പതിനാറുകാരനായ വിപിന്‍ അച്ഛനമ്മമാരുടെ ഏക സന്താനമാണ്. അച്ഛന്‍ ഗൾഫില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥൻ. വീട്ടില്‍ വിപിനും അമ്മയും മാത്രം. പത്താം ക്ലാസ്സ് പരീക്ഷ അടുത്തപ്പോള്‍ വിപിന്‍ അമ്മയോട് പറഞ്ഞു: "എനിക്ക് ബൈക്ക് വാങ്ങിത്തരണം." മകന്റെ ആവശ്യങ്ങളൊക്കെ സാധിച്ചു കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അമ്മ മറുപടി നല്‍കി: ‘നീ എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടിയാല്‍ ബൈക്ക് വാങ്ങിത്തരാം’.
പരീക്ഷ കഴിഞ്ഞു. റിസല്‍ട്ട് വന്നപ്പോള്‍ വിപിന് എല്ലാ വിഷയത്തിനും എ ഗ്രേഡുണ്ട്. ഉടന്‍ തന്നെ ബൈക്ക് വാങ്ങിത്തരണമെന്ന് അവന്‍ അമ്മയോടാവശ്യപ്പെട്ടു. അമ്മ വിവരം അച്ഛനെ അറിയിച്ചു. അച്ഛന്റെ മറുപടി ശക്തമായിരുന്നു: "അവന് ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് കിട്ടാന്‍ പ്രായമായില്ല. അതുകൊണ്ട് ബൈക്ക് വാങ്ങിത്തരാന്‍ സാധ്യമല്ല."
അച്ഛന്റെ മറുപടി കേട്ട് വിപിന്‍ പൊട്ടിത്തെറിച്ചു: "എല്ലാ വിഷയത്തിനും എ ഗ്രേഡ് വാങ്ങിയാല്‍ ബൈക്ക് വാങ്ങിത്തരാമെന്നു നിങ്ങള്‍ പറഞ്ഞതല്ലേ. പറഞ്ഞ വാക്കിന് വില വേണം" - അവന്‍ അമ്മയോടാക്രോശിച്ചു. കണ്ണില്‍ക്കണ്ട സാധനങ്ങളൊക്കെ വാരിയെറിഞ്ഞു. ഭിത്തിയില്‍ കൈകൊണ്ട് പലതവണ ആഞ്ഞിടിച്ചു. മകനെ അനുനയിപ്പിക്കാന്‍ അമ്മ ആവുംവിധമൊക്കെ ശ്രമിച്ചു. എന്നാല്‍ മകന്റെ രോഷം വര്‍ധിക്കുകയായിരുന്നു. ഒടുവില്‍ അവന്‍ പ്രഖ്യാപിച്ചു: "ബൈക്കു കിട്ടാതെ ഞാനിനി സ്കൂളില്‍ പോകുന്ന പ്രശ്നമില്ല".
മകന്റെ വാശി പതിയെ മാറുമെന്നു കരുതി അമ്മ കാത്തിരുന്നു. എന്നാല്‍ വിപിന്‍ പിന്നെ സ്കൂളില്‍ പോകാന്‍ തയ്യാറായില്ല. ഉപദേശിക്കാന്‍ ശ്രമിച്ച അമ്മയോട് തട്ടിക്കയറി. അച്ഛന്‍ ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചിട്ട് അവന്‍ തയ്യാറായില്ല. ഇടക്കിടെ അമ്മയോട് വളരെ രോഷാകുലനായി പെരുമാറും. അപ്പോള്‍ അമ്മയെ തെറികള്‍ കൊണ്ടഭിസംബോധന ചെയ്യാന്‍ പോലും അവന് മടിയില്ല. ബന്ധുക്കള്‍ പലരും വിപിനോട് സംസാരിക്കാന്‍ ശ്രമിച്ചു. അവന്‍ വഴങ്ങിയില്ല. രാവിലെ തൊട്ട് വൈകുന്നേരം വരെ ടി.വി.യുടെ മുന്നില്‍ ചടഞ്ഞുകൂടുന്ന വിപിന്‍ വൈകിട്ട് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പോകും. എന്നാല്‍ സുഹൃത്തുക്കള്‍ "സ്കൂളില്‍ വരാത്തതെന്ത്" എന്നു ചോദിച്ചാല്‍ അവന്‍ ദേഷ്യപ്പെടും.
ഈ അവസ്ഥ ആറേഴുമാസം പിന്നിട്ടപ്പോളാണ് വിപിന്റെ അമ്മ എന്നെ കാണാന്‍ വന്നത്. "ഒരു നിവൃത്തിയുമില്ല സാറേ, കൌണ്‍സലിംഗിനു വിളിച്ചാലൊന്നും അവന്‍ വരുന്നില്ല. എനിക്കെന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. അവന്റെ അച്ഛന് കമ്പനിയില്‍നിന്ന് ലീവും കിട്ടുന്നില്ല". ആ സ്ത്രീ എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു.
നിഷേധികള്‍
മേല്‍പ്പറഞ്ഞ സംഭവത്തിനോട് സാമ്യമുള്ള പലതും നമ്മുടെ നാട്ടില്‍ പല കുടുംബങ്ങളിലും അരങ്ങേറുന്നുണ്ട്. പൊതുവേ നല്ല ശീലക്കാരനായ കുട്ടി അച്ഛനമ്മമാരോടു മാത്രം തികഞ്ഞ നിഷേധാത്മകഭാവം കാട്ടുന്നു. മറ്റുള്ളവരോട് മാന്യമായി പെരുമാറുന്ന ഇവര്‍ വീട്ടില്‍ മാത്രം വലിയ പ്രശ്നക്കാരാകുന്നു. തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഏതെങ്കിലും അദ്ധ്യാപകനോടും ഇവര്‍ വഴക്കിട്ടെന്നുവരും. ഈ അവസ്ഥയെയാണ് ‘ഒപ്പോസിഷണല്‍ ഡിഫയന്റ് ഡിസോഡര്‍’ (Oppositional Defiant Disorder - ODD) എന്നു വിളിക്കുന്നത്.
പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണിത് കൂടുതലായി കണ്ടുവരുന്നത്. സ്ഥായിയായ നിഷേധാത്മക സ്വഭാവം ആറ് മാസത്തിലേറെ നീണ്ടുനില്‍ക്കുകയും, അത് കുട്ടിയുടെ വിദ്യാഭ്യാസത്തേയും സാമൂഹ്യജീവിതത്തേയും ബാധിക്കുകയും ചെയ്താല്‍ ആ കുട്ടിക്ക് ODD ഉണ്ടെന്ന് കരുതാം. ഇത് സമയത്ത് പരിഹരിച്ചില്ലെങ്കില്‍ കുട്ടിയുടെ ഭാവിജീവിതത്തെ ദോഷകരമായി ബാധിക്കും.
നിഷേധികള്‍ ഉണ്ടാകുന്നത്
ഒരു കുട്ടി നിഷേധിയാകുന്നതിനു പിന്നില്‍ ജീവശാസ്ത്രപരവും, മാനസികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. അമിതദേഷ്യം, എടുത്തുചാട്ടം, ക്രിമിനല്‍ സ്വഭാവം തുടങ്ങിയവയുള്ള മാതാപിതാക്കളുടെ കുട്ടികളില്‍ ഈ സ്വഭാവം കൂടുതലായി കണ്ടുവരുന്നുണ്ട്. കുട്ടികളെ വളര്‍ത്തുന്ന രീതിയിലുള്ള പാളിച്ചകളും ഈ പ്രശ്നത്തിനു കാരണമാകുന്നുണ്ട്. പിതാവിന്റെ മദ്യപാനശീലം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, സാമ്പത്തിക വിഷമതകള്‍ എന്നിവയൊക്കെ ഇതിനു കാരണമായേക്കാം. തീരെ ചെറിയ പ്രായത്തില്‍ അമിതമായ വാശിയും നിര്‍ത്താതെയുള്ള കരച്ചിലും പ്രകടിപ്പിക്കുന്ന കുട്ടികളിലും വലുതാകുമ്പോള്‍ ODD ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്.ഒരു കുട്ടി നിഷേധിയാകുന്നതിനു പിന്നില്‍ ജീവശാസ്ത്രപരവും, മാനസികവും സാമൂഹികവുമായ കാരണങ്ങളുണ്ട്.
തീവ്രമായ ODD ഉള്ള പല കുട്ടികള്‍ക്കും നൈസര്‍ഗ്ഗികമായ നിര്‍ബന്ധബുദ്ധിയോടൊപ്പം കുടുംബപരമായ പ്രശ്നങ്ങളും കാണാറുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും പുതുമകള്‍ തേടുന്ന സ്വഭാവം (Novelty Seeking Behaviour) ഉള്ളവരായിരിക്കും. നിര്‍ഭയത്വം, എടുത്തുചാട്ടം, പരീക്ഷണ സ്വഭാവം എന്നിവയും ഇക്കൂട്ടര്‍ക്ക് കൂടുതലാണ്.
തെറ്റായ മാതൃകകള്‍ ചെറിയ പ്രായത്തിലേ കണ്ടുവളരുന്ന കുട്ടികള്‍ നിഷേധികളാകാന്‍ സാധ്യതയേറെയാണ്. അച്ഛന്റെ കുറ്റം എപ്പോഴും പറയുന്ന അമ്മയും, അമ്മയെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന അച്ഛനും പ്രശ്നങ്ങള്‍ വഷളാക്കുന്നു. തന്മൂലം രണ്ടുപേരോടും തെല്ലും ബഹുമാനം കുട്ടികളുടെ മനസ്സിലില്ലാതെ വരുന്നത് ഭാവിയില്‍ നിഷേധാത്മകസ്വഭാവത്തിലേക്ക് വഴിതെളിച്ചേക്കാം. ചെറുപ്പത്തിലെ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും അപ്പപ്പോള്‍ സാധിച്ചു കൊടുക്കുന്നതും അവരുടെ പിടിവാശിക്ക് അനായാസം വഴങ്ങുന്നതും നല്ലതല്ല. കുട്ടികളോട് ഒട്ടും സ്നേഹം പ്രകടിപ്പിക്കാത്ത രക്ഷിതാക്കളും ഈ അവസ്ഥയ്ക്ക് കാരണക്കാരാകാം. സ്നേഹം മനസിലൊളിപ്പിച്ചുവച്ച് പുറമേ വളരെ പരുക്കനായി പെരുമാറുന്നവര്‍ കോടികൾ ബാങ്കിലിട്ടിട്ട് യാചകജീവിതം നയിക്കുന്നവരെപ്പോലെയാണ്.
എങ്ങനെ തടയാം?
കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കിടുക, മദ്യപിക്കുക, അക്രമസ്വഭാവം കാട്ടുക എന്നിവ കര്‍ശനമായി ഒഴിവാക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. കുട്ടികളോടൊത്ത് ദിവസവും കുറച്ചുനേരമെങ്കിലും ചെലവിടാനും ശ്രദ്ധിക്കണം. സ്നേഹപ്രകടനങ്ങൾ തീർച്ചയായും ആവശ്യമാണ്. എന്നാൽ കുട്ടികൾ ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചു കൊടുക്കുന്ന പ്രവണത നല്ലതല്ല. വാങ്ങിക്കൊടുക്കാൻ കഴിയാത്തവ 'വാങ്ങിത്തരാൻ പറ്റില്ല' എന്നുപറയുന്നതിൽ തെറ്റില്ല. ചില കാര്യങ്ങൾ 'ഇന്നു വാങ്ങിത്തരില്ല, അടുത്തയാഴ്ച്ചയാകാം എന്നു പറയുന്നത് ആഗ്രഹപൂർത്തീകരണം മാറ്റിവക്കാനുള്ള (Delaying gratification) ശീലം വളർത്താൻ സഹായിക്കും. ക്ഷമയോടെ കാത്തിരിക്കാനും കുട്ടികൾ ഇതിലൂടെ പഠിക്കുന്നു. എന്നാൽ അവർ ആവശ്യപ്പെടാത്ത സമയങ്ങളിൽ അവർക്കിഷ്ടപ്പെട്ട സമ്മാനങ്ങൾ വാങ്ങി നല്‍കുന്നത് നല്ലതാണ്. ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ലെന്നും അപ്രതീക്ഷിതമായി നല്ലതുവരാമെന്നുമുള്ള യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ഈയനുഭവങ്ങൾ കുട്ടികളെ സഹായിക്കും. കുട്ടികളെ ശാസിക്കുമ്പോൾ മാതാപിതാക്കൾ ചില നിയന്ത്രണങ്ങൾ പാലിക്കുന്നത് നന്നാണ്. നിസ്സാരകാര്യങ്ങൾക്കുപോലും അടിക്കുന്നതും തുടർച്ചയായി ഏറെനേരം വഴക്കുപറയുന്നതും നന്നല്ല. ശാസിക്കുമ്പോൾ അങ്ങനെ ചെയ്യാനുള്ള കാരണമെന്താണെന്ന് കുട്ടിയെ പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. കുറച്ചുനേരം കഴിയുമ്പോൾ അവനോടു സ്നേഹം പ്രകടിപ്പിക്കാൻ മുൻകൈ എടുക്കുകയും വേണം. അതിഥികളുടെയും സഹപാഠികളുടെയും മുന്നില്‍വച്ച് കുട്ടിയെ അവഹേളിക്കാൻ പാടില്ല.
കുട്ടികളെ ശാസിക്കുമ്പോൾ മാതാപിതാക്കൾ ചില നിയന്ത്രണങ്ങൾ പാലിക്കുന്നത് നന്നാണ്.
ആഗ്രഹങ്ങൾ ഉടനടി സാധിച്ചു കൊടുക്കാത്തപ്പോൾ ഉറക്കെക്കരഞ്ഞും അക്രമം കാട്ടിയും കാര്യം നേടാൻ ശ്രമിക്കുന്ന വിരുതന്മാരുമുണ്ട്. ഇവരുടെ ബഹളത്തെ ‘അര്‍ഹിക്കുന്ന അവജ്ഞയോടെ’ അവഗണിക്കുന്നത് ക്രമേണ ഇവരുടെ പിടിവാശി കുറഞ്ഞുവരാൻ സഹായിക്കും. കുട്ടികൾക്ക് നിർദ്ദേശങ്ങൾ നല്കുമ്പോൾ അച്ഛനമ്മമാർ ഭിന്നാഭിപ്രായങ്ങൾ പറയാതിരിക്കാൻ ഗൌരവമായി ശ്രദ്ധിക്കണം. അതുപോലെ, അച്ഛൻ പറയുന്നതിനു വിരുദ്ധമായി മുത്തച്ഛനോ, മുത്തശ്ശിയോ കാര്യങ്ങൾ ചെയ്യുന്നതും ഒഴിവാക്കപ്പെടേണ്ടതാണ്. ഇത്തരം പരസ്പരവിരുദ്ധമായ ആശയവിനിമയങ്ങൾ (Double bind communication) കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാം.
അതേസമയം, ന്യായമായ ആവശ്യങ്ങൾക്ക് ചെവി കൊടുക്കാതെ അവരെ പൂർണ്ണമായും തഴയുന്നതും നന്നല്ല. ചില വീടുകളിലെങ്കിലും, കുട്ടികൾക്ക് അച്ഛനോട് നേരിട്ട് ആവശ്യങ്ങൾ ഉന്നയിക്കാനവകാശമില്ല. അമ്മ വഴി ആവശ്യങ്ങൾ അച്ഛനോടവതരിപ്പിക്കുന്ന 'പ്രാചീന' രീതിയാണ് ഇപ്പോഴും അവർ തുടരുന്നത്. ഇത്തരം തെറ്റായ ആശയവിനിമയരീതികൾ (switchboard communication) ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
ODD ബാധിച്ച കുട്ടികളെ കൃത്യമായ മനശാസ്ത്രചികിൽസകൾക്ക് വിധേയരാക്കിയാൽ ഗുണപരമായ മാറ്റമുണ്ടാക്കാം. കുട്ടികൾക്ക് കൌൺസലിംഗ്, സൈക്കോതെറാപ്പി, റിലാക്സേഷൻ വ്യായാമങ്ങൾ എന്നിവ നല്കുന്നതിനോടൊപ്പം, മാതാപിതാക്കൾക്കു വേണ്ട പരിശീലനവും (Parent Management Training) നല്കേണ്ടതുണ്ട്. തീവ്രമായ ODDയിൽ ചിലപ്പോൾ ദീർഘകാല കൌൺസലിംഗ് വേണ്ടിവരാം. കുട്ടികളെ വളർത്തുന്ന രീതിയിൽ വന്ന പാളിച്ചകൾ തിരുത്താൻ മാതാപിതാക്കളും തയ്യാറാകേണ്ടതുണ്ട്. ഡോക്ടറുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മാതാപിതാക്കൾ തയ്യാറായാലേ ചികിൽസ വിജയകരമാകൂ. ഒരു തവണ മാത്രം കൌൺസലിംഗ് നല്കിയതുകൊണ്ട് ഈയവസ്ഥയിൽ കാര്യമായ മാറ്റം വരണമെന്നില്ല. ODD-യോടൊപ്പം ശ്രദ്ധക്കുറവിന്റെയോ, അമിതവികൃതിയുടേയോ ലക്ഷണമുണ്ടെങ്കിൽ (Attention Deficit Hyperactivity Disorder - ADHD) ഔഷധചികിൽസയും വേണ്ടിവരാം.
ചെറിയ പ്രായത്തിൽ കുട്ടികളെ വളർത്തുന്നതിൽ വരുന്ന വീഴ്ചകൾ ഭാവിയിൽ വിനയായി മാറുന്നത് ഒഴിവാക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Image courtesy: http://www.paintingsilove.com Painter: Lize Du Plessis