വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
4 minutes reading time (722 words)

അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ

അല്‍ഷിമേഴ്സ് ഡിമെന്‍ഷ്യ

പ്രായമേറുന്ന ജനസമൂഹത്തോടൊപ്പം വാര്‍ദ്ധക്യരോഗങ്ങളുടെ സഹജവര്‍ദ്ധനയും പ്രതീക്ഷിക്കാം. വാര്‍ദ്ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയില്‍ 24 കോടി ജനങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്സ്  രോഗബാധിത രോഗബാധിതര്‍ . 2030 ആകുമ്പോള്‍ രോഗബാധിതര്‍ ഭാരതത്തില്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.  

ഇതില്‍ മലയാളികളായ നമുക്കെന്താണ് കൂടുതല്‍ ആകുലപ്പെടാനുള്ളതെന്ന് നോക്കാം. ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ദേശീയ ശരാശരി 62 വയസ്സാണെങ്കില്‍ കേരളത്തിന്റേത് 72-74 വയസ്സ് എന്നതാണ്. കേരള ജനസംഖ്യയില്‍ 2011ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതാണ് കണക്ക്. അപ്പോള്‍ അല്‍ഷിമേഴ്സ് രോഗഭീഷണിയും വ്യാപകമാവുന്നു. അടുത്തിടെ നടത്തിയ ചില പഠനങ്ങളനുസരിച്ച് കേരളത്തില്‍ 65 വയസ്സിന് മുകളിലുള്ളവരില്‍ മൂന്നു ശതമാനത്തോളം മറവിരോഗത്താല്‍ വലയുന്നുണ്ട്. എന്നാല്‍ അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം കാര്യക്ഷമമല്ലാത്തതിന്റെ പശ്ചാത്തലത്തില്‍ ഈ കണക്കുകള്‍ കൃത്യമാകണമെന്നില്ല. അല്ലെങ്കില്‍ ഈ സംഖ്യ ഉയരാനാണ് സാദ്ധ്യത.  കാരണം അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറേയും.

എന്താണ് അല്‍ഷിമേഴ്സ് രോഗം?

1906-ല്‍ അലോയ് അല്‍ഷിമര്‍ എന്ന ജര്‍മ്മന്‍ ന്യൂറോളജിസ്റാണ് ഈ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള്‍ ആദ്യമായി ലോകത്തിന് നല്‍കുന്നത്. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതു കൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. 

എന്താണ് അല്‍ഷിമേഴ്സ് രോഗത്തിന്റെ അടിസ്ഥാന കാരണം?

ഈ രോഗത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്സ് രോഗം ഉണ്ട്. ഓരോ പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചുവരുന്നതായി കാണാം. 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഏകദേശം പകുതി പേര്‍ക്കും അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യതയുണ്ട്. 

ജനിതകഘടകങ്ങള്‍ ഈ രോഗബാധയെ സ്വാധീനിക്കുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് ആല്‍ഷിമേഴ്സ് രോഗബാധിതര്‍ കൂടുതല്‍ ഉള്ളത്. 

രോഗലക്ഷണങ്ങള്‍

മിക്കപ്പോഴും രോഗം വളരെ പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ത്ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്സ് രോഗം ഉണ്ടെന്നുള്ള കാര്യം തന്നെ അറിഞ്ഞു കൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ദ്ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മ്മശക്തി കുറഞ്ഞു വരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മ്മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓര്‍മ്മകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍, സ്ഥലകാലബോധം, ദൈനംദിന പ്രവര്‍ത്തികള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവുകള്‍ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടി ചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ കാണിച്ചു തുടങ്ങുന്നു.  ഇവര്‍ക്ക് ദിശാബോധം നഷ്ടപ്പെടുകയും നിസ്സാര കാര്യങ്ങള്‍ പോലും ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂര്‍ണ്ണ പരാശ്രയിയുമായി മാറുന്നു. 

അല്‍ഷിമേഴ്സ് രോഗം മൂര്‍ച്ഛിക്കുന്നതിനോടൊപ്പം പലവിധ പെരുമാറ്റപ്രശ്നങ്ങളും മാനസികരോഗലക്ഷണങ്ങളും പ്രകടമാകുന്നു. പലതരത്തിലുള്ള മിഥ്യാധാരണകളും മിഥ്യാഭ്രമങ്ങളും ഇവര്‍ പ്രകടമാക്കുന്നു. ഇപ്പോള്‍ താമസിക്കുന്നത് സ്വന്തം വീട്ടിലല്ല,  മറ്റേതോ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ഇവര്‍ നിരന്തരം പരാതിപ്പെടാം. ഈ ധാരണയില്‍ പലപ്പോഴും വീടുവീട്ട് പുറത്ത് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുന്നു.  മറ്റൊന്ന്‍ തങ്ങളുടെ സാധനങ്ങളും വസ്തുവകകളും മറ്റാരോ മോഷ്ടിക്കുന്നു എന്ന ആരോപണമാണ്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍ ചിലര്‍ക്ക് കഴിയില്ല.  ബന്ധുക്കള്‍ യഥാര്‍ത്ഥത്തില്‍ അവരല്ല മറ്റാരോ ആള്‍മാറാട്ടം നടത്തി വന്നിരിക്കുകയാണെന്ന് സംശയിക്കുന്നവരും ഉണ്ട്. അനുചിതമായ ലൈംഗികസ്വഭാവങ്ങള്‍ ഇവര്‍ കാണിക്കും. ചില  രോഗികള്‍ സംശയാലുക്കളായിത്തീരുന്നു. ചിലരാകട്ടെ മറ്റുള്ളവര്‍ തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന മിഥ്യാധാരണ പ്രകടിപ്പിക്കുന്നു. 

ചികിത്സയും പുനരധിവാസവും

അല്‍ഷിമേഴ്സ് രോഗത്തിന് തികച്ചും ഫലപ്രദമായ ഔഷധങ്ങളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇന്ന് പ്രചാരത്തിലുള്ള ഔഷധങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ദിനചര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അല്‍ഷിമേഴ്സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈല്‍ കോളിന്‍ എന്ന രാസവസ്തുവിന്റെ കുറവ് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവസ്തുവിന്റെ വിഘടനം തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഡോണപ്പസില്‍, റിവാസ്റ്റിഗ്മിന്‍, മെമാന്റിന്‍, ഗാലന്റമിന്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും അല്‍ഷിമേഴ്സ് രോഗ ചികിത്സയ്ക്ക് ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. അസുഖം നേരത്തെ കണ്ടുപിടിക്കാന്‍ ഇടയാകുന്ന പക്ഷം ഈ മരുന്നുകള്‍ കൂടുതല്‍ പ്രയോജനം ചെയ്തേക്കും. അല്‍ഷിമേഴ്സ് രോഗികള്‍ പ്രകടമാക്കുന്ന വിഷാദം, ചിത്തഭ്രമം, പരിഭ്രമം, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ഔഷധചികിത്സകൊണ്ട് നിയന്ത്രിക്കാവുന്നതാണ്.

മരുന്നുകള്‍ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. അസുഖം നേരത്തെ കണ്ടുപിടിക്കാന്‍ ഇടയാകുന്ന പക്ഷം ഈ മരുന്നുകള്‍ കൂടുതല്‍ പ്രയോജനം ചെയ്തേക്കും.

എങ്ങനെ പരിചരിക്കണം?

അല്‍ഷിമേഴ്സ് രോഗികളെ ശുശ്രൂഷിക്കുക എന്നത് വളരെ വിഷമകരമാണ്. ഈ രോഗം വന്നുകഴിഞ്ഞാല്‍ എങ്ങനെയാണ് രോഗിയോട് ഇടപഴകേണ്ടത് എന്നറിയാതെ പലരും കുഴങ്ങുന്നു. രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍, രോഗിയുടെ സവിശേഷതകള്‍ ഇവയൊക്കെ ഉള്‍ക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പുവരുത്തുക അതിപ്രധാനമാണ്. ഇതിന് വിദഗ്ദ്ധരുടെ സഹായം തേടാവുന്നതാണ്. ഇതോടൊപ്പം തന്നെ അല്‍ഷിമേഴ്സ് രോഗബാധിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനു വേണ്ടിയുള്ള സഹായങ്ങളും സാന്ത്വനങ്ങളും ആവശ്യമാണ്. 

അല്‍ഷിമേഴ്സ് രോഗം പ്രതിരോധിക്കാന്‍ സാധിക്കുമോ?

അല്‍ഷിമേഴ്സ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലാത്തതിനാല്‍ ഇത് പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളൊന്നും നിലവിലില്ല. കൂടുതല്‍ ഗവേഷണങ്ങളുടെ ഫലമായി പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിയുന്നതിനനുസരിച്ച് അവ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തുന്നത് ഈ രോഗം ഒഴിവാക്കുന്നതിന് ഒരു പരിധി വരെ സഹായിച്ചേക്കും. 

മാനസികവും ശാരീരികവുമായി പ്രവര്‍ത്തനനിരതരാകുക, ശരിയായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, തലയിലെ പരിക്കുകള്‍ ഒഴിവാക്കുന്നതിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. കൂടാതെ ശരിയായ ഭക്ഷണക്രമം പാലിക്കുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ അല്‍ഷിമേഴ്സ് രോഗം കൂടാതെ ഡിമന്‍ഷ്യക്ക് ഇടയാക്കുന്ന മറ്റു രോഗങ്ങളും തടയാന്‍ കുറേയൊക്കെ സാധിക്കും. 

ക്ഷമയോടെയുള്ള ദീര്‍ഘകാലത്തെ പരിചരണം ഈ രോഗികള്‍ക്ക് ആവശ്യമാണ്. പരിചരിക്കുന്നവരുടെ മാനസികാരോഗ്യവും അതിപ്രധാനമാണ്. 

പരിചരണമാണ് അല്‍ഷിമേഴ്സ് രോഗ ചികിത്സയുടെ പ്രധാന ഭാഗം. ഔഷധ ചികിത്സകൊണ്ട് രോഗത്തിന്റെ കാഠിന്യവും, രോഗം മൂര്‍ച്ഛിക്കുന്നതിന്റെ വേഗതയും ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. പൂര്‍ണ്ണമായ രോഗവിമുക്തി സാധ്യമല്ല. അല്‍ഷിമേഴ്സ് രോഗത്തോടൊപ്പമുള്ള വിഷാദരോഗം, മനോവിഭ്രാന്തി, കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്വഭാവങ്ങള്‍ മുതലായവ കുറേയൊക്കെ ചികിത്സിച്ചു ഭേദമാക്കാം. ക്ഷമയോടെയുള്ള ദീര്‍ഘകാലത്തെ പരിചരണം ഈ രോഗികള്‍ക്ക് ആവശ്യമാണ്. പരിചരിക്കുന്നവരുടെ മാനസികാരോഗ്യവും അതിപ്രധാനമാണ്. പലരും ദീര്‍ഘകാലത്തെ സംഘര്‍ഷഭരിതമായ ജീവിതം കാരണം വിഷാദരോഗത്തിനടിമപ്പെടാറുണ്ട്. ഇവരുടെ ചികിത്സയും തുല്യപ്രാധാന്യത്തോടെ കാണേണ്ടതാണ്.

ശുശ്രൂഷിക്കാന്‍ ഇവരുണ്ട് കൂടെ 

രോഗിയുടെ മുഴുവന്‍ സമയ പരിചരണത്തിന് കുടുബാംഗങ്ങള്‍ക്ക് സൌകര്യം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടാവുന്ന സ്ഥാപനങ്ങളുണ്ട്. അല്‍ഷിമേഴ്സ് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വനം നല്‍കുകയെന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആല്‍ഷിമേഴ്സ് ആന്റ് റിലേറ്റഡ് ഡിഡോര്‍ഡേഴ്സ് ഓഫ് ഇന്ത്യ. ഇവരുടേതായി രോഗി പരീചരണ കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ നിലവിലുണ്ട്. ഡേ കെയര്‍ സെന്റര്‍, റിസ്പൈറ്റ് കെയര്‍ സെന്റര്‍, രോഗീ പരിചരണത്തിലുള്ള പരിശീലനം, വീടുകളിലെത്തി പരിചരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്.

വെബ്സൈറ്റ്

www.alzheimerindia.org

രോഗപരിചരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും രോഗീപരിചരണത്തിനുള്ള വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ക്കും വിവിധ വെബ്സൈറ്റുകള്‍ നിലവിലുണ്ട്.

www.alz.org
www.alzforum.org 

Image courtesy: http://qfchk.com/tag/alone/ Photographer: Agnisoonu K

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

മദ്യപാനവും ആരോഗ്യപ്രശ്നങ്ങളും
സ്ലീപ് വാക്കിങ്ങ്: ചില വസ്തുതകള്‍