നമ്മുടെ സമൂഹത്തിലെ പലയാളുകള്‍ക്കും നേരിയ മാനസികാസ്വസ്ഥതകളോ വിഷാദസ്വഭാവമോ ഒക്കെ ഉണ്ടാകും. പലപ്പോഴും അവ കാര്യമായ പ്രശ്നനങ്ങളൊന്നും ഉണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോയേക്കാം. എന്നാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഈ മാനസികാവസ്ഥ ശക്തമാവുകയും അതു മൂലമുള്ള അസ്വാസ്ഥ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി മദ്യത്തെ അഭയം പ്രാപിക്കുകയും ചെയ്യാം. മാനസിക പ്രശ്നങ്ങള്‍ മൂലം മദ്യത്തില്‍ അഭയം തേടുന്ന ഈ അവസ്ഥയെയാണ് സെക്കന്ററി ആല്‍ക്കഹോളിസം എന്ന് വിളിക്കുന്നത്. ഉറ്റവരുടെ മരണം, കടുത്ത സാമ്പത്തിക പരാധീനതകള്‍, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍പരമായ പ്രശ്നങ്ങള്‍ ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെയുള്ളവര്‍ മദ്യത്തിന്റെ പിടിയിലേക്ക് എളുപ്പം വഴുതി വീഴാറുണ്ട്. സെക്കന്ററി ആല്‍ക്കഹോളിസമാണ് പ്രൈമറി ആല്‍ക്കഹോളിസ(സോഷ്യല്‍ ഡ്രിങ്കിങ്ങ്)ത്തെക്കാള്‍ കൂടുതല്‍ അപകടം. ഇവര്‍ക്ക് അടിസ്ഥാനപരമായിത്തന്നെ ഉണ്ടായിരുന്ന മാനസികപ്രശ്നം ഗൌരവമേറിയ മാനസികരോഗമായിത്തീരും എന്നതാണ് കാരണം. സെക്കന്ററി ആല്‍ക്കഹോളിസത്തിന്റെ ഫലമായി ഉണ്ടാകാറുള്ള ചില സാധാരണ മാനസികപ്രശ്നങ്ങള്‍ ഇവയാണ് -
- ഉത്കണ്ഠരോഗങ്ങള്‍
- വിഷാദരോഗം
- സംശയരോഗം
- ബൈപോളാര്‍ രോഗങ്ങള്‍
- വ്യക്തിത്വ വൈകല്യങ്ങള്‍
ഉത്കണ്ഠരോഗങ്ങള്‍
പൊതുസമൂഹത്തില്‍ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോര്‍ഡര്‍ എന്ന ഉല്‍കണ്ഠരോഗങ്ങള്‍.. പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും എപ്പോഴും വല്ലാതെ ടെന്‍ഷനിലായിരിക്കുന്ന അവസ്ഥയാണിത്. എപ്പോഴും ഒരു മുള്‍മുനയിലെന്നോണമുള്ള മാനസികാവസ്ഥ. ഈ അവസ്ഥയിലുള്ളവര്‍ അതില്‍ നിന്നൊരു മോചനത്തിനായി മദ്യപാനം തുടങ്ങാനിടയുണ്ട്. മദ്യപാനത്തിന്റെ ഫലമായി ഇങ്ങനെ ജനറലൈസ്ഡ് ആങ്സൈറ്റിയിലേക്ക് എത്തിയെന്നും വരാം.ഉത്കണ്ഠരോഗമുള്ളവര്‍ മദ്യത്തിനടിമയായിത്തീര്‍ന്നാല്‍ രോഗം ക്രമേണ തീവ്രമാവും. മദ്യപാനത്തില്‍ നിന്നും മോചനം നേടിയാലും ഉത്കണ്ഠയും മറ്റും ബാക്കി നില്‍ക്കുകയും മാനസികാസ്വാസ്ഥ്യങ്ങള്‍ തുടരുകയും ചെയ്തേക്കാം.
പാനിക് ഡിസോര്‍ഡര്‍
പ്രത്യേകിച്ച് എന്തെങ്കിലും കാരണമോ മുന്നറിയിപ്പോ ഇല്ലാതെ തികച്ചും നാടകീയമായെന്നോണം അനുഭവപ്പെടുന്ന കടുത്ത ശാരീരികാസ്വാസ്ഥ്യമാണ് പാനിക് ഡിസോര്‍ഡര്‍. പെട്ടെന്ന് നെഞ്ചിടിപ്പ് വല്ലാതെ കൂടുക, ശരീരം കുടുകുടെ വിയര്‍ത്തൊഴുകുക, തൊണ്ട വരണ്ടു പോവുക, വയറ്റില്‍ നിന്ന് വല്ലാത്തൊരു ഉരുണ്ടുകയറ്റം പോലെ തോന്നുക, തല കറങ്ങുക, വിവരിക്കാനാവാത്തവിധം കടുത്ത പരിഭ്രാന്തി തോന്നുക തുടങ്ങി പല തരത്തിലുള്ള അസ്വസ്ഥതകളാണ് പാനിക് അറ്റാക്കില്‍ ഉണ്ടാകാറുള്ളത്. സാധാരണ ഗതിയില്‍ 5- 10 മിനിറ്റു കൊണ്ട് ഈ കടുത്ത അസ്വസ്ഥതകള്‍ കുറയാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇത് 15-25 മിനിറ്റു വരെ നീണ്ടുനില്‍ക്കും. എന്താണ് കാരണം എന്ന് എത്ര ആലോചിച്ചാലും പിടികിട്ടിയെന്നു വരില്ല. ഉത്കണ്ഠരോഗങ്ങള്‍ ശക്തമാവുന്നതുകൊണ്ടും പാനിക് അറ്റാക് ഉണ്ടാകാം. മദ്യപാനരോഗികള്‍ക്ക് അതുകൊണ്ടു തന്നെ ഈ രോഗാവസ്ഥ അനുഭവപ്പെടാവുന്നതാണ്. പാനിക് അറ്റാക്ക് മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ അമിതമദ്യപാനം മൂലമുണ്ടാകുന്ന വിക്രിയകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ക്യത്യമായി രോഗനിര്‍ണ്ണയം ചെയ്ത് ശരിയായി ചികിത്സിക്കേണ്ട ഒന്നാണ് പാനിക് അറ്റാക്ക്.
പാനിക് അറ്റാക്ക് മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ അമിതമദ്യപാനം മൂലമുണ്ടാകുന്ന വിക്രിയകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
സംശയ രോഗം
മദ്യപന്മാരില്‍ വളരെയധികമായി കാണുന്ന ഒന്നാണ് സംശയരോഗം. ഇത് ഒരു മാനസിക രോഗമാണെന്നുള്ള തിരിച്ചറിവ് ഇന്നും നമ്മുടെ സമൂഹത്തില്‍ കുറവാണ്. ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലം ഭാര്യ മറ്റാരോടെങ്കിലും അടുപ്പം പുലര്‍ത്തുന്നുണ്ടാവും എന്നു കരുതാനാണ് നമ്മുടെ പൊതുസമൂഹം പലപ്പോഴും ഇഷ്ടപ്പെടുക. അമിതമദ്യപാനം മൂലം തലച്ചോറിലുണ്ടാകുന്ന ചില തകരാറുകളാണ് സംശയരോഗത്തിലേക്കു നയിക്കുന്നതെന്നാണ് വസ്തുത. അമിത മദ്യപാനം മൂലമുണ്ടാകുന്ന ഇത്തരം രോഗങ്ങള്‍ ആല്‍ക്കഹോളിക് പാരനോയിയ ആണ്. മദ്യത്തിനടിമയല്ലാത്ത വേളകളില്‍ പങ്കാളിയോട് വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്നയാള്‍ക്കും മദ്യലഹരി കലശലാകുന്നതോടെ പങ്കാളിയില്‍ സംശയം തോന്നിത്തുടങ്ങാം. ക്രമേണ ഈ സംശയം ബലപ്പെടുകയും സദാ സംശയത്തിനടിമപ്പെടുകയും ചെയ്യും. ഭര്‍ത്താവിന്റെ പൊറുതി മുട്ടിക്കുന്ന മദ്യാസക്തിക്കൊപ്പം ഇങ്ങനെയൊരു ദുരിതം കൂടി വരുന്നതോടെ ഭാര്യയുടെ പെരുമാറ്റവും സദാ ദേഷ്യം നിറഞ്ഞതായിത്തീരും. എല്ലായ്പ്പോഴും ശത്രുതാ മനോഭാവത്തോടെ നില്‍ക്കുന്ന ഇണകളും അവരിലൊരാള്‍ക്ക് സംശയമെന്ന മാനസികരോഗവും കൂടിയാകുമ്പോള്‍ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാകും. അമിത മദ്യപാനം മൂലം പുരുഷന് ലൈംഗികശേഷി കുറയും. ചിലപ്പോള്‍ തീരെ ഇല്ലാതാവുകയും ചെയ്യാം. അതുകൊണ്ടുണ്ടാകുന്ന അപകര്‍ഷത കൂടിയാകുമ്പോള്‍ ഭര്‍ത്താവ് തീര്‍ച്ചപ്പെടുത്തും- അവള്‍ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന്. അമിത മദ്യപന്മാര്‍ ഭാര്യയെ സംശയിക്കുന്നതു മൂലം കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്.
അമിത മദ്യപന്മാര്‍ ഭാര്യയെ സംശയിക്കുന്നതു മൂലം കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്.
ആരെങ്കിലും തന്നെ ഉപദ്രവിക്കാന്‍ വരുന്നു എന്നാവും ചിലരുടെ ഭയം. മേലധികാരി തന്നെ സദാ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും, തന്നെ പീഡിപ്പിക്കാനുള്ള വഴികള്‍ തിരഞ്ഞുനടക്കുകയാണ് എന്നും സംശയിക്കുന്നവരുണ്ട്. മേലധികാരിയുടെ ഈ മനോഭാവം മൂലമുള്ള ടെന്‍ഷനില്‍ നിന്ന് രക്ഷനേടാനെന്ന പേരില്‍ അവര്‍ കൂടുതല്‍ മദ്യപിക്കുകയും വീണ്ടും ദുരിതത്തിലേക്കു തന്നെ വീഴുകയും ചെയ്യും. തനിക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു തരാന്‍ ആരൊക്കയോ ശ്രമിക്കുന്നു എന്ന സംശയം മൂലം പൊറുതിമുട്ടുന്ന രോഗികളുമുണ്ട്.
വിഷാദ രോഗം
പ്രത്യേകിച്ച് ഒരു കാര്യത്തിലും താല്പര്യമില്ലാതെ എപ്പോഴും വിഷാദമൂകനായി നടക്കുന്ന രോഗാവസ്ഥയാണ് ഡിപ്രഷന്‍.. ചെറിയ വിഷാദമുള്ളവര്‍ മദ്യത്തെ അഭയം പ്രാപിക്കുന്നത് സാധാരണയാണ്. നേര്‍ത്ത വിഷാദങ്ങള്‍ മറച്ചു പിടിച്ച് കുറച്ച് നേരത്തേക്ക് താല്ക്കാലികാനന്ദം നല്‍കാന്‍ മദ്യത്തിനു കഴിവുണ്ട്. അതുകൊണ്ടാണ് ചിലപ്പോഴൊക്കെ മദ്യം ഒരു ആന്റിഡിപ്രസന്റ് ആയി പ്രവര്‍ത്തിക്കാറുണ്ട് എന്നു പറയുന്നത്. എന്നാല്‍ ക്രമേണ രോഗി മദ്യത്തിനടിമയായിത്തീരുകയും കടുത്ത വിഷാദരോഗത്തില്‍ പെടുകയും ചെയ്യുകയാണ് പതിവ്. നേര്‍ത്ത വിഷാദമുള്ളവര്‍ മദ്യത്തിനടിമകളായി കടുത്ത മാനസിക രോഗികളായിത്തീരാം. അതു പോലെ തന്നെ അമിത മദ്യപാനം കൊണ്ടും വിഷാദരോഗമുണ്ടാവാം. ഇങ്ങനെയുള്ളവര്‍ മദ്യപാനരോഗത്തിനു ചികിത്സിക്കുന്നതിനൊപ്പം വിഷാദരോഗത്തിനു കൂടി ചികിത്സ തേടേണ്ടതാണ്.
ബൈപോളാര്‍ രോഗങ്ങള്‍
മദ്യപാനരോഗത്തോടൊപ്പം സാധാരണമായൊരു മാനസിക പ്രശ്നമാണ് ബൈപോളാര്‍ രോഗങ്ങള്‍.. മനസ്സ് ഉന്മാദത്തിന്റെയോ വിഷാദത്തിന്റെയോ ധ്രുവങ്ങളിലായിപ്പോകുന്ന അവസ്ഥയാണിത്. മദ്യപാനത്തെത്തുടര്‍ന്ന് അമിതോത്സാഹവും അമിതസംസാരവുമൊക്കെയുണ്ടാകുന്നത് ഇതുകൊണ്ടാണ്. ചിലയാളുകളില്‍ നേരിയ ഉന്മാദമാണ് ഉണ്ടാവുക. ഇതിന് ഹൈപ്പോമാനിയ എന്നും പറയും. മാനിയയിലായിരിക്കുമ്പോള്‍ രോഗി യാഥാര്‍ത്ഥ്യങ്ങള്‍ മറക്കുകയും വലിയ കാര്യങ്ങള്‍ ചിന്തിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മദ്യം കഴിക്കുന്നതോടെ ആളിന്റെ സ്മാര്‍ട്ട്നെസ് കൂടി എന്നും രണ്ടെണ്ണം വീശിയാല്‍ അവന്‍ ഉഷാറായി എന്തും ചെയ്യും എന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കുക, മദ്യപിച്ച് മാനസികരോഗാവസ്ഥയിലെത്തിയിട്ടാണ് അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ചിലയാളുകള്‍ ഉന്മാദത്തിന്റെ നേരെ വിരുദ്ധധ്രുവത്തിലായിരിക്കും ചെന്നെത്തുക. മദ്യപിക്കുന്നതോടെ സങ്കടവും പരസ്നേഹവുമൊക്കെ കൂടും, കരച്ചിലും പിഴിച്ചിലുമാവും.
ആത്മഹത്യാ പ്രവണത
ഇന്‍ഡ്യയില്‍ ഏറ്റവുമധികം മദ്യപിക്കുന്നത് കേരളീയരാണ്. ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നതും കേരളത്തില്‍ തന്നെ. മദ്യപാനം മൂലം മാനസികരോഗങ്ങള്‍ വന്ന് പലരും ആത്മഹത്യ ചെയ്യുന്നു. ഭര്‍ത്താവിന്റെ മദ്യപാനം മൂലം പൊറുതിമുട്ടി വീട്ടമ്മമാരും മക്കളും ആത്മഹത്യ ചെയ്യുന്നു. ചെറിയ മാനസികാസ്വാസ്ഥ്യങ്ങളുള്ളവര്‍ക്ക് അമിതമദ്യപാനം മൂലം രോഗം കലശലാവുകയും പലപ്പോഴും ഇത് ആത്മഹത്യാപ്രവണതയിലേക്ക് എത്തുകയും ചെയ്യാറുണ്ട്.
വെര്‍ണിക്കീസ് എന്‍സെഫെലൊപ്പതി
അമിതമദ്യപാനം മൂലം തലച്ചോറില്‍ തയമിന്‍ എന്ന വിറ്റാമിന്‍ കുറഞ്ഞുപോകുന്ന രോഗാവസ്ഥയാണ് വെര്‍ണിക്കീസ് എന്‍സെഫെലൊപ്പതി. അത്ര വ്യാപകമായി കാണുന്ന പ്രശ്നമൊന്നുമല്ല ഇത്. ഓര്‍മക്ക് കാര്യമായ തകരാറുകള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണിത്. വെര്‍ണിക്കീസ് എന്‍സെഫെലൊപ്പതി ശരിയായി തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഇത് കൊഴ്സക്കോഫ് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയായി മാറും.
കൊഴ്സക്കോഫ് ഡിസോര്‍ഡര്‍
തലച്ചോറിന്റെ കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറാണ് ഈ രോഗത്തിന്റെയും കാരണം. അടുത്ത കാലത്തുള്ള ഓര്‍മ്മകള്‍ തലച്ചോറില്‍ രേഖപ്പെടാതെ പോകുന്നതാണ് രോഗാവസ്ഥ. അടുത്ത സമയത്തു നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ അവിടവിടെ സുഷിരങ്ങള്‍ വീണതു പോലുള്ള അവസ്ഥ. ഈ രോഗം അത്ര വ്യാപകമല്ലെങ്കിലും ഇതു കൊണ്ടുണ്ടാകുന്ന ദുരിതങ്ങളും സാമൂഹികവും നിയമപരവുമായ പ്രശ്നങ്ങളും നിരവധിയാണ്. രാവിലെ 10 മണി വരെ എവിടെയായിരുന്നു എന്നതിനെക്കുറിച്ചും, എന്തുചെയ്യുകയായിരുന്നു എന്നതിനെക്കുറിച്ചുമൊക്കെ നല്ല ഓര്‍മ്മയുള്ളയാള്‍ക്ക് 10 മണി മുതല്‍ 3 മണി വരെയോ 4 മണി വരെയോ ഉള്ള കാര്യങ്ങളെക്കുറിച്ച് ഒരുവിധ ഓര്‍മ്മയും ഇല്ലാതായിപ്പോകും. ഈ സമയത്ത് എവിടെയായിരുന്നു എന്നതിനെക്കുറിച്ചും, എന്തുചെയ്യുകയായിരുന്നു എന്നതിനെക്കുറിച്ചുമൊക്കെ സ്വയം ചില വിശദീകരണങ്ങള്‍ കണ്ടെത്താന്‍ തലച്ചോറ് ശ്രമിക്കും. ഓരോരുത്തരുടെയും ഭാവനക്കും സ്വഭാവത്തിനുമനുസരിച്ചുള്ള കഥകള്‍ മെനഞ്ഞെടുക്കുകയാവും തലച്ചോറ് ചെയ്യുക. ബോധമനസ്സിന്റെ അറിവോടെയാവില്ല ഇങ്ങനെ കഥകള്‍ മെനഞ്ഞെടുക്കുന്നത്. രോഗി അറിഞ്ഞുകൊണ്ട് നുണ പറയുകയല്ല, ബോധമനസ്സ് അറിയാതെ തലച്ചോറ് ഒരു കഥ മെനഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ചെയ്യുക. മനപൂര്‍വ്വമല്ലാതെ കഥകള്‍ മെനഞ്ഞെടുക്കുന്ന ഈ രോഗാവസ്ഥക്ക് കണ്‍ഫാബുലേഷന്‍ എന്നാണ് പറയുക.
മദ്യലഹരിയില്‍ വില്പ്ത്രങ്ങളും ആധാരങ്ങളും എഴുതിവെക്കുക, സ്വത്തുക്കള്‍ ദാനം ചെയ്യുക, വാഗ്ദാനങ്ങള്‍ നടത്തുക തുടങ്ങി നിയമപരമായ കുടുക്കുകളില്‍ സ്വയമറിയാതെ ചെന്നു കയറുന്നവര്‍ നിരവധിയുണ്ട്. കുരുക്കഴിച്ചെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള പല നിയമ പ്രശ്നങ്ങളും ഇതുകൊണ്ടുണ്ടാകാറുണ്ട്.