വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
3 minutes reading time (505 words)

വണ്ണം കൂടിയാൽ മനസും തളരും

വണ്ണം കൂടിയാൽ മനസും തളരും

ദുർമേദസുള്ള ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ ഓരോ പ്രായത്തിലുണ്ടാകുന്ന ചില അനാരോഗ്യകരമായ വ്യതിയാനങ്ങൾ ദുർമേദസ്സിന് കാരണമായ ചില ശീലങ്ങൾക്ക് വഴി വച്ചേക്കാം. ജനിതക ഘടകങ്ങളോടൊപ്പം ബാല്യകാലത്തിലെ ശീലങ്ങളും ദുരനുഭവങ്ങളും വൈകാരിക വിക്ഷുബ്ധാവസ്ഥകളും ഈയവസ്ഥയ്ക്ക് കാരണമാകാം. അമിത വണ്ണമുള്ളവർക്ക് പലതരത്തിലുള്ള മാനസികരോഗാവസ്ഥകളാണുണ്ടാകുന്നത്. ശാരീരികാരോഗ്യം കൂടുതൽ വഷളാകാനും കാരണമാകാറുമുണ്ട്.

ഭക്ഷണത്തിൽ കുടുങ്ങുന്ന കുഞ്ഞുമനസ്

മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള ചില സമീപനങ്ങൾ അനാരോഗ്യകരമായ ഭക്ഷണരീതികൾക്ക് വഴിവക്കാറുണ്ട്. ബാല്യകാലത്തെ ദാരിദ്ര്യം, ഭക്ഷണം കളഞ്ഞാൽ കടുത്ത ശിക്ഷ നല്കുക, ടി.വി.യുടെ മുന്നിലിരുന്നു 'കൊറിച്ചു കൊണ്ടിരിക്കുക' തുടങ്ങിയവയൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കുട്ടികൾ രാത്രിയിലുണർന്ന് കരഞ്ഞാലുടൻ ഭക്ഷ്യവസ്തുക്കൾ വാങ്ങി നല്കുന്നതും അനാരോഗ്യശീലങ്ങൾക്ക് കാരണമാകാം.

ഭാവിയിൽ അസുഖകരമായ ഏതവസ്ഥയേയും കൂടുതൽ ഭക്ഷണം കഴിച്ച് മറികടക്കുക എന്ന ഒരു ശീലം ഇവർക്കുണ്ടായേക്കാം. ദേഷ്യം, സങ്കടം, ഉത്കണ്ഠ, ബോറടി, മാനസികസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം ഇക്കൂട്ടർ കൂടുതൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. ദുർമേദസ്സുള്ളവർക്ക് പ്രമേഹരോഗമുണ്ടാകാനും തത്ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇടയ്ക്ക് കുറഞ്ഞാൽ (hypoglycemia) കഠിനമായ ഉത്കണ്ഠയുണ്ടാകാനും അതിനെ മറികടക്കാൻ കൂടുതൽ ഭക്ഷണം കഴിക്കാനും സാദ്ധ്യതയുണ്ട്. ദിവസത്തിലെ ഭക്ഷണത്തിന്റെ സിംഹഭാഗവും രാത്രി 7 മണിക്കു ശേഷം കഴിക്കുന്ന ശീലവും ദുർമേദസ്സിന് കാരണമാകാം.

കുറ്റബോധമുണ്ടാക്കും അമിത ഭക്ഷണം

ദിവസത്തിലിടയ്ക്കിടെ അമിതമായ തോതിൽ ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ബുളീമിയ നെര്‍വോസ. 

ദിവസത്തിലിടയ്ക്കിടെ അമിതമായ തോതിൽ ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ബുളീമിയ നെര്‍വോസ. ഇങ്ങനെ കഴിക്കുന്ന സമയത്ത് ഭക്ഷണം നിയന്ത്രിക്കണമെന്നു വിചാരിച്ചാലും ഇവർക്ക് സാധിക്കാറില്ല. എന്നാൽ ഇങ്ങനെ വന്‍തോതിൽ കഴിച്ച ശേഷം ശരീരഭാരം കൂടാതിരിക്കാനായി വായിൽ വിരലിട്ട് ഛർദ്ദിക്കുക, വയറിളകാനുള്ള മരുന്നുകൾ വാങ്ങിക്കഴിക്കുക, അമിതമായി വ്യായാമം ചെയ്യുക എന്നിവയും ഇവർ ചെയ്തേക്കും. സ്വന്തം ശരീരഭാഗത്തെക്കുറിച്ച് ശരിയായ ഒരു ധാരണ ഇവർക്കുണ്ടാകാറില്ലെന്നതും പ്രശ്നമാണ്.

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളൊന്നും നടത്താതെ അനിയന്ത്രിതമായി കഴിക്കുന്ന ഒരവസ്ഥയും നിലവിലുണ്ട് (Binge eating disorder). ഇത്തരക്കാർ വളരെ വേഗത്തിൽ വിശപ്പില്ലാത്തപ്പോൾ പോലും വയർ വേദനിക്കുന്നതു വരെ കഴിച്ചുകൊണ്ടിരിക്കും. കഴിച്ചശേഷം ഇതേപ്പറ്റി കുറ്റബോധമുണ്ടാകുമെങ്കിലും ഭാരം കുറക്കാനുള്ള ശ്രമങ്ങളൊന്നും ഇവർ നടത്താറില്ല.

വിഷാദരോഗവും ഉത്കണ്ഠയും

ദുർമേദസ്സുള്ളവരിൽ ഭൂരിഭാഗത്തിനും ആത്മവിശ്വാസക്കുറവ്, ജോലികൾ ചെയ്യാനുള്ള കഴിവില്ലായ്മ, തൊഴിലില്ലായ്മ, സാമൂഹ്യമായ ഒറ്റപ്പെടൽ തുടങ്ങിയവ നേരിടേണ്ടിവരാറുണ്ട്. അമിതവണ്ണമുള്ള കുട്ടികളെ കൂട്ടുകാർ പൊണ്ണത്തടിയൻ എന്നുവിളിച്ചാക്ഷേപിക്കുന്നതും സാധാരണമാണ്. 'ആന, പർവതം' തുടങ്ങിയ ഇരട്ടപ്പേരുകൾ വിളിച്ച് ഇവരെ കളിയാക്കുന്നതും വിരളമല്ല. ഇത്തരത്തിലുള്ള സാമൂഹ്യസാഹചര്യങ്ങളും ശാരീരികാരോഗ്യ പ്രശ്നങ്ങളും ഇവരിൽ പലരേയും വിഷാദരോഗത്തിന് അടിമകളാക്കാറുണ്ട്. കഠിനമായ വിഷാദമുണ്ടാകുമ്പോൾ കൂടുതൽ ഭക്ഷണം കഴിച്ചതിനെ മറികടക്കാനുള്ള ഇവരുടെ ശ്രമങ്ങൾ ശരീരഭാരം അപകടകരമാവിധം വർധിക്കാൻ ഇടയാക്കുന്നു. ദുർമേദസ്സുള്ളവരിൽ 66 ശതമാനം പേർക്കും ചികിൽസ ആവശ്യമുള്ള മാനസികരോഗങ്ങൾ ഉണ്ടാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. വിഷാദരോഗം  ഉത്കണ്ഠരോഗങ്ങൾ, ബിൻച് ഈറ്റിങ്ങ് ഡിസോർഡർ തുടങ്ങിയ രോഗങ്ങളാണ് ഭൂരിഭാഗം പേർക്കുമുണ്ടാകുന്നത്. ഈ രോഗത്തിനെ ചികിൽസിച്ച് ഭേദമാക്കാത്ത പക്ഷം ശരീരഭാരം കൂടുന്ന ജീവിതശൈലികള്‍ ഇവര്‍ തുടരാനാണ് സാദ്ധ്യത.

ദുർമേദസ്സ് കുറയ്ക്കാനായി ബേരിയാട്രിക് ശസ്ത്രക്രിയ വേണ്ടിവരുന്നവരിൽ 70 ശതമാനത്തോളം പേർക്ക് മാനസികാരോഗ്യപ്രശ്നങ്ങളുണ്ട്.  ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടുമൂന്നു വർഷങ്ങൾക്കു ശേഷം വീണ്ടും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ആവർത്തിച്ച് ഇവർക്ക് ശരീരഭാരം കൂടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

മദ്യാസക്തി, കഞ്ചാവിന്റെ ഉപയോഗം തുടങ്ങിയ ദുശീലങ്ങളുള്ളവർക്കും ശരീരം കൂടാനുള്ള സാധ്യതയേറെയാണ്. അശാസ്ത്രീയ ഭക്ഷണരീതി, മധുരപദാർത്ഥങ്ങളുടെ അമിത ഉപയോഗം, വ്യായാമമില്ലായ്മ എന്നിവയൊക്കെ ഇവരുടെ പ്രശ്നം രൂക്ഷമാക്കുന്നു.

ദീർഘകാലമായി ഹൃദ്രോഗം, പ്രമേഹം, സ്കിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളനുഭവിക്കുന്നവർക്ക് ജീവിതശൈലിയിലെ തകരാറുകൾ മൂലവും അവരുപയോഗിക്കുന്ന ചില ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ മൂലവും ശരീരഭാരം വർധിക്കും.

ദുർമേദസ്സിനോടനുബന്ധിച്ച് വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് എസ്.എസ്.ആർ.ഐ. (SSRI) വിഭാഗത്തില്‍പ്പെട്ട വിഷാദവിരുദ്ധ ഔഷധങ്ങൾ പ്രയോജനം ചെയ്യുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട ഫ്ലുവോക്സെറ്റിൻ എന്ന ഔഷധം ശരീരഭാരം കുറയാൻകൂടി സഹായിക്കും. ബുലീമിയ, ബിൻച് ഈറ്റിങ്ങ് ഡിസോർഡർ തുടങ്ങിയവയുള്ളവർക്ക് കോഗ്നിറ്റിവ് ബിഹേവിയർ തെറാപി പോലുള്ള മനശാസ്ത്ര ചികിൽസാരീതികൾ പ്രയോജനം ചെയ്യാറുണ്ട്. അപസ്മാര ചികിൽസക്കുപയോഗിക്കുന്ന ടൊപ്പിറമേറ്റ്, പ്രമേഹചികിൽസക്കുപയോഗിക്കാറുള്ള മെറ്റ്ഫോർമിൻ തുടങ്ങിയവയും ശരീരഭാരം കുറയാൻ സഹായിക്കുന്ന ഔഷധങ്ങളാണ്. ദീർഘകാലമായി ഹൃദ്രോഗം, പ്രമേഹം, സ്കിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളനുഭവിക്കുന്നവർക്ക് ജീവിതശൈലിയിലെ തകരാറുകൾ മൂലവും അവരുപയോഗിക്കുന്ന ചില ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ മൂലവും ശരീരഭാരം വർധിക്കും. ശരീരഭാരം കൂട്ടാൻ സാധ്യതയില്ലാത്ത പുതിയ തരം ഔഷധങ്ങളുപയോഗിച്ചും കൃത്യമായ വ്യായാമവും ഭക്ഷണക്രമീകരണവും ഉറപ്പുവരുത്തിയും ഈ പ്രശ്നത്തെ മറികടക്കാം. തലച്ചോറിലെ കന്നബിനോയിഡ് റിസപ്റ്ററുകളുടെ പ്രവർത്തനത്തെ എതിർക്കുന്ന റിമോണാബാന്റ് (Rimonabant) പോലെയുള്ള ഔഷധങ്ങളും ഇത്തരക്കാരിൽ ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കാം.

ശരീരഭാരവും വന്ധ്യതയും

കൌമാരപ്രായക്കാരായ പെൺകുട്ടികളിൽ അമിതഭാരം ഉള്ളവരിൽ പലർക്കും അണ്ഡാശയങ്ങളെ ബാധിക്കുന്ന പോളിസിസ്റ്റിക്ക് ഒവേറിയൻ ഡിസീസ് (PCOD) എന്ന രോഗം കണ്ടുവരുന്നുണ്ട്. ആർത്തവചക്രം ക്രമം തെറ്റുന്നതായിരിക്കും പലപ്പോഴും ഇതിന്റെ പ്രധാന ലക്ഷണം. പെൺകുട്ടികളുടെ മുഖമുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ പുരുഷന്മാരുടേതിനു സമാനമായ രോമവളർച്ചയും (Hirsuitism) കാണപ്പെടാറുണ്ട്. ഭാവിയിൽ വന്ധ്യതയ്ക്കും തന്മൂലമുള്ള ദാമ്പത്യ കലഹങ്ങൾക്കും മാനസികാസ്വാസ്ഥ്യങ്ങൾക്കും ഇത് കാരണമായേക്കാം. ചെറുപ്രായത്തിൽത്തന്നെ കുട്ടികളുടെ ഭക്ഷണരീതിയും ജീവിതശൈലിയും ക്രമീകരിച്ച് ഇത്തരമൊരവസ്ഥ തടയാൻ ശ്രമിക്കേണ്ടതാണ്. അമിതഭാരവും ആർത്തവപ്രശ്നവുമുള്ളവരിൽ നേരത്തേ തന്നെ വിദഗ്ദ്ധപരിശോധന നടത്തി ഈ രോഗമുണ്ടോ എന്നു നിർണ്ണയിക്കുകയും ചികിൽസ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ദുർമേദസുള്ള പുരുഷന്മാരിൽ ലൈംഗിക ബലഹീനത, ഉദ്ധാരണശേഷിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. മദ്യപാനം, സിഗരറ്റ് വലി തുടങ്ങിയ ശീലങ്ങൾ പലപ്പോഴും ഈ പ്രശ്നങ്ങൾ വഷളാക്കാറുമുണ്ട്. ഇത്തരം ഘട്ടങ്ങളിലും ഔഷധ ചികിൽസയും ജീവിത ശൈലിക്രമീകരണവും വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. 

Image courtesy: http://www.iipsenvis.nic.in

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

സ്ലീപ് വാക്കിങ്ങ്: ചില വസ്തുതകള്‍
വഴിതെറ്റുന്ന കൌമാരം