By ഡോ. ഷാഹുല്‍ അമീന്‍ on Thursday, 01 May 2014
Category: കുട്ടികളിലെ പ്രശ്നങ്ങള്‍

കുടുംബസാഹചര്യങ്ങളും കുട്ടികളിലെ മാനസികപ്രശ്നങ്ങളും

മാനസികരോഗങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ക്കു പങ്കുണ്ടാവാറുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിര്‍ണയിക്കുന്നതില്‍ അയാളുടെ ജനിതകഘടനക്കും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യ സാഹചര്യങ്ങള്‍ക്കും ഏകദേശം തുല്യ പ്രാധാന്യമാണുള്ളത്. കുട്ടികളില്‍ മാനസികാസുഖങ്ങള്‍ക്ക് വഴിതെളിക്കാറുള്ളതെന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ള കുടുംബസാഹചര്യങ്ങള്‍ഏതൊക്കെയാണെന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

കണ്ടക്റ്റ് ഡിസോര്‍ഡര്‍

കുടുംബത്തിലെ പൊരുത്തക്കേടുകള്‍, കുട്ടികളെ വളര്‍ത്തിയെടുക്കുന്ന രീതിയിലെ പിഴവുകള്‍, മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ വഴക്കുകള്‍ എന്നിവ കണ്ടക്റ്റ് ഡിസോര്‍ഡറിനു കാരണമാവാറുണ്ട്.  മാതാപിതാക്കളിലെ അമിതമദ്യപാനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, സൈക്കോട്ടിക് അസുഖങ്ങള്‍ തുടങ്ങിയ മാനസികരോഗങ്ങളും അമ്മമാരിലെ വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളും മക്കളില്‍ കണ്ടക്റ്റ് ഡിസോര്‍ഡറിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കാറുണ്ട്. മാതാപിതാക്കളുടെ വിവാഹമോചനവും, അമ്മമാര്‍ക്ക് അധികം പ്രാ‍യമില്ലാതിരിക്കുന്നതും, അഛനമ്മമാരില്‍ ആരുടെയെങ്കിലും അസാന്നിദ്ധ്യവും ചിലപ്പോള്‍ കുട്ടികളെ ഈ അസുഖത്തിലേക്കു നയിക്കാറുണ്ട്.

കുട്ടികളുടെ പെരുമാറ്റങ്ങളെ മാതാപിതാക്കള്‍ തീരെ ശ്രദ്ധിക്കാതിരിക്കുന്നതും അതീവകര്‍ക്കശമായി അച്ചടക്കം പാലിക്കുന്ന പ്രവണതയും ഒരു പോലെ അപകടകരമാണ്. മാതാപിതാക്കളും മക്കളും തമ്മില്‍ തുടര്‍ച്ചയായി വഴക്കുകളുണ്ടാവുന്നതും കണ്ടക്റ്റ് ഡിസോര്‍ഡറിനു കാരണമാവാറുണ്ട്.  ഈ വഴക്കുകളില്‍ കുട്ടികള്‍ക്ക് പരിക്കുകളേല്‍ക്കുന്നതും, അവര്‍ ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങള്‍ക്കു വിധേയരാകുന്നതും ആണ് കണ്ടക്ട് ഡിസോര്‍ഡറിന്റെ സാദ്ധ്യത ഏറ്റവുമധികം വര്‍ദ്ധിപ്പിക്കുന്ന കുടുംബസാഹചര്യങ്ങള്‍.

ഡിപ്രഷന്‍ (വിഷാദരോഗം)

വിഷാദരോഗമുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പലപ്പോഴും ഡിപ്രഷനോ മറ്റു വൈകാരികാസുഖങ്ങളോ കാണപ്പെടാറുണ്ട്. അവരുടെ  മക്കളിലേക്ക് ഈ രോഗം പകരുന്നത് ജനിതകകാരണങ്ങളിലൂടെ മാത്രമല്ല. രോഗബാധിതരായ മാതാപിതാക്കളുടെ വികലമായ ചിന്താരീതികള്‍ കുട്ടികള്‍ അനുകരിക്കുന്നതും, കുട്ടികളുമായുള്ള ഇടപെടലുകളില്‍ ഈ അഛനമ്മമാര്‍ നിസംഗതയോ നിര്‍വികാരതയോ ആക്രമണോത്സുകതയോ പ്രകടിപ്പിക്കുന്നതും ആ കുട്ടികളില്‍ വിഷാദരോഗത്തിന്റെ വിത്തുകള്‍ പാകിയേക്കാം. അമ്മമാരുടെ വിഷാദരോഗത്തിന്റെ ദൈര്‍ഘ്യവും കാഠിന്യവും കൂടുന്നതിനനുസരിച്ച് കുട്ടികളില്‍ രോഗോന്മുഖമായ ചിന്താരീതികള്‍ വളര്‍ന്നുവരാനും അവര്‍ക്ക് വിഷാദരോഗം പിടിപെടാനും അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കാനുമുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നുണ്ട്. മാതാപിതാക്കളിലെ മദ്യപാനം പോലുള്ള മാനസികപ്രശ്നങ്ങള്‍, ക്രിമിനല്‍ മനസ്ഥിതി എന്നിവയും കുട്ടികള്‍ക്ക് വിഷാദരോഗത്തിനുള്ള സാദ്ധ്യത കൂട്ടുന്നുണ്ട്.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ കുട്ടികളെ വിഷാദരോഗത്തിലേക്കു നയിക്കാറുണ്ട്.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ കുട്ടികളെ വിഷാദരോഗത്തിലേക്കു നയിക്കാറുണ്ട്. മാതാപിതാക്കളും സഹോദരങ്ങളുമായി കുട്ടിക്കുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതും, ഈ ബന്ധങ്ങളില്‍ സ്നേഹവാത്സല്യങ്ങളുടെ അഭാവമുണ്ടാവുന്നതും, മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ മരണവും കുട്ടികളില്‍ വിഷാദരോഗത്തിനു കാരണമാവാ‍റുണ്ട്.

ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന കുട്ടികള്‍ക്ക് വളരെ ചെറിയ പ്രായത്തിലേ വിഷാദരോഗമോ മറ്റ് മാനസികപ്രശ്നങ്ങളോ വരാനുള്ള സാദ്ധ്യത ഏറെയാണ്. ഇത്തരം കുട്ടികളില്‍ ചികിത്സ ഫലം ചെയ്യാ‍തിരിക്കാനും അസുഖം വീണ്ടും വീണ്ടും വരാനുമുള്ള സാദ്ധ്യതകളും കൂടുതലാണ്. 

കുടുംബവും സ്കൂളുമായുള്ള അടുത്ത ബന്ധം, പഠനത്തില്‍ മികവുകാണിക്കാനുള്ള ഉത്സാഹം, പെരുമാറ്റവൈകല്യങ്ങളില്ലാത്ത കുട്ടികളുമായുള്ള കൂട്ടുകെട്ട് എന്നിവ കുട്ടികളെ വിഷാദരോഗത്തില്‍ നിന്നും ആത്മഹത്യാപ്രവണതയില്‍ നിന്നും സംരക്ഷിക്കുന്ന ഘടകങ്ങളാണ്.

ആല്‍ക്കഹോളിസം

കുട്ടികളും കൌമാരപ്രായക്കാരും മാതാപിതാക്കളെയും സഹോദരങ്ങളെയും മാതൃകയാക്കുകയും ലഹരിപദാര്‍ത്ഥങ്ങളോടും മദ്യത്തോടുമുള്ള അവരുടെ സമീപനത്തെ സ്വാംശീകരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുന്നത് സഹോദരങ്ങള്‍ക്കാണെന്നും, അഛന്മാരുടെ മദ്യപാനത്തെക്കാള്‍ അമ്മമാരിലെ മദ്യപാനശീലമാണ് കുട്ടികള്‍ കൂടുതല്‍ അനുകരിക്കാറുള്ളതെന്നും സൂചനകളുണ്ട്. മാതാപിതാക്കളിലെ മദ്യപാനം കുട്ടികളിലേക്കു പടരാനിടയാക്കുന്ന ചില കാരണങ്ങള്‍ താഴെപ്പറയുന്നു:

  1. കലുഷിതമായ കുടുംബാന്തരീക്ഷം
  2. കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാനുള്ള കഴിവുകളുടെ അഭാവം
  3. ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍
  4. മക്കളുമായി ആഴമുള്ള ബന്ധത്തിന്റെ അഭാവം
  5. ഫലപ്രദമല്ലാത്ത ആശയവിനിമയം
  6. നല്ല സാമൂഹ്യമര്യാദകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാതിരിക്കുന്നത്
  7. കുട്ടികളുടെ കൂട്ടുകെട്ടുകളെയും നേരമ്പോക്കുകളെയും നിരീക്ഷിക്കാതിരിക്കുന്നത്
  8. കുട്ടികളുമൊത്ത് ഉല്ലാസത്തിനും വിനോദത്തിനും സമയം പങ്കിടാതിരിക്കുന്നത്
  9. മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള വിദ്യകള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാതിരിക്കുന്നത്
  10. മക്കളെ തീരെ ശിക്ഷിക്കാതിരിക്കുകയോ അമിതമായി ശിക്ഷിക്കുകയോ ചെയ്യുന്ന ശീലം
  11. അച്ചടക്കനടപടികള്‍ സ്ഥിരമായി പാലിക്കാതെ ഓര്‍ക്കാപ്പുറത്തും എപ്പോഴെങ്കിലുമൊക്കെയും മാത്രം ഉപയോഗിക്കുന്നത്

നല്ല കെട്ടുറപ്പുള്ള കുടുംബാന്തരീക്ഷവും കുട്ടികള്‍ക്ക് തക്കസമയത്ത് വിവരങ്ങളും വിദഗ്ദ്ധസഹായവും ലഭ്യമാക്കുന്നതും അവരെ മദ്യപാനത്തിലേക്കു വഴുതാതെ പിടിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ്.

സൊമാറ്റോഫോം അസുഖങ്ങള്‍

ഈ അസുഖങ്ങളുടെ ആവിര്‍ഭാവത്തില്‍ കുടുംബപരമായ കാരണങ്ങള്‍ ഒരു പ്രധാനപങ്കുവഹിക്കുന്നുണ്ട്. സൊമാറ്റോഫോം അസുഖങ്ങളുള്ള കുട്ടികളുടെ കുടുംബങ്ങളില്‍ മാറാരോഗങ്ങളുള്ളവരും വിട്ടുമാറാത്ത ശാരീരികലക്ഷണങ്ങളുള്ളവരും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. പലപ്പോഴും ഇവരുടെ ലക്ഷണങ്ങളെ കുട്ടി അനുകരിച്ചു തുടങ്ങുകയാണു ചെയ്യുന്നത്.

മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതിരിക്കുക, നേട്ടങ്ങളെക്കുറിച്ച് അമിതപ്രതീക്ഷ പുലര്‍ത്തുക, ശാരീരികബുദ്ധിമുട്ടുകള്‍ക്ക് വേണ്ടതില്‍ക്കവിഞ്ഞ പ്രാധാന്യം നല്‍കുക തുടങ്ങിയ പ്രശ്നങ്ങളും, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, കഠിനമായ വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്‍ തുടങ്ങിയ മാനസികരോഗങ്ങളും ഇത്തരം കുടുംബങ്ങളില്‍ കൂടുതലായി കണ്ടുവരാറുണ്ട്. തങ്ങളുടെ ശാരീരികബുദ്ധിമുട്ടുകള്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാക്കുന്നതായി മനസ്സിലാക്കുന്ന കുട്ടികള്‍ ആ ലക്ഷണങ്ങളെ പെരുപ്പിച്ചുകാണിക്കാനും കൈവിട്ടുകളയാതിരിക്കാനും തുടങ്ങാറുണ്ട്.

ജെന്റർ ഐഡന്റിറ്റി ഡിസോർഡർ

മാതാപിതാക്കളിലെ ചില പെരുമാറ്റവൈകല്യങ്ങളാണ് പലപ്പോഴും ഈ അസുഖത്തിനു കാരണമാകുന്നത്. ഈ രോഗമുള്ള കുട്ടികളില്‍ 34 മുതല്‍ 85 വരെ ശതമാനത്തിന്റെ വീടുകളില്‍ അഛന്മാരുടെ അസാന്നിദ്ധ്യമുണ്ടെന്നും, അഥവാ സ്ഥലത്തുണ്ടെങ്കില്‍ത്തന്നെ അവര്‍ വളര്‍ന്നുവരുന്ന ആണ്‍കുട്ടികളോടൊത്ത് വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കാറുണ്ടായിരുന്നുള്ളൂ എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഈ കുടുംബങ്ങളിലെ അമ്മമാര്‍ പുരുഷന്മാരോട് ശത്രുതാമനോഭാവമുള്ളവരും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ആക്രമണോത്സുകരും ആത്മനിയന്ത്രണമില്ലാത്തവരുമാണെന്ന ധാരണ പുലര്‍ത്തുന്നവരുമാണെന്ന് സൂചനകളുണ്ട്. ഇവര്‍ ആണ്‍കുട്ടികളെ “ആണത്തം” വേണ്ട കളികളില്‍ നിന്നു വിലക്കാറുണ്ടായിരുന്നെന്നും, മക്കളോട് സ്വേഛാധിപത്യപരമായും കര്‍ക്കശമനോഭാവത്തോടെയും പെരുമാറുന്നവരാണെന്നും പഠനങ്ങള്‍ പറയുന്നു. ഈ അമ്മമാരില്‍ പലരും ചെറുപ്പത്തില്‍ ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാകാം. അങ്ങിനെ പുരുഷന്മാരുടെ ആക്രമണോത്സുകതയെക്കുറിച്ചുള്ള ആശങ്കയും, തങ്ങള്‍ അനുഭവിക്കുന്ന കടുത്ത മാനസികസമ്മര്‍ദ്ദവും, തങ്ങളുടെ അഛന്‍മാരുമായി അവര്‍ക്കുള്ള അത്ര നല്ലതല്ലാത്ത ബന്ധങ്ങളുമെല്ലാം ഈ അമ്മമാരെ തങ്ങളുടെ ആണ്‍മക്കളെ പെണ്‍കുട്ടികളെപ്പോലെ വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാവാം. ഈ കുട്ടികള്‍ എതിര്‍ലിംഗത്തിന്റെ സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിച്ചു തുടങ്ങിയ സമയത്ത് അവരുടെ മാതാപിതാക്കള്‍ അതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാറുണ്ടായിരുന്നില്ലെന്നും സൂചനകളുണ്ട്.

അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍

മാതാപിതാക്കളില്‍ ആരുടെയെങ്കിലും അസാന്നിദ്ധ്യം, നഗരപ്രദേശങ്ങളിലെ താമസം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, കുത്തഴിഞ്ഞ കുടുംബാന്തരീക്ഷം എന്നിവ എ.ഡി.എഛ്.ഡി.ക്കു കാരണമാവാമെന്ന് ഒണ്ടാറിയോ ഹെല്‍ത്ത് സ്റ്റഡി എന്ന പഠനം കണ്ടെത്തുകയുണ്ടായി.

ബൈപോളാർ ഡിസോർഡർ

ഈ അസുഖം ബാധിക്കുവരില്‍ ചെറുപ്പം തൊട്ടേ മുന്‍കോപം, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പ്രകടമാവാറുണ്ട്. ഇത്തരം പെരുമാറ്റവൈകല്യങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്ന തരം കുടുംബപശ്ചാത്തലമുള്ളവരിലും അമിതമായ വികാരപ്രകടനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരിലും ഈ സ്വഭാവവൈകല്യങ്ങള്‍ ബൈപോളാര്‍ ഡിസോര്‍ഡറിലേക്കു വളരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് അക്കിസ്കാലിനെപ്പോലുള്ള വിദഗ്ദ്ധര്‍ സമര്‍ത്ഥിക്കുന്നുണ്ട്. അതേ സമയം, കൂടുതല്‍ ശ്രദ്ധാവാത്സല്യങ്ങളൊരുക്കുന്നതും അധികം പ്രകോപനങ്ങള്‍ സൃഷ്ടിക്കാത്തതുമായ ഒരു കുടുംബാന്തരീക്ഷത്തിന് ബൈപോളാര്‍ ഡിസോര്‍ഡറിന്റെ ആവിര്‍ഭാവത്തെ തടയാനോ വൈകിക്കാനോ കഴിയുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

ഈറ്റിങ്ങ് ഡിസോര്‍ഡേഴ്സ്

ഈറ്റിങ്ങ് ഡിസോര്‍ഡേഴ്സ് ഉള്ള അമ്മമാരുടെ കുട്ടികളിലേ‍ക്ക് ഈ രോഗങ്ങള്‍ വ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ അമ്മമാര്‍ ആഹാരസമയത്ത് വേണ്ട അടുക്കുംചിട്ടയും പാലിക്കാത്തവരോ അല്ലെങ്കില്‍ ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ പാലിക്കുന്നവരോ ആണെന്ന്‍ സൂചനകളുണ്ട്. ആഹാരത്തെ കുടുംബപ്രശ്നങ്ങള്‍ക്കും വൈകാരികബുദ്ധിമുട്ടുകള്‍ക്കുമുള്ള ഒരു പരിഹാരമെന്ന രീതിയില്‍ ഉപയോഗിക്കുന്നതും, ഗൃഹാന്തരീക്ഷത്തില്‍ ആഹാരം, ശരീരഭാരം, ആരോഗ്യം, വ്യായാമം, ആഹാരനിയന്ത്രണം തുടങ്ങിയവക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നതും ഈ അസുഖങ്ങള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കാറുണ്ട്.

മാതാപിതാക്കളിലാരെങ്കിലും കുട്ടിയുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുകയും, അങ്ങിനെ കുട്ടിയുടെ ആഗ്രഹങ്ങളെയും രക്ഷിതാവിന്റെ ആവശ്യങ്ങളെയും വേര്‍തിരിച്ചറിയാന്‍ പറ്റാതെ വരുന്നത്ര കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയും ചെയ്യുമ്പോള്‍ തന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ഒരു അറ്റകൈപ്രയോഗമെന്ന നിലക്ക് കുട്ടി ഈ അസുഖങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം.

ഉത്ക്കണ്ഠാരോഗങ്ങള്‍

കുട്ടിയെപ്പറ്റി മാതാപിതാക്കള്‍ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും, അവരുടെ നേട്ടങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുന്നതും, കുട്ടികള്‍ക്ക് അര്‍ഹിക്കുന്നതില്‍ക്കൂടുതല്‍ സ്വാതന്ത്ര്യങ്ങളനുവദിക്കുന്നതുമൊക്കെ അവരില്‍ ഉത്ക്കണ്ഠാരോഗങ്ങള്‍ ഉടലെടുക്കാനുള്ള സാദ്ധ്യത കൂട്ടാറുണ്ട്. ഭീതിയുളവാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണതയെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നത് ബാല്യസഹജമായ പേടികള്‍ കാലക്രമത്തില്‍ ഫോബിയ പോലുള്ള രോഗങ്ങളിലേക്കു വളരാന്‍ കാരണമാവാറുണ്ട്.

ഭീതിയുളവാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണതയെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നത് ബാല്യസഹജമായ പേടികള്‍ കാലക്രമത്തില്‍ ഫോബിയ പോലുള്ള രോഗങ്ങളിലേക്കു വളരാന്‍ കാരണമാവാറുണ്ട്.

പാരാഫീലിയകള്‍

ചെറുപ്പത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് കാലക്രമത്തില്‍ പാരാഫീലിയകളുടെ ആവിര്‍ഭാവത്തിനു വഴിവെക്കാറുണ്ട്.

സ്കിസോഫ്രീനിയ

സ്കിസോഫ്രീനിയാ രോഗികളുടെ മാതാപിതാക്കള്‍ മക്കളുമായുള്ള ആശയവിനിമയത്തില്‍ ചില പ്രത്യേക പിഴവുകള്‍ വരുത്താറുണ്ടെന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.  പക്ഷേ ഈ ആശയവിനിമയരീതികള്‍ നേരിട്ട്  അസുഖകാരണമാകുന്നുണ്ടോ എന്നത് അവ്യക്തമാണ്. സ്കിസോഫ്രീനിയയുള്ള കുട്ടികളോടോ മുതിര്‍ന്നവരോടോ അവരുടെ മാതാപിതാക്കള്‍ അമിതമായി കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതും അതിവൈകാരികമായ സമീപനങ്ങളോ ആക്രമണോത്സുകതയോ പ്രകടിപ്പിക്കുന്നതും അവരുടെ അസുഖം വഷളാവുന്നതിന് ഇടയാക്കാറുണ്ട്.

സ്കൂള്‍ റെഫ്യൂസല്‍

പാനിക്ക് ഡിസോര്‍ഡര്‍, അഗോറാഫോബിയ തുടങ്ങിയ ഉത്ക്കണ്ഠാരോഗങ്ങളുള്ളവരുടെ മക്കളില്‍ സ്കൂള്‍ റെഫ്യൂസല്‍ കൂടുതലായി കാണപ്പെടാറുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം സ്ഥലത്തുള്ള കുടുംബങ്ങളിലെ കുട്ടികളിലും ഈ അസുഖം കൂടുതലായി കണ്ടുവരാറുണ്ട്.

സെപ്പറേഷന്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍

പുതിയ സ്ഥലത്തേക്ക് താമസം മാറ്റുന്നതും, കുറേക്കാലം സ്കൂളില്‍ പോകാതിരിക്കുന്നതും, പുതിയതായി ഒരു സ്കൂളില്‍ ചേരുന്നതും, കുടുംബാംഗങ്ങള്‍ക്ക് രോഗം പിടിപെടുന്നതും, അടുപ്പമുള്ള ആരെങ്കിലും മരണപ്പെടുന്നതുമൊക്കെ ഈ അസുഖത്തിനു നിമിത്തമാകാറുണ്ട്.

നിദ്രാരോഗങ്ങള്‍ (സ്ലീപ്പ് ഡിസോര്‍ഡേഴ്സ്)

കുടുംബാംഗങ്ങളിലെ അപകടങ്ങള്‍, അസുഖങ്ങള്‍ എന്നിവയും, മാതാപിതാക്കളുടെ കൂടെ ഉറങ്ങുന്ന ശീലവും, അമ്മമാര്‍ പതിവില്ലാതെ പകല്‍സമയത്ത് വീട്ടില്‍ ‍നിന്ന് മാറിനില്‍ക്കുന്നതുമൊക്കെ കുട്ടികളെ നിദ്രാരോഗങ്ങളിലേക്കു നയിക്കാറുണ്ട്. നിദ്രാരോഗങ്ങളുള്ള കുട്ടികളുടെ അമ്മമാര്‍ വിഷാദരോഗമുള്ളവരാകാനും കുട്ടികളുമായി വൈകാരികമായി അടുപ്പമില്ലാത്തരാവാനും സാദ്ധ്യത കൂടുതലാണ്.

സോഷ്യല്‍ ഫോബിയ

മാതാപിതാക്കളില്‍ നിന്നുള്ള അതിരുകവിഞ്ഞ കുറ്റപ്പെടുത്തലുകളും അമിതമായ നിയന്ത്രണവും ഈ അസുഖത്തിനു കാരണമാവാറുണ്ട്.

ഈ വിവരങ്ങളുടെ പ്രസക്തി

മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുള്ള എല്ലാ വീടുകളിലെയും കുട്ടികള്‍ മാനസികരോഗികളാവാന്‍ വിധിക്കപ്പെട്ടവരാണെന്ന് ഈ ലേഖനം അര്‍ത്ഥമാക്കുന്നില്ല. അംഗങ്ങളിലാര്‍ക്കെങ്കിലും മാനസികരോഗമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ വരാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളത്. അങ്ങിനെയല്ലാത്ത കുടുംബങ്ങളിലും ഈ പ്രശ്നങ്ങള്‍ അതിരുവിടുന്നത് കുട്ടികളെയും മുതിര്‍ന്നവരെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കുന്നതും, കുടുംബപ്രശ്നങ്ങള്‍ കൂട്ടായ ചര്‍ച്ചകളിലൂടെയും കൌണ്‍സലിങ്ങിലൂടെയും പരിഹരിക്കുന്നതും, രോഗലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങുമ്പോഴേ വിദഗ്ദ്ധസഹായം തേടുന്നതുമൊക്കെ പ്രശ്നങ്ങള്‍ പരിധി വിടാതിരിക്കാന്‍ സഹായകരമാകാറുണ്ട്.

Image courtesy: http://www.israelnewsagency.com

Leave Comments