വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
7 minutes reading time (1417 words)

ഞാന്‍ പ്രധാനമന്ത്രിയാണ്

ഞാന്‍ പ്രധാനമന്ത്രിയാണ്

“ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ തന്നെ നോക്കിക്കൊള്ളാം”. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച് ഉച്ചയ്ക്ക് മന്ത്രിസഭായോഗം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഓഫീസിലെത്തിയപ്പോഴാണ് തന്റെ കസേരയില്‍ പുതിയൊരു വ്യക്തിയിരിക്കുന്നത് കണ്ടത്. “നിങ്ങളാരാ?” എന്ന്‍ മുഖ്യമന്ത്രി ചോദിച്ചതിന് കസേരയിലിരുന്ന ആള്‍ പറഞ്ഞ മറുപടിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്നത്.

ഉറിയാക്കോട് സ്വദേശിയായ ജോസാണ് മുഖ്യമന്ത്രിയുടെ അസ്സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കസേരയിലിരുന്നത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴും ജോസ് പഴയ പല്ലവി തന്നെ തുടര്‍ന്നു. “ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്”. ഒരു മോഷണശ്രമത്തില്‍ പിടിക്കപ്പെടുമ്പോള്‍ പോലീസിനെ വെട്ടിച്ചു തടിതപ്പാന്‍ ശ്രമിക്കുന്ന കള്ളന്റെ ഭാവമായിരുന്നില്ല ജോസിന്. തികഞ്ഞ ആത്മവിശ്വാസത്തോടെ, നെഞ്ചുവിരിച്ചാണ് ജോസ് പോലീസിനെയും മാധ്യമ പ്രവര്‍ത്തകരേയും നേരിട്ടത്. യാതൊരു ജാള്യതയുമില്ലാതെ, വളരെ വാചാലനായാണ് ജോസ് സംസാരിച്ചത്. തനിക്കര്‍ഹതപ്പെട്ട  സ്ഥലത്താണിരിക്കുന്നത് എന്ന മട്ടിലായിരുന്നു ജോസിന്റെ പ്രവൃത്തികള്‍ .ഞാന്‍ ഇന്ത്യയുടെ പ്രധാന മന്ത്രിതന്നെയാണെന്ന് ജോസ് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന രംഗങ്ങള്‍ തത്സമയ വെബ് കാസ്റ്റിങ് വഴി കാണാനിടയായ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇതു പറഞ്ഞു ചിരിക്കാനുള്ള ഒരു സംഭവമായി.

---------------------------

ഉത്തരേന്ത്യക്കാരനായ സുലൈമാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്. റെയില്‍വേസ്റ്റേഷനില്‍ ഉച്ചത്തില്‍ പുലഭ്യം പറഞ്ഞുകൊണ്ട് ചില യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോളായിരുന്നു അത്. സുലൈമാന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ പോലീസ് അദ്ദേഹത്തെ മജിസ്ട്രേറ്റിന്റെ ഉത്തരവോടെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തന്നെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് സുലൈമാന്‍ പറഞ്ഞു "സാബ് യാക്കൂബ് കേ ആദ്മി ബഡേ ബഡേ പത്ഥര്‍ ലേക്കര്‍ മുച്ഛേ മാര്‍നേ കേലിയേ ആത്തേ ഹേ". ഏതോ ഒരു യാക്കൂബിന്റെ ആളുകള്‍ വലിയ കല്ലുകളുമായി തന്നെ കൊല്ലാന്‍ വരുന്നു എന്നാണ് സുലൈമാന്‍ പറഞ്ഞത്. ഇടയ്ക്കിടെ സുലൈമാന്‍ ഭയചകിതനായി ചുറ്റും നോക്കി “യാക്കൂബ്... യാക്കൂബ്...” എന്നു പുലമ്പുന്നുണ്ടായിരുന്നു.

ഡോക്ടര്‍ ഇഞ്ചെക്ഷന്‍ നല്‍കിയതോടെ ശാന്തനായ സുലൈമാന്‍ അല്പം കഴിഞ്ഞപ്പോള്‍ സുഖമായുറങ്ങി. ഏതാണ്ട് രണ്ട് മണിക്കൂറിനു ശേഷം വാര്‍ഡിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന സമയത്തെ ശബ്ദങ്ങള്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. വാര്‍ഡിലെ സ്റ്റാഫിന്റെ നിര്‍ദ്ദേശപ്രകാരം സുലൈമാനും ഭക്ഷണം വങ്ങാനായി പാത്രവുമായി മുന്നോട്ടു നീങ്ങി.

സുലൈമാന്‍ കഴിയുന്ന വാര്‍ഡില്‍ത്തന്നെ ചാത്തു എന്നു പേരുള്ള ഒരു വൃദ്ധനായ രോഗിയുണ്ടായിരുന്നു. രോഗമൊക്കെ ഭേദപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ചെയ്യപ്പെടാവുന്ന നിലയിലായിരുന്നു ചാത്തു. ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് ചാത്തുവിനെ കാണാതിരുന്നപ്പോള്‍ ഭക്ഷണ വിതരണം നടത്തുന്ന വ്യക്തി ഉറക്കെ വിളിച്ചു: “ഡേയ് ചാത്തു” ഇതു കേട്ട സുലൈമാന്‍ ചാത്തുവിനെ പൊക്കിയെടുത്ത് ശക്തമായി നിലത്തേക്കെറിഞ്ഞു. ചുറ്റുമുള്ളവര്‍ ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ സുലൈമാന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കൈകൊട്ടിച്ചിരിച്ചു: “ഹായ് ഹായ്! യാക്കൂബ് മര്‍ ഗയാ”.

തനിക്ക് യാക്കൂബ് എന്ന ഒരു ശത്രുവുണ്ടെന്ന് സുലൈമാന്‍ കരുതിയിരുന്നു. അയാള്‍ എപ്പോള്‍ വേണമെങ്കിലും തന്നെ ആക്രമിക്കുമെന്നും സുലൈമാന്‍ ഭയന്നിരുന്നു. മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് യാക്കൂബ് എന്ന പേരിനോട് സാമ്യമുള്ള ചാത്തു എന്ന പേര് ആരോ വിളിക്കുന്നതു കേട്ട് തന്റെ ശത്രു ഇതുതന്നെയാണെന്നയാള്‍ കരുതി. ശത്രു തന്നെ ആക്രമിക്കുന്നതിനു മുമ്പുതന്നെ അയാളുടെ കഥ കഴിക്കുകയും ചെയ്തു.
...........................................

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ജോസ് കാട്ടിയ വിക്രിയകള്‍ ഏവരിലും ചിരിയുണര്‍ത്തിയെങ്കില്‍, സുലൈമാന്റെ കഥ ആരിലും ഭയമുണ്ടാക്കാന്‍ പര്യാപ്തമാണ്. എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്? ഇത് മനപൂര്‍വം ചെയ്യുന്നതാണോ? ക്രിമിനല്‍ സ്വഭാവമുള്ളവരാണോ ഇവര്‍? ഇത്തരം സംശയങ്ങള്‍ സ്വാഭാവികമായും ആര്‍ക്കുമുണ്ടാകാം

ജോസ് ആറ് വര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നു ബന്ധുക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സുലൈമാനും കടുത്ത മാനസികരോഗമുള്ളയാളായിരുന്നു. ഇരുവരും മനസില്‍ ചില തെറ്റായ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്നു എന്നതാണ് സത്യം. ആ തെറ്റായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ചില പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്തു അവര്‍.. ജോസിന്റെ വിശ്വാസം താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്നതായിരുന്നു. സുലൈമാനാകട്ടെ, ചാത്തു എന്ന സാധു വൃദ്ധന്‍ തന്റെ ശത്രുവായ യാക്കൂബ് ആണെന്ന് തെറ്റിദ്ധരിച്ചു. 

മിഥ്യാവിശ്വാസങ്ങള്‍

ഒരു വ്യക്തിയുടെ മനസില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള തെറ്റായ ധാരണകളെയാണ് “മിഥ്യാവിശ്വാസങ്ങള്‍"" (Delusions) എന്നു വിളിക്കുന്നത്. മിഥ്യാവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തികള്‍, ആ വിശ്വാസങ്ങള്‍ തെറ്റാണെന്ന് ഒരിക്കലും സമ്മതിച്ചുതരാറില്ല. തങ്ങളുടെ ധാരണകള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ പറ്റുന്ന തെളിവുകള്‍ കണ്ടാലും, ആ മിഥ്യാവിശ്വാസങ്ങള്‍ക്ക് ഇളക്കം തട്ടാറില്ല. ആ വ്യക്തിയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലത്തിനു യോജിക്കാത്തതരം വിശ്വാസങ്ങളായിരിക്കും മിഥ്യാവിശ്വാസങ്ങള്‍. ഇതു കാരണം ലോകത്തുള്ള മറ്റാളുകളെല്ലാം തെറ്റാണെന്നംഗീകരിക്കുന്ന ചില കാര്യങ്ങള്‍ ഇവര്‍ ശരിയാണെന്ന് ശഠിച്ചുകൊണ്ടിരിക്കും. സാധാരണയായി ഉന്മാ‍ദരോഗം (Mania), സ്കീസോഫ്രീനിയ (schizophrenia), സംശയരോഗം (Delusional Disorder) തീര്വ്രമായ വിഷാദരോഗം (Depression) തുടങ്ങിയ മാനസികരോഗങ്ങളുടെ ഭാഗമായാണ് മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാകുന്നത്. മദ്യം, കഞ്ചാവ്, തുടങ്ങിയ ലഹരിവസ്തുക്കളുപയോഗിക്കുന്നവരിലും മിഥ്യാവിശ്വാസങ്ങളുണ്ടായേക്കാം. വിവിധ തരത്തിലുള്ള മിഥ്യാവിശ്വാസങ്ങള്‍ മാനസിക രോഗികളില്‍ ഉണ്ടാകാറുണ്ട്.

  1. തന്നെ ആരോ നശിപ്പിക്കാന്‍ ശ്രമിക്കുന്നു അഥവാ വധിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍  (Delusion of Persecution) - അയല്‍വാസികള്‍ കൂടോത്രം ചെയ്യുന്നു, ഭക്ഷണത്തില്‍ വിഷം കലക്കി തരുന്നു തുടങ്ങിയ പരാതികളായിരിക്കും ഇക്കൂട്ടര്‍ക്ക്. - ഇവര്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെക്കുറിച്ചും സംശയങ്ങള്‍ തോന്നാം.
  2. മറ്റുള്ളവര്‍ തന്നേക്കുറിച്ച് മോശമായി സംസാരിക്കുന്നു എന്ന തോന്നല്‍ (Delusion of reference) - ആരെങ്കിലും രണ്ട് പരിചയക്കാര്‍ പരസ്പരം സംസാരിക്കുന്നത് കണ്ടാല്‍ അവര്‍ തന്നെക്കുറിച്ചാണ് പറയുന്നതെന്ന് ഇവര്‍ സംശയിക്കും. 
  3. തന്റെ ജീവിത പങ്കാളിക്ക് മറ്റാരോടോ അവിഹിതബന്ധമുണ്ടെന്നു സംശയിക്കുക (Delusion of infidelity). 
  4. യഥാര്‍ത്ഥത്തിലുള്ളതിലും കൂടുതല്‍ സമ്പത്തും, അധികാരപദവികളും കഴിവുകളും തനിക്കുണ്ടെന്നു വിശ്വസിക്കുക (Delusion of Grandeur) - തനിക്ക് ദൈവത്തിന്റെ സവിശേഷ അനുഗ്രഹം കിട്ടിയിട്ടുണ്ട്, താന്‍ ദൈവമാണ് എന്നൊക്കെ ഇക്കൂട്ടര്‍ പ്രഖ്യാപിച്ചേക്കും.
  5. തന്റെ ശരീരഭാഗങ്ങള്‍ നിലവിലില്ല എന്നു വിശ്വസിക്കുക (Nihilistic Delusion) - ഇത്തരം മിഥ്യാവിശ്വാസമുള്ള രോഗിയോട് പേരെഴുതാന്‍ ആവശ്യപ്പെട്ടാല്‍ “എനിക്കു കൈകളില്ല” എന്ന മറുപടിയായിരിക്കും ലഭിക്കുക. കൈകള്‍ തൊട്ടുകാണിച്ചിട്ടു “ഇതെന്താണ്”? എന്നു ചോദിച്ചാല്‍ ഇതു കൈകളല്ല എന്ന മറുപടിയായിരിക്കും ലഭിക്കുക. 
  6. തന്റെ ചിന്തകളേയും പ്രവൃത്തികളേയ്യും മറ്റേതോ വ്യക്തി നിയന്ത്രിക്കുന്നു എന്ന വിശ്വാസം (Delusions of Control) - ദൂരസ്ഥലത്തുള്ള ഒരാള്‍ ഏതോ യന്ത്രമുപയോഗിച്ച് തന്റെ മനസിലുള്ളതെല്ലാം ചോര്‍ത്തിയെടുക്കുന്നു എന്നൊക്കെ ഇവര്‍ പറഞ്ഞേക്കാം.
  7. തന്റെ ഏറ്റവുമടുത്ത ബന്ധു യഥാര്‍ത്ഥത്തില്‍ അയാളല്ലെന്നും അയാളേപ്പോലെയിരിക്കുന്ന ഒരു ‘അപരന്‍’ ആണെന്നും കരുതുക (Delusional misidentification) - ഇക്കൂട്ടര്‍ സ്വന്തം ഭര്‍ത്താവ് അഥവാ ഭാര്യ ശരിക്കും ആ വ്യക്തിയല്ലെന്നു ആലോചിച്ചുകളയും. 
  8. എന്തെങ്കിലും മാരകരോഗം തനിക്കുണ്ടെന്നു ഉറച്ചുവിശ്വസിക്കുക (Delusion of illness) - തനിക്ക് എയിഡ്സ് ഉണ്ട്, കാന്‍സര്‍ ഉണ്ട് എന്നൊക്കെ ഇത്തരക്കാര്‍ പറഞ്ഞേക്കും. 
  9. ശരീരത്തിലൂടെ ചില  കൃമികള്‍ ഇഴഞ്ഞു നടക്കുന്നുണ്ടെന്നു വിശ്വസിക്കുക (Delusional parasitosis). 

എന്തുകൊണ്ട് മിഥ്യാവിശ്വാസങ്ങള്‍?

മനുഷ്യമനസിന്റെ വ്യാപാരങ്ങളെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തങ്ങളുടെ ഫലമാണ്. തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ ഇടയില്‍ വിവിധ രാസപദാര്‍ത്ഥങ്ങളുണ്ട്. മനുഷ്യന്റെ സ്വാഭാവികമായ ചിന്തകള്‍,  പ്രവൃത്തികള്‍, അനുഭവങ്ങള്‍, വികാരങ്ങള്‍ എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ഈ രാസപദാര്‍ഥങ്ങളാണ്. ഇതില്‍ പ്രധാനപ്പെട്ട ഒരു രാ‍സപദാര്‍ഥമാണ് ഡോപ്പമിന്‍ (Dopamine). മസ്തിഷ്കത്തിലെ ഡോപ്പമിന്റെ അളവ് ചില ഭാഗങ്ങളില്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് മിഥ്യാവിശ്വാസങ്ങളുടെ അടിസ്ഥാനകാരണം.

“എന്തു കൊണ്ടാണു ചിലയാളുകള്‍ക്കു മാത്രം മനോരോഗം വരുന്നത്?” എന്ന സംശയം സാധാരണക്കാര്‍ക്കുണ്ട്. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ മാത്രമാണ് മനോരോഗങ്ങള്‍ക്കു കാരണമെന്നു പറഞ്ഞാല്‍, ജീവിതത്തില്‍ പ്രയാസമുണ്ടാവുന്ന എല്ലാവരും മനോരോഗികളാവണമല്ലോ. എന്നാല്‍ അങ്ങനെ സംഭവിക്കുന്നുമില്ല. “എന്തുകൊണ്ട് മനോരോഗമുണ്ടാവുന്നു”? എന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരമാണ് “രണ്ടടി സിദ്ധാന്തം” (Two Hit Hypothesis).

ജന്മനാ രോഗസാദ്ധ്യത കൂടുതലുള്ളവര്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനുള്ള ‘മനക്കട്ടി‘ അല്പം കുറവായിരിക്കും.

നമ്മുടെ തലക്ക് ശക്തമായ ഒരിടികിട്ടിയാല്‍ എന്തു സംഭവിക്കും? കുറച്ചു നേരം വേദനയുണ്ടാകും, കുറെക്കഴിയുമ്പോള്‍ മാറും. എന്നാല്‍ ആദ്യം ഇടികിട്ടിയ അതേ സ്ഥലത്ത് വീണ്ടും ശക്തമായ ഒരിടി കിട്ടിയാലോ? ചിലപ്പോള്‍ നമ്മള്‍ തലകറങ്ങി വീണെന്നു വരും. ഇതുപോലെ “രണ്ടിടികള്‍” അഥവാ “രണ്ടു കാരണങ്ങള്‍” ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒന്നിനു പിറകെ ഒന്നായി വരുമ്പോളാണ് അയാ‍ള്‍ക്ക് മനോരോഗമുണ്ടാകുന്നത്. ആദ്യത്തെ ഇടി എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജന്മനാ‍ തന്നെ - പാരമ്പര്യം കൊണ്ടും മറ്റു ശാരീരിക കാരണങ്ങള്‍ കൊണ്ടും - മനോരോഗം വരാനുള്ള ഉയര്‍ന്ന സാധ്യതയാണ്. കുടുംബത്തില്‍ അനവധി മാനസികരോഗികളുണ്ടെങ്കില്‍ പാരമ്പര്യമായി ആ രോഗം വരാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ചു കൂടുതലുണ്ടാകാം. ജന്മനാതന്നെ തലച്ചോറിനുള്ള വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ചില ഓര്‍മ്മത്തകരാറുകള്‍, തലച്ചോറിനേല്‍ക്കുന്ന പരിക്കുകളും അണുബാധയും, തുടങ്ങിയവയൊക്കെ മനോരോഗ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇത്തരത്തില്‍ സ്വതവേ മാനസികരോഗം വരാന്‍ സാധ്യതയുള്ളവരില്‍ ‘രണ്ടാമത്തെ ഇടി’ അഥവാ ‘ജീവിതത്തിലെ സമ്മര്‍ദ്ദസാഹചര്യങ്ങള്‍’ കൂടികടന്നുവരുന്നതോടെ അയാള്‍ മാനസികരോഗിയായേക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ജന്മനാ രോഗസാദ്ധ്യത കൂടുതലുള്ളവര്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനുള്ള ‘മനക്കട്ടി‘ അല്പം കുറവായിരിക്കും. മദ്യപാനവും ലഹരി വസ്തുക്കളുടെ ദുരുപയോഗവും മനോരോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഇവര്‍ അപകടകാരികളാണോ?

എല്ലാ മനോരോഗികളും അപകടകാരികളാണ്, അല്ലെങ്കില്‍ അക്രമാസക്തരാണ്, എന്നു കരുതരുത്. വാസ്തവത്തില്‍ മനോരോഗികളില്‍ ചെറിയൊരു ശതമാനം പേര്‍ മാത്രമാണ് അക്രമാസക്തരാകുന്നത്. ഉന്മാദരോഗം, ചിലതരം സ്കീ‍സോഫ്രീനിയ തുടങ്ങിയ രോഗങ്ങളുള്ളവരാണ് അക്രമം കാട്ടാന്‍ സാധ്യതയുള്ളവര്‍. ഇക്കൂട്ടര്‍ തനിക്ക് അസുഖമുണ്ടെന്ന്‍ ഒരിക്കലും അംഗീകരിക്കാറില്ല. അവനവന്റെ മാനസിക നിലയെക്കുറിച്ചുള്ള ‘ഉള്‍ക്കാഴ്ച’ (Insight) ഇവര്‍ക്കുണ്ടാകാറില്ല. അതുകൊണ്ടുതന്നെ ചികിത്സയുടെ തുടക്കത്തില്‍ ഇവര്‍ നിസഹകരിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ആദ്യഘട്ടത്തില്‍ ഇഞ്ചെക്ഷന്‍ വഴി മരുന്നുകള്‍ കൊടുക്കേണ്ടിവന്നേക്കാം. 

എന്നാല്‍ ഉന്മാദരോഗം ബാധിച്ച ചില രോഗികള്‍ അത്യന്തം ആഹ്ലാദഭരിതരായിരിക്കും. ഉറക്കെ പാടിയും നൃത്തം ചെയ്തും അവര്‍ പൊതുസ്ഥലങ്ങളില്‍പോലും നടക്കും. ഇക്കൂട്ടര്‍ ചിലപ്പോള്‍ അമിതഭക്തിയും പ്രദര്‍ശിപ്പിച്ചേക്കും. യഥാര്‍ത്ഥ ജീവിതത്തില്‍ പരമദരിദ്രനാണെങ്ങിലും, തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്നു അവകാശപ്പെട്ടേക്കും. കൈയിലുള്ള പണം ഒരു മടിയും കൂടാതെ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാനും ഇവര്‍ തയ്യാറാകും. ഉന്മാദരോഗമുള്ള അവസ്ഥയില്‍ വന്‍വില വരുന്ന പല സാധനങ്ങളും അഡ്വാന്‍സ് തുക നല്‍കി വാങ്ങിക്കൂട്ടിയിട്ട്, പിന്നീട് ബാക്കിപണം കൊടുക്കാനാകാതെ കടക്കെണിയിലായവര്‍ ധാരാളം. അസുഖമുള്ളപ്പോ‍ള്‍ പലര്‍ക്കും വന്‍ തുകയ്ക്കുള്ള ചെക്കുകള്‍ നല്‍കി, ചെക്കുകള്‍ അക്കൌണ്ടില്‍ പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്ന് നിയമനടപടി നേരിടേണ്ടിവരുന്നവരുമുണ്ട്.

എന്തായിരിക്കണം മിഥ്യാവിശ്വാസം പുലര്‍ത്തുന്നവരോട് ബന്ധുക്കള്‍ സ്വീകരിക്കേണ്ട സമീപനം?

പലപ്പോഴും രോഗികളുടെ മിഥ്യാവിശ്വാസങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ അവരോട് ശക്തമായി തര്‍ക്കിക്കുന്ന രീതിയാണ് ബന്ധുക്കള്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ ആഴത്തില്‍ വേരൂന്നിയ മിഥ്യാവിശ്വാസങ്ങളെ തര്‍ക്കിച്ചില്ലാതാക്കാന്‍ കഴിയില്ല. പലപ്പോഴും ബന്ധുക്കളുടെ ശക്തമായ തര്‍ക്കത്തെത്തുടര്‍ന്ന് രോഗികള്‍ അക്രമാസക്തരാകുന്നത് പതിവാണ്. മിഥ്യാവിശ്വാസങ്ങള്‍ക്കു കാരണം തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകളായതുകൊണ്ട് ഔഷധങ്ങളുപയോഗിച്ചേ അവ മാറ്റാനാകൂ. ഓര്‍ക്കുക, മിഥ്യാവിശ്വാസങ്ങളെ ഉപദേശം കൊണ്ടോ, തര്‍ക്കിച്ചോ, കൌണ്‍സലിംഗ് വഴിയോ മാറ്റാന്‍ കഴിയില്ല.

മിഥ്യാവിശ്വാസങ്ങള്‍ക്കു കാരണം തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകളായതുകൊണ്ട് ഔഷധങ്ങളുപയോഗിച്ചേ അവ മാറ്റാനാകൂ. 

പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങള്‍

രോഗികളുടെ ബന്ധുക്കളുടെ പെരുമാറ്റരീതികള്‍ രോഗചികിത്സയില്‍ ഏറെ പ്രധാനമാണ്. ബന്ധുക്കള്‍ ഒരു രോഗിയോട് പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ (expressed emotions) രോഗാവസ്ഥ വഷളാകുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്. രോഗമുണ്ടെന്നു കരുതി ജോലി ചെയ്യുന്നതില്‍ നിന്നും സ്വൈര്യമായി സഞ്ചരിക്കുന്നതില്‍ നിന്നും വിലക്കുക, അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, എപ്പോഴും കുറ്റപ്പെടുത്തുക, ശാരീരികമായും മാനസികമായും ദ്രോഹിക്കുക, സമയത്ത് ഭക്ഷണവും മരുന്നുകളും കൊടുക്കാതിരിക്കുക തുടങ്ങിയവയൊക്കെ രോഗം വഷളാക്കാന്‍ കാരണമാകാറുണ്ട്. രോഗിയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയല്ല മറിച്ച് സമൂഹത്തിലെ ഉത്തമ പൌരനായി ജീവിക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. രോഗലക്ഷണങ്ങള്‍ ഭേദപ്പെട്ട രോഗി പിന്നെയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിത കാലം കൂടി തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടിവരാം. എന്നാല്‍ ഇക്കാലമത്രയും ഒരു ജോലിയും ചെയ്യാതെ വീട്ടില്‍ ചടഞ്ഞുകൂടേണ്ട കാര്യമില്ല. മരുന്നു കഴിക്കുമ്പോള്‍ തന്നെ എന്തെങ്കിലും ജോലികള്‍ ചെയ്ത്  ഉപജീവനമാര്‍ഗം കണ്ടെത്താന്‍ ഇവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. ജോലിയെടുക്കാന്‍ കഴിയാത്തവിധം ശാരീരികാവശതയുള്ളവര്‍ക്കും വൃദ്ധന്മാര്‍ക്കും അനുയോജ്യമായ പുനരധിവാസപദ്ധതികള്‍ ആവശ്യമാണ്.

വിവാഹം ഒറ്റമൂലിയല്ല

ഇരുപത്തഞ്ചുകാരനായ ഷിബു നാലുവര്‍ഷമായി സ്കീസോഫ്രീനിയ ബാധിതനാണ്‍.. കൃത്യമായി ചികിത്സയെടുത്തതുമൂലം രോഗലക്ഷണങ്ങള്‍ മാറി. എന്നാലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രാത്രിയില്‍ ഒരു ഗുളികവീതം ഇപ്പോഴും കഴിക്കുന്നുണ്ട്. എന്നാല്‍ ചില ബന്ധുക്കള്‍ ഇതിനെതിരേ രംഗത്തെത്തി. മാനസികരോഗത്തിനുള്ള ഗുളിക തുടര്‍ച്ചയായി കഴിക്കുന്നതു ശരീരത്തിന് കേടാണെന്നും, എത്രയും പെട്ടെന്നു ഷിബുവിനെ വിവാഹം കഴിപ്പിക്കണമെന്നും അവര്‍ ശഠിച്ചു. വിവാഹം കഴിയുന്നതോടെ മനസ്സിന് സന്തോഷമാകുമെന്നും അതോടെ അസുഖം പൂര്‍ണ്ണമായി മാറുമെന്നും അവര്‍ വാദിച്ചു. ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നു ഷിബു മരുന്നുനിര്‍ത്തി. അസുഖമുണ്ടെന്ന കാര്യം മറച്ചു വെച്ചുകൊണ്ട് വിവാഹം കഴിക്കുകയും ചെയ്തു. ആദ്യരാത്രിയില്‍ മണിയറയിലെത്തിയ വധു കണ്ടത്, ഒറ്റക്കിരുന്ന് സംസാരിക്കുന്ന ഷിബുവിനെയാണ്. വധുവിനെക്കണ്ടതോടെ ഷിബു പൊട്ടിത്തെറിച്ചു: “നീ‍ ഇറങ്ങിപ്പോടീ...എന്നെ കൊല്ലാന്‍ വന്നിരിക്കുന്നു...” അന്ധാളിച്ചുനിന്ന വധുവിന്റെ കഴുത്തു ഞെരിക്കാനായിരുന്നു ഷിബുവിന്റെ ശ്രമം.

വിവാഹം കഴിക്കുന്നതോടെ അസുഖം മാറുമെന്ന ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ വിവാഹം ഏറെ ഉത്തരവാദിത്തങ്ങളും സമ്മര്‍ദ്ദങ്ങളുമുണ്ടാക്കുന്ന ഒരവസ്ഥയാണ്. മരുന്നു കഴിക്കുന്ന രോഗികള്‍ ഒരിക്കലും ഡോക്ടറുടെ നിര്‍ദ്ദേശം തേടാതെ സ്വന്തം നിലയില്‍ മരുന്ന് നിര്‍ത്തരുത്. അതുപോലെതന്നെ വിവാഹത്തിനുമുമ്പ് രോഗമുണ്ടെന്ന വിവരം പറഞ്ഞ ശേഷമേ വിവാഹത്തിനു തയ്യാറാകാവൂ. രോഗിയുടെ ജീവിത പങ്കാളി കാര്യങ്ങള്‍ മനസിലാക്കി സ്നേഹപൂര്‍വം രോഗിയെ സമീപിക്കാന്‍ തയ്യാറായാല്‍ രോഗാവസ്ഥയില്‍ പുരോഗതിയുണ്ടാവാറുണ്ട്. എന്നാല്‍ മരുന്നു കഴിക്കുന്ന വിവരം മറച്ചുവച്ചു വിവാഹം കഴിച്ചാല്‍ രോഗം വഷളാകാനുള്ള സാധ്യതയേറെയാണ്‍..

മരുന്നുകള്‍ തുപ്പിക്കളയുന്നു

മാനസികരോഗമുള്ളവരില്‍ ചിലര്‍ മരുന്നുകള്‍ കഴിക്കാന്‍ വിമുഖത കാട്ടാറുണ്ട്. കൊടുക്കുന്ന ഗുളികകള്‍ വായിലൊളിപ്പിച്ചു വച്ച് നിമിഷങ്ങള്‍ക്കു ശേഷം തുപ്പിക്കളയുന്നവരുമുണ്ട്. ഇത്തരക്കാരെ ചികിത്സിക്കാന്‍ ആധുനിക ചികിത്സാമാര്‍ഗങ്ങള്‍ നിലവിലുണ്ട്. മാനസികരോഗങ്ങള്‍ക്കുള്ള പല മരുന്നുകളും തുള്ളിമരുന്നുരൂപത്തില്‍ ലഭ്യമാണ്‍.. നിറവും മണവും രുചിയുമില്ലാത്ത ഈ തുള്ളിമരുന്നുകള്‍ രോഗിയറിയാതെ വെള്ളത്തിലോ ഭക്ഷണത്തിലോ ചേര്‍ത്തുകൊടുക്കാവുന്നതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇഞ്ചെക്ഷനായി എടുക്കുന്ന ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ഔഷധങ്ങളും ലഭ്യമാണ്. 

മരുന്നുകഴിച്ചു തുടങ്ങി ഏതാനും ആഴ്ചകള്‍ കഴിയുന്നതോടെ രോഗാവസ്ഥയില്‍ മാറ്റം കണ്ടുതുടങ്ങും. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറിയ ഉടനെതന്നെ മരുന്നു നിര്‍ത്തിയാല്‍ വീണ്ടും അസുഖമുണ്ടാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായും മാറിയശേഷവും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കാലമത്രയും മരുന്ന് തുടരേണ്ടതാണ്. ചില രോഗികളില്‍ ക്രമേണ മരുന്നിന്റെ ഡോസ് കുറച്ചുകൊണ്ടുവന്ന് മരുന്നു നിര്‍ത്താന്‍ കഴിയും. എന്നാല്‍ ദീര്‍ഘകാലം പഴക്കമുള്ള രോഗാവസ്ഥയില്‍ മരുന്നു ദീര്‍ഘകാലം തുടരേണ്ടി വന്നേക്കാം.

മാനസികരോഗത്തിനു മരുന്നുകഴിക്കുന്നവര്‍ മറ്റേതെങ്കിലും രോഗത്തിന് - ഉദാഹരണം പ്രമേഹം, പനി, ഹൃദ്രോഗം - ഡോക്ടര്‍മാരെ കാണേണ്ടി വന്നാല്‍ മാനസികരോഗത്തിന് മരുന്നു കഴിക്കുന്ന കാര്യം ആ ഡോക്ടറോട് പറയണം. കഴിക്കുന്ന മരുന്നുകളുടെ പേരടങ്ങിയ ചീട്ട് ഡോക്ടറെ കാണിക്കണം. എന്തെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടായാല്‍ സ്വന്തം നിലക്ക് മരുന്ന് നിര്‍ത്തുന്നതിനു മുമ്പ് ചികിത്സിക്കുന്ന ഡോക്ടറിന്റെ അഭിപ്രായം തേടണം.

പുനരധിവാസം

മാനസികരോഗാവസ്ഥകളുടെ ചികിത്സയില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു കാര്യമാണ് രോഗം ഭേദപ്പെട്ടവരുടെ പുനരധിവാസം. രോഗം ഭേദപ്പെട്ടവരെ ഒറ്റപ്പെടുത്തി അവഹേളിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ വേണ്ടത് ചെയ്യേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. രോഗിയുടെ വിദ്യാഭ്യാസത്തിനും ശാരീരിക ആരോഗ്യത്തിനും അനുസൃതമായ ജോലികള്‍ ചെയ്യാന്‍ അയാളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ മാനസികരോഗം വന്നിട്ടുള്ളവര്‍ മദ്യം, കഞ്ചാവ്, പുകവലി തുടങ്ങിയ ശീലങ്ങളൊഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ, രാത്രിയില്‍ ഉറക്കമിളച്ചു ജോലിചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. ഉറക്കക്കുറവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഭേദപ്പെട്ട രോഗം വീണ്ടും വരാന്‍ കാരണമാകും.

ദീര്‍ഘകാലമായി മാനസികരോഗത്തിന് ചികിത്സിക്കുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. വികലാംഗക്ഷേമനിയമത്തിന്റെ (Persons with Disability Act) പരിധിയില്‍പ്പെടുത്തി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാണ്‍.. ഇതിനായി വിവിധ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളെജുകളിലുമുള്ള മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റ് ഇവര്‍ വാങ്ങേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റ് വച്ച് അപേക്ഷിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് ധനസഹായവും പെന്‍ഷനുമടക്കമുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാണ്.

Image courtesy: http://hawaiianlostarchive.blogspot.com

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

നിഷേധികളുടെ ലോകം
കൌമാരപ്രായക്കാരിലെ ഉത്കണ്ഠാരോഗങ്ങൾ