വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
3 minutes reading time (671 words)

അതിര്‍വരമ്പുകളിൽ കുടികൊള്ളുന്നവർ

അതിര്‍വരമ്പുകളിൽ കുടികൊള്ളുന്നവർ

ഏകദേശം ഒരു വർഷം മുമ്പ് ഒരു മദ്ധ്യാഹ്നത്തിലാണു 22 - കാരിയായ സന്ധ്യയേയും കൂട്ടി അവളുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നത്. സർക്കാർ ഉദ്യോഗസ്ഥനായ സന്ധ്യയുടെ പിതാവിന്റെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു. ''സാറേ ഇവളെക്കൊണ്ടു ഞങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. ചെറിയ പ്രായം മുതലേ ഭയങ്കര വാശിക്കാരിയായിരുന്നു. പ്രായമാകുമ്പോൾ മാറുമെന്നു കരുതി. പക്ഷേ പ്രായം കൂടുന്നതനുസരിച്ച് പ്രശ്നം വഷളാവുന്നു. നമ്മൾ എന്തു പറഞ്ഞാലും ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാൽ പിന്നെ കൈയിൽ കിട്ടുന്നതെന്തും വലിച്ചെറിയും. 
എന്നെയും അവളുടെ അമ്മയേയും കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കും. നമ്മൾ എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ ഞാൻ ചത്തുകളയും എന്നു ഭീഷണിയും. ഒന്നുരണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുമുണ്ട് ഇവൾ. ഒരിക്കൽ ഞാൻ എന്തോ വഴക്കുപറഞ്ഞെന്നു പറഞ്ഞ് ഓടിപ്പോയി ബ്ലേഡ് എടുത്ത് കൈ മുറിച്ചു. കോളേജിൽ സർ വഴക്കു പറഞ്ഞെന്നു പറഞ്ഞ് പനിയുടെ ഗുളികകൾ 8-10 എണ്ണം എടുത്ത് ഒരിക്കൽ വിഴുങ്ങി. ഇടക്കിടെ ഓരോ കാരണം പറഞ്ഞ് കോളേജിൽ പോകാതിരിക്കും. കഴിഞ്ഞ ഒരു കൊല്ലമായി കണ്ട ആൺപിള്ളേരുടെ കൂടെ കറക്കവും തുടങ്ങിയിട്ടുണ്ട്. ആദ്യം ഒരു പയ്യനെ ഇഷ്ടമാണെന്നും അവനെ കല്ല്യാണം കഴിക്കണമെന്നും വീട്ടില്‍ വന്നു പറഞ്ഞു. ഒരുമാസം കഴിഞ്ഞ് എന്തോ നിസാര കാര്യത്തിന് അവനുമായി പിണങ്ങി. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് മൂന്നുപേരുമായി ഇവൾ പ്രേമത്തിലായി. ഇവളുടെ കാര്യമാലോചിച്ചിട്ട് ആകെ പേടിയാകുന്നു സാറേ.'' ആ മനുഷ്യന്റെ ശബ്ദം വിറച്ചു. ''എപ്പോൾ വഴക്കിട്ടാലും ഞങ്ങളാണ് അവളുടെ ജീവിതം തുലച്ചതെന്നാണ് അവൾ പറയുന്നത്.'' നിറകണ്ണുകളോടെ സന്ധ്യയുടെ അമ്മ പറഞ്ഞു.

ബോർഡർലൈൻ പേഴ്സണാലിറ്റി

സന്ധ്യയോടു വിശദമായി സംസാരിച്ചപ്പോൾ അവൾക്കു ''ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (Borderline Personality Disorder) എന്ന വ്യക്തിത്വവൈകല്യത്തിന്റെ ലക്ഷണങ്ങൾ ആണുള്ളതെന്നു ബോധ്യമായി. സമൂഹത്തിൽ 2 ശതമാനത്തോളം ആളുകൾക്ക് ഈ പ്രശ്നമുണ്ട്.

താരതമ്യെന സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഈ അവസ്ഥ 18 മുതൽ 35 വയസ്സു വരെയുള്ള പ്രായത്തിനിടക്കാണ് രൂക്ഷമാകാറുള്ളത്. കൌമാരത്തിന്റെ ആദ്യകാലം മുതൽ തന്നെ, അഥവാ ബാല്യത്തിൽ തന്നെ വൈകാരികാവസ്ഥയിലും, മറ്റുള്ളവരോട് ഇടപെടുന്ന രീതിയിലും, സമ്മർദ്ദസാഹചര്യങ്ങളോട് പ്രതികരിക്കുന്ന രീതിയിലും പ്രകടമായ അസ്വാഭാവികത ഉള്ള ആളുകൾക്കാണ് ''വ്യക്തിത്വ വൈകല്യം'' (Personality disorder) ഉള്ളതായി വിലയിരുത്തപ്പെടുന്നത്.

''ബോർഡർലൈൻ" വ്യക്തിത്വവൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്.

  1. തീവ്രവും അസ്ഥിരവുമായ വ്യക്തിബന്ധങ്ങൾ
  2. ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അയാളെപ്പറ്റി പുകഴ്ത്തി മാത്രം സംസാരിക്കുന്നു. തീവ്രമായി ആരാധിക്കുന്നു. എന്നാൽ വളരെ നിസ്സാര കാര്യത്തിന് അയാളുമായി പിണങ്ങുന്നു. തുടർന്ന് അയാളെപ്പറ്റി കുറ്റങ്ങൾ മാത്രം പറയുന്ന അവസ്ഥ.
  3. ഇവർക്ക് ജീവിതത്തിൽ അനവധി പ്രണയബന്ധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രണയത്തെത്തുടർന്ന് അപകടങ്ങളിൽ ചാടാനുള്ള സാധ്യതയും കൂടുതലാണ്.
  4. അമിതമായ എടുത്തുചാട്ടം. ഒരു കാര്യവും സാവകാശം ആലോചിച്ചു ചെയ്യുന്ന ശീലം ഇവർക്കില്ല. തന്മൂലം അമിത ധൂർത്ത്, ലൈംഗിക പരീക്ഷണങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അക്രമസ്വഭാവം തുടങ്ങിയവയൊക്കെ ഇവരിൽ കാണാൻ കഴിയും.
  5. ആവർത്തിച്ചുള്ള ആത്മഹത്യാശ്രമങ്ങളും ഭീഷണികളും. സ്വന്തം ശരീരത്തിൽ മുറിവേല്പ്പിക്കാനുള്ള പ്രവണത ഇവരിൽ കൂടുതലാണ്.
  6. തുടർച്ചയായ ശൂന്യതാബോധം.
  7. ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.
  8. മനസ്സിന്റെ വൈകാരികാവസ്ഥയിൽ ചുരുങ്ങിയ സമയം കൊണ്ട് പ്രകടമായ മാറ്റങ്ങൾ വരിക. ഒരു നിമിഷം വളരെ സന്തോഷത്തോടെയിരിക്കുന്ന വ്യക്തി, നിസ്സാര കാര്യത്തിന് സങ്കടപ്പെടുകയും, ദേഷ്യപ്പെടുകയും, ഭയക്കുകയും ചെയ്യും. ഈ വൈകാരിക അസ്ഥിരത പലപ്പോഴും ഏതാനും മണിക്കൂറുകള്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ.
  9. എല്ലാവരും തന്നെ ഉപേക്ഷിച്ചു പോകുമെന്നുള്ള ഭീതി.
  10. വ്യക്തമായ ലക്ഷ്യബോധമില്ലായ്മ
  11. എല്ലാ വികാരങ്ങളും - സ്നേഹമായാലും ദുഖമായാലും ദേഷ്യമായാലും - ഉടനടി അതിശക്തമായി പ്രകടിപ്പിക്കാനുള്ള പ്രവണത.

കാരണങ്ങള്‍

കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവരുന്ന ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ ഭാവിയില്‍ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വവൈകല്യത്തിലേക്കു നയിച്ചേക്കാം.

ജീവശാസ്ത്രപരവും, മനശാസ്ത്രപരവും, സാമൂഹികവുമായ കാരണങ്ങള്‍ കൊണ്ട് ഈ പ്രശ്നം ഉണ്ടാകാം. പാരമ്പര്യമായി വ്യക്തിത്വവൈകല്യങ്ങളുള്ള കുടുംബങ്ങളില്‍ ജനിക്കുന്ന കുട്ടികളില്‍ ഈ പ്രശ്നമുണ്ടാവാന്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ സാധ്യതയുണ്ട്. ‘ബോര്‍ഡര്‍ലൈന്‍’ വ്യക്തിത്വ വൈകല്യമുള്ളവരുടെ മസ്തിഷ്ക്കത്തില്‍ ‘സിറോട്ടോണിന്‍’ എന്ന രാസപദാര്‍ത്ഥത്തിന്റെ അളവു കുറവാണെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ അമിഗ്ടാല, ലിംബിക് സിസ്ടം, ഫ്രോണ്ടല്‍ ലോബ് എന്നീ ഭാഗങ്ങളുടെ ചില പ്രവര്‍ത്തന തകരാറുകളും ഇവരില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവരുന്ന ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ ഭാവിയില്‍ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വവൈകല്യത്തിലേക്കു നയിച്ചേക്കാം. കുട്ടികളെ വളര്‍ത്തുന്നതിലും നിയന്ത്രിക്കുന്നതിലും പറ്റുന്ന പാളിച്ചകള്‍, അവരുടെ എല്ലാ ആഗ്രഹങ്ങളും വേഗം സാധിച്ചു കൊടുക്കുന്ന അവസ്ഥ, സ്നേഹത്തിന്റെ അഭാവം, കഠിന ശിക്ഷകള്‍ നല്‍കുന്ന രീതി എന്നിവയും പ്രശ്നങ്ങുള്‍ക്കു കാരണമാകാം. മാതാപിതാക്കളുടെ പെരുമാറ്റരീതി കുട്ടികളുടെ വ്യക്തിവികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താറുണ്ട്. ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വവൈകല്യമുള്ളവരുടെ ചിന്താഗതിയില്‍ അടിസ്ഥാനപരമായ ചില വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് കാര്യങ്ങള്‍ ‘കറുപ്പും വെള്ളയുമായി’ മാത്രമേ കാണാന്‍ കഴിയൂ. അതായത്, ഒരാളെ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍, അയാളില്‍ നല്ല ഗുണങ്ങള്‍ മാത്രമേയുള്ളൂ എന്നവര്‍ അന്ധമായി വിശ്വസിക്കും. ഒരാളെ വെറുത്താല്‍ അയാള്‍ എല്ലാ ദുര്‍ഗുണങ്ങളുടെയും വിളനിലമാണെന്നു കരുതും. ഒരാളില്‍ത്തന്നെ നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഇവര്‍ക്കുണ്ടാകാറില്ല.

ചികിത്സ

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വങ്ങളുടെ പെരുമാറ്റവൈകല്യങ്ങളെ സാധാരണ "ദേഷ്യ"മായും അഹങ്കാരമായും ചിത്രീകരിച്ച് അവഗണിക്കുകയാണ് പലപ്പോഴും ബന്ധുക്കള്‍ ചെയ്യുന്നത്.

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വങ്ങളുടെ പെരുമാറ്റവൈകല്യങ്ങളെ സാധാരണ "ദേഷ്യ"മായും അഹങ്കാരമായും ചിത്രീകരിച്ച് അവഗണിക്കുകയാണ് പലപ്പോഴും ബന്ധുക്കള്‍ ചെയ്യുന്നത്. ഒരു ആത്മഹത്യാശ്രമത്തിലോ, പരിഹരിക്കാനാകാത്ത വിധമുള്ള പ്രണയക്കുരുക്കുകളിലോ ഇവര്‍ ചെന്നുചാടുമ്പോള്‍ മാത്രമാണ് സംഗതിയുടെ ഗൌരവം മാതാപിതാക്കള്‍ മനസിലാക്കുന്നത്.

മനശാസ്ത്ര ചികിത്സാരീതികളും, അവശ്യഘട്ടങ്ങളില്‍ ഔഷധചികിത്സയും ഉപയോഗിച്ചാണ് ഈ പ്രശ്നത്തെ നേരിടേണ്ടത്. ഇത്തരക്കാര്‍ക്കുണ്ടാകാവുന്ന അക്രമസ്വഭാവം, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയെ നേരിടാന്‍ മരുന്നുകള്‍ വേണ്ടിവരാറുണ്ട്. മാനസിക, വൈകാരികാവസ്ഥകള്‍ സംതുലിതമാക്കാന്‍ സഹായിക്കുന്ന mood stabilizer ഔഷധങ്ങളും വിഷാദവിരുദ്ധ ഔഷധങ്ങളും (antidepressants) പ്രയോജനം ചെയ്യാറുണ്ട്. സ്വഭാവത്തിലെ അക്രമരീതികളും ആത്മഹത്യാ പ്രവണതയും ഔഷധങ്ങള്‍ വഴി നിയന്ത്രിക്കുന്നതോടൊപ്പം വ്യക്തിത്വ വൈകല്യം പരിഹരിക്കാനായി മനശാസ്ത്ര ചികിത്സകളും റിലാക്സേഷന്‍ വ്യായാമങ്ങളും ആവശ്യമാണ്.

‘ഡയലക്റ്റിക്കല്‍  ബിഹേവിയര്‍ തെറാപ്പി’ (Dialectical Behaviour Therapy) എന്നൊരു കൌണ്‍സലിങ് രീതി ഇതിന് വളരെ ഫലപ്രദമാണ്. വ്യക്തിവൈകല്യമുള്ളയാള്‍ക്ക് കൌണ്‍സലിങ് നല്‍കുന്നതോടൊപ്പം കുടുംബാംഗങ്ങള്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ സ്വയം നശിപ്പിക്കാനും അക്രമം കാട്ടാനുമുള്ള പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാ‍നാണ് ലക്ഷ്യമിടുന്നത്. പ്രശ്നമുണ്ടാകുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്ത ശേഷം രോഗിയുടെ പ്രശ്നപരിഹാരശേഷി (Problem solving skills) വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനം നല്‍കുന്നു. വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള പരിശീലനം, ധ്യാനരീതികള്‍, റിലാക്സേഷന്‍ വ്യായാമങ്ങള്‍ എന്നിവയും പരിശീലിപ്പിക്കുന്നു. രണ്ടാം ഘട്ടത്തില്‍ മുന്‍കാലങ്ങളിലുണ്ടായ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍ പരിശീലിപ്പിക്കുന്നു. ആത്മവിശ്വാസം വളര്‍ത്തുക, ലക്ഷ്യബോധവും ആസൂത്രണശേഷിയും വികസിപ്പിക്കുക എന്നിവയാണ് മൂന്നാംഘട്ടത്തില്‍ ചെയ്യുന്നത്. നിരവധി മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ചികിത്സാരീതിയാണിത്. ഏകദേശം ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന കൌണ്‍സലിംഗ് പോലും ചിലയാള്‍ക്കാര്‍ക്ക് വേണ്ടിവന്നേക്കാം. ഈ ചികിത്സാരീതി മികച്ച ഫലങ്ങള്‍ തരുന്നുണ്ടെന്ന അനുഭവങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ പൂര്‍ണ്ണമായ പിന്തുണയും ഇതിന്റെ വിജയത്തിനു സഹായകമാണ്.

എത്രയും നേരത്തെ ചികിത്സക്ക് തയ്യാറായാല്‍ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വമുള്ളവരില്‍ ഏറെ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മറിച്ച് ഈ വൈകല്യം ചികിത്സിക്കാതെ തുടര്‍ന്നാല്‍ ആത്മഹത്യ, വിഷാദരോഗം കുടുംബബന്ധങ്ങളിലെ തകരാറുകള്‍, ലഹരി വസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ പല ദുരവസ്ഥകളിലേക്കും ഇത്തരക്കാര്‍ എത്തിച്ചേരാന്‍ സാദ്ധ്യതയുണ്ട്.

(രോഗിയുടെ സ്വകാര്യത സംരക്ഷിക്കാനായി പേര് മാറ്റിയിട്ടുണ്ട്.)

Image courtesy: http://www.aktuelpsikoloji.com

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

അയ്യോ പട്ടി വരുന്നേ!!
വികൃതി അമിതമായാല്‍