By ഡോ. സുരേഷ് കുമാര്‍ പി.എന്‍. on Thursday, 01 May 2014
Category: പാനിക് ഡിസോര്‍ഡര്‍

പാനിക് ഡിസോര്‍ഡര്‍

22 വയസ്സ് പ്രായമുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റനോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നു. പ്രത്യേകിച്ച് യാതൊരു ശാരീരിക രോഗങ്ങളോ, മാനസികരോഗങ്ങളോ മറ്റ് ടെന്‍ഷനുകളോ ഇല്ലാത്ത ശ്രീലതയ്ക്ക് പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപെട്ടു. ഇപ്പോള്‍ തന്നെ മരിച്ചുപോകും എന്ന പരിഭ്രാന്തി മൂലം ശ്രീലത ഉടനെ തന്നെ ബസ്സില്‍ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് സമീപത്തുള്ള ആശുപത്രിയിലെ അത്യാസന്നവിഭാഗത്തില്‍ എത്തി. ഉടന്‍ തന്നെ ശ്രീലതയെ രക്തം, മൂത്രം, ബ്ളഡ്, ഷുഗര്‍, ഇ.സി.ജി എന്നിങ്ങനെ നിരവധി പരിശോധനകള്‍ക്ക് വിധേയയാക്കുകയും അതിലൊന്നും പ്രശ്നമില്ല എന്നു കാണുകയും ചെയ്തു. പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയങ്ങള്‍ക്കുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും പേടിക്കാനൊന്നുമില്ല എന്ന ഡോക്ടറുടെ ആശ്വാസവാക്കുകളോടെ ശ്രീലത തിരിച്ച് ജോലിക്ക് പോകുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തരത്തിലുള്ള ഭീതിജനകമായ അവസ്ഥ തുടരെത്തുടരെ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം ശ്രീലതയ്ക്ക് അനുഭവപ്പെടുകയും തന്‍മൂലം പുറത്ത് ഇറങ്ങാനുള്ള പേടി മൂലം ശ്രീലതയ്ക്ക് ജോലി രാജി വെയ്ക്കേണ്ടതായും വന്നു. തന്റെ ഹൃദയത്തിന് കഠിനമായ എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്ന തോന്നലാല്‍ കടുത്ത നിരാശ ബാധിച്ച ശ്രീലത നിരവധി ഡോക്ടര്‍മാരെ സന്ദര്‍ശിച്ചതിന് ശേഷം അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം ഹാര്‍ട്ട് അറ്റാക്ക് അല്ല പാനിക് അറ്റാക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടു കൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റ് ചികിത്സകള്‍ കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടുകയും എവിടേയും സധൈര്യം തനിയെ പോകുവാന്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?

ഒരു വ്യക്തിയ്ക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളോ, ശാരീരികപ്രശ്നങ്ങളോ ഒന്നും തന്നെ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്ക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഒരു കള്ളനോ കൊലപാതകിയോ ഒരു ആയുധവുമായി ആക്രമിക്കാന്‍ വന്നാല്‍ സ്വാഭാവികമായി ആരും ഭയന്നുപോകും. ഇത്തരത്തിലുള്ള പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉണ്ടാകുന്ന കഠിനമായ അവസ്ഥയാണ് പാനിക് അറ്റാക്ക്. വ്യക്തി വാഹനമോടിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ, വിശ്രമിക്കുമ്പോഴോ ഈ അവസ്ഥ അനുഭവപ്പെടാം. ഈ അവസ്ഥയുടെ മൂര്‍ദ്ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ്മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈ കാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.  ചിലരില്‍ ഈ അവസ്ഥ ഒരു ദിവസം തന്നെ പലപ്രാവശ്യം ആവര്‍ത്തിക്കാറുണ്ട്. മറ്റു ചിലരില്‍ ഇത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ ആവര്‍ത്തിക്കാറുള്ളൂ.

ഉറങ്ങുന്ന സമയത്ത് പോലും പരിഭ്രമലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇത്തരം രോഗികള്‍ എല്ലായ്പ്പോഴും അമിതമായ ആശങ്ക പ്രകടിപ്പിക്കുന്നു. അവരുടെ മാനസിക സംഘര്‍ഷത്തെ കുറിച്ചും മാനസികവിഷമങ്ങളെക്കുറിച്ചും മാത്രമായിരിക്കില്ല അവര്‍ ചിന്തിക്കുന്നത്. മറിച്ച്  തങ്ങളുടെ ചേഷ്ടകള്‍ കണ്ടാല്‍ മറ്റുള്ളവര്‍ കൂടി ഭയപ്പെടുമോയെന്നും അവര്‍ ചിന്തിക്കുന്നു. മനസ്സില്‍ എപ്പോഴും ഈ ഭയവുംപേറി നടക്കുന്നവര്‍ പൊതുസ്ഥലങ്ങളില്‍ നിന്നും, പ്രത്യേകിച്ചും തിക്കും തിരക്കുമുള്ള സ്ഥലങ്ങളില്‍ നിന്നും, വിട്ടുനില്‍ക്കുന്നതില്‍ അത്ഭുതമില്ല.

പാനിക് ഡിസോര്‍ഡറിന്റെ വ്യാപ്തി

സമൂഹത്തില്‍ 1.5 മുതല്‍ 3.5 ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അസുഖം മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സമൂഹത്തില്‍ 1.5 മുതല്‍ 3.5 ശതമാനം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അസുഖം മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളില്‍ ഇതിന് സാദ്ധ്യത പുരുഷന്മാരേക്കാള്‍ രണ്ടിരട്ടിയാണ്. ഏകദേശം 25 വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

വിവാഹമോചനം, തൊഴില്‍ നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. എന്നാല്‍ ചെറുപ്പകാലത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചുവരികയാണ്. പാനിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ മറ്റു മാനസികരോഗങ്ങള്‍ക്കുള്ള സാദ്ധ്യതയും കൂടുതലാണ്. ചിലരെങ്കിലും സ്വയംചികിത്സക്കായി മദ്യവും ഉറക്കഗുളികകളും അമിതമായി ഉപയോഗിച്ച് അതിന് അടിമപ്പെടാറുണ്ട്.

പാനിക് ഡിസോര്‍ഡറിന്റെ കാരണങ്ങള്‍

ഈ അസുഖത്തിനുള്ള ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്‍റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍സ്റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്നീ ഭാഗങ്ങളാണ് ഉത്ക്കണ്ഠയെ നിയന്ത്രിക്കുന്നത്. പാനിക് ഡിസോര്‍ഡര്‍ ഒരു പാരമ്പര്യരോഗമായി വരാനുള്ള സാദ്ധ്യത 4‏8 ശതമാനം വരെയാണ്.

എന്താണ് അഗോറഫോബിയ?

ഒറ്റപ്പെട്ട സ്ഥലങ്ങളിലോ, തിക്കിലും തിരക്കിലോ അകപ്പെട്ടു പോയാല്‍ പാനിക് അറ്റാക്ക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയം കാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് അഗോറഫോബിയ. ഈ അവസ്ഥയില്‍ രോഗിക്ക് പുറത്ത് പോകാനും എന്തിന് ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും അകമ്പടിയായി മറ്റൊരു വ്യക്തിയുടെ സഹായം വേണ്ടിവരും. ഇത്തരം ഘട്ടത്തില്‍ രോഗിക്ക് ജോലിയില്‍ നിന്നും അവധി എടുക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. പാനിക് ഡിസോര്‍ഡര്‍ ദീര്‍ഘകാലം നീണ്ടുനിന്നാല്‍ പലരിലും ഈ അവസ്ഥ കൂടി ഉണ്ടാകാം.

അസുഖ ലക്ഷണങ്ങള്‍

താഴെ പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം.

  1. കാരണം കൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്
  2. വിയര്‍പ്പ്
  3. വിറയല്‍
  4. ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍
  5. നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ
  6. വയറ്റില്‍ കാളിച്ച, മനം പിരട്ടല്‍
  7. തലചുറ്റുന്നതുപോലെയുള്ള തോന്നല്‍
  8. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍
  9. നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍
  10. ഉടന്‍ മരിച്ചുപോകുമോയെന്ന പേടി
  11. കൈകാലുകളിലും മറ്റു ശരീര ഭാഗങ്ങളിലും മരവിപ്പും ചൂടു വ്യാപിക്കലും.

പാനിക് ഡിസോര്‍ഡര്‍ എങ്ങിനെ കണ്ടുപിടിക്കാം?

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും (ഉദാഹരണം- ഹൃദയാഘാതം, ആസ്ത്മ, തൈറോയ്ഡ് രോഗങ്ങള്‍, അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യം, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുക, അപസ്മാരം) ഉണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന ഉറപ്പുവരുത്തുവാന്‍ വേണ്ട വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരിലും പാനിക് അറ്റാക് കൂടുതല്‍ കണ്ടുവരുന്നു. ആസ്ത്മക്കുള്ള മരുന്നുകള്‍ പോലെ ചില ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളും പാനിക് അറ്റാക്ക് ഉണ്ടാക്കാറുണ്ട്. വിശദമായ ശാരീരിക-മാനസിക പരിശോധനകളിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്ന് തെളിഞ്ഞാല്‍ ഒരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയായിരിക്കും അഭികാമ്യം.

ചികിത്സ

മനോരോഗ വിദഗ്ദരുടെ ചികിത്സാ രീതി താഴെപറയും വിധത്തിലായിരിക്കും. 

ഔഷധ ചികിത്സ

മറ്റേത് ശാരീരിക മാനസിക രോഗങ്ങളെയും പോലെ പാനിക് ഡിസോര്‍ഡറും ഫലപ്രദമായി നിയന്ത്രിക്കാന്‍ നിരവധി ഔഷധങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്റിഡിപ്രസന്റ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദരോഗമുള്ളവര്‍ക്കും അഗോറഫോബിയയുള്ളവര്‍ക്കും ഇവ വളരെ ഫലപ്രദമാണ്. ഫ്ളൂവോക്സെറ്റിന്‍ , ഫ്ളൂവോക്സമിന്‍, സെര്‍ട്രാലിന്‍, പരോക്സെറ്റിന്‍, എസ്സിറ്റലോപ്രാം, വെന്‍ലാഫാക്സിന്‍ തുടങ്ങിയ നവീനമരുന്നുകള്‍ തീരെ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും അതേസമയം കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്. പഴയകാല മരുന്നുകളായ അമിട്രിപ്റ്റിലിന്‍, ഇമിപ്രമിന്‍ എന്നിവ വായ ഉണക്കം, മയക്കം, ശോധനകുറവ് എന്നീ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതിനാല്‍ ഇപ്പോള്‍ അത്രയധികം ഉപയോഗിക്കാറില്ല. ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ കുറഞ്ഞത് മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താല്ക്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ളോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു.

ദീര്‍ഘകാലം ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഇവയോട് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഇത്തരം മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ പാനിക് അറ്റാക് മൂര്‍ഛിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ച് കൊണ്ട് വന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. 

കോഗ്നിറ്റീവ് - ബിഹേവിയര്‍ തെറാപ്പി

കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയോടൊപ്പം മരുന്നുകള്‍ കൂടി ഉപയോഗിക്കുകയാണെങ്കില്‍ മിക്ക രോഗികള്‍ക്കും കാര്യമായ പുരോഗതി കാണാറുണ്ട്.

മരുന്നിലൂടെയല്ലാതെ മന:ശാസ്ത്രപരമായ സമീപനത്തിലൂടെയും നിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്ന കാരണങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും അവയെ എങ്ങിനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റ് വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയോടൊപ്പം മരുന്നുകള്‍ കൂടി ഉപയോഗിക്കുകയാണെങ്കില്‍ മിക്ക രോഗികള്‍ക്കും കാര്യമായ പുരോഗതി കാണാറുണ്ട്. കൃത്യമായ ചികിത്സ ദീര്‍ഘകാലം തുടര്‍ന്നാല്‍ 30-40 ശതമാനം പേര്‍ക്കും ഏകദേശം പൂര്‍ണ്ണമായ രോഗശമനം ലഭിക്കാറുണ്ട്. എന്നാല്‍ പകുതിയോളം പേരില്‍ പൂര്‍ണ്ണമായ രോഗശമനം ലഭിച്ചില്ലെങ്കിലും ശരിയായ ചികിത്സ ലഭിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ ദൈനംദിനജീവിതത്തെ ബാധിക്കാതെ മുന്നോട്ട് പോകാവുന്നതാണ്.

രോഗം പൂര്‍ണ്ണമായും തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കിലും കാപ്പിയിലടങ്ങിയ കഫീന്‍, മദ്യം, പുകവലി, കോള എന്നിവ കുറയുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാനായി സാധിക്കും.

Image courtesy: http://www.squidoo.com/cure_panicattacks

Leave Comments