സമ്പദ്’വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും ഏറിയ മാത്സര്യവും മൂലം ഇന്ന്‍ മിക്ക തൊഴില്‍മേഖലകളിലുമുള്ളവര്‍ ഏറെ മനസ്സമ്മര്‍ദ്ദം നേരിടുന്നുണ്ട്. സാങ്കേതികതയുടെ വളര്‍ച്ച തങ്ങള്‍ക്കുള്ള വൈദഗ്ദ്ധ്യത്തെ അപ്രസക്തമാക്കിക്കളയുമോ, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തൊഴില്‍നഷ്ടത്തിനിടവരുത്തുമോ, ഒപ്പമുള്ളവര്‍ പിരിച്ചുവിടപ്പെട്ടാല്‍ ഓവര്‍ടൈം അദ്ധ്വാനിക്കേണ്ടതായിവരുമോ എന്നൊക്കെയുള്ള ആശങ്കകള്‍ പ്രബലമാണ്. അടുത്ത ക്വാര്‍ട്ടറിലെ അറ്റാദായത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന പല കമ്പനികളും തൊഴിലാളികളോടു പെരുമാറുന്നത് കവലച്ചട്ടമ്പികളുടെ രീതിയിലാണെന്ന് പല ഗവേഷകരും അനുമാനിക്കുന്നുണ്ട്. തീരുമാനങ്ങളെല്ലാം തൊഴില്‍ദാതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യവും അദ്ധ്വാനത്തിനനുസരിച്ച പ്രതിഫലം കിട്ടാതെപോവുന്നതും ചിലപ്പോള്‍ മാസങ്ങളേക്ക് ശമ്പളമേ കിട്ടാതെവരുന്നതുമൊക്കെ ആധുനിക തൊഴിലിടങ്ങളെ ഏറെ സമ്മര്‍ദ്ദജനകങ്ങളാക്കുന്നുണ്ട്. ASSOCHAM എന്ന സംഘടന നടത്തിയ സര്‍വേയുടെ അനുമാനപ്രകാരം 2009-നും 2015-നുമിടയില്‍ തൊഴില്‍ജന്യമായ മാനസികസമ്മര്‍ദ്ദം ഇന്ത്യയിലുണ്ടാക്കിയ നഷ്ടം 72,000 കോടി രൂപയുടേതാണ്. റീഗസ് എന്ന മള്‍ട്ടിനാഷണല്‍കമ്പനിയുടെ പഠനം വെളിപ്പെടുത്തിയത് ഇന്ത്യയിലെ തൊഴിലാളികളില്‍ 71% പേരും തൊഴില്‍സമ്മര്‍ദ്ദമനുഭവിക്കുന്നുണ്ടെന്നാണ്. തൊഴിലിലെ അസംതൃപ്തി, അടിക്കടിയുള്ള ജോലിമാറ്റങ്ങള്‍, കാര്യക്ഷമത നഷ്ടമാവല്‍ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുള്ള തൊഴില്‍സമ്മര്‍ദ്ദം പലപ്പോഴും എടുത്തുചാട്ടം, ലഹരിയുപയോഗം, അമിത മദ്യപാനം എന്നിവക്കും അകാലമരണത്തിനു പോലും നിമിത്തമാവാറുമുണ്ട്.
തൊഴില്‍സമ്മര്‍ദ്ദത്തെ നിയന്ത്രണവിധേയമാക്കാനുപയോഗിക്കാവുന്ന മൂന്നു മന:ശാസ്ത്രമാര്‍ഗങ്ങളിതാ:
ചിന്തകളെ പോസിറ്റീവാക്കാം
വിഷമസന്ധികളില്‍പ്പെടുന്നേരം ചിലരുടെയുള്ളില്‍ അവര്‍പോലുമറിയാതെ ചില ദുഷ്ചിന്താശകലങ്ങള്‍ തലപൊക്കാം. “ഇതോടെയെല്ലാം തീര്‍ന്നു!”, “എനിക്കു മാത്രമാണ് എപ്പോഴുമിങ്ങനെ!” എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ഇത്തരം ചിന്തകള്‍ അവര്‍ക്ക് ഉത്ക്കണ്ഠ കൂടാനും പ്രതിബന്ധങ്ങളെ മറികടക്കാനുള്ള കഴിവു ദുര്‍ബലമാവാനും ഇടയാക്കുകയുംചെയ്യാം. ഇനിയും ചിലര്‍ക്കു സമ്മര്‍ദ്ദസാദ്ധ്യത കൂട്ടുന്നത് മനസ്സില്‍ രൂഢമൂലമായിക്കഴിഞ്ഞ ചില മുന്‍വിധികളും അബദ്ധധാരണകളുമാവാം. “ചെയ്യുന്ന ഒരു കാര്യത്തിലും ഞാന്‍ പരാജയപ്പെടരുത്”, “എന്നെയൊരിക്കലും ക്ഷീണമോ രോഗങ്ങളോ പിടികൂടരുത്" എന്നിവ ഉദാഹരണങ്ങളാണ്. ജോലിയുമായി ബന്ധപ്പെട്ട് അമിതമായ നിരാശയോ ഉത്ക്കണ്ഠയോ ദേഷ്യമോ തോന്നുമ്പോഴൊക്കെ അതിനുതൊട്ടുമുമ്പ് എന്തൊക്കെച്ചിന്തകളാണ് മനസ്സിലൂടെക്കടന്നുപോയത് എന്നു പരിശോധിക്കുകയും, മനസ്സിനെ ഒന്നു ശാന്തമാക്കി ആ ചിന്തകള്‍ക്ക് എത്രത്തോളം സാംഗത്യമുണ്ട് എന്നു വിശകലനംചെയ്യുകയും, അഥവാ അവ അസ്ഥാനത്താണ് എന്നു ബോദ്ധ്യമായാല്‍ അവയ്ക്കു പകരംവെക്കാവുന്ന താഴെക്കൊടുത്തതുപോലുള്ള ചില മറുചിന്തകള്‍ കണ്ടുപിടിക്കുകയും ചെയ്യാവുന്നതാണ്.
അസ്ഥാനത്തുള്ള ചിന്തകള്‍ | മറുചിന്തകള്‍ |
മറ്റൊരാളുടെ സഹായം തേടുക എന്നതിനര്‍ത്ഥം എനിക്കു പോരായ്മകളുണ്ടെന്ന് ഞാന്‍തന്നെ സമ്മതിക്കുന്നു എന്നാണ്. | പുതിയ അനുഭവങ്ങള്‍ക്കും മറ്റുള്ളവരുടെ പ്രതികരങ്ങള്‍ക്കും അനുസൃതമായി തീരുമാനങ്ങളില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തുന്നത് ബുദ്ധിയാണ്, വിഡ്ഢിത്തമല്ല. |
എടുത്തുകഴിഞ്ഞൊരു തീരുമാനത്തില്‍ മാറ്റംവരുത്തുന്നത് ഞാനൊരു വിഡ്ഢിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണ്. | എപ്പോഴെങ്കിലുമൊക്കെ മറ്റൊരാളുടെ സഹായം തേടുകയെന്നത് ഏതൊരാള്‍ക്കും ഒഴിച്ചുകൂടാനാവാത്തൊരു കാര്യമാണ്. |
മറ്റൊരാള്‍ എന്നെത്തിരുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്കെന്നെ ഇഷ്ടമില്ലെന്നും ഞാനൊരു പരാജയമാണെന്നും ആണ്. | ആരെങ്കിലും എന്‍റെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നത് എന്നെ ദോഷമറ്റ ഒരു വ്യക്തിയായിക്കാണാനുള്ള ആഗ്രഹം കൊണ്ടുമാവാം. |
എല്ലാം അറിയാനും മനസ്സിലാക്കാനും മുന്‍കൂട്ടിക്കാണാനും എനിക്കു പറ്റണം. | എന്‍റെയറിവിലുള്ളതില്‍ ഒരാള്‍ക്കു പോലും ഇത്തരം കഴിവുകളില്ല. ഏതൊരാള്‍ക്കും പിഴവുകള്‍ പറ്റുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. |
സമാനമായൊരു സാഹചര്യം വീണ്ടുമാവര്‍ത്തിക്കുമ്പോള്‍ മുന്‍കൂര്‍ കൈവശമുള്ള ഇത്തരം മറുചിന്തകളെപ്പറ്റി സമയംകളയാതെ സ്വയമോര്‍മിപ്പിക്കുന്നത് മനസ്സമാധാനത്തെസ്സഹായിക്കും.
പറ്റില്ലെന്നു പറയാന്‍ പഠിക്കാം
നമുക്കു താല്‍പര്യമില്ലാത്ത വല്ലതുംചെയ്യാന്‍ ആവശ്യപ്പെടുന്ന സഹപ്രവര്‍ത്തകരോടും മറ്റും നമുക്ക് Non-assertive, Aggressive, Assertive എന്നിങ്ങനെ മൂന്നു രീതികളില്‍ പ്രതികരിക്കാം. “അയാളോടെങ്ങിനെ പറ്റില്ലെന്നു പറയും?” “നോ പറഞ്ഞാല്‍ അയാളെന്തു കരുതും?” എന്നൊക്കെ ചിന്തിച്ചുകുഴഞ്ഞ് ഒടുവില്‍ സ്വന്തം താല്‍പര്യങ്ങളെയവഗണിച്ച് മനസ്സില്ലാമനസ്സോടെ അയാളാവശ്യപ്പെട്ട കാര്യം ചെയ്തുകൊടുക്കുന്ന രീതിയെ Non-assertive എന്നും, “എനിക്കു പറ്റില്ല” എന്ന് അയാളെ വിഷമിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവിധം എടുത്തടിച്ചു പറയുന്ന രീതിയെ Aggressive എന്നും വിളിക്കുന്നു. നമ്മുടെ വികാരങ്ങളെയും അഭിപ്രായങ്ങളെയും വളച്ചുകെട്ടില്ലാതെ, അതേസമയം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയില്‍ പ്രകടിപ്പിക്കുന്ന, ഏറ്റവും ആരോഗ്യകരമായ മൂന്നാംരീതിയെയാണ് Assertive എന്നുവിളിക്കുന്നത്. മുമ്പൊരിക്കല്‍ നിങ്ങളുടെ വണ്ടിയുമെടുത്തുപോയി അപകടം വരുത്തിവെച്ചിട്ടുള്ള ഒരാള്‍ വീണ്ടുമതു കടംചോദിക്കുമ്പോള്‍ മനസ്സില്ലാമനസ്സോടെ “കുഴപ്പമില്ല. എടുത്തോ. ഒന്നു ശ്രദ്ധിച്ചേക്കണേ.” എന്നു പറയുന്നത് Non-assertive രീതിയും, “നിനക്കു നാണമില്ലേ പിന്നേം എന്‍റെ വണ്ടി കടം ചോദിക്കാന്‍?!” എന്നു ഗര്‍ജിക്കുന്നത് Aggressive രീതിയും, “നീ മന:പൂര്‍വം ചെയ്തതല്ലെങ്കിലും കഴിഞ്ഞ തവണ ആ അപകടം പറ്റിയതല്ലേ? ഇനിയും അങ്ങനെ വല്ലതും സംഭവിച്ചാല്‍പ്പിന്നെ അതിന്‍റെ പിറകെച്ചെലവാക്കാന്‍ സമയമോ പണമോ ഇപ്പോള്‍ എന്‍റെ കയ്യിലില്ല. തല്‍ക്കാലം വേറെയാരോടെങ്കിലും ചോദിക്കാമോ?” എന്നു പ്രതികരിക്കുന്നത് Assertive രീതിയും ആണ്. സ്വാഭാവികമായും Assertive രീതിയാണ് നമ്മുടെയും നമ്മോടിടപഴകുന്നവരുടെയും മാനസികസൌഖ്യത്തിന് ഏറ്റവുമഭികാമ്യം. Assertive ആയി സംസാരിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തേണ്ടതാണ്:
- ശ്രോതാവിന്റെ മുഖത്തു നോക്കി സംസാരിക്കുക. എന്നാല്‍ തുറിച്ചുനോട്ടം ഒഴിവാക്കുക.
- അധികം നീട്ടിപ്പരത്താതെ ചുരുങ്ങിയ വാക്കുകളില്‍ കാര്യമവതരിപ്പിക്കുക.
- പതറാത്ത, ഉറച്ച ശബ്ദത്തില്‍ സംസാരിക്കുക.
- വാക്കുകള്‍ക്കൊപ്പം അനുയോജ്യമായ ശരീരഭാഷയും ഉപയോഗിക്കുക.
- സ്വന്തമഭിപ്രായം വെളിപ്പെടുത്തുംമുമ്പ് മറ്റേയാളുടെ താല്പര്യം ഇന്നതാണ് എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ക്കുക.
- ആവശ്യപ്പെട്ട കാര്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗമോ, അല്ലെങ്കില്‍ പകരം അതേ ഫലംകിട്ടുന്ന വേറെ വല്ല കാര്യങ്ങളോ ചെയ്തുകൊടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങിനെ ചെയ്യുക.
പ്രശ്നങ്ങളെ സധൈര്യം പരിഹരിക്കാം
പിരിമുറുക്കം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഏറ്റവും ഫലവത്തായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ താഴെപ്പറയുന്ന നടപടികള്‍ ഉപയോഗിക്കാം:
- പ്രശ്നത്തെ കൃത്യമായി നിര്‍വചിക്കുക. പ്രശ്നത്തെക്കുറിച്ചും അതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചും കഴിവത്ര അറിവു ശേഖരിക്കുക. ആ പ്രശ്നം തന്നെ ശരിക്കും ബാധിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്രത്തോളം, അത് അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നുണ്ടോ, അതു പരിഹരിക്കുന്നതുകൊണ്ട് തനിക്ക് എന്തൊക്കെ പ്രയോജനമുണ്ടാവും എന്നതൊക്കെ വിലയിരുത്തുക.
- സാദ്ധ്യമായ പരിഹാരങ്ങളുടെ ഒരു പട്ടികയുണ്ടാക്കുക. മുമ്പ് ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍ സഹായിച്ച മാര്‍ഗങ്ങള്‍, കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ അഭിപ്രായങ്ങള്‍ തുടങ്ങിയവ അതിലുള്‍പ്പെടുത്താം. ഒരു മാര്‍ഗത്തിന്‍റെയും കാര്യശേഷിയോ പ്രായോഗികതയോ ഈ ഘട്ടത്തില്‍ പരിഗണിക്കാതിരിക്കുക. പ്രതിവിധി തേടുന്നത് മറ്റാരുടേതോ പ്രശ്നത്തിനാണ് എന്നരീതിയില്‍ ചിന്തിക്കുന്നത് കൂടുതല്‍ ആശയങ്ങള്‍കിട്ടാന്‍ സഹായിക്കും. സങ്കീര്‍ണമായ പ്രശ്നങ്ങളെ ചെറുപ്രശ്നങ്ങളായി വിഭജിച്ച് അവയോരോന്നിന്‍റെയും പരിഹാരങ്ങള്‍ വെവ്വേറെയാലോചിക്കുന്നതും ഗുണകരമാവും.
- പട്ടികയിലുള്ള ഓരോ പരിഹാരത്തിന്‍റെയും ഗുണദോഷങ്ങള്‍ പരിശോധിക്കുക. ഓരോ ഗുണവും ദോഷവും എത്രത്തോളം ഗൌരവമുള്ളതാണ് എന്നു താരതമ്യംചെയ്യാന്‍ ഓരോന്നിനും ഒന്നു മുതല്‍ അഞ്ചു വരെയുള്ള മാര്‍ക്കുകള്‍ നല്‍കാവുന്നതുമാണ്. എന്നിട്ട് ഏറ്റവും ഗുണമുള്ളതും ദോഷംകുറഞ്ഞതുമായ ഒരു പരിഹാരം തെരഞ്ഞെടുക്കുക.
- തെരഞ്ഞെടുത്ത ആ പരിഹാരം പ്രയോഗത്തില്‍ വരുത്താനാവശ്യമായ സാധനസമ്പത്തുകളും ആള്‍ബലവും ഇച്ഛാശക്തിയും തനിക്കുണ്ടോ, അതു പ്രാവര്‍ത്തികമാക്കുമ്പോള്‍ എന്തൊക്കെ പുതിയ തടസ്സങ്ങള്‍ തലപൊക്കിയേക്കാം, അവയെ എങ്ങിനെ മറികടക്കാം എന്നതൊക്കെ അവലോകനം ചെയ്യുക.
- തെരഞ്ഞെടുത്ത ആ പരിഹാരം പ്രാവര്‍ത്തികമാക്കുക. എന്താണു ചെയ്യാന്‍ പോവുന്നത് എന്ന് ബന്ധപ്പെട്ടവരോടെല്ലാം വിശദീകരിക്കുക.
- ആ പരിഹാരം ഉദ്ദേശിച്ച ഫലം തരുന്നുണ്ടോ എന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയും പ്രവര്‍ത്തനപദ്ധതിയില്‍ അനുയോജ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്യുക.
Image Credit: sojho