By ഡോ. സുരേഷ് കുമാര്‍ പി.എന്‍. on Thursday, 01 May 2014
Category: സ്കൂളിനെപ്പേടി

സ്ക്കൂളില്‍ പോകാനുളള പേടി (സ്ക്കൂള്‍ ഫോബിയ)

സ്ക്കൂള്‍ ഫോബിയ, സ്ക്കൂളില്‍ പോകാനുളള മടി എന്നീ വാക്കുകള്‍ ചില കുട്ടികളില്‍ കണ്ടുവരുന്ന യുക്തിരഹിതവും സ്ഥിരവുമായ സ്ക്കൂള്‍ പേടിയെ സൂചിപ്പിക്കുന്നു. അഡ്ലൈഡ് ജോണ്‍സണ്‍ 1941-ല്‍ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടരെയും പഠിക്കാന്‍ താല്‍പ്പര്യമില്ലാതെ പഠനമുപേക്ഷിച്ചുപോകുന്നവരെയും ഒരേ ഗണത്തില്‍പെടുത്താനാകില്ല. പഠനമുപേക്ഷിച്ചു പോകുന്നവരെ അവരുടെ വഴിക്കു വിടാമെങ്കിലും സ്ക്കൂള്‍ ഫോബിയക്കാരെ രക്ഷിതാക്കളും മറ്റും നല്ലവണ്ണം ശ്രദ്ധിക്കണം. കാരണം ഇവര്‍ മിക്കപ്പോഴും ആകാംക്ഷാഭരിതരും പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരുമായിരിക്കും. സ്ക്കൂള്‍ ഫോബിയയുളള കുട്ടികള്‍ സ്ക്കൂളില്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍തന്നെ പരിഭ്രാന്തിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാറുണ്ട്.

സ്ക്കൂള്‍ഭയമുളള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ 59% പേര്‍ അഞ്ച് മുതല്‍ ഏഴ് വരെ പ്രായമുളളവരും, 32% പേര്‍ എട്ട് മുതല്‍ പത്ത് വരെ പ്രായമുളളവരും 9% പേര്‍ പതിനൊന്നോ അതില്‍ കൂടുതലോ പ്രായമുളളവരുമാണെന്ന് കാണിക്കുന്നു. വീടുവിട്ടുനില്‍ക്കാനുളള പേടി ഒന്നര മുതല്‍ രണ്ട് വയസ്സുവരെ പ്രായമുളള കുട്ടികളിലാണ്  സാധാരണ കണ്ടുവരുന്നത്. അക്കാലത്ത് മാതാപിതാക്കളില്‍നിന്നും വിട്ടുനില്‍ക്കുമ്പോള്‍ കുട്ടികള്‍ കരയുകയും മറ്റും ചെയ്യും. എന്നാല്‍ കുട്ടികള്‍ വളരുന്തോറും ഈ പ്രശ്നവും നിലനിന്നാല്‍ അതൊരു രോഗാവസ്ഥയായി മാറുന്നു. ഇക്കൂട്ടരുടെ രക്ഷിതാക്കള്‍ മിക്കപ്പോഴും വളരെ സ്നേഹവും ശ്രദ്ധയുമുളളവര്‍ ആയിരിക്കുമെങ്കിലും അവര്‍ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെപ്പറ്റി സാധാരണയില്‍  കൂടുതലായി ചിന്തിക്കുന്നവരാകും. രക്ഷിതാക്കളുടെ ഈ സ്വഭാവം കാരണം ചില കുട്ടികള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്ക്കൂള്‍ ജീവിതവുമായി പൊരുത്തപ്പെടാനാകാതെ വരുന്നു. പെണ്‍കുട്ടികളില്‍ കൂടുതലായി  കാണപ്പെടുന്ന ഈ ഭയം ഉയര്‍ന്ന സാമ്പത്തിക വര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്.  ഏറ്റവും ഇളയകുട്ടികളിലും സഹോദരങ്ങളില്ലാത്ത ഒറ്റ കുട്ടികളിലും ഗുരുതരമായ ശാരീരിക രോഗമുളളവരിലുമാണ് സ്ക്കൂള്‍ ഫോബിയ ഏറ്റവും കൂടുതലായി കാണുന്നത്.

സ്ക്കൂള്‍ ഫോബിയക്കാര്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും സ്ക്കൂളില്‍ പോകാന്‍ മടിക്കുന്നതുകൊണ്ട്  ഒട്ടേറെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നു. സ്ക്കൂളില്‍ പോകുന്നതിനെക്കുറിച്ച് പറയുമ്പോള്‍തന്നെ പേടിയും സങ്കടവും കാണിക്കുന്നവരെയും പലതരത്തിലുളള അസുഖലക്ഷണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരെയും രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കണം.

സ്ക്കൂള്‍ ഫോബിയയുടെ ലക്ഷണങ്ങള്‍

  1. ഇടയ്ക്കിടെയുളള വയറുവേദന, കൈകാല്‍ വേദന, തൊണ്ടവേദന, തലചുറ്റല്‍, മോഹാലസ്യം, പനി, മനംപിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, തളര്‍ച്ച,  തലവേദന, കരച്ചില്‍, മാതാപിതാക്കളെ പിരിയേണ്ടിവരുമ്പോള്‍ അതിരു കവിഞ്ഞ ഉത്കണ്ഠ, അച്ഛനേയും അമ്മയേയും അളളിപ്പിടിച്ചിരിക്കുക, പിടിവാശി
  2. വീടുവിട്ടുപോകാന്‍ വിഷമവും പേടിയും 
  3. ഒരു മുറിയില്‍ ഒറ്റയ്ക്കിരിക്കാനുളള പേടി, ഇരുട്ടിനോടുളള പേടി
  4. ഉറക്കം കിട്ടാനുളള  വിഷമം, പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ 
  5. മൃഗങ്ങള്‍, ഭൂതപ്രേതങ്ങള്‍, സ്ക്കൂള്‍ എന്നിവയെക്കുറിച്ചുളള അമിതഭയം
  6. തന്റെയും മറ്റുളളവരുടെയും സുരക്ഷയെപ്പറ്റി എപ്പോഴുമുളള ചിന്തകള്‍

കാരണങ്ങള്‍

സ്ക്കൂള്‍ ഫോബിയയുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ വീടിനെയും സ്ക്കൂളിനെയും ഒരേപോലെ കണക്കിലെടുക്കണം.

വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍

  1. വീട് മാറ്റം, രോഗങ്ങള്‍, മാതാപിതാക്കളില്‍നിന്നും പിരിഞ്ഞുനില്‍ക്കുന്ന അവസ്ഥ, വിവാഹമോചനം നേടിയ മാതാപിതാക്കള്‍, മരണം, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍.
  2. ചില ശാരീരിക രോഗങ്ങള്‍ കാരണം ദീര്‍ഘകാലം സ്ക്കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥ
  3. വീട്ടില്‍നിന്ന് രക്ഷിതാക്കളുടെ അമിത ശ്രദ്ധ ലഭിക്കല്‍
  4. വീട്ടില്‍നിന്നും വിട്ടുനില്‍ക്കുന്നത് അപകടമാണെന്ന് ആവര്‍ത്തിച്ചു പറയുന്ന രക്ഷിതാക്കള്‍
  5. വീട്ടില്‍ പഠനത്തേക്കാളുപരി വിനോദങ്ങള്‍ക്കും കളികള്‍ക്കും (ടിവി, വീഡിയോ ഗെയിംസ്, കളിപ്പാട്ടങ്ങള്‍)))) അവസരം ലഭിക്കല്‍
  6. വീട്ടില്‍ വരാനിരിക്കുന്ന എന്തെങ്കിലും ദുരന്തത്തെക്കുറിച്ചുളള  ആശങ്ക
  7. തന്റെ അഭാവത്തില്‍ കുടുംബത്തിലെ ഒരംഗം മറ്റൊരാളെ ആക്രമിക്കുമോയെന്ന ഭയം
  8. അയല്‍ക്കാരുടെ ആക്രമണം, കൊടുങ്കാറ്റ്, വെളളപ്പൊക്കം, തീപ്പിടുത്തം എന്നിവയെക്കുറിച്ചുളള ഭയം.

 സ്ക്കൂളിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍

  1. അദ്ധ്യാപകരുടെ കുറ്റപ്പെടുത്തല്‍, പരിഹാസം, ശിക്ഷകള്‍ എന്നിവയെക്കുറിച്ചുളള ഭയം
  2. പഠനത്തിലുളള പ്രയാസങ്ങള്‍, ഉച്ചത്തില്‍ വായിക്കാനുളള ഭയം, പരീക്ഷയെക്കുറിച്ചുളള ഭയം, മോശം മാര്‍ക്ക് ലഭിക്കല്‍, പഠനത്തിലും പാഠ്യേതര പ്രവൃത്തികളിലും മോശം പ്രകടനം, ചോദ്യം ചോദിച്ചാല്‍ മറ്റുളളവരുടെ മുമ്പില്‍വെച്ച് ഉത്തരം പറയേണ്ടി വരുമോയെന്ന ആശങ്ക. തന്റെ ശരീരപ്രകൃതി, ഉയരം, വസ്ത്രധാരണം, തൂക്കം എന്നിവയെക്കുറിച്ച് മറ്റുളളവര്‍ പുച്ഛിക്കുമോ എന്ന പേടി.
  3. ഒരു പ്രത്യേക പാട്ട് പാടാനോ, പ്രത്യേക കളിയില്‍ ഏര്‍പ്പെടാനോ, സ്ക്കൂള്‍ അസംബ്ളിയില്‍ പങ്കെടുക്കാനോ, ഭക്ഷണമുറിയിലിരുന്ന് ആഹാരം കഴിക്കാനോ, സഹപാഠികളുടെ മുന്നില്‍വെച്ച് വസ്ത്രം മാറാനോ ഉളള വിഷമം.
  4. കായിക മത്സരങ്ങളിലെ മോശം പ്രകടനം. കായിക ടീമില്‍ താന്‍ അവസാനക്കാരനാകുമോ, മറ്റുളളവര്‍ പരിഹസിക്കുമോ എന്ന ഭയം.
  5. മറ്റുളളവരോട് പെരുമാറാന്‍ അറിയാത്തതുകൊണ്ട് സമൂഹജീവിതത്തിന് താന്‍ കൊളളരുതാത്തവനാണെന്ന തോന്നല്‍
  6. സഹപാഠികളില്‍നിന്നുളള ഉപദ്രവവും, കളിയാക്കലും, ഭീഷണിയും
  7. പുതിയ സ്ക്കുളുമായി ഒത്തുപോകാനുളള പ്രയാസം
  8. സ്ക്കൂളിലെ ടോയ്ലറ്റ് സൌകര്യങ്ങളെപ്പറ്റിയുളള ആശങ്ക
  9. സ്ക്കൂളിലെ പുതിയ കാര്‍പെറ്റ്, വൃത്തിയാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍, വേണ്ടവിധത്തില്‍ വായുസഞ്ചാരമില്ലാത്ത ക്ളാസ്മുറികള്‍ എന്നിവയെക്കുറിച്ചുളള ആശങ്ക.

സാധാരണയായി രക്ഷിതാക്കള്‍ കര്‍ശനമായി നിര്‍ബന്ധിക്കുന്നതു വരെ  മാത്രമേ സ്ക്കൂളില്‍ പോകില്ലെന്ന് കുട്ടികള്‍ വാശിപിടിക്കാറുളളൂ. എന്നാല്‍ ഈ പ്രശ്നം തുടര്‍ന്നും നിലനില്‍ക്കുന്നുവെങ്കില്‍ രക്ഷിതാക്കള്‍ സ്ക്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കണം. ഇതു വൈകിയാല്‍ കുട്ടികള്‍ക്ക് മോശമായ പഠനനിലവാരം, മറ്റു കുട്ടികളുമായി ഇടപഴകാന്‍ കഴിയായ്ക, ദൈനംദിന പ്രവൃത്തികളിലെ പോരായ്മകള്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഭാവിയില്‍ അതിമ ഉത്കണഠാരോഗം, പാനിക് അറ്റാക്ക്, മറ്റു മാനസിക രോഗങ്ങള്‍ എന്നിവ ഉണ്ടാവുകയും ചെയ്യാം. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളില്‍ കാണപ്പെടുകയാണെങ്കില്‍ അത് സ്ക്കൂള്‍ ഫോബിയയാണെന്ന് നേരത്തെ തന്നെ കണ്ടെത്തുകയും, പ്രശ്നത്തിന്റെ കാരണം കണ്ടെത്തുകയുമാണ് പരിഹാരത്തിനുളള ഏക മാര്‍ഗം. രക്ഷിതാക്കളും സ്ക്കൂള്‍ അധികൃതരും യോജിച്ചു ചെയ്യേണ്ട കാര്യമാണിത്.

രക്ഷിതാക്കള്‍ക്ക് ചെയ്യാനുളളത്

  1. കുട്ടിയുടെ മാനസിക/ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് അധ്യാപകരെ വിശദമായി അറിയിക്കുക
  2. കുട്ടിക്ക് സ്വയം തോന്നുന്ന രോഗഭീതിയകറ്റാന്‍ ഡോക്ടറെ കാണിച്ച്  അത്തരം രോഗം ഇല്ലെന്ന ഉറപ്പ് കുട്ടിയില്‍ ഉണ്ടാക്കുക.
  3. കുട്ടിയുടെ സംസാരത്തില്‍നിന്നും സ്ക്കൂളില്‍ പോകാതിരിക്കാനുളള കാരണം കണ്ടെത്തുക
  4. അധ്യാപകരുമായും സ്ക്കൂളിലെ കൌണ്‍സിലര്‍മാരുമായും മന:ശാസ്ത്രജ്ഞനുമായും കുട്ടിയുടെ പ്രശ്നങ്ങള്‍ വിശദമായി സംസാരിക്കുക
  5. സ്ക്കൂളിലെയോ വീട്ടിലെയോ അന്തരീക്ഷവുമായി കുട്ടിക്ക് പൊരുത്തപ്പെടാന്‍ സാധിക്കാത്ത എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാനുളള ഒരു പദ്ധതി തയ്യാറാക്കുക.

 സ്ക്കൂള്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍

  1. ടീച്ചറും സ്ക്കൂളിലെ കൌണ്‍സിലറും കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുക
  2. സ്ക്കൂളിനെക്കുറിച്ചുളള ഉല്‍കണ്ഠ ഒഴിവാക്കാനായി അദ്ധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ കുട്ടികളെയും രക്ഷിതാക്കളെയും പ്രവേശനകവാടത്തില്‍നിന്ന് സ്വീകരിച്ച് ക്ളാസിലെത്തിക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കുക
  3. സ്ക്കൂളിലെ നഴ്സുമാരുമായോ, ആയമാരുമായോ കുട്ടിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ കുട്ടിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരെ ക്ളാസ്സിലിരുത്താനാകും.
  4. തങ്ങള്‍ക്കുളള കഴിവുകളെപ്പറ്റി കുട്ടികളെ ബോധവല്‍ക്കരിച്ച് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തി കഴിവുകള്‍ തെളിയിക്കാന്‍ അവസരം നല്‍കുക.
  5. കുട്ടികള്‍ക്ക് വിഷമവും സന്തോഷവുമുണ്ടാക്കുന്ന പ്രവൃത്തികള്‍ തിരിച്ചറിയുക
  6. സ്ക്കൂളിലെ ചില കുട്ടികള്‍ മറ്റുളളവരെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കുക
  7. സ്ക്കൂള്‍ ഫോബിയയുളളവരെ അവര്‍ക്കിഷ്ടപ്പെട്ട കൂട്ടുകാരുടെ കൂടെ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുളള കൌണ്‍സിലിംഗ് കൊടുക്കുക
  8. കുട്ടികളുടെ പഠനനിലവാരത്തിനനുസരിച്ചുളള പഠന പ്രവര്‍ത്തികള്‍ നല്‍കുക
  9. പഠനനിലവാരം താഴ്ന്നവര്‍ക്ക് പ്രത്യേക പഠനസൌകര്യങ്ങളൊരുക്കുക
  10. സ്വഭാവം മെച്ചപ്പെടുത്തുന്നതിനനുസരിച്ച് കുട്ടികള്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക.

വീട്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍

സ്ക്കൂള്‍ ഫോബിയക്കാരെ വീടുകളില്‍ സാധാരണ കുട്ടികളെ പോലെത്തന്നെ വേണം പരിഗണിക്കാന്‍..

സ്ക്കൂള്‍ ഫോബിയക്കാരെ വീടുകളില്‍ സാധാരണ കുട്ടികളെ പോലെത്തന്നെ വേണം പരിഗണിക്കാന്‍ . എന്നാല്‍ ഇത്തരക്കാര്‍ മിക്കവാറും തന്നെ രക്ഷിതാക്കളോടൊപ്പമല്ലാതെ പുറത്തിറങ്ങില്ല. അത്തരക്കാരെ രക്ഷിതാക്കള്‍ പുറത്തു കൊണ്ടുപോയില്ലെങ്കില്‍ അവരുടെ ലോകം വീടിനുളളില്‍തന്നെ ഒതുങ്ങിപ്പോകും. സ്ക്കൂള്‍ ഫോബിയക്കാരെ രക്ഷിതാക്കളുടെകൂടെയോ അല്ലാതെയോ കുറച്ചുസമയമെങ്കിലും പുറത്തു കൊണ്ടുപോകുന്നത് താഴെപറയുന്ന വിധത്തില്‍ അവരെ സഹായിക്കും.

  1. കുട്ടിയില്‍ ആത്മവിശ്വാസം വളരുന്നു. കുട്ടിയുടെ പ്രശ്നങ്ങള്‍ പെട്ടെന്നു തന്നെ ഭേദമാകുമെന്ന് ആവര്‍ത്തിച്ചു പറയാന്‍ അവസരം ലഭിക്കുന്നു.
  2. ശരിയായ ചിന്തയില്‍നിന്നുണ്ടാകുന്നതല്ല  കുട്ടിയുടെ ഭയമെന്ന് അവനെ/അവളെ പറഞ്ഞു മനസ്സിലാക്കാനുളള അവസരം ലഭിക്കുന്നു.
  3. സ്ക്കൂളില്‍ പോകാനുളള ധൈര്യമുളളവരാണെന്നും ഇതുപോലുളള പ്രശ്നങ്ങള്‍ മറ്റു കുട്ടികള്‍ക്കും ഉണ്ടാകുമെന്നും അവര്‍ അവയെ നിസ്സാരമായിക്കാണുന്നതാണെന്നും പറയാനുളള അവസരം.
  4. കുട്ടി പരസഹായമില്ലാതെ സ്ക്കൂളില്‍ പോകുന്നതില്‍ തങ്ങള്‍ അഭിമാനം കൊളളുന്നവരാണെന്ന് പറയാനുളള അവസരം.
  5. കുട്ടികളെ വളരെയധികം സ്നേഹിക്കുന്നുവെന്ന് പറയാനുളള സന്ദര്‍ഭം
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ഇനിയും ചില കാര്യങ്ങള്‍ -
  1. ദിനചര്യ കൃത്യമായി പാലിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുക. ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും കൃത്യമായി പാലിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുക
  2. സ്ക്കൂള്‍ ദിനങ്ങളില്‍  ആനന്ദം കണ്ടെത്താനും, സ്ക്കൂളില്‍ പോകാന്‍ താല്‍പര്യം  ലഭിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക
  3. കുട്ടിയുടെ മനസ്സിലുളള ഭയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച് അതൊഴിവാക്കാനും അത്തരം സാഹചര്യങ്ങളെ നേരിടാനും കുട്ടിയെ സഹായിക്കുക.
  4. സ്ക്കൂളില്‍ പോകാതെ വീട്ടിലിരുന്ന് കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ അനുവദിക്കരുത്.
  5. കുട്ടിയെ സ്ക്കൂളിലേക്ക് കൊണ്ടുപോകാന്‍ ഒരു സഹപാഠിയെ ഏര്‍പ്പാടാക്കുക
  6. കുട്ടിയുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അവയെ ധൈര്യമായി നേരിടാനും  സഹായിക്കുന്ന പുസ്തകങ്ങള്‍ വായിപ്പിക്കുക
  7. സഹപാഠികളുമായുളള സൌഹൃദത്തിന് അവസരമൊരുക്കുക
  8. കുട്ടി സ്ക്കൂളില്‍പോയാലും കുടുംബാംഗങ്ങള്‍ക്ക് ഒന്നും പറ്റില്ലെന്ന് കുട്ടിയെ സ്നേഹപൂര്‍വ്വം പറഞ്ഞുമനസ്സിലാക്കുക
  9. മനസ്സിന് ശാന്തി ലഭിക്കുന്ന യോഗ പോലുളള വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക

കുട്ടിയെ എല്ലാ ദിവസവും സ്ക്കൂളില്‍ എത്തിക്കലാണ് ഈ പ്രവൃത്തികളുടെയെല്ലാം ലക്ഷ്യം. കുട്ടിക്ക് സ്ക്കൂളിനോട് ഇഷ്ടമുണ്ടാക്കുന്ന പ്രവൃത്തികളിലൂടെ സ്വാഭാവികമായും കുട്ടിക്ക് സ്ക്കൂളില്‍ പോകാനുളള താല്‍പര്യമുണ്ടാകും. ഇതുകൊണ്ടൊന്നും പ്രയോജനമില്ലെങ്കില്‍ ഒരു സൈക്കോളജിസ്റിന്റെയോ സൈക്യാട്രിസ്റിന്റെയോ സഹായം തേടുന്നതാകും നല്ലത്.

കാലം ചെല്ലുന്തോറും സ്ക്കൂള്‍ ഫോബിയ ചികിത്സിച്ചു ഭേദമാക്കാനും വിഷമമാണ്. 

കാലം ചെല്ലുന്തോറും സ്ക്കൂള്‍ ഫോബിയ ചികിത്സിച്ചു ഭേദമാക്കാനും വിഷമമാണ്. സ്ക്കൂള്‍ ഫോബിയക്കാരെ ചികിത്സിക്കാന്‍ ഒട്ടേറെ ചൈല്‍ഡ്, അഡോളസന്‍റ് മെന്റല്‍ ഹെല്‍ത്ത് സേവന കേന്ദ്രങ്ങള്‍ ഇന്നുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയുടെ അദ്ധ്യാപകരോ, കുടുംബ ഡോക്ടറോ അവരെ ഇത്തരം സേവനകേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കേണ്ടത് അനിവാര്യമാണ്. 

Image courtesy: http://en.wikinoticia.com

Leave Comments