മൂഡ് ഡിസോഡര്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട് -
- വിഷാദ രോഗം (അഥവാ depressive disorder)
- ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder)
ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡില്‍, അത്യാഹ്ലാദം, അതികഠിനമായ ദു:ഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാവുന്ന അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാര്‍ മൂഡ് ഡിസോഡര്‍. വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദു:ഖം ആണ് പ്രധാനമായും ഉണ്ടാവുന്നത്.
വിഷാദ രോഗം
സ്ഥായിയായ കടുത്ത ദു:ഖമാണ് വിഷാദരോഗത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം.
തുടര്‍ന്നു പറയുന്ന ലക്ഷണങ്ങളും കാണപ്പെടുന്നു - മുന്‍പ് താല്പര്യമുണ്ടായിരുന്ന വിനോദങ്ങളില്‍ താല്പര്യം നഷ്ടപ്പെടുക, ഉറക്കം കുറയുക, നേരത്തെ ഉണരുക, അല്ലെങ്കില്‍ അമിതമായ ഉറക്കം, എകാകിയായിരിക്കാന്‍ താല്പര്യപ്പെടുക, സൌഹൃദ ബന്ധങ്ങളിലും ലൈംഗിക ബന്ധങ്ങളിലും താല്പര്യം കുറയുക, ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുക, തന്നെക്കൊണ്ട് ഒന്നും കഴിയില്ലെന്നും തന്നെ സഹായിക്കാന്‍ ആരും ഇല്ലെന്നും കരുതുക, അനാവശ്യമായ കുറ്റബോധം തോന്നുക, സംഭവിക്കുന്ന കുഴ്പ്പങ്ങള്‍ക്കെല്ലാം താനാണ് ഉത്തരവാദി എന്ന് തോന്നുക, വൃത്തിയായി നടക്കുന്നതിലും ദിനചര്യ കളിലും താല്പര്യം നഷ്ടപ്പെടുക, വിട്ടുമാറാത്ത തലവേദന. അവ്യക്തമായ വേദനകള്‍, വിശപ്പില്ലായ്മ. ഇത്തരം അവസ്ഥയില്‍ താന്‍ ജീവിച്ചിട്ട് കാര്യമില്ലെന്നും, തനിക്കു ആശിക്കാന്‍ ഒന്നുമില്ലെന്നും ചിന്തിക്കുന്നു. വിഷാദ രോഗം ബാധിച്ചവരില്‍ ആത്മഹത്യാ ചിന്ത സാധാരണമാണ്. ഇത് ആത്മഹത്യാ ശ്രമത്തിലേക്കും അതിലൂടെ മരണത്തിലേക്കും നയിക്കാം.
ആഗോള തലത്തില്‍ ജനതക്ക് ഏറ്റവുമധികം പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടാക്കുന്ന രോഗങ്ങളില്‍ വിഷാദരോഗത്തിനു നാലാം സ്ഥാനം ആണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വിഷാദരോഗം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍. ജനിതകവും മന:ശാസ്ത്രപരവും സാമൂഹികവും ആയ ഘടകങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു.
രോഗകാരണം
വിഷാദരോഗം ശരീരത്തിന്‍റെ എല്ലാ വിധ പ്രവര്‍ത്തനങ്ങളെയും ഏറിയും കുറഞ്ഞും ബാധിക്കുന്നു. ഹോര്‍മോണുകളുടെ സന്തുലനം, രക്ത സമ്മര്‍ദം, ഹൃദയത്തിന്‍റെ പ്രവര്‍ത്തനം എന്നിവയെയും വിഷാദരോഗം പ്രതികൂലമായി ബാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന കടുത്ത നഷ്ടങ്ങള്‍, സാമ്പത്തിക പരാജയം തുടങ്ങിയവ വിഷാദ രോഗാവസ്ഥക്ക് തുടക്കം കുറിക്കുന്നതിന് കാരണമാകാം. പക്ഷാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സണ്‍ രോഗം, തൈറോയ്ഡ് രോഗങ്ങള്‍ തുടങ്ങിയവ മസ്തിഷ്ക നാഡീ വ്യൂഹത്തെ ബാധിക്കുന്നതിന്‍റെ ഫലമായും വിഷാദരോഗം ഉണ്ടാകാം. രോഗം നിര്‍ണയിക്കുന്നതിനും ചികിത്സ നിശ്ചയിക്കുന്നതിനും രോഗ ചരിത്രം അറിയുകയും രോഗിയുടെ മനോനില പരിശോധിക്കുകയും ചെയ്യുന്നതോടൊപ്പം ശാരീരിക പരിശോധനകളും ചില ലബോറട്ടറി പരിശോധനകളും നടത്തേണ്ടതുണ്ട്.
ചികില്‍സ
കടുത്ത വിഷാദരോഗത്തില്‍ ഔഷധ ചികിത്സ നിര്‍ബന്ധമാണ്. അതോടൊപ്പം മനശ്ശാസ്ത്രപരമായ ചികിത്സകളും (സൈക്കോതെറാപ്പി, കൌണ്‍സലിംഗ് തുടങ്ങിയവ) ആവശ്യമാണ്. ഉത്തമയായതും ഏറ്റവും ഫലപ്രദമായതും സൈക്കോതെറാപ്പിയും ഔഷധചികിത്സയും ഒരേ സമയം നല്‍കുന്നതാണ്. ചികിത്സ ആരംഭിച്ചു രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ കഴിഞ്ഞു മാത്രമേ രോഗത്തിന് കുറവ് അനുഭവപ്പെടുകയുള്ളൂ. രോഗിയെ ശുശ്രൂഷിക്കുന്നവരും രോഗിയുമായി അടുത്തിടപഴകുന്നവരും രോഗി മരുന്ന് കഴിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും അയാളുടെ വാക്കുകളെയും അഭിപ്രായങ്ങളെയും സഹാനുഭൂതിയോടെ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.
ഉന്മാദ വിഷാദ രോഗങ്ങള്‍
Mood Disorder ലെ രണ്ടാമത്തെ പ്രധാന രോഗമാണ് ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍ - അല്ലെങ്കില്‍ ഉന്മാദ വിഷാദ രോഗം. രോഗിയുടെ മാനസികാവസ്ഥ ഉന്മാദത്തിന്‍റെയും വിഷാദത്തിന്‍റെയും ധ്രുവങ്ങളിലേക്ക് മാറി മാറിക്കൊണ്ടിരിക്കുക എന്നതാണ് ഈ രോഗത്തിന്‍റെ പ്രത്യേകത.
ഈ രണ്ടു അവസ്ഥകളും മാറി മാറി മാസങ്ങളോളം നിലനില്‍ക്കാം. ഉന്മാദവിഷാദ രോഗത്തിലെ വിഷാദാവസ്ഥയില്‍ രോഗിയുടെ മാനസികാവസ്ഥ നേരത്തെ വിവരിച്ച വിഷാദ രോഗത്തിലേത് തന്നെ ആണ്.
ഉന്മാദാവസ്ഥ
ഉന്മാദാവസ്ഥ അഥവാ മാനിയ (mania) യില്‍ ഒരാള്‍ അമിതമായ ആഹ്ലാദം, ക്ഷിപ്ര കോപം, അക്ഷമ എന്നിവ പ്രകടിപ്പിക്കുന്നു. അതിവേഗം സംസാരിക്കുക, അമിതമായ അഹങ്കാരവും പൊങ്ങച്ചവും പ്രകടിപ്പിക്കുക, പണം ധൂര്‍ത്തടിക്കുക, ലൈംഗികാസക്തി പ്രകടിപ്പിക്കുക, തുടങ്ങിയ ലക്ഷണങ്ങളും ഈ അവസ്ഥയില്‍ കാണുന്നു. സന്തോഷവും ചുറുചുറുക്കും ആത്മവിശ്വാസവും സ്വയം അനുഭവപ്പെടുന്നതിനാല്‍ രോഗി തന്‍റെ രോഗാവസ്ഥയെ തിരിച്ചറിയുന്നില്ല. ഉന്മാദത്തിന്‍റെ, അല്ലെങ്കില്‍ വിഷാദത്തിന്‍റെ, ഈ അവസ്ഥ മാസങ്ങള്‍ നീണ്ടു നില്‍ക്കാം. അതിനു ശേഷം രോഗി രോഗമൊന്നും ഇല്ലാത്ത സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരികയാണ് പതിവ്.
രോഗ കാരണം
മസ്തിഷ്കത്തിലെ വൈകാരിക സംതുലനം നിലനിര്‍ത്തുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന അപാകതകള്‍ ആണ് മൂഡ് ഡിസോര്‍ഡറുകളുടെ കാരണം എന്ന് പറയാം. ജീവശാസ്ത്രപരമായ ഘടകങ്ങള്‍ക്ക് പുറമേ മന:ശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളും ഇതിനു കാരണമാകുന്നുണ്ട്.
ചികില്‍സ
ഉന്മാദത്തിന്‍റെയും വിഷാദത്തിന്‍റെയും ധ്രുവങ്ങളിലേക്ക് വൈകാരികാവസ്ഥ അസ്വാഭാവികമായി വ്യതിചലിക്കുന്നതു തടയാന്‍ Mood stabilizer എന്ന വിഭാഗത്തില്‍ പെട്ട ഔഷധങ്ങള്‍ക്ക് കഴിയും. രോഗം സുഖപ്പെട്ടു കഴിഞ്ഞാല്‍ വീണ്ടും അസുഖം വരാതിരിക്കാനുള്ള ചികില്‍സ തുടരേണ്ടതുണ്ട്. ഉന്മാദ വിഷാദ രോഗം അഥവാ bipolar mood disorder ലും ഔഷധ ചികില്‍സ തന്നെയാണ് പ്രധാനം. രോഗത്തിന് ശേഷം സാധാരണ അവസ്ഥയില്‍ എത്തുന്ന ഒരു വ്യക്തി തന്‍റെ രോഗാവസ്ഥയില്‍ ചെയ്തു കൂട്ടിയ പ്രവൃത്തികള്‍ കാരണം ഉറ്റവരില്‍ നിന്നകലുന്നു. സാമ്പത്തിക നഷ്ടം അനുഭവിക്കുന്നു. അതിനാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനു അവര്‍ക്ക് മാനസികവും സാമൂഹികവും ആയ പിന്തുണ ആവശ്യമാണ്. രോഗം കാരണം തൊഴിലും ജീവിത മാര്‍ഗവും നഷടപ്പെട്ടവരെ പുനരധിവസിപ്പിക്കേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ഗുരുതരമായ മാനസിക രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികില്‍സ ലഭ്യമാണ്. രോഗാവസ്ഥക്ക് യോജിച്ച തരത്തിലുള്ള മനശാസ്ത്ര സമീപനം, സൈക്കോ തെറാപ്പി എന്നിവ ഔഷധ ചികില്‍സയോടൊപ്പം നല്‍കുന്നത് ഗുണം ചെയ്യും. രോഗിയുടെ ബന്ധുക്കളുടെയും സമൂഹത്തിന്‍റെ തന്നെയും പൂര്‍ണ പിന്തുണ ലഭിച്ചാല്‍ മാത്രമേ രോഗ വിമുക്തരായവര്‍ക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയൂ.
Image courtesy: Chughtais Lab