By ഡോ. ഷാഹുല്‍ അമീന്‍ on Thursday, 01 May 2014
Category: സ്വപ്നസഞ്ചാരം

സ്ലീപ് വാക്കിങ്ങ്: ചില വസ്തുതകള്‍

ഉറങ്ങിത്തുടങ്ങിയ ഒരു വ്യക്തി പൂര്‍ണമായി ഉണരാതെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനെയാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം സ്ലീപ് വാക്കിങ്ങ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്:

  1. ഉറക്കത്തിനിടയില്‍ തുടര്‍ച്ചയായി കിടക്കവിട്ടെഴുന്നേല്‍ക്കുന്നതും കുറച്ചുദൂരമെങ്കിലും നടക്കുന്നതും ആണ് പ്രധാന ലക്ഷണം.

  2. അസുഖം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളില്‍ നിര്‍വികാരമായ തുറിച്ചുനോട്ടം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ഈ സമയത്ത് രോഗിയെ ഉണര്‍ത്തിയെടുക്കാന്‍ പ്രയാസമായിരിക്കും.

  3. ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ (സ്ലീപ് വാക്കിങ്ങിനിടയിലാണെങ്കിലും അടുത്ത പ്രഭാതത്തിലാണെങ്കിലും) നടന്ന സംഭവങ്ങളെക്കുറിച്ച് രോഗിക്ക് ഓര്‍മയുണ്ടാവില്ല.

  4. സ്ലീപ് വാക്കിങ്ങിനിടയില്‍ ഉണര്‍ന്നുപോവുകയാണെങ്കില്‍ രോഗി കുറച്ചുനേരത്തേക്കുള്ള സ്ഥലകാലവിഭ്രമമോ സംഭ്രമമോ അല്ലാതെ സാരമായ പെരുമാറ്റവൈകല്യങ്ങളോ മാനസികപ്രശ്നങ്ങളോ പ്രകടിപ്പിക്കുകയില്ല.

  5. ഡെമന്‍ഷ്യ, അപസ്മാരം തുടങ്ങിയ ശാരീരിക അസുഖങ്ങള്‍ ഇല്ലാത്തവര്‍ക്കേ സ്ലീപ് വാക്കിങ്ങ് രോഗം നിര്‍ണയിക്കാവൂ.

സ്ലീപ് വാക്കിങ്ങ് ആരെയാണു ബാധിക്കുന്നത്?

കുട്ടികളെ, പ്രത്യേകിച്ച് നാലു വയസ്സിനും എട്ടു വയസ്സിനും ഇടക്കു പ്രായമുള്ളവരെ, ആണ് സ്ലീപ് വാക്കിങ്ങ് കൂടുതലായി ബാധിക്കുന്നത്. കൌമാരത്തിലേക്കു കടക്കുന്നതോടെ ഭൂരിഭാഗം കുട്ടികളിലും സ്ലീപ് വാക്കിങ്ങ് തനിയെ ഭേദമാകാറുണ്ട്. പക്ഷേ തുടര്‍ച്ചയായി സ്ലീപ് വാക്കിങ്ങ് പ്രകടിപ്പിക്കുന്ന കുട്ടികളില്‍ നാലിലൊരാള്‍ മുതിര്‍ന്നതിനു ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.  മറ്റ് നിദ്രാരോഗങ്ങളോടൊന്നിച്ചു വരുന്ന സ്ലീപ് വാക്കിങ്ങ് പ്രാ‍യം കൂടുന്നതിനൊപ്പം വഷളാവുന്നതായും കണ്ടുവരുന്നുണ്ട്.

ജനസംഖ്യയുടെ രണ്ടുശതമാനത്തെ സ്ലീപ് വാക്കിങ്ങ്  ബാധിക്കുന്നുണ്ടെന്ന് കാനഡയില്‍ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു. അഞ്ചിനും പന്ത്രണ്ടിനും ഇടക്കു പ്രായമുള്ള കുട്ടികളില്‍ 10 - 15 ശതമാനത്തിനു വരെ സ്ലീപ് വാക്കിങ്ങ് കാണപ്പെടുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം കുട്ടികളും വെറുതെ കിടക്കയില്‍ എഴുന്നേറ്റിരിക്കുക, കണ്ണു തിരുമ്മുക, വസ്ത്രങ്ങളില്‍ തിരുപ്പിടിക്കുക തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടിപ്പിക്കാറുള്ളൂ.

സ്ലീപ് വാക്കിങ്ങ് പലപ്പോഴും പാരമ്പര്യമായി കാണപ്പെടാറുണ്ട്. ഉദാഹരണത്തിന് HLA-DQB1 ജീന്‍ ഉള്ളവര്‍ക്ക്  സ്ലീപ് വാക്കിങ്ങിനുള്ള സാദ്ധ്യത ഏറെയാണ്. സ്ലീപ് വാക്കിങ്ങ് ബാധിതരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പത്തിരട്ടി കൂടുതലാണ്.

സ്ലീപ് വാക്കിങ്ങ് ബാധിതരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പത്തിരട്ടി കൂടുതലാണ്.

ആര്‍ത്തവം തുടങ്ങുന്ന പ്രായത്തിലും ഗര്‍ഭിണികളിലും സ്ലീപ് വാക്കിങ്ങ് കൂടുതലായി കാണുന്നതിനാല്‍ ഹോര്‍മോണുകളിലെ വ്യതിയാനങ്ങള്‍ ഈ അസുഖത്തിനു കാരണമാവാറുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. മനസ്സിലൊതുക്കിവെച്ചിരിക്കുന്ന ദേഷ്യവും അമര്‍ഷവുമൊക്കെ ഉറക്കത്തിനിടയില്‍ പുറത്തുവരുന്നതാണ് സ്ലീപ് വാക്കിങ്ങ് എന്നും ചില ശാസ്ത്രജ്ഞര്‍ സമര്‍ദ്ധിക്കുന്നുണ്ട്.

മൈഗ്രെയ്ന്‍ , ഹൈപര്‍തൈറോയ്ഡിസം, റ്റൌറെറ്റ്സ് സിന്‍ഡ്രോം, ആങ്സൈറ്റി ഡിസോര്‍ഡര്‍, സ്ലീപ് അപ്നിയ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് സ്ലീപ് വാക്കിങ്ങ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും സ്ലീപ് വാക്കിങ്ങ് കാ‍ണപ്പെടാറുണ്ട്. സ്ലീപ് വാക്കിങ്ങ് ഉള്ളവര്‍ ഉറക്കമിളക്കുന്നതും അവരുടെ ഉറക്കം എന്തെങ്കിലും കാരണങ്ങളാല്‍ തടസ്സപ്പെടുന്നതും സ്ലീപ് വാക്കിങ്ങ് വഷളാവാന്‍ ഇടയാക്കാറുണ്ട്.

സ്ലീപ് വാക്കിങ്ങിന്റെ ലക്ഷണങ്ങള്‍

സ്ലീപ് വാക്കിങ്ങ് കൂടുതലായും കാണപ്പെടുന്നത് ഉറക്കത്തിന്റെ തുടക്കത്തിലെ ഒന്നൊന്നര മണിക്കൂറിലാണ്.‍ ഇതിന്റെ ലക്ഷണങ്ങള്‍ ഏതാനും സെക്കന്റുകള്‍ തൊട്ട് അഞ്ചോ പതിനഞ്ചോ മിനിട്ടുകള്‍ വരെ നീണ്ടുനില്‍ക്കാറുണ്ട്.

കിടക്കയില്‍ എഴുന്നേറ്റിരിക്കുക, നടക്കാന്‍ ശ്രമിക്കുക തുടങ്ങിയ നേരിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. കണ്ണ് തുറന്നുപിടിക്കുന്നതിനാല്‍ രോഗി ഉണര്‍ന്നിരിക്കുകയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. എണീക്കുമ്പോഴോ നടത്തത്തിനിടയിലോ രോഗി അവ്യക്തമായി പിറുപിറുക്കുകയോ കരയുകയോ ചെയ്യാം. പലപ്പോഴും അരികിലുള്ള വസ്തുക്കളില്‍ത്തട്ടി വീഴാതെയും പരിക്കുകള്‍ പറ്റാതെയും  രോഗി നടത്തം പൂര്‍ത്തിയാക്കാറുള്ളതു കൊണ്ട് സ്ലീപ് വാക്കിങ്ങിനിടയിലും രോഗിക്ക് കുറച്ചൊക്കെ ബോധം അവശേഷിക്കുന്നുണ്ട് എന്ന് അനുമാനിക്കപ്പെടുന്നു. സ്ലീപ് വാക്കിങ്ങിനു ശേഷം രോഗി, പ്രത്യേകിച്ച് കുട്ടികള്‍, തറയില്‍ കിടക്കുകയോ വീട്ടിനുള്ളില്‍ത്തന്നെ മറ്റെവിടെയെങ്കിലും ഉറങ്ങിപ്പോവുകയോ ചെയ്തേക്കാം. വസ്ത്രത്തിലോ വീട്ടിലെവിടെയെങ്കിലുമോ മൂത്രമൊഴിച്ചുവെക്കുന്നതും സാധാരണമാണ്.

രോഗാവസ്ഥയില്‍ അധികം കോ‍ഓര്‍ഡിനേഷന്‍ ആവശ്യമുള്ള പ്രവൃത്തികള്‍ ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. എന്നാല്‍ പാചകം ചെയ്യുക, ആഹാരം വിളമ്പിയെടുത്ത് കഴിക്കുക, കോണി കയറുക, ഭിത്തികളോ വാതിലുകളോ പൈപ്പുകളോ നശിപ്പിക്കുക, വണ്ടിയോടിക്കുക, എന്നു തുടങ്ങി ആക്രമണസ്വഭാവവും കൊലപാതകങ്ങളും വരെ സ്ലീപ് വാക്കിങ്ങിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകള്‍നിലകളില്‍ നിന്നു താഴേക്കു വീണും നടന്നുനടന്ന് റോഡുകളിലെത്തിയുമൊക്കെ ഈ രോഗികള്‍ക്ക് അപൂര്‍വമായി അപകടങ്ങളോ മരണം തന്നെയോ സംഭവിക്കാറുണ്ട്.

സ്ലീപ് വാക്കിങ്ങും കുറ്റകൃത്യങ്ങളും

1846-ല്‍ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട ഒരു പ്രതിയെ കൃത്യം നടത്തിയത് സ്ലീപ് വാക്കിങ്ങിനിടയിലാണെന്ന പരിഗണനയില്‍ അമേരിക്കയില്‍ വെറുതെ വിടുകയുണ്ടായി. ആല്‍ബര്‍ട്ട് ജാക്ക്സണ്‍ ടിറല്‍ കേസ് എന്ന ഈ കേസിലാണ് സ്ലീപ് വാക്കിങ്ങിനിടയില്‍ ചെയ്ത പ്രവൃത്തി എന്ന വാദം പരിഗണിച്ച് ലോകത്താദ്യമായി ഒരു പ്രതിയെ വെറുതെ വിട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. സ്ലീപ് വാക്കിങ്ങ് ബാധിച്ച ഒരു കോളേജ് വിദ്യാര്‍ത്ഥിയെ ലൈംഗികകുറ്റത്തിന്  അമേരിക്കയിലെ തന്നെ മസാചുസെറ്റ്സില്‍ 2001-ല്‍ വെറുതെ വിട്ടത് 150 വര്‍ഷം പഴക്കമുള്ള ഈ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു. കാനഡയിലെ പാര്‍ക്ക്സ് കേസിലും 23 കിലോമീറ്റര്‍ വണ്ടിയോടിച്ചുചെന്ന് ഭാര്യാമാ‍താവിനെ കൊലപ്പെടുത്തുകയും ഭാര്യാപിതാവിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിയെ സ്ലീപ് വാക്കിങ്ങ് ബാധിതന്‍ എന്ന കാരണത്താല്‍ വിട്ടയക്കുകയുണ്ടായി.

സ്ലീപ് വാക്കിങ്ങിനിടയില്‍ ചെയ്യുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം തന്നെ സ്ലീപ് വാക്കിങ്ങിന്റെ പേരില്‍ പ്രതികളെ വെറുതെ വിടുന്നതിനെതിരെയുള്ള പ്രതിഷേധവും ശക്തമാണ്.

സ്ലീപ് വാക്കിങ്ങിന്റെ ചികിത്സകള്‍

സ്ലീപ് വാക്കിങ്ങ് ഉള്ള കുട്ടികളുടെ മുറികളില്‍ നിന്ന് അവര്‍ രാത്രിയില്‍ എഴുന്നേറ്റു നടന്നാല്‍ അപകടങ്ങള്‍ക്കു കാരണമായേക്കാവുന്ന വസ്തുക്കള്‍ എടുത്തുമാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി സ്ലീപ് വാക്കിങ്ങ് തുടങ്ങുന്ന സമയത്തിന് അരമണിക്കൂര്‍ മുമ്പ് കുട്ടിയെ വിളിച്ചുണര്‍ത്തുന്നത് സ്ലീപ് വാക്കിങ്ങ് തടയാന്‍ സഹായിക്കാറുണ്ട്. സ്ലീപ് വാക്കിങ്ങ് രോഗികളുടെ മുറിയുടെ വാതിലില്‍ രാത്രിയില്‍ മണികള്‍ തൂക്കിയിടുന്നത് പുറത്തിറങ്ങുന്നതിനിടയില്‍ അവരെ ഉണര്‍ത്താന്‍ പ്രയോജനപ്പെടാറുണ്ട്. സ്ലീപ് വാക്കിങ്ങ് ഉള്ളവര്‍ വീടിന്റെ താഴെ നിലയില്‍ ഉറങ്ങുന്നതാണ് കൂടുതല്‍ സുരക്ഷിതം.

സ്ലീപ് വാക്കിങ്ങിനിടയില്‍ രോഗികളെ ഉണര്‍ത്തിയെടുക്കാന്‍ പ്രയാസമായിരിക്കും. ബലം പ്രയോഗിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രോഗി തന്നെയാരോ ആക്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കാനും സ്വയരക്ഷക്കായി തിരിച്ചടിക്കാനുമുള്ള സാദ്ധ്യതയുമുണ്ട്. ഇക്കാരണങ്ങളാല്‍ സ്ലീപ് വാക്കിങ്ങിലുള്ള രോഗികളെ ഉണര്‍ത്താന്‍ ശ്രമിക്കാതെ പതിയെ തിരികെ കിടക്കയിലേക്കു നയിക്കുന്നതാണു നല്ലത്.

സ്ലീപ് വാക്കിങ്ങിലുള്ള രോഗികളെ ഉണര്‍ത്താന്‍ ശ്രമിക്കാതെ പതിയെ തിരികെ കിടക്കയിലേക്കു നയിക്കുന്നതാണു നല്ലത്.

സ്ലീപ് വാക്കിങ്ങ് പ്രകടിപ്പിക്കുന്ന കുട്ടികളില്‍ അപസ്മാരമോ മറ്റു രോഗങ്ങളോ ഇല്ല എന്നുറപ്പുവരുത്താന്‍ വിദഗ്ദ്ധോപദേശം തേടേണ്ടതാണ്. എന്നെങ്കിലുമൊരിക്കല്‍ സ്ലീപ് വാക്കിങ്ങ് വരുന്നവര്‍ക്ക് സാധാരണയായി മരുന്നുകളുടെ ആവശ്യം ഉണ്ടാവാറില്ല. സ്ലീപ് വാക്കിങ്ങിനിടയില്‍ അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്കും‍, സ്ലീപ് വാക്കിങ്ങ് കാരണം പകല്‍സമയത്ത് ക്ഷീണമോ ഉറക്കച്ചടവോ അനുഭവപ്പെടുന്നവര്‍ക്കും‍,  ആഴ്ചയിലൊരിക്കലോ ദിവസേനയോ മറ്റോ സ്ലീപ് വാക്കിങ്ങ് വരുന്നവര്‍ക്കും മരുന്നുകള്‍ പ്രയോജനം ചെയ്യാറുണ്ട്. മാനസികസമ്മര്‍ദ്ദത്തിന്റെ ഫലമായി സ്ലീപ് വാക്കിങ്ങ് വരുന്നവര്‍ക്ക് കൌണ്‍സലിങ്ങ് ഉപകാരപ്രദമാവാറുണ്ട്.

അവലംബം

  1. Gabbard's Treatments of Psychiatric Disorders (2007). Gabbard GO. American Psychiatric Publishing.
  2. Handbook of Sleep Disorders (2009). Kushida CA. Informa Healthcare.
  3. Kaplan & Sadock's Comprehensive Textbook of Psychiatry (2009). Sadock BJ, Sadock VA, and Ruiz P. Lippincott Williams & Wilkins.
  4. Sleep and Psychiatric Disorders in Children and Adolescents (2008). Ivanenko A. Informa Healthcare. Sleep Medicine (2008). Smith HR, Comella CL, and Hogl B. Cambridge University Press.
  5. Somnambulism: Diagnosis and treatment (2007). Bharadwaj R and Kumar S. Indian Journal of Psychiatry. 49(2): 123–125.
  6. The ICD-10 Classification of Mental and Behavioral Disorders (1992). World Health Organization.

 Image courtesy: http://bunsan0019.info

Leave Comments