ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി.
മറ്റുള്ളവരുടെ നിഗമനങ്ങള്‍ എന്തു തന്നെയായാലും അവനവനെക്കുറിച്ച് സ്വയം ഒരു അഭിപ്രായം എല്ലാവരും സൃഷ്ടിച്ചെടുക്കാറുണ്ട്. പോരായ്മകളെ കാണാതെ ശക്തികളെ പെരുപ്പിച്ചെടുത്ത് സ്വയം വല്ലാത്ത വിലയിട്ട് ഒരു തരം 'കേമന്‍ കോംപ്ലെക്സില്‍ ' അഭിരമിക്കുന്നവരുണ്ട്. മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഭീമാകാരമായ ആത്മവിശ്വാസമാണ് ഇവരുടെ മുഖമുദ്ര. ഇതുകൊണ്ട് ഒരു ഗുണവുമില്ല. ശരിയായ ഉള്‍ക്കാഴ്ചയുടെ പിന്തുണയില്ലാത്തതുകൊണ്ട് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ശക്തികളെ തീരെ തിരിച്ചറിയാതെ ദൗര്‍ബല്യങ്ങളെ പര്‍വതീകരിച്ച് സ്വയം വില ഇടിച്ചുതാഴ്ത്തി വിഷാദവും നൈരാശ്യവുമൊക്കെയായി ജീവിക്കുന്നവരാണ് മറ്റേ ധ്രുവത്തില്‍. ആത്മവിശ്വാസം പേരിനുപോലുമില്ലാത്ത ഒരു തരം 'കോന്തന്‍ കോംപ്ലെക്സി'നടിമപ്പെട്ടുപോകും ഈ കൂട്ടര്‍. കേമന്‍ കോംപ്ലെക്സിന്റെയും കോന്തന്‍ കോംപ്ലെക്സിന്റെയും ഇടയിലാണ് കൃത്യവും ആരോഗ്യകരവുമായ ആത്മവിശ്വാസമുള്ളവര്‍. ശക്തിയെയും ശക്തിക്കുറവിനെയും സമചിത്തതയോടെ അവര്‍ ഉള്‍ക്കൊള്ളും. ഉള്ള കരുത്ത് ഫലപ്രദമായി ഉപയോഗിച്ച് ദൗര്‍ബല്യങ്ങളെ മറികടക്കുവാനോ അവയുടെ സാന്നിധ്യത്തെ അവഗണിക്കുവാനോ ഇവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.
ഒരു വിലാപവും അതിന്‍റെ പുനരാഖ്യാനവും
ആത്മവിശ്വാസമില്ല്ലായ്മയുടെ ഒരു വിലാപം കേള്‍ക്കാം
"ഞാന്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഒരു യുവാവാണ്. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്കു നേടിയിട്ടുണ്ട്. പക്ഷേ ജോലിക്കായുള്ള എല്ലാ അഭിമുഖങ്ങളിലും ഞാന്‍ തോറ്റുപോകുന്നു. സ്കൂളില്‍ പഠിച്ചത് മലയാളം മീഡിയത്തിലാണ്. അതുകൊണ്ട് തീരെ ധൈര്യമില്ല. എന്തോ ഒരു കുറവുള്ളതുപോലെ. പ്ലസ്‌ടു മുതല്‍ ഇങ്ങനെയാണ്. വിജയിക്കുമെന്ന വിചാരത്തോടെ പിന്നീട് ഒരു പരീക്ഷയും ഞാന്‍ എഴുതിയിട്ടില്ല. അതുകൊണ്ട് എനിക്ക് എപ്പോഴും ഉത്കണ്ഠയാണ്. ഇതൊക്കെയാണെങ്കിലും ഒരുവിധം മാര്‍ക്ക് എനിക്ക് കിട്ടുമായിരുന്നു.എന്‍റെ കഴിവിനേക്കാള്‍ ഭാഗ്യംകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സത്യമായിട്ടും എന്നെ ഒന്നിനും കൊള്ളില്ല. ആളുകളെ അഭിമുഖീകരിക്കാന്‍ എനിക്ക് ആത്മവിശ്വാസമില്ല. ഞാനൊരു തികഞ്ഞ പരാജയമാണെന്ന് എനിക്ക് അറിയാം. അങ്ങനെയല്ലെന്ന് മാതാപിതാക്കളും അടുത്ത കൂട്ടുകാരും പറയാറുണ്ട്. ഒരു ക്ലാസ്സിലും തോല്‍ക്കാതെ നല്ല മാര്‍ക്ക് വാങ്ങി എഞ്ചിനീയറിങ്ങ് പാസ്സായില്ലേയെന്നാണ് ഇവരൊക്കെ പറയുന്നത്. എന്‍റെ മിടുക്കുകൊണ്ടല്ല ഇതെന്ന് അവര്‍ക്കറിയില്ലല്ലോ. അവരൊക്കെ എന്നെ വെറുതെ ആശ്വസിപ്പിക്കാനായി പറയുന്നതും ആകാം. കഴിവില്ലാത്തവനെന്നു അവര്‍ക്ക് തുറന്ന് പറയുവാനാകില്ലല്ലോ? എന്റെ കൂട്ടുകാര്‍ക്കുള്ള ഒരു വൈഭവവും എനിക്കില്ല. ഞാന്‍ ഒരു വട്ടപ്പൂജ്യമാണ്."
ആത്മവിശ്വാസത്തകര്‍ച്ചയുള്ള ഒരുവ്യക്തിയുടെ സങ്കടങ്ങളുടെ ചിത്രമാണിത്.
സ്വയം തര്‍ക്കിച്ചു താഴ്ത്തിക്കെട്ടുന്ന ശൈലി പ്രകടം.
കഷ്ടപ്പെട്ട് പഠിച്ചു നേടിയ വിജയങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല. നിഷേധാത്മകചിന്തകളുടെ ഉരുള്‍പൊട്ടലുകളാണ്. വിഷാദം, കോപം, ഉത്കണ്ഠ തുടങ്ങിയ അലോസരപ്പെടുത്തുന്ന വൈകാരികഭാവങ്ങളുടെ പൂരപ്പറമ്പാണ് ഈ മനസ്സ്. നമുക്ക് ഈ വിദ്വാന്റെ ആത്മഗതങ്ങളെ ആത്മവിശ്വാസത്തിന്റെ മരുന്നിട്ട് മാറ്റി എഴുതിയാലോ? അപ്പോള്‍ അതിങ്ങനെയാകും:
"ഞാന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഒരു യുവാവാണ്. സ്കൂളില്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. അതുകൊണ്ട് പ്ലസ്‌ടുവിലെത്തിയപ്പോള്‍ കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ടായി. മനസ്സ് തളര്‍ന്നു. ഒന്നിനും കൊള്ളില്ലെന്ന തോന്നലൊക്കെ ഉണ്ടായി. പക്ഷേ, അതു ഞാന്‍ തിരിച്ചറിഞ്ഞു. ആ ചിന്തയുമായി ഞാന്‍ കലഹിച്ചു; പോരടിച്ചു. സത്യത്തില്‍ പാഠൃവിഷയങ്ങള്‍ എനിക്ക് മറ്റുള്ളവരേക്കാള്‍ നന്നായി മനസ്സിലാകുമായിരുന്നു. എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ ഞാന്‍ പോരാടി. നല്ല മാര്‍ക്ക് വാങ്ങി. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച എന്‍റെ കൂട്ടുകാര്‍ക്ക് സാധിക്കുന്നതൊക്കെ എനിക്ക് ചെയ്യാനാകുമെന്ന് ഞാന്‍ മനസ്സിലാക്കി. എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി. എഴുപത്തിയഞ്ചു ശതമാനം മാര്‍ക്ക് വാങ്ങി. ആശയവിനിമയത്തില്‍ എനിക്ക് മികവു പോരാ. അതുകൊണ്ട് ചില അഭിമുഖങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റിയില്ല. ഇതാണ് എന്‍റെ ഇപ്പോഴത്തെ പോരായ്മ. സാരമില്ല. അതു ഞാന്‍ ശരിയാക്കും. താമസിയാതെ ഞാന്‍ നല്ല ജോലി വാങ്ങും."
സ്വയംമതിപ്പിനെയും ആത്മവിശ്വാസത്തെയും തകര്‍ക്കുന്ന ഒത്തിരി കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കും. വ്യക്തിത്വത്തില്‍ ഊര്‍ജമായി ആത്മവിശ്വാസമുണ്ടെങ്കില്‍ ഇതിനെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുകൂടിയാണ് തിരുത്തിയെഴുതിയ വിചാരധാരകളിലൂടെ വ്യക്തമാകുന്നത്. പോരായ്മകളുടെ നേരെ ഇതില്‍ കണ്ണടയ്ക്കുന്നില്ല. പൊരുതുവാനുള്ള തന്‍റെടമുണ്ടെന്ന വിശ്വാസത്തെ ചങ്ങാതിയായിക്കൂട്ടി നേരിടുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസമുള്ള മനസ്സിനേ ഇതിനു കഴിയൂ.
വളര്‍ത്തല്‍ശൈലി നിര്‍ണായകം
സ്വയംമതിപ്പും ആത്മവിശ്വാസവുമൊക്കെ പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നതല്ല. ഇതൊക്കെ കുറേ ദിവസത്തെ പരിശീലനംകൊണ്ട് നല്‍കുമെന്ന വാഗ്ദാനം ചെയ്യുമെന്ന മൈന്‍ഡ് കോച്ചുകളുമുണ്ട് (Mind coach). വഴി കാണിച്ചുതരാന്‍ അവര്‍ക്ക് സാധിച്ചേക്കും; എന്നാല്‍ ഇതൊന്നും മാജിക് പോലെ സംഭവിക്കുകയില്ല. ജീവിതയാത്രയില്‍ തട്ടിയും മുട്ടിയും, കൊണ്ടും കൊടുത്തും, വീണും എഴുന്നേറ്റുമൊക്കെ അനുഭവങ്ങളിലൂടെ സ്വാംശീകരിച്ച് എടുക്കേണ്ടതാണ്. ഇതൊക്കെ വളര്‍ത്തിയെടുക്കേണ്ടത് ജീവിതവിജയത്തിന് ആവശ്യമാണെന്ന വിചാരം വേണമെന്നു മാത്രം. ഇതിനൊക്കെയുള്ള അടിത്തറ പണിയേണ്ടത് കുട്ടിക്കാലത്ത് തന്നെയാണ്. അതുകൊണ്ട് വളര്‍ത്തല്‍ശൈലികള്‍ നിര്‍ണായകവുമാണ്. മലയാളികള്‍ ഈ കാര്യത്തില്‍ അത്ര മിടുക്കരല്ല. മാതാപിതാക്കളുടെ ചിറകിന്‍കീഴില്‍ അമിതസംരക്ഷണത്തില്‍ വളരുന്ന പിള്ളേര്‍ക്ക് ആത്മവിശ്വാസത്തിന്റെ അടിത്തറ ദുര്‍ബലമാകാനിടയുണ്ട്. കുട്ടിയെ ശരാശരി മലയാളി കൈവിരല്‍ത്തുമ്പില്‍ കൊരുത്തു സുരക്ഷിതരായി നടത്തുവാന്‍ നോക്കും. കണ്‍വെട്ടത്തുതന്നെ നിര്‍ത്താന്‍ ശ്രമിക്കും. അവരുടെ ഉള്ളറിയാതെ അവര്‍ക്കായി തീരുമാനമെടുക്കും. തോറ്റുപോയാല്‍ ആത്മാഭിമാനത്തെ മുറിപ്പെടുത്തും വിധത്തില്‍ പഴിക്കും. എന്നാല്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പിശുക്കു കാണിക്കുകയും ചെയ്യും. ആത്മവിശ്വാസമില്ലായ്മ ഒരു ജീവിതശൈലിയായി രൂപപ്പെടാന്‍ ഇത്രയൊക്കെ ധാരാളം. മറ്റുള്ള സംസ്ഥാനത്തെ കുട്ടികള്‍ അഭിമുഖങ്ങളില്‍ വിജയിക്കുന്നതിന്റെ തോത് കൂടുതലാണെന്നൊക്കെ വിലപിക്കുമ്പോള്‍ ഈ വക കാര്യങ്ങള്‍ കൂടി നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്; ശ്രദ്ധിക്കേണ്ടതുണ്ട്.സ്വയംമതിപ്പും ആത്മവിശ്വാസവുമൊക്കെ പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നതല്ല.
ആത്മവിശ്വാസവും രോഗാവസ്ഥകളും
വ്യക്തിത്വരൂപവത്കരണത്തിന്‍റെ അപാകതകള്‍മൂലം ആത്മവിശ്വാസത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ വരും. വിവിധ മനോരോഗാവസ്ഥകളിലും ആത്മവിശ്വാസത്തില്‍ മാറ്റങ്ങള്‍ വരാം. അതുകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തകര്‍ച്ചകളില്‍ മറ്റു ഘടകങ്ങളോടൊപ്പം തന്നെ വിഷാദരോഗസാധ്യത കൂടി സജീവമായി പരിഗണിക്കേണ്ടതുണ്ട്. തിരിച്ചറിഞ്ഞാല്‍ ഈ മാനസികാസ്വാസ്ഥ്യം ചികിത്സിച്ചു മാറ്റാമെന്നതു തന്നെ കാര്യം. സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം ഒരു പ്രധാനലക്ഷണമായി വരുന്ന സോഷ്യല്‍ ഫോബിയ, ഉത്കണ്ഠാരോഗങ്ങള്‍ ഇങ്ങനെ പല അവസ്ഥകളിലും ആത്മവിശ്വാസമില്ലായ്മ കൂടിക്കാണാറുണ്ട്. ബൈപോളാര്‍ ഡിസോര്‍ഡറിലെ (Bipolar Disorder) ഉന്മാദഘട്ടമായ മാനിയയില്‍ (Mania) ആത്മവിശ്വാസം വല്ലാതെ അതിരുവിടുകയും രോഗത്തിന്റെ തലത്തിലേക്ക് ഉയരുകയും ചെയ്യും. മനുഷ്യന് അസാധ്യമായത് ചെയ്യുവാനുള്ള ശക്തിയുണ്ടെന്ന തരത്തിലുള്ള മിഥ്യാധാരണകള്‍ (Delusions) പിടികൂടുകയും ചെയ്യും. മാനിയയുടെ ഭാഗമായി ഉണ്ടാകുന്ന കുഴപ്പം പിടിച്ച ആത്മവിശ്വാസത്തിന്റെ പ്രേരണയാല്‍ കൊക്കിലൊതുങ്ങാത്ത വലിയ വലിയ ബിസിനസ് സംരംഭങ്ങളിലേക്ക് എടുത്തുചാടി കുഴപ്പത്തിലായവരുണ്ട്. രോഗം മാറിക്കഴിയുമ്പോഴാണ് ഇതൊക്കെ പാവം രോഗി തിരിച്ചറിയുന്നത്.വ്യക്തിത്വരൂപവത്കരണത്തിന്‍റെ അപാകതകള്‍മൂലം ആത്മവിശ്വാസത്തിന്റെ തോതില്‍ ഏറ്റക്കുറച്ചില്‍ വരും.
ആസ്മ, സന്ധിവാതം തുടങ്ങി പല ദീര്‍ഘകാലരോഗങ്ങളിലും (Chronic Illness) ആത്മവിശ്വാസക്കുറവ് രോഗങ്ങളുടെ പ്രത്യാഘാതമായി ഉണ്ടാകാറുണ്ട്. ശാരീരിക രോഗാവസ്ഥകളെ ആത്മവിശ്വാസം കൊണ്ട് നിയന്ത്രിച്ചു നിര്‍ത്താമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
കൊച്ചുകൊച്ചു നേട്ടങ്ങളും അല്പസ്വല്പം ശക്തികളുമൊക്കെ ബോധപൂര്‍വം തന്നെ കണ്ടെത്തി മനസ്സിനെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തിന്റെ ദീപനാളങ്ങള്‍ തെളിഞ്ഞു വരും. "ആരൊക്കെ കെടുത്താന്‍ ശ്രമിച്ചാലും എനിക്കറിയാം എന്നെ"യെന്ന വിശ്വാസം കൃത്യമാണെങ്കില്‍ ആ ദീപം തെളിഞ്ഞുതന്നെ നില്‍ക്കും. ആ വെളിച്ചത്തില്‍ ഏതു ദുര്‍ഘട വഴിയിലൂടെയും മുന്നേറാം. ആത്മവിശ്വാസത്തോളം വലിയ ഔഷധം വേറെയില്ല, കൂട്ടരേ....
മനസ്സിനോട് പറയാന്‍ പത്ത് കാര്യങ്ങള്‍
ആത്മവിശ്വാസം ഉണര്‍ത്തുവാനായി ഇങ്ങനെയൊക്കെ മനസ്സിനോട് പറയാം. വിശ്വസിപ്പിക്കാം.
- മറ്റാരെയും പോലെതന്നെ മൂല്യമുള്ള ഒരു വ്യക്തി തന്നെയാണെന്ന വസ്തുത തിരിച്ചറിഞ്ഞ് ചൊല്ലിക്കൊടുക്കുക.
- പോരായ്‌മകള്‍ക്കിടയിലും നിങ്ങള്‍ക്ക് ശക്തികളുണ്ടെന്ന് മനസ്സിലാക്കുക, സ്വയം വിശ്വസിപ്പിക്കുക.
- വിജയത്തിന്റെയും നേട്ടങ്ങളുടെയും വേളകള്‍ ചൂണ്ടിക്കാട്ടി നിങ്ങള്‍ പൂര്‍ണ്ണമായും പരാജയമല്ലെന്ന്‍ സാക്ഷ്യപ്പെടുത്തുക.
- പല കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതു പോലെയോ അതിനേക്കാള്‍ മികവോടെയോ ചെയ്യാനാകുമെന്നു ചൂണ്ടിക്കാണിക്കുക.
- അഭിമാനിക്കാനുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെന്ന്‍ ഓര്‍മ്മിപ്പിക്കുക.
- ഞാന്‍ കൊള്ളാവുന്ന വ്യക്തിയാണെന്ന് പ്രസാദാത്മകമായ ചിന്തകള്‍ മനസ്സിലേക്ക് വിന്യസിപ്പിക്കുക.
- ചില കാര്യങ്ങള്‍ സംതൃപ്തിയോടെ ചെയ്യുവാനായിയെന്ന്‍ കണ്ടെത്തി അത് ബോധ്യപ്പെടുത്തുക.
- അവനവനോട് ആദരവ് തോന്നേണ്ട കാര്യങ്ങള്‍ പിശുക്കുകൂടാതെ അവതരിപ്പിക്കുക.
- ഒന്നിനും കൊള്ളാത്തവനെന്ന ചിന്തയെ ആട്ടിയകറ്റുമെന്ന് ശക്തമായ നിലപാടും അറിയിക്കുക.
- നിര്‍ഗുണനെന്ന വിചാരത്തിന് അടിമപ്പെടുകയില്ലെന്ന് തന്റേടത്തോടെ പറയുക.
Image courtesy: Fitness Hype