By ഡോ.സ്മിത. സി.എ. on Sunday, 13 September 2015
Category: പേരന്റിംഗ്

മനസ്സറിഞ്ഞൂട്ടാം കുരുന്നുരുളകൾ

അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ സ്നേഹത്തോടെയൂട്ടുന്ന അമ്മ. പാല്‍പ്പുഞ്ചിരിയോടെ അതു മുഴുവനും കഴിക്കുന്ന കുഞ്ഞ് —കുട്ടികള്‍ക്ക്  ആഹാരം കൊടുക്കുന്നതിനെപ്പറ്റി പലരുടെയും മനസ്സിലുള്ള ഒരു സ്വപ്നചിത്രമാണിത്. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ ദൂരെയാണെന്ന് അനുഭവസ്ഥര്‍ സമ്മതിച്ചുതരും. അടിയും ഇടിയും കരച്ചിലും ബഹളവുമായാണ് പലപ്പോഴും നമ്മുടെ കുട്ടികള്‍ ആഹാരം കഴിക്കാറ്. കുഞ്ഞിനെന്തു നല്‍കണം, എപ്പോൾ, എത്ര അളവിൽ നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ മിക്ക രക്ഷിതാക്കളും ആകുലരുമാണ്. ഈ അവസ്ഥകള്‍ക്കുള്ള പരിഹാരമാർഗ്ഗങ്ങള്‍ തിരിച്ചറിയാൻ ശ്രമിക്കുകയാണിവിടെ. 

ഒരു മുതിർന്ന വ്യക്തിയുടെ ഭക്ഷണശീലങ്ങളിലധികവും അയാൾ ആര്‍ജിക്കുന്നത് കുഞ്ഞുപ്രായത്തിലാണ്. അതുകൊണ്ടുതന്നെ, നല്ല ഭക്ഷണരീതികൾ പരിശീലിപ്പിക്കുന്നതിലൂടെ രക്ഷിതാക്കൾ പണിതുയര്‍ത്തുന്നത് ഒരായുഷ്ക്കാലത്തിന്‍റെ ആരോഗ്യസംരക്ഷണത്തിനുള്ള അടിത്തറയാണ്.  

വാവയ്ക്കിത്ര മതി..! 

മുലയൂട്ടലിൽ മാത്രമൊതുങ്ങുന്ന ആദ്യമാസങ്ങൾ കഴിഞ്ഞാൽ രുചിലോകത്തിന്‍റെ വൈവിധ്യത്തിലേക്ക് ഓരോ കുഞ്ഞും പിച്ചവെച്ചു തുടങ്ങും. വളർച്ചയുടെ ഓരോ നാഴികക്കല്ലും പിന്തള്ളുന്നതോടൊപ്പം സ്വയം ഊട്ടാനും മറ്റെന്തിലെയും പോലെ ഭക്ഷണകാര്യത്തിലും സ്വന്തം അഭിരുചികൾ  പ്രകടിപ്പിക്കാനും കുഞ്ഞിന് സാധിക്കും. ഒന്നു മുതൽ മൂന്നു വരെയുള്ള വർഷങ്ങൾ ആഹാരശീലങ്ങളുടെ കാര്യത്തിൽ നിർണായകമാണ്. വളർച്ചാത്തോതിലും അതുകൊണ്ടുതന്നെ ഭക്ഷണേച്ഛയിലും അടിക്കടി മാറ്റങ്ങളുണ്ടാകുന്ന ഈ കാലഘട്ടത്തിൽ തന്നെയാണ് പോഷണ ആത്മനിയന്ത്രണം എന്ന കഴിവും (feeding self-regulation) കുഞ്ഞ് സ്വായത്തമാക്കുന്നത്. സ്വന്തം ആഹാരാവശ്യങ്ങളെ വിവേചിച്ചറിയാനും ഭക്ഷണരീതികളെ നിയന്ത്രിക്കാനുമുള്ള ഈ ചോദന ആദ്യ മൂന്നു വര്‍ഷത്തിനിടയില്‍ കുഞ്ഞ് പ്രകടിപ്പിക്കാൻ തുടങ്ങും. ഈ നിർണയശേഷി പരിരക്ഷിക്കപ്പെട്ടാൽ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിനായുള്ള ഒരു ആജീവനാന്തനിക്ഷേപമായിരിക്കും. ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളിൽ അച്ഛനമ്മമാരുടെ അനാരോഗ്യകരമായ പല ഇടപെടലുകളും കുഞ്ഞുങ്ങളുടെ ഈ സഹജശേഷിയെ മുളയിലേ നുള്ളിക്കളയുന്നുണ്ട്. കുഞ്ഞിന്‍റെ ഭക്ഷണശീലങ്ങളിൽ സ്വാദിന്‍റെയും സാഹചര്യങ്ങളുടെയും വികാരവിക്ഷോഭങ്ങളുടെയും സ്വാധീനം അമിതമാകാൻ ഇത് ഇടവരുത്തുന്നുമുണ്ട്.

കുഞ്ഞുങ്ങൾ സ്വായത്തമാക്കുന്ന ഭക്ഷണശീലങ്ങളെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ പ്രകൃതിഗുണങ്ങള്‍ (temperament), കുടുംബാംഗങ്ങളുടെ ഭക്ഷണരീതികള്‍, കുടുംബത്തിന്‍റെ സാമൂഹ്യ സാമ്പത്തിക നില എന്നിവ ഉദാഹരണങ്ങളാണ്. ഇതിലെ ആദ്യ രണ്ടു ഘടകങ്ങളും മാതാപിതാക്കൾ ഒരല്‍പം മനസ്സുവച്ചാൽ ക്രമീകരിക്കാനാവുന്നവയുമാണ്.

പ്രകൃതിഗുണങ്ങളുടെ സ്വാധീനത്തെക്കുറിച്ച് കൂടുതലറിയാം.

വാവ ഇങ്ങനെയാ!...

കുഞ്ഞിന്‍റെ പെരുമാറ്റത്തെ രൂപവൽക്കരിക്കുകയും വ്യക്തിത്വത്തിന് അടിത്തറ പാകുകയും ചെയ്യുന്ന ജന്മസിദ്ധമായ ചില ഘടകങ്ങളാണ് പ്രകൃതിഗുണങ്ങൾ.

അവയെന്തെല്ലാമാണെന്നുനോക്കാം.

ഈ ഘടകങ്ങളൊന്നിനെയും നല്ലതെന്നോ ചീത്തയെന്നോ വേര്‍തിരിക്കാനാവില്ല. ഇവയിലെ വ്യതിയാനങ്ങൾ ഓരോ കുഞ്ഞിന്‍റെയും ഭക്ഷണരീതിയടക്കമുള്ള ശീലങ്ങളില്‍ വ്യതിരിക്തതകള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് അവയെ പ്രസക്തമാക്കുന്നത്. ചുറ്റുപാടുകളുമായുള്ള കുഞ്ഞുങ്ങളുടെ ഇടപഴകലുകളെ വലിയൊരുപങ്കും നിര്‍ണയിക്കുന്നത് അവരുടെ ഇപ്പറഞ്ഞ പ്രകൃതിഗുണങ്ങളാണ്. അച്ഛനമ്മമാർ കുഞ്ഞിനോടിടപഴകുന്ന രീതിയെയും ഇവ സ്വാധീനിക്കുന്നുണ്ട്. സ്വന്തം കുഞ്ഞുങ്ങള്‍ ഈ ഘടകങ്ങളോരോന്നിലും എന്തു സവിശേഷതകളാണ്‌ പുലര്‍ത്തുന്നത് എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്കുണ്ടായിരിക്കുന്നത് നല്ല ആഹാരശീലം വളര്‍ത്തിയെടുക്കുന്ന ചുമതല ഒരു പരിധി വരെ ആയാസരഹിതമാക്കും.

ഉദാഹരണത്തിന്, വികാരങ്ങളെ തീവ്രതയോടെ മാത്രം പ്രകടിപ്പിക്കുകയും എല്ലാറ്റിനും അതിശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന തരം കുഞ്ഞുങ്ങള്‍ക്ക് ആഹാരം നൽകുമ്പോൾ കൂടുതൽ എതിർപ്പുകളും പരാതിയും പ്രതീക്ഷിക്കാം. സമചിത്തതയോടും ക്ഷമയോടെയും ഇത്തരം കുട്ടികളെ സമീപിക്കാൻ മാതാപിതാക്കന്മാർ പരിശീലിക്കണം. മറിച്ച്, സ്ഥിരോത്സാഹശീലത്തിലും പുതിയ സാഹചര്യങ്ങളോടിണങ്ങാനുള്ള പാടവത്തിലും മുന്നില്‍ നില്‍ക്കുന്ന കുഞ്ഞുങ്ങളെ ഭക്ഷണശീലങ്ങൾ പരിശീലിപ്പിക്കുക താരതമ്യേന എളുപ്പവുമായിരിക്കും. പെരുമാറ്റരീതിയിൽ പരസ്പരപൂരകങ്ങളാകാൻ കുഞ്ഞിനെയും രക്ഷകർത്താക്കളെയും നിർബന്ധിതരാക്കുന്നു എന്നതാണ് പ്രകൃതിഗുണങ്ങളുടെ ഏറ്റവും വലിയ സവിശേഷത. എന്നാൽ മറുവശത്ത്, സമയലാഭത്തിനും സമ്മർദ്ദമൊഴിവാക്കാനും വേണ്ടി ശരിതെറ്റുകൾ നോക്കാതെ കുഞ്ഞിന്‍റെ എല്ലാ താല്‍പര്യങ്ങളും നടപ്പിലാക്കിക്കൊടുക്കുന്ന നിലപാടുകളെടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ വേണം.

തിരഞ്ഞു കഴിക്കുന്ന കുറുമ്പുകാർ

ചില പ്രത്യേക ഭക്ഷണം മാത്രമേ കഴിക്കൂ എന്ന വാശി കുഞ്ഞുകുട്ടികളില്‍ സർവസാധാരണമാണല്ലോ. രണ്ടു മുതൽ അഞ്ചുവയസ്സു വരെയുള്ള കാലത്തിൽ പുതിയ ഭക്ഷണങ്ങളോട് ചില കുഞ്ഞുങ്ങൾ വിമുഖത കാണിക്കുമെന്നത് സ്വാഭാവികം മാത്രം. ”Picky eaters” എന്ന്പാശ്ചാത്യർ വിളിക്കുന്ന ഇക്കൂട്ടർ മാതാപിതാക്കളുടെ മനസ്സമാധാനം ഒട്ടൊന്നുമല്ല കളയാറുള്ളത്. ഇത്തരക്കാരെ നേരിടാന്‍ പല വിദ്യകളും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

പരിചയപ്പെടുത്താനുദ്ദേശിക്കുന്ന പുതിയ ആഹാരപദാര്‍ത്ഥം ഓരോ ഭക്ഷണവേളയിലും കുഞ്ഞുങ്ങളുടെ പാത്രത്തിൽ വെച്ചുകൊടുത്ത് അവരുടെ ശ്രദ്ധയാകര്‍ഷിക്കാം. പലപ്പോഴും പത്തോ ഇരുപതോ തവണ ഇങ്ങിനെ ചെയ്താലേ അതൊന്ന്‌ തൊട്ടു നോക്കാനെങ്കിലും അവര്‍ തയ്യാറായേക്കൂ. ആഹാരത്തിന്‍റെ പുതുസംവേദനങ്ങളെ — അത് രുചിയാവട്ടെ, ഘടനയാവട്ടെ — അറിയാനും അംഗീകരിക്കാനും കുഞ്ഞിന് വേണ്ടത്ര സമയംഅനുവദിച്ചേ പറ്റൂ.

കുഞ്ഞിന്‍റെ നിലവിലുള്ള പ്രിയഭക്ഷണത്തോടൊപ്പം പുതിയ രുചികളും ചേർത്തുനല്‍കുന്നതും ഗുണം ചെയ്യും. ഉദാഹരണത്തിന്, ഓംലെറ്റ്‌ ഇഷ്ടമുള്ള കുഞ്ഞിന് അതിൽ പച്ചക്കറികൾ ചേർത്ത്നല്‍കി ശീലിപ്പിക്കാം.

ഏറെ വൈകാരികസംയമനവും ശ്രദ്ധയും പാലിക്കേണ്ട ഒരു സന്ദർഭമാണ് ഭക്ഷണസമയം. ബലപ്രയോഗവും ശക്തിപരീക്ഷകളും തീർത്തും  ഒഴിവാക്കേണ്ടതുണ്ട്. ഒട്ടും നിർബന്ധം ചെലുത്താതെ, കുറഞ്ഞ അളവിൽ നൽകുന്ന പുതുരുചികളെ അല്‍പം വൈകിയാണെങ്കിൽപ്പോലും കുഞ്ഞുങ്ങൾ കൈനീട്ടി സ്വീകരിക്കും. ഈയൊരു രീതി കൈക്കൊണ്ടാൽ സ്ക്കൂൾപ്രായമാകുമ്പോഴേക്കും ഏതാണ്ടെല്ലാ രുചികളോടും കുഞ്ഞ് മനസ്സമ്മതം മൂളും. നേരെമറിച്ചു ബലപ്രയോഗത്തിലൂടെയും ശിക്ഷിച്ചുമൊക്കെ ഭക്ഷണം നല്‍കാൻ ശ്രമിക്കുന്നത് വിപരീതഫലമേ ഉളവാക്കൂ.

പങ്കുവെക്കാം, ചുമതലകളെ

മറ്റേതു നല്ല ശീലം വളർത്തിയെടുക്കുന്നതിലെയും പോലെ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം രൂപീകരിക്കുന്നതിലും ഉത്തരവാദിത്ത വിഭജനം സുപ്രധാനമാണ്.   

മാതാപിതാക്കളുടെ ചുമതലകൾ 

കുഞ്ഞിന്‍റെ സ്വാതന്ത്ര്യങ്ങള്‍ 

അടികൊള്ളേണ്ട “അമ്മത്തരങ്ങൾ”

മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ഭക്ഷണശീലത്തെ കൈകാര്യം ചെയ്യുന്ന ചില രീതികൾ ആഹാരത്തോടുള്ള കുഞ്ഞുങ്ങളുടെ മനോഭാവത്തെ മോശമായി സ്വാധീനിക്കാറുണ്ട്:

 Image courtesy: Easy Baby Life 

Leave Comments