By ഡോ. ജയപ്രകാശന്‍ കെ.പി. on Friday, 21 April 2017
Category: Uncategorized

വിഷാദ രോഗം ഒരു പൊതുജനാരോഗ്യ പ്രശ്നം നമുക്ക് വിഷാദത്തെക്കുറിച്ചു സംസാരിക്കാം

മനസിന്‍റെ പ്രശ്നങ്ങൾക്ക്  ശരീരത്തിന്‍റെ പ്രശ്നങ്ങളോളം  നാം പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ മനസിന്‍റെ  കേന്ദ്രം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സങ്കീർണ്ണമായതുമായ അവയവമായ തലച്ചോറാണ്.  ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ ആകെ തന്നെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടു മനസിനെ ബാധിക്കുന്നു എന്ന് നമ്മൾ കരുതുന്ന രോഗങ്ങൾ തലച്ചോറിന്‍റെ പ്രവർത്തനത്തെയും അതിലൂടെ ശരീരത്തെ ഒന്നാകയും ബാധിക്കുന്നുണ്ട് തിരിച്ചു ശരീരത്തിന്‍റെ രോഗങ്ങൾ മനസ്സിനെയും.
 
സമൂഹത്തിലുള്ള ഉള്ള രോഗാതുരതയുടെ ഒരു പ്രധാനകാരണമാണ് മനോരോഗങ്ങൾ. അവയിൽ ഏറ്റവും ആളുകളെ ബാധിക്കുന്നതും ലോകമാകെ ഏറ്റവും അവശത ഉണ്ടാക്കുന്നതുമായ രോഗങ്ങളിലൊന്നായി വരുന്നു വിഷാദ രോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്തു 35  കോടി ആളുകൾക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ട്.
 
നമ്മൾ തികച്ചും ശാരീരിക രോഗമെന്ന് കരുതുന്ന പല രോഗങ്ങളും ഉണ്ടാവുന്നതിനു മനസികാരോഗ്യപ്രശ്നങ്ങൾ കാരണമാകുന്നു. ഹൃദയ രോഗങ്ങൾ, പ്രേമേഹം തുടങ്ങിയ ശാരീരിക  രോഗങ്ങൾ മൂർച്ഛിക്കാൻ വിഷാദ രോഗം കാരണമാകുന്നു. അമിത മദ്യപാനം, അക്രമങ്ങൾ, അപകടങ്ങൾ തുടങ്ങിയ പ്രേശ്നങ്ങൾക്കും പിന്നിൽ പലപ്പോഴും വിഷാദരോഗമാണ്.
 
ലോകത്തു ഓരോ ദിവസവും 3000 പേർ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യക്കുള്ള ഏറ്റവും പ്രധാനപ്പെട്ട  കാരണം വിഷാദരോഗമാണ്. 
വിഷാദ രോഗം വേണ്ട രീതിയിൽ ചികിൽസിച്ചാൽ ആത്മഹത്യകൾ വലിയൊരളവോളം തടയാൻ പറ്റും.
 
ഈ കാരണങ്ങൾ എല്ലാം കൊണ്ട് ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് വിഷാദരോഗം. അതുകൊണ്ടു ലോകാരോഗ്യ സംഘടന ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൽ "നമുക്ക് വിഷാദത്തെക്കുറിച്ചു സംസാരിക്കാം" എന്ന മുദ്രാവാക്യം മുന്നോട്ടു വക്കുന്നത്.
 
ഇന്ത്യയിലും കേരളത്തിലും വിഷാദ രോഗം ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്.
 
ഇന്ത്യയിലെ കണക്കുകൾ.
 
നൂറു മില്ല്യൻ ആളുകൾക്ക് മാനസികാരോഗ്യ ചികിത്സ ആവശ്യമാണ്. 
20 ൽ ഒരാൾക്ക് വിഷാദ രോഗം ഉണ്ട്.
 
കേരളത്തിലെ കണക്കുകൾ
 
2016 ൽ  പുറത്തിറക്കിയ ഏറ്റവും പുതിയ മാനസികാരോഗ്യ സർവേ അനുസരിച്ചു 
പതിനെട്ടു വയസിനു മുകളിൽ ഉള്ളവരിൽ 12.43% പേർക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്.
പതിനെട്ടു വയസിനു മുകളിൽ ഉള്ളവരിൽ വിഷാദരോഗം ബാധിച്ചിരിക്കുന്നത് 5 % പേർക്ക് (ഏകദേശം പതിനേഴ് ലക്ഷം പേർ).
 
മാനസിക രോഗചികിത്സയിൽ പ്രാവീണ്യം നേടിയിട്ടുള്ള വിദക്ദ്ധരെ മാത്രം ഉപയോഗിച്ചു കൊണ്ട് ഇത്രയധികം പേരെ ചികിൽസിക്കാൻ കഴിയില്ല. അതേസമയം ലോകാരോഗ്യസംഘടന 80 %  വിഷാദ രോഗവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിൽസിച്ചു മാറ്റാം എന്ന് പറയുന്നു. അങ്ങനെ ചികിൽസിച്ചു മാറ്റുന്നതിന് ചിലവാകുന്ന ഓരോ രൂപയും നാലു രൂപയായി തിരികെ കിട്ടും എന്നാണ് ലോക ബാങ്കിന്റെമ പഠനങ്ങൾ കാണിക്കുന്നത്.
 
വിഷാദരോഗ ബാധിതരിൽ ചികിത്സക്ക് എത്തുന്നത് ഇരുപതു ശതമാനം മാത്രം. അവരിൽ പലരും പൂർണ്ണമായി സുഖപ്പെടുന്നതുവരെ ചികിത്സ എടുക്കുന്നില്ല.
വിഷാദരോഗം സ്വാഭാവികമായ ദുഖമായോ ഒരു അവസ്ഥയായോ തെറ്റിദ്ധരിക്കുകയും വെറും തോന്നൽ ആയി തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. ഇത്തരം സമീപനം രോഗം തിരിച്ചറിയുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും തടസ്സമായി തീരുന്നു. 
 
അതുകൊണ്ടു ആരോഗ്യ പ്രവർത്തനങ്ങൾക്ക് എളുപ്പം ഉപയോഗിക്കാവുന്ന Patient Health Questionnaire (PHQ-9) പോലുള്ള ലളിതമായ ചോദ്യാവലി ഉപയോഗിച്ച് ചികിൽസിക്കപ്പെടാതെ മറഞ്ഞിരിക്കുന്ന രോഗബാധിതരെ കണ്ടെത്തി ചികിൽസിക്കുന്ന സമീപനം സ്വീകരിക്കാറുണ്ട്. ആരോഗ്യ പ്രവർത്തകർ  കണ്ടെത്തുന്ന ആളുകൾ ഡോക്ടറിനെ സമീപിച്ചു രോഗ നിർണ്ണയം നടത്തണം. 
 
വിഷാദരോഗം അതിന്‍റെ ഗൗരവം അനുസരിച്ചു ലഘു / മിതം/ കഠിനം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
 
വിഷാദരോഗം തലച്ചോറിന്റെട  പ്രവർത്തനത്തെ  ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഒരാളുടെ തലച്ചോറിൽ അയാളുടെ വൈകാരികാവസ്ഥയുടെ സന്തുലനം നിലനിർത്തുന്ന ന്യൂറൽ സിർക്യൂട്ടുകളിൽ ഉള്ള താളപ്പിഴകൾ, അവയിലെ രാസസന്ദേശ വാഹക തന്മാത്രകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ വിഷാദരോഗത്തിന് കാരണമാണ്. അതിനാൽ ദുഃഖാവസ്ഥക്കു പുറമേ ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉത്സാഹമില്ലായ്മയും, താല്പര്യക്കുറവും, മറവി എന്നീ ലക്ഷണങ്ങളും വിഷാദരോഗം ബാധിക്കുന്നവർക്കു ഉണ്ടാകുന്നു. മേൽ  മേൽ  മേൽപറഞ്ഞ  ലക്ഷണങ്ങൾക്കു പുറമേ, ശരീര ചലനങ്ങളിൽ മാന്ദ്യം, അകാരണമായ വേദനകൾ അനുഭവപ്പെടുക, ലൈഗിക താല്പര്യം കുറയുക, ദഹനക്കേട് തുടങ്ങി നിരവധി ശാരീരിക ലക്ഷണങ്ങൾ വിഷാദ രോഗത്തിൽ ഉണ്ടാകുന്നു.
 
വിഷാദരോഗം മുഴുവൻ ശരീരത്തിന്റെ യും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വിഷാദ രോഗത്തിനുപയോഗിക്കുന്ന ഔഷധങ്ങൾ തലച്ചോറിലെ സിർക്യൂട്ടുകളുടെ പ്രവർത്തനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുവാൻ സഹായിക്കുന്നു. മിതമായതോ, കഠിനമായതോ ആയ വിഷാദരോഗത്തിന് ഔഷധ ചികിത്സ ആവശ്യമാണ്. SSRI ഇനത്തിൽപെട്ട സുരക്ഷിതമായ ഔഷധങ്ങളാണ് ആദ്യപടിയായി ഇവർക്ക് നൽകുന്നത് (ഉദാഹരണം Fluoxetine, Sterralin, Escitalopram) .  
 
വിഷാദരോഗത്തിന്റെx ചികിത്സയിൽ സംമൂഹ്യവും മനഃശാസ്ത്രപരവുമായ ചികിത്സ / ഇടപെടൽ അത്യാവശ്യമാണ്.
 
മനഃശാസ്ത്രപരവുമായ ചികിത്സയിൽ ആദ്യപടി വിഷാദാവസ്ഥയിൽ ഉള്ളയാളുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേൾക്കുക എന്നതാണ്. 
 
രോഗനിർണ്ണയം നടത്തിയശേഷം രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെ ക്കുറിച്ചും പറഞ്ഞു മനസിലാക്കുക, സംശയങ്ങൾ ദൂരീകരിക്കുക എന്നിവയാണ് അടുത്തതായി ചെയ്യേണ്ടത്.
 
വിഷാദ രോഗങ്ങൾക്ക് ശാരീരികമായ കാരണങ്ങൾക്ക് പുറമേ മാനസികവും സാമൂഹ്യവുമായ കാരണങ്ങൾ ഉണ്ട്. സാമ്പത്തികവും സാമൂഹ്യവും കുടുംബപരവും വ്യക്തിപരവും ആയ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങൾ വിഷാദ രോഗത്തിലേക്കു നയിക്കാം.
 
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു എന്നതുകൊണ്ടുതന്നെ, മേൽപറഞ്ഞ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വിഷാദരോഗ ബാധിതർക്ക് മാനസിക പിന്തുണ നൽകുക മാത്രമല്ല, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ സഹായങ്ങൾ അവർക്ക് ലഭ്യമാക്കാൻ സഹായിക്കാൻ കൂടി കഴിയും.
 
ഇത്തരത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതുമാത്രമല്ല വേണ്ടത്ര പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർക്ക് സൈക്കോതെറാപ്പിയിൽ ഉപയോഗിക്കുന്ന മനഃശാസ്ത്രചികിത്സാ സങ്കേതങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയും എന്നും അടുത്ത കാലത്തു നടന്ന പഠനങ്ങൾ കാണിക്കുന്നു.
 
പ്രാഥമികതലത്തിൽ ചികിൽസിക്കാൻ സാധിക്കാത്ത വിഷാദരോഗവും മറ്റു മാനസിക രോഗങ്ങളും ജില്ലാ മാനസികാരോഗ്യ പരിപാടിയിലെക്കോ താലൂക്ക് ആശുപത്രിയിലെക്കോ റെഫർ ചെയ്തു വിദഗ്ധ ചികിത്സ നൽകാവുന്നതാണ്. മാനസികാരോഗ്യ പരിപാടിയിൽ സൈക്യാട്രിസ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരുടെ സേവനം ലഭ്യമാണ്. 
 
ഈയൊരു സാഹചര്യത്തിലാണ് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു കേരള സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ 171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദരോഗ ചികിത്സക്കായി  മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. മാനസികാരോഗ്യ ചികിത്സയെ പ്രാഥമികാരോഗ്യ ചികിത്സയുമായി ഏകോപിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ് മുന്നോടിയാണിത്. 
 
മാനസികാരോഗ്യം ഇല്ലാതെ ശാരീരികാരോഗ്യം ഇല്ല. വിഷാദം എന്ന പ്രധാനപ്പെട്ട ഒരു മാനസികാരോഗ്യ പ്രശ്നത്തെ പ്രാഥമികാരോഗ്യ തലത്തിൽ ഇടപെടുന്നതിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യത്തിലേക്കു കൂടുതൽ അടുക്കാൻ കേരളത്തിന് സാധിക്കും.
Leave Comments