“ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ തന്നെ നോക്കിക്കൊള്ളാം”. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച് ഉച്ചയ്ക്ക് മന്ത്രിസഭായോഗം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഓഫീസിലെത്തിയപ്പോഴാണ് തന്റെ കസേരയില്‍ പുതിയൊരു വ്യക്തിയിരിക്കുന്നത് കണ്ടത്. “നിങ്ങളാരാ?” എന്ന്‍ മുഖ്യമന്ത്രി ചോദിച്ചതിന് കസേരയിലിരുന്ന ആള്‍ പറഞ്ഞ മറുപടിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്നത്.
ഉറിയാക്കോട് സ്വദേശിയായ ജോസാണ് മുഖ്യമന്ത്രിയുടെ അസ്സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കസേരയിലിരുന്നത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴും ജോസ് പഴയ പല്ലവി തന്നെ തുടര്‍ന്നു. “ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്”. ഒരു മോഷണശ്രമത്തില്‍ പിടിക്കപ്പെടുമ്പോള്‍ പോലീസിനെ വെട്ടിച്ചു തടിതപ്പാന്‍ ശ്രമിക്കുന്ന കള്ളന്റെ ഭാവമായിരുന്നില്ല ജോസിന്. തികഞ്ഞ ആത്മവിശ്വാസത്തോടെ, നെഞ്ചുവിരിച്ചാണ് ജോസ് പോലീസിനെയും മാധ്യമ പ്രവര്‍ത്തകരേയും നേരിട്ടത്. യാതൊരു ജാള്യതയുമില്ലാതെ, വളരെ വാചാലനായാണ് ജോസ് സംസാരിച്ചത്. തനിക്കര്‍ഹതപ്പെട്ട സ്ഥലത്താണിരിക്കുന്നത് എന്ന മട്ടിലായിരുന്നു ജോസിന്റെ പ്രവൃത്തികള്‍ .ഞാന്‍ ഇന്ത്യയുടെ പ്രധാന മന്ത്രിതന്നെയാണെന്ന് ജോസ് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു.