക്തി കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടു വരുന്നു. മാത്രമല്ല ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടി വരുന്നു. മദ്യപിച്ച നേരത്ത് കാട്ടിക്കൂട്ടിയ സംഭവങ്ങള്‍ പിന്നീട് ഓര്‍ക്കാന്‍ കഴിയാത്ത ബ്ളാക്ക് ഔട്ട് എന്ന അവസ്ഥയും ചിലര്‍ക്ക് ഉണ്ടാകാം. മദ്യം പൊടുന്നനെ നിര്‍ത്തുമ്പോള്‍ വിറയല്‍, ഓക്കാനം, ക്ഷീണം, ച്ഛര്‍ദ്ദി, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ് എന്നീ തരത്തിലുളള പ്രയാസങ്ങളും ഉണ്ടാകാം. ഈ അവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി വ്യക്തി വീണ്ടും മദ്യം കഴിക്കുന്നു. ഇവര്‍ മദ്യപാനത്തിനായി ഭൂരിഭാഗം സമയവും ചിലവാക്കുകയും മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ചുളള സംഭാഷണങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

മധ്യഘട്ടം

ഈ അവസ്ഥയില്‍ ആത്മനിയന്ത്രണം പാടെ നഷ്ടപ്പെട്ട രോഗി മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്നങ്ങളാലോ, കുടുംബപ്രശ്നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബന്ധം തകരല്‍, ദാമ്പത്യബന്ധം വേര്‍പ്പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. ഇത്തരക്കാര്‍ ഇടക്ക് മദ്യപാനം താല്‍ക്കാലികമായി ഉപേക്ഷിക്കുകയും വീണ്ടും കഴിച്ച് തുടങ്ങുകയും ചെയ്യുന്നു.

അവസാനഘട്ടം

ഈ ഘട്ടത്തില്‍ രോഗി ശാരീരികമായും മാനസികമായും പാടെ നശിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ മദ്യപിക്കാന്‍വേണ്ടി കടം വാങ്ങുക, നുണ പറയുക, കളവ് നടത്തുക എന്നിവ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. കുടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരികമാനസിക ബുദ്ധിമുട്ടുകള്‍ കാരണം മദ്യം ഉപേക്ഷിക്കുക ഇവര്‍ക്ക് ബുദ്ധിമുട്ടായി തീരുന്നു.

ആരോഗ്യപ്രശ്നങ്ങള്‍

കുറച്ചു സമയത്തേക്ക് അനുഭവപ്പെടുന്ന സുഖകരമായ അവസ്ഥ കഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും, ഏകാഗ്രത കുറയുകയും, ചിന്ത പതുക്കെയാവുകയും, ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരികയും ചെയ്യുന്നു. പേശീനിയന്ത്രണം കുറയുകയും, സംസാരത്തിന് കുഴച്ചില്‍ ഉണ്ടാവുകയും, നടത്തത്തിനും ചലനത്തിനും നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നത്.

ആമാശയം, കുടല്‍

മദ്യം ആമാശയത്തിന്റെയും, കുടലിന്റേയും സങ്കോചവികാസങ്ങള്‍ തടസ്സപ്പെടുത്തുകയും ഈ ഭാഗങ്ങളിലെ സംരക്ഷണ കവചങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട് കുടലില്‍ പുണ്ണ്, ചെറുകുടലിലെ വ്രണങ്ങള്‍ വികസിച്ച് ദ്വാരമുണ്ടാകുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. പോഷകാഹാരങ്ങള്‍  കുടലില്‍നിന്നും വലിച്ചെടുക്കാനുളള കഴിവ് കുറയുന്നതുകൊണ്ട് വിറ്റാമിന്‍ ബി12, തയമിന്‍  എന്നിവയുടെ കുറവ് മദ്യപരില്‍ സാധാരണമാണ്.

കരള്‍

മദ്യം കരളിനെ നേരിട്ട് ബാധിക്കുന്ന വിഷമാണ്. തുടക്കത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ഫാറ്റിലിവറും പിന്നീട് മദ്യപാനം തുടര്‍ന്നാല്‍ കരള്‍വീക്കം, മഹോദരം എന്നീ അവസ്ഥകളും ഉണ്ടാകുന്നു. കൂടാതെ പ്ളീഹ തുടങ്ങി പല അവയവങ്ങളുടേയും പ്രവര്‍ത്തനശേഷി കുറഞ്ഞ് കുടലില്‍ രക്തസ്രാവമുണ്ടായും രക്തം ചര്‍ദ്ദിച്ചും രോഗിക്ക് മരണം വരെ സംഭവിക്കാം. ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്.

ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നതു കൊണ്ട് മദ്യപരില്‍ പ്രമേഹരോഗ സാധ്യതയും കൂടുതലാണ്. 

ഹൃദയം

ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപ്പതി എന്നിവയും മദ്യപരില്‍ കൂടുതലാണ്. 

രക്തം

ഫോളിക് ആസിഡ് എന്ന വിറ്റമിന്റെ കുറവ് കാരണം വിളര്‍ച്ച, മുറിവില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ളേറ്റ്ലെറ്റുകളുടെ കുറവ് കാരണം രക്തം വാര്‍ന്നുപോകുക എന്നിവയും മദ്യപരില്‍ കൂടുതലാണ്. 

അണുബാധകള്‍

രോഗപ്രതിരോധശേഷി കുറവായതിനാല്‍ അണുബാധകള്‍ മദ്യപരില്‍ കൂടുതലാണ്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ ചര്‍ദ്ദിച്ചാല്‍ ചര്‍ദ്ദില്‍ ശ്വാസകോശത്തിലെത്തി ഉണ്ടാകുന്ന ആസ്പിരേഷന്‍ ന്യൂമോണിയ, ക്ഷയരോഗം എന്നിവയും മദ്യപരില്‍ കൂടുതലാണ്. 

പേശികള്‍, അസ്ഥി, ത്വക്ക്

പേശികളുടെ ബലക്കുറവ്, പേശികള്‍ ഭാഗികമായി നശിക്കുന്ന മയോപ്പതി, എല്ലുകളുടെ തേയ്മാനം, ബലക്കുറവ്, സോറിയാസിസ് ലുള്ള ത്വക്ക് രോഗങ്ങള്‍ എന്നിവയും മദ്യപരില്‍ കൂടുതലാണ്. 

ലൈംഗികപ്രശ്നങ്ങള്‍ 

മദ്യം ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുവായ ധാരണയെങ്കിലും ഫലത്തില്‍ അത് ലൈംഗിക ശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. 

തലച്ചോറിനും ഞരമ്പിനുമുണ്ടാകുന്ന തകരാറുകള്‍

തുടര്‍ച്ചയായ മദ്യപാനം തലച്ചോറിന്റെ വലിപ്പം കുറയ്ക്കുന്നതോടൊപ്പം ഓര്‍മ്മക്കുറവും, ചിന്തയില്‍ മാന്ദ്യവും ഉണ്ടാക്കുന്നു. മദ്യപാനം മൂലം ഉണ്ടാകുന്ന പോഷകാഹാരക്കുറവ് വെര്‍ണിക്കീസ് എന്‍സഫലോപതി, കോര്‍സകോഫ് സൈക്കോസിസ് എന്നീ ഗുരുതരമായ രോഗങ്ങളും ഉണ്ടാക്കാം. 

സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ മദ്യം നിര്‍ത്തുകയോ അളവ് കുറക്കുകയോ ചെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ അപസ്മാരവും പേടിപ്പിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ അശരീരി ശബ്ദങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദ്യം നിര്‍ത്തി 72 മണിക്കൂറിനുള്ളില്‍ സ്ഥലകാല വിഭ്രാന്തി, നെഞ്ചിടിപ്പ്, അമിത രക്തസമ്മര്‍ദ്ദം, വിയര്‍പ്പ്, ഉറക്കക്കുറവ്, അശരീരി ശബ്ദങ്ങള്‍, വിഭ്രമജനകമായ  കാഴ്ചകള്‍, പിച്ചും പേയും പറയുക എന്നിവ ഉള്‍ക്കൊള്ളുന്ന ഡെലീറിയം എന്ന ഗുരുതരമായ  അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.

മാനസിക രോഗങ്ങള്‍

പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. വിഷാദ രോഗം മദ്യപരില്‍ സാധാരണമാണ്. മദ്യപരില്‍ ആത്മഹത്യാനിരക്ക് 15% ആണ്. പുകവലിക്കാനും മറ്റ് ലഹരിസാധനങ്ങള്‍  ഉപയോഗിക്കാനുമുള്ള സാധ്യതയും കൂടുതലാണ്.  പങ്കാളിയുടെ ചാരിത്ര്യം സംശയിക്കുന്ന ഡെലൂഷന്‍ ഓഫ് ഇന്‍ഫെഡിലിറ്റി എന്നപ്രശ്നവും ഇവരില്‍ കൂടുതലാണ്.  

ചികിത്സയുടെ ഘട്ടങ്ങള്‍

രോഗത്തെ വിലയിരുത്തല്‍

മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ചികിത്സയിലെ ആദ്യപടി.

മദ്യപാനശീലത്തെ വിശദമായി മനസ്സിലാക്കുകയാണ് ചികിത്സയിലെ ആദ്യപടി. മദ്യപാനശീലത്തിന്റെ കാലയളവ്, കഴിക്കുന്ന അളവ്, കഴിക്കാനുള്ള കാരണങ്ങള്‍, മാനസിക, ശാരീരിക, കുടുംബ, സാമൂഹിക പ്രശ്നങ്ങള്‍, സാമ്പത്തിക, സാമൂഹിക പിന്തുണ എന്നിവയെക്കുറിച്ച് മനസ്സിലാക്കിയിട്ടേ ചികിത്സ ആരംഭിക്കാവൂ. പലപ്പോഴും ഇത്തരം വ്യക്തികള്‍ പ്രശ്നത്തിന്റെ തീവ്രത കുറച്ചു കാണിക്കാനിടയുള്ളതുകൊണ്ട് അയാളെ നന്നായി അറിയാവുന്ന ഒരു ബന്ധുവിനെ കൂടി പങ്കാളിയാക്കുന്നത് നന്നായിരിക്കും. മദ്യപാന ചികിത്സയുടെ ലക്ഷ്യം ഈ ശീലം പൂര്‍ണ്ണമായും മാറ്റുക എന്നതാണ്. ഇത് പൂര്‍ണ്ണമായി ഉടനെ സാധിച്ചില്ലെങ്കില്‍ പോലും ഭാവിയില്‍ പൂര്‍ണ്ണമുക്തിക്ക് രോഗിയെ പ്രേരിപ്പിക്കാന്‍ കഴിയും.

വിഷമുക്തി ചികിത്സ

മദ്യപാനം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വിഷമതകളെ തടഞ്ഞുനിര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്ന്. ശാരീരികമായ വൈഷമ്യങ്ങള്‍ ഉണ്ടാകാതിരിക്കാനും, മദ്യം കഴിക്കാനുള്ള പ്രേരണ ഇല്ലാതാക്കുവാനും, രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നു. തയാമിന്‍ വൈറ്റമിന്‍, ക്ളോര്‍ഡയാസിപോക്സൈഡ് തുടങ്ങിയ മരുന്നുകളാണ് ഈ ഘട്ടത്തില്‍ ചികിത്സക്കായി ഉപയോഗിക്കുന്നത്.

തുടര്‍ചികിത്സ

വീണ്ടും മദ്യപാനം ആരംഭിക്കുന്നത് ഒഴിവാക്കുക, കുടുംബവും ജീവിതപങ്കാളിയും സമൂഹവുമായി ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കുക, പുനരധിവാസം, ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് ഈ ഘട്ടത്തിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍.  സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങിയ ഒരു വിദഗ്ദ്ധ ടീമിന്റെ മരുന്നുകളും കൌണ്‍സിലിങ്ങും വഴി ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാവുന്നതാണ്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കുന്ന നാല്‍ട്രക്സോണ്‍, അക്കാംപ്രോസേറ്റ്, ബാക്ളോഫന്‍, ഡൈസള്‍ഫിറാം എന്നീ മരുന്നുകളും രോഗിയുടെ അവസ്ഥക്കനുസരിച്ച് ഉപയോഗിക്കുന്നു.രോഗിയുടെ വിശ്വാസത്തോടെയും, സഹകരണത്തോടെയുമുള്ള ചികിത്സകളാണ് കൂടുതല്‍ ഫലപ്രദം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ രോഗിയുടെ പങ്കാളിയുടെ/കുടുംബത്തിന്റെ സഹകരണവും സമൂഹത്തിന്‍റെ പിന്തുണയും വളരെ അത്യാവശ്യമാണ്.

സ്വയം സഹായകസംഘങ്ങള്‍

രോഗവിമുക്തി നേടിയവരുടെ കൂട്ടായ്മകള്‍ മദ്യപാനം നിര്‍ത്താന്‍ പലവിധത്തില്‍  സഹായിക്കുന്നു. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലും അല്ലാതെയും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം കൂട്ടായ്മകളില്‍ അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരസ്പരം വൈകാരിക സുരക്ഷ നല്‍കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലും വ്യാപകമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു പ്രസ്ഥാനമാണ് "ആല്‍ക്കഹോളിക്സ് അനോണിമസ്''.

Image courtesy: http://mrhealthtips.com/

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

പഠനം എങ്ങനെ സുഗമമാക്കാം?
അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ