വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

7 minutes reading time (1424 words)

ലൈംഗികരോഗങ്ങള്‍

ലൈംഗികരോഗങ്ങള്‍

ഒരാളുടെ ലൈംഗികരീതികളെ നിര്‍ണയിക്കുന്നതില്‍ അയാളുടെ വ്യക്തിബന്ധങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, സാംസ്കാരികചുറ്റുപാടുകള്‍ എന്നിങ്ങനെ അനേകം ഘടകങ്ങള്‍ക്ക് പങ്കുണ്ട്. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും, അയാളുടെ വ്യക്തിത്വവും, ശരീരത്തിന്‍റെ ജീവശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെ അയാളുടെ ലൈംഗികജീവിതത്തെ നിര്‍ണയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ലൈംഗികരീതികള്‍ പ്രകടമാകുന്നത് സെക്ഷ്വല്‍ ഐഡന്‍റിറ്റി (sexual identity), ജെന്‍റര്‍ ഐഡന്‍റിറ്റി (gender identity), സെക്ഷ്വല്‍ ഓറിയന്റേഷന്‍ (sexual orientation)‍, സെക്ഷ്വല്‍ ബിഹാവിയര്‍ (sexual behavior) എന്നീ സൈക്കോസെക്ഷ്വല്‍ ഘടകങ്ങളിലൂടെയാണ് (psychosexual factors). ഇവയുടെ നിര്‍വചനങ്ങള്‍ ഇനിപ്പറയുന്നു.

സെക്ഷ്വല്‍ ഐഡന്‍റിറ്റി

ഒരാളുടെ ശരീരം‍ ഏതു ലിംഗത്തിന്റേതാണ് എന്നതാണ് സെക്ഷ്വല്‍ ഐഡന്‍റിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. സെക്ഷ്വല്‍ ഐഡന്‍റിറ്റിയെ നിര്‍ണയിക്കുന്നത് ക്രോമൊസോമുകള്‍, ബാഹ്യവും ആന്തരികവുമായ ലൈംഗികാവയവങ്ങള്‍, ഹോര്‍മോണ്‍ ഘടന, ലിംഗനിര്‍ണിതമായ മീശ, മുടി തുടങ്ങിയ ശരീരഭാഗങ്ങളുടെ സ്വഭാവം എന്നിവയാണ്. എല്ലാ ഭ്രൂണങ്ങള്‍ക്കും ഏകദേശം ആറാഴ്ച പ്രായമാകുന്നതു വരെ സ്ത്രീശരീരങ്ങളുടെ ഘടനയായിരിക്കും. ഈ കാലയളവിനു ശേഷമാണ് XY ക്രോമൊസോമുകള്‍ പേറുന്ന ആണ്‍ഭ്രൂണങ്ങള്‍ക്ക്  പുരുഷഹോര്‍മോണുകളായ ആണ്ട്രോജനുകളുടെ പ്രവര്‍ത്തനഫലമായി പുരുഷശരീരം രൂപപ്പെടുന്നത്. വളര്‍ന്നു വരുന്ന തലച്ചോറിലുള്ള ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ലൈംഗിക കാഴ്ചപ്പാടുകള്‍ നിര്‍ണയിക്കുന്നതില്‍ പങ്കുണ്ട്.

ജെന്റര്‍ ഐഡന്‍റിറ്റി

താന്‍ പുരുഷനാണോ സ്ത്രീയാണോ എന്നതിനെക്കുറിച്ച് ഒരു വ്യക്തിക്കുള്ള കാഴ്ച്ചപ്പാടിനെയാണ് ജെന്റര്‍ ഐഡന്‍റിറ്റി എന്ന് വിളിക്കുന്നത്. രണ്ടോ മൂന്നോ വയസ്സാവുന്നതോടെയാണ് ഒരു കുട്ടിക്ക്‌ തന്റെ ജെന്റര്‍ ഐഡന്‍റിറ്റി ബോദ്ധ്യപ്പെടുന്നത്. നേരത്തേ പറഞ്ഞ സെക്ഷ്വല്‍ ഐഡന്‍റിറ്റിക്ക് ഒരു വ്യക്തിയുടെ ജെന്റര്‍ ഐഡന്‍റിറ്റി നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്കുണ്ട്. എന്നാല്‍ കുടുംബാംഗങ്ങള്‍, അദ്ധ്യാപകര്‍, കൂട്ടുകാര്‍ തുടങ്ങിയവരില്‍ നിന്ന്‍ നിരന്തരം കിട്ടുന്ന സൂചനകള്‍ക്കും ഒരാളുടെ ജെന്റര്‍ ഐഡന്‍റിറ്റി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ, ഒരാളുടെ സെക്ഷ്വല്‍ ഐഡന്‍റിറ്റിയും ജെന്റര്‍ ഐഡന്‍റിറ്റിയും എപ്പോഴും ഒന്നുതന്നെ ആയിരിക്കണമെന്നില്ല.

സെക്ഷ്വല്‍ ഓറിയന്റേഷന്‍

ഒരാള്‍ക്ക് ലൈംഗികമായ ആകര്‍ഷണം തോന്നുന്നത് ഏത് ലിംഗത്തോടാണ് എന്നതാണ് സെക്ഷ്വല്‍ ഓറിയന്റേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എതിര്‍ലിംഗത്തോട് ആകര്‍ഷണം തോന്നുന്നവരെ ഹെറ്ററോസെക്ഷ്വല്‍ (heterosexual) എന്നും, തന്‍റെയതേ ‍ലിംഗത്തോട് ആകര്‍ഷണം തോന്നുന്നവരെ  ഹോമോസെക്ഷ്വല്‍ (homosexual) എന്നും, രണ്ട് ലിംഗങ്ങളോടും ഒരു പോലെ ആകര്‍ഷണം തോന്നുന്നവരെ ബൈസെക്ഷ്വല്‍ (bisexual) എന്നും വിളിക്കുന്നു.

സെക്ഷ്വല്‍ ബിഹാവിയര്‍

ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ഒരു വ്യക്തിയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന പ്രക്രിയകളെയാണ് സെക്ഷ്വല്‍ ബിഹാവിയര്‍ എന്ന് വിളിക്കുന്നത്. നാല് ഘട്ടങ്ങളാണ് സെക്ഷ്വല്‍ ബിഹാവിയറിന് ഉള്ളത്. ലൈംഗികരോഗങ്ങളെ തരംതിരിച്ചിരിക്കുന്നത് അവ ഇതില്‍ ഏതു ഘട്ടത്തെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

ആഗ്രഹം (desire) എന്ന ആദ്യഘട്ടത്തിന്‍റെ മുഖമുദ്ര ലൈംഗികഭാവനകള്‍, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അതിയായ ആഗ്രഹം എന്നിവയാണ്. ഈ ഘട്ടം സുഗമമായിരിക്കാന്‍ മതിയായ അളവിലുള്ള ഹോര്‍മോണുകളുടെയും നാഡീരസങ്ങളുടെയും (neurotransmitters) സാന്നിദ്ധ്യം അത്യാവശ്യമാണ്. തലച്ചോറിലെ മീസോലിമ്പിക് പാത്ത്  വേയില്‍ (mesolimbic pathway) ഡോപ്പമിന്‍ (dopamine) എന്ന നാഡീരസം സ്രവിക്കപ്പെടുമ്പോഴാണ് ഒരാളുടെ മനസ്സില്‍ ലൈംഗികതൃഷ്ണ ജനിക്കുന്നത്. ഈസ്ട്രോജന്‍ (estrogen), ടെസ്റ്റോസ്റ്റിറോണ്‍ (testosterone) എന്നീ ലൈംഗികഹോര്‍മോണുകള്‍ ലൈംഗികാസക്തിയെ ഉത്തേജിപ്പിക്കാനും പ്രൊലാക്ടിന്‍ (prolactin) എന്ന ഹോര്‍മോണ്‍ ഈ ആഗ്രഹത്തെ കുറയ്ക്കാനും സഹായിക്കുന്നു.

ഉത്തേജനം (excitement) എന്ന അടുത്ത ഘട്ടത്തില്‍ മാനസികമായ ആനന്ദം ആരംഭിക്കുന്നു. ഈ ഘട്ടത്തില്‍ പുരുഷന്മാരില്‍ ലിംഗം ഉദ്ധരിക്കുകയും സ്ത്രീകളില്‍ യോനിയില്‍ നനവുണ്ടാവുകയും ചെയ്യുന്നു. ഇരുലിംഗങ്ങളിലും മുലക്കണ്ണുകള്‍ എഴുന്നേറ്റ് നില്‍ക്കുന്നു. ഈ ഘട്ടം കുറച്ചു മിനിട്ടുകള്‍ മുതല്‍  ഏതാനും മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കാം. ഉത്തേജനം മൂര്‍ഛിക്കുന്നതിനനുസരിച്ച് വൃഷണങ്ങള്‍ അമ്പത് ശതമാനത്തോളം വലുതാവുകയും അല്പം മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. യോനിയുടെ പുറമേയുള്ള മൂന്നിലൊന്ന് ഭാഗം ഒന്ന് ചുരുങ്ങിച്ചെറുതാകുന്നു. സ്തനങ്ങളുടെ വലിപ്പം ഇരുപത്തിയഞ്ച് ശതമാനത്തോളം കൂടുന്നു. ഹൃദയമിടിപ്പും ശ്വാസോച്ചാസവും വേഗത്തിലാകുന്നു. ഉത്തേജനത്തിന്‍റെ ഈ രണ്ടാംഘട്ടം മുപ്പത്‌ സെകന്റുകള്‍ തൊട്ട് ഏതാനും മിനിട്ടുകള്‍ വരെ നീണ്ടുനില്‍ക്കാം. നൈട്രിക് ഓക്സൈഡ് (nitric oxide), അസറ്റയ്ല്‍ കൊളീന്‍ (acetyl choline) എന്നീ നാഡീരസങ്ങളും ഈസ്ട്രോജനെപ്പോലുള്ള സെക്സ് ഹോര്‍മോണുകളും ശരിയായ  ഉത്തേജനത്തിന് അത്യാവശ്യമാണ്.

രതിമൂര്‍ച്ഛ (orgasm) എന്ന അടുത്ത ഘട്ടത്തിലാണ് ശുക്ലം സ്രവിപ്പിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് പ്രോസ്റ്റേറ്റ്, സെമിനല്‍ വെസിക്കിളുകള്‍, യൂറിത്ര തുടങ്ങിയ ആന്തരാവയവങ്ങള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. സ്ത്രീകളില്‍ ഈ ഘട്ടത്തില്‍ ഗര്‍ഭപാത്രവും യോനിയുടെ പുറംഭാഗവും ഇതുപോലെ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഈ പ്രക്രിയകള്‍ക്ക് സിറോട്ടോണിന്‍ (serotonin), ഡോപ്പമിന്‍ എന്നീ നാഡീരസങ്ങള്‍ കൂടിയേ തീരൂ.

പരിസമാപ്തി (resolution) എന്ന അവസാനഘട്ടത്തില്‍ ലൈംഗികാവയവങ്ങളില്‍ കുമിഞ്ഞുകൂടിയ രക്തം മറ്റു ശരീരഭാഗങ്ങളിലേക്ക് തിരിച്ചുപോവുകയും ശരീരം പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു.

ആഗ്രഹഘട്ടത്തെ ബാധിക്കുന്ന അസുഖങ്ങള്‍

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനോ ലൈംഗികച്ചുവയുള്ള പകല്‍ക്കിനാവുകളില്‍ മുഴുകാനോ ഉള്ള താല്പര്യം കുറയുകയോ തീര്‍ത്തും ഇല്ലാതാവുകയോ ചെയ്യുന്ന ഹൈപ്പോആക്ടീവ് സെക്ഷ്വല്‍ ഡിസയര്‍ ഡിസോര്‍ഡര്‍ (hypoactive sexual desire disorder), ഈ കാര്യങ്ങളോടും അതോടൊപ്പം സ്വയംഭോഗത്തോടും ലൈംഗികമായ മറ്റെല്ലാ ഇടപെടലുകളോടും വെറുപ്പ്‌ അനുഭവപ്പെടുന്ന സെക്ഷ്വല്‍ അവേര്‍ഷന്‍ ഡിസോര്‍ഡര്‍ (sexual aversion disorder) എന്നിവയാണ് ആഗ്രഹഘട്ടത്തെ ബാധിക്കുന്ന രോഗങ്ങള്‍.

സമൂഹത്തില്‍ ഇരുപതു ശതമാനത്തോളം ആളുകളെ ബാധിക്കുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്ന ഹൈപ്പോആക്ടീവ് സെക്ഷ്വല്‍ ഡിസയര്‍ ഡിസോര്‍ഡര്‍ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ലൈംഗികതയെക്കുറിച്ച് ഉപബോധമനസ്സിലുള്ള പേടികള്‍, മുന്‍കാലത്തുണ്ടായ സുഖകരമല്ലാത്ത ലൈംഗികാനുഭവങ്ങള്‍, കടുത്ത മാനസികസംഘര്‍ഷം, വിഷാദം, ഉത്ക്കണ്ഠ, ആത്മാഭിമാനമില്ലായ്മ തുടങ്ങിയവയും, ഏറെനാള്‍ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതും, ലൈംഗികപങ്കാളിയോട് ആകര്‍ഷണം തോന്നാതിരിക്കുന്നതും, പങ്കാളിയോടുള്ള അടക്കിവെച്ച വിദ്വേഷവും, ദാമ്പത്യജീവിതത്തിലെ മറ്റ് അസ്വാരസ്യങ്ങളുമൊക്കെ ഈ അസുഖത്തിന് നിദാനമാകാറുണ്ട്.

അപൂര്‍വമായി മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക, പങ്കാളിയില്‍ എപ്പോഴും അനാകര്‍ഷണം അനുഭവപ്പെടുക, ലൈംഗികതാല്പര്യങ്ങള്‍ തോന്നുന്നില്ലെന്ന പരാതികള്‍, ലൈംഗികചിന്തകളുടെയും സ്വപ്നങ്ങളുടെയും അഭാവം, ലൈംഗികസൂചനകള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മ, ലൈംഗികബന്ധത്തിന് മുന്നൊരുക്കങ്ങള്‍ നടത്താനുള്ള താല്പര്യമില്ലായ്മ തുടങ്ങിയവ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

സൈക്കോതെറാപ്പികളും ബ്യൂപ്രോപ്പിയൊണ്‍ പോലുള്ള മരുന്നുകളും ഈ പ്രശ്നത്തിന് പരിഹാരമാകാറുണ്ട്.

ഉത്തേജനഘട്ടത്തെ ബാധിക്കുന്ന അസുഖങ്ങള്‍

ഉത്തേജനഘട്ടത്തില്‍ തക്കതായ ശാരീരികമാറ്റങ്ങള്‍ പ്രത്യക്ഷമാവാതിരിക്കുന്ന അസുഖത്തെ സ്ത്രീകളില്‍ ഫീമെയില്‍ സെക്ഷ്വല്‍ എറൌസല്‍ ഡിസോര്‍ഡര്‍ എന്നും പുരുഷന്മാരില്‍ മെയില്‍ ഇറക്ട്ടൈല്‍‍ ഡിസോര്‍ഡര്‍ എന്നും വിളിക്കുന്നു. ഫീമെയില്‍ സെക്ഷ്വല്‍ എറൌസല്‍ ഡിസോര്‍ഡറിന്‍റെ പ്രധാനകാരണങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രോജന്‍ ‍, പ്രൊലാക്ടിന്‍ , തൈറോക്സിന്‍ (thyroxine) തുടങ്ങിയ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ചില മരുന്നുകള്‍, മെനോപ്പൌസ് തുടങ്ങിയവയാണ്.

ലൈംഗികബന്ധം പൂര്‍ത്തിയാവുന്നതു വരെ ലിംഗോദ്ധാരണം നിലനിര്‍ത്താനുള്ള നിരന്തരമായ കഴിവില്ലായ്മയെയാണ് മെയില്‍ ഇറക്ട്ടൈല്‍ ഡിസോര്‍ഡര്‍ എന്ന് വിളിക്കുന്നത്. പലപ്പോഴും ഇത് ചില ശാരീരികാസുഖങ്ങളുടെ പ്രത്യക്ഷലക്ഷണമായാണ് കാണപ്പെടാറുള്ളത് (ടേബിള്‍ കാണുക). ലിംഗോദ്ധാരണത്തിന് ക്ലേശം നേരിടുന്നവര്‍ സ്വയം രോഗനിര്‍ണയം നടത്തി പത്രപരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നതിനു മുമ്പ്‌ വിശദമായ പരിശോധനകള്‍ക്ക് വിധേയരാവേണ്ടതിന്‍റെ പ്രസക്തിക്ക് ഈ ലിസ്റ്റ് അടിവരയിടുന്നു. 

 ലിംഗോദ്ധാരണത്തെ പ്രതികൂലമായി ബാധിക്കാറുള്ള ശാരീരികപ്രശ്നങ്ങള്‍:

 • അണുബാധകള്‍
  • മന്ത്
  • മുണ്ടിനീര്
 • ഹൃദ്രോഗങ്ങള്‍
  • കാര്‍ഡിയാക് ഫെയില്യര്‍
  • അതെറോസ്ക്ലീറോസിസ്
 • വൃക്കരോഗങ്ങള്‍
  • ക്രോണിക്ക് റീനല്‍ ഫെയില്യര്‍
 • കരള്‍രോഗങ്ങള്‍
  • സിറോസിസ്
 • ശ്വാസകോശരോഗങ്ങള്‍
  • റെസ്പിരേറ്ററി ഫെയില്യര്‍
 • ജനിതകരോഗങ്ങള്‍
  • ക്ലൈന്‍ഫെല്‍ടേഴ്സ്‌ സിണ്ട്രോം
 • പോഷകാഹാരക്കുറവ്
 • എന്‍ഡോക്രൈന്‍ അസുഖങ്ങള്‍
  • പ്രമേഹം
  • അഡിസണ്‍സ് ഡിസീസ്‌
  • മിക്സെഡിമ
  • ഹൈപ്പര്‍തൈറോയ്ഡിസം
 • നാഡീരോഗങ്ങള്‍
  • ട്രാന്‍സ്വേഴ്സ് മയലൈറ്റിസ്
  • പാര്‍ക്കിന്‍സണ്‍സ് രോഗം
  • അപസ്മാരം
  • പെരിഫെറല്‍ ന്യൂറോപ്പതി
 • ഓപ്പറേഷനുകള്‍
  • പെരിനിയല്‍ പ്രോസ്റ്റേറ്റെക്ടമി
 • ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം
  • ആല്ക്കഹോളിസം
  • പുകവലി
 • മരുന്നുകള്‍
  • ചില സൈക്ക്യാട്രി മരുന്നുകള്‍
  • രക്തസമ്മര്‍ദ്ദത്തിന്‍റെ ചില മരുന്നുകള്‍

 

സില്‍ഡിനാഫില്‍, റ്റഡാലാഫില്‍, അല്‍പ്രോസ്റ്റാഡില്‍ തുടങ്ങിയ മരുന്നുകള്‍ ഈ അസുഖത്തില്‍ പ്രയോജനം ചെയ്യാറുണ്ട്. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ഉദ്ധാരണത്തെ ശക്തിപ്പെടുത്തുകയാണ് ഈ മരുന്നുകള്‍ ചെയ്യുന്നത്.  സെന്‍സേറ്റ് ഫോക്കസ് ട്രെയ്നിങ് എന്ന സൈക്കോതെറാപ്പിയും ഇതില്‍ ഫലപ്രദമാണ്.

രതിമൂര്‍ച്ഛാഘട്ടത്തെ ബാധിക്കുന്ന അസുഖങ്ങള്‍

സ്ത്രീകളില്‍ രതിമൂര്‍ച്ഛയുടെ അഭാവത്തെ ഫീമെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍ (female orgasmic disorder) എന്നും പുരുഷന്മാരിലെ ഇതേ പ്രശ്നത്തെ മെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍ (male orgasmic disorder) എന്നും പറയുന്നു.

വിവിധ കാരണങ്ങള്‍ കൊണ്ട് ഫീമെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍ വരാറുണ്ട്. ഗര്‍ഭധാരണത്തെയോ, പങ്കാളി തന്നെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ, യോനിക്ക് മുറിവേല്‍ക്കുന്നതിനെക്കുറിച്ചോ ഉള്ള ആശങ്ക, പുരുഷന്മാരോടുള്ള വിദ്വേഷം, ലൈംഗികചോദനകളെക്കുറിച്ചുള്ള കുറ്റബോധം, തനിക്ക് ലൈംഗികബന്ധം ആസ്വദിക്കാന്‍ അര്‍ഹതയില്ലെന്ന മുന്‍വിധി തുടങ്ങിയവ ഈ രോഗത്തിലേക്ക് നയിക്കാറുണ്ട്. അടിവയറ്റിലെ വേദന, ചൊറിച്ചില്‍, യോനിയില്‍ നിന്നുള്ള ഒലിപ്പ്, മുന്‍കോപം, തളര്‍ച്ച തുടങ്ങിയവ ഈ രോഗമുള്ളവരില്‍ കണ്ടുവരാറുണ്ട്.

അതീവകര്‍ക്കശവും കുട്ടികളെ കണക്കിലധികം ശിക്ഷിക്കുന്നതുമായ കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ളവരില്‍ മെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍ കൂടുതലായി കണ്ടുവരാറുണ്ട്.

 അതീവകര്‍ക്കശവും കുട്ടികളെ കണക്കിലധികം ശിക്ഷിക്കുന്നതുമായ കുടുംബപശ്ചാത്തലത്തില്‍ നിന്നുള്ളവരില്‍ മെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍ കൂടുതലായി കണ്ടുവരാറുണ്ട്. ഗര്‍ഭത്തെക്കുറിച്ചുള്ള ചിന്താക്കുഴപ്പവും, പങ്കാളിയോട് ലൈംഗികാഭിമുഖ്യം നഷ്ടപ്പെടുന്നതും, സ്ത്രീകളോടുള്ള ഒതുക്കിവെച്ച അമര്‍ഷവുമെല്ലാം ഈ അസുഖത്തിലേക്ക് നയിക്കാറുണ്ട്. ഒബ്സസീവ്‌ കംപല്‍സീവ്‌ ഡിസോര്‍ഡര്‍, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്‌, സുശുംനയുടെ കീഴ്ഭാഗത്തെ അസുഖങ്ങള്‍, ചില മരുന്നുകള്‍ എന്നിവയും ചില യൂറോളജി സര്‍ജറികളും ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്.

രതിമൂര്‍ച്ഛാഘട്ടത്തെ ബാധിക്കുന്ന ഇനിയുമൊരു അസുഖമാണ് ശീഘ്രസ്ഖലനം (premature ejaculation). ആഗ്രഹിക്കുന്നതിന് മുമ്പു തന്നെ - യോനിയിലേക്ക് ലിംഗം കടക്കുമ്പോഴോ, അതിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ തൊട്ടുപിറകെയോ - തുടര്‍ച്ചയായി സ്ഖലനം സംഭവിക്കുന്നവരിലാണ് ഈ രോഗം നിര്‍ണയിക്കുന്നത്. മറ്റൊരു നിര്‍വചനപ്രകാരം ലൈംഗികവേഴ്ച്ചകളില്‍ പകുതിയിലെങ്കിലും തന്‍റെ പങ്കാളിക്ക് തൃപ്തിയാകുന്നത് വരെ സ്ഖലനം പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തവര്‍ക്കും ശീഘ്രസ്ഖലനമുണ്ടെന്നു പറയാം. ഈ പ്രശ്നത്തിലേക്കു വഴിവെക്കുന്നതെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

 • സെക്സിനെക്കുറിച്ചുള്ള ആശങ്ക
 • സെക്സിനെക്കുറിച്ചുള്ള അമിതപ്രതീക്ഷകള്‍
 • ലൈംഗികതയെക്കുറിച്ചുള്ള കുറ്റബോധം
 • മാതാപിതാക്കളുമായുള്ള കലഹം
 • വ്യക്തിബന്ധങ്ങളില്‍ വല്ലാതെ "സെന്‍സിറ്റീവ്" ആവുന്നത്
 • വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ നിന്ന്‍ കിട്ടുന്ന തെറ്റായ പാഠങ്ങള്‍
 • കോളേജ്‌ വിദ്യാഭ്യാസം

ക്ലൊമിപ്രമിന്‍ , ഡാപ്പോക്സെറ്റിന്‍ തുടങ്ങിയ മരുന്നുകളും, സ്ക്വീസ് ടെക്നിക്ക്, സ്റ്റോപ്പ് സ്റ്റാര്‍ട്ട് ടെക്നിക്ക് തുടങ്ങിയ സൈക്കോതെറാപ്പികളും ഈ രോഗത്തില്‍ ഫലം ചെയ്യാറുണ്ട്.

ലൈംഗിക വേദനാരോഗങ്ങള്‍ (Sexual pain disorders)

ഡിസ്പാറ്യൂണിയ, വജൈനിസ്മസ് എന്നീ രോഗങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴൊക്കെ വേദന അനുഭവപ്പെടുന്നതിനെയാണ് ഡിസ്പാറ്യൂണിയ എന്നു വിളിക്കുന്നത്. യോനീപേശികള്‍ വല്ലാതെ വലിഞ്ഞുമുറുകിയിരിക്കുക, പെയ്റോണീസ് ഡിസീസ്‌, പ്രൊസ്റ്റാറ്റയ്റ്റിസ്, ഗോണോറിയ, ഹെര്‍പ്പിസ് തുടങ്ങിയ മെഡിക്കല്‍ പ്രശ്നങ്ങള്‍ ഡിസ്പാറ്യൂണിയക്ക് കാരണമാകാറുണ്ട്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴെല്ലാം മനപൂര്‍വമല്ലാതെ യോനിയുടെ പുറമെയുള്ള മൂന്നിലൊന്ന് ഭാഗത്തെ പേശികള്‍ വലിഞ്ഞുമുറുകിപ്പോകുന്നത് കൊണ്ടാണ് വജൈനിസ്മസില്‍ വേദന അനുഭവപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസം ലഭിച്ചവരിലും, ഉയര്‍ന്ന കുടുംബപശ്ചാത്തലമുള്ളവരിലും ഈ അസുഖം കൂടുതലായി കാണപ്പെടാറുണ്ട്.

റിലാക്സേഷന്‍ വിദ്യകള്‍, സെന്‍സേറ്റ് ഫോക്കസ് ട്രെയ്നിങ്, ഡയലറ്റേഷന്‍ , മാരിറ്റല്‍ തെറാപ്പി, മരുന്നുകള്‍ തുടങ്ങിയവ ലൈംഗിക വേദനാരോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്.

പാരാഫീലിയകള്‍

ജീവനില്ലാത്ത വസ്തുക്കളുടെയോ, കുട്ടികളുടെയോ, വിസമ്മതമുള്ളവരുടെയോ നേര്‍ക്കുള്ളതോ, തന്നെത്തന്നെയോ ലൈംഗികപങ്കാളിയെയോ വേദനിപ്പിക്കുന്നതോ ആയ നിരന്തരമായ ലൈംഗികതാല്പര്യങ്ങളും സങ്കല്പങ്ങളും ആണ് പാരാഫീലിയകളുടെ മുഖമുദ്ര. കൂട്ടത്തില്‍ സാധാരണമായ പാരാഫീലിയകള്‍ താഴെപ്പറയുന്നവയാണ്.

 1. ഫെറ്റിഷിസം - പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ നിര്‍ജീവപദാര്‍ത്ഥങ്ങളോടുള്ള ലൈംഗികവാജ്ഞ
 2. ട്രാന്‍സ്‌വെസ്റ്റിസം - എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ വസ്ത്രങ്ങള്‍ അണിയുന്നതില്‍ നിന്ന്‍ ലൈംഗികസുഖം ലഭിക്കുന്ന രോഗം.
 3. എക്സിബിഷനിസം - തന്‍റെ ഗുഹ്യഭാഗങ്ങള്‍ അപരിചിതര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ലൈംഗികസുഖം കണ്ടെത്തുന്ന അവസ്ഥ.
 4. വോയറിസം - മറ്റുള്ളവര്‍ വസ്ത്രങ്ങളഴിക്കുന്നതോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതോ നോക്കിക്കണ്ട് ലൈംഗികസുഖം നേടുന്ന അസുഖം. 
 5. പീഡോഫീലിയ - പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി നിരന്തരം ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ആസക്തിയുണ്ടാകുന്ന അസുഖം. പതിനാറു വയസ്സെങ്കിലും പൂര്‍ത്തിയായ, തങ്ങളെക്കാള്‍ അഞ്ചു വയസ്സിനെങ്കിലും ചെറുപ്പമുള്ളവരുമായി ബന്ധപ്പെടുന്നവര്‍ക്കാണ് ഈ രോഗം നിര്‍ണയിക്കാറുള്ളത്.
 6. സാഡോമസോകിസം - ലൈംഗികബന്ധത്തില്‍ വേദനയോ അപമാനമോ ബന്ധനമോ ഇഷ്ടപ്പെടുക എന്നതാണ് ഇവിടെ പ്രശ്നം.

തലച്ചോറിലെ കുഴപ്പങ്ങള്‍, ചെറുപ്പകാലത്തെ ദുരനുഭവങ്ങള്‍, അബോധമനസ്സിലെ തകരാറുകള്‍ തുടങ്ങിയവയാണ് പാരാഫീലിയകള്‍ക്ക് കാരണമാകാറുള്ളത്‌.

തലച്ചോറിലെ നാഡീപടലങ്ങളിലുണ്ടാകുന്ന ചില തകരാറുകള്‍, ഓരോ സാഹചര്യത്തിലും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും സാമൂഹ്യവിരുദ്ധചോദനകളെ നിയന്ത്രിക്കാനുമൊക്കെ നമ്മെ പ്രാപ്തരാക്കുന്ന മസ്തിഷ്കകേന്ദ്രങ്ങളില്‍ വരുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ പാരാഫീലിയകളിലേക്ക് നയിക്കാറുണ്ട്. മാതാപിതാക്കളാല്‍ തിരസ്കരിക്കപ്പെടുക, നിരന്തരമായ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാവുക തുടങ്ങിയവയും പാരാഫീലിയകള്‍ക്ക് കാരണമാവാറുണ്ട്.

പാരാഫീലിയകളുടെ ചികിത്സ എളുപ്പമല്ല. ഇന്‍സൈറ്റ്‌ ഓറിയന്‍റഡ് സൈക്കോതെറാപ്പി, ബിഹാവിയര്‍ തെറാപ്പി, സെക്സ് തെറാപ്പി തുടങ്ങിയ സൈക്കോതെറാപ്പികളും, സിപ്രോട്ടെറോണ്‍ അസറ്റേററ്, മെഡ്രോക്സിപ്രോജസ്റ്ററോണ്‍ അസറ്റേററ് തുടങ്ങിയ മരുന്നുകളും ഇവയുടെ ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്.

ജെന്റര്‍ ഐഡന്‍റിറ്റി ഡിസോര്‍ഡര്‍

സെക്ഷ്വല്‍ ഐഡന്‍റിറ്റിയും ജെന്റര്‍ ഐഡന്‍റിറ്റിയും തമ്മില്‍ പൊരുത്തക്കെടുണ്ടാകുന്ന അസുഖമാണ് ഇത്. എതിര്‍ലിംഗത്തിന്റെ ശരീരവും സാമൂഹ്യസ്ഥാനവും കിട്ടാനുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം. ഈ രോഗമുള്ളവര്‍ എതിര്‍ലിംഗത്തിലേക്ക് മാറാനുള്ള അതിയായ ആഗ്രഹമുള്ളവരും അതിനാവശ്യമായ ഓപ്പറേഷനുകളിലും മറ്റും അതീവ താല്പര്യമുള്ളവരും ആയിരിക്കും. കോഗ്നിറ്റീവ് ബീഹാവിയര്‍ തെറാപ്പി പോലുള്ള സൈക്കോതെറാപ്പികള്‍ ചിലപ്പോള്‍ ഈ അസുഖത്തില്‍ ഫലംചെയ്യാറുണ്ട്. ഇത്തരം ചികിത്സകളില്‍ മനസ്സ് മാറാത്തവര്‍ക്ക് ശരീരത്തെ എതിര്‍ലിംഗത്തിലേക്ക് മാറ്റാനുള്ള സര്‍ജറികള്‍ ലഭ്യമാണ്.

സ്വവര്‍ഗാനുരാഗം

ഒരു വ്യക്തി സ്വവര്‍ഗാനുരാഗിയാകുന്നതിനു പിന്നില്‍ ജനിതകവും ജീവശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സ്വലിംഗത്തില്‍ പെട്ടവരോട് മാത്രം ലൈംഗികാഭിമുഖ്യം തോന്നുകയും അത്തരത്തിലുള്ളവരില്‍ ഒരാളാണെന്ന സാമൂഹികമേല്‍വിലാസം സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് സ്വവര്‍ഗാനുരാഗികള്‍ എന്നു വിളിക്കുന്നത്. സ്വവര്‍ഗാനുരാഗത്തോടും  സ്വവര്‍ഗാനുരാഗികളോടുമുള്ള വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനെ ഹോമോഫോബിയ (homophobia) എന്നും എതിര്‍ലിംഗത്തോടുള്ള ലൈംഗികാഭിമുഖ്യമാണ് ഏറ്റവും മികച്ചതെന്ന വിശ്വാസത്തെ ഹെറ്ററോസെക്സിസം  (heterosexism) എന്നും വിളിക്കുന്നു. സെക്ഷ്വല്‍ ഓറിയന്റേഷനെ ഒരു രോഗമായി പരിഗണിക്കാന്‍ പറ്റില്ല എന്ന് പ്രഖ്യാപിച്ച് 1973-ല്‍ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ സ്വവര്‍ഗാനുരാഗത്തെ മാനസികരോഗങ്ങളുടെ ലിസ്റ്റില്‍ നിന്ന്‍ നീക്കം ചെയ്യുകയുണ്ടായി. ഒരു വ്യക്തി സ്വവര്‍ഗാനുരാഗിയാകുന്നതിനു പിന്നില്‍ ജനിതകവും ജീവശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളോട് ലൈംഗികാഭിമുഖ്യം ഉടലെടുക്കുന്നതിന് ഗര്‍ഭാവസ്ഥയില്‍ ആണ്ട്രോജനുകളുടെ സാന്നിദ്ധ്യം ആവശ്യമാണെന്നും ഇത് സാദ്ധ്യമാവാതെ വരുമ്പോള്‍ അത്തരം ആണ്‍കുട്ടികളില്‍ സ്വവര്‍ഗാനുരാഗം ഉടലെടുത്തേക്കാമെന്നും സൂചനകളുണ്ട്.

സ്വയംഭോഗം

ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടതും അതേസമയം തന്നെ ഏറ്റവുമധികം പാലിക്കപ്പെടുന്നതുമായ ലൈംഗികവൃത്തിയാണ് സ്വയംഭോഗം. മിക്കവാറും എല്ലാ പുരുഷന്മാരും എഴുപത്തിയഞ്ച് ശതമാനത്തോളം സ്ത്രീകളും സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്വയംഭോഗം മാനസികരോഗങ്ങള്‍ക്കും ലൈംഗികപ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്ന തെറ്റിദ്ധാരണ പല സമൂഹങ്ങളിലും പ്രബലമാണ്. എന്നാല്‍ ഈ ആശങ്കകള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല.  സ്വയംഭോഗത്തോടുള്ള ആസക്തി ഒരാള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തത്ര തീവ്രമാകുമ്പോള്‍ മാത്രമാണ് അത് ചികിത്സ ആവശ്യമുള്ള ഒരു പ്രശ്നമാകുന്നത്.

കോറോ

ഇന്ത്യയടക്കമുള്ള ചില ഏഷ്യന്‍ ‍രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു അസുഖമാണ് ഇത്. തന്‍റെ ലിംഗം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അത് വയറ്റിനുള്ളിലേക്ക് കയറിക്കഴിയുമ്പോള്‍ താന്‍ മരണപ്പെടുമെന്നുമുള്ള പുരുഷന്മാരുടെ ഭയമാണ് ഈ രോഗത്തിന്‍റെ പ്രധാനലക്ഷണം. സ്ത്രീകളിലാണെങ്കില്‍ ഈ ആശങ്ക ലൈംഗികാവയവങ്ങളെയും സ്തനങ്ങളെയും കുറിച്ചായിരിക്കും. സ്വപ്നസ്ഖലനത്തെയും സ്വയംഭോഗത്തെയും ലൈംഗികാസക്തിയെയുമൊക്കെ കുറിച്ച് ചില പ്രദേശങ്ങളിലുള്ള തെറ്റിദ്ധാരണകളാണ് പലപ്പോഴും ഈ രോഗത്തിനു കാരണമാകുന്നത്. സൈക്കോതെറാപ്പിയും മരുന്നുകളും ഉപയോഗിച്ച് ഈ രോഗം മാറ്റിയെടുക്കാന്‍ സാധിക്കാറുണ്ട്.

ധാത് സിണ്ട്രോം

ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രശ്നമാണിത്. തങ്ങള്‍ക്ക് ശീഖ്രസ്ഖലനമോ ഉദ്ധാരണശേഷിക്കുറവോ ഉണ്ടെന്നും തങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ ശുക്ലം പുറത്തുപോവുന്നുണ്ടെന്നുമുള്ള പുരുഷന്മാരുടെ പരാതിയാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ചിലര്‍ക്ക് അതിരുവിട്ട സ്വയംഭോഗത്തെക്കുറിച്ചുള്ള കഠിനമായ കുറ്റബോധവും കാണാറുണ്ട്. ഒരു തുള്ളി അസ്ഥിമജ്ജയുണ്ടാവാന്‍ നാല്‍പ്പതു തുള്ളി രക്തം വേണമെന്നും ഒരു തുള്ളി ശുക്ലമുണ്ടാവാന്‍ നാല്‍പ്പതു തുള്ളി അസ്ഥിമജ്ജ ആവശ്യമാണെന്നുമൊക്കെയുള്ള ചില മിഥ്യാധാരണകളാണ് പലപ്പോഴും ഈ ആശങ്കകളുടെ മൂലകാരണം. ക്ഷീണം, നെഞ്ചിടിപ്പ്, ഉറക്കക്കുറവ്‌, നിരാശ, ഉത്ക്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളും ഈ രോഗമുള്ളവരില്‍ സാധാരണമാണ്.

ഇതിന്‍റെ പ്രധാന ചികിത്സ കൊഗ്നിറ്റീവ് ബിഹാവിയര്‍ തെറാപ്പിയാണ്. ചിലപ്പോള്‍ വിഷാദരോഗത്തിനും ഉത്ക്കണ്ഠാരോഗങ്ങള്‍ക്കുമുള്ള മരുന്നുകളും ഈ  രോഗത്തില്‍ പ്രയോജനപ്രദമാവാറുണ്ട്.

സെക്സ് അഡിക്ഷന്‍

ലൈംഗികതൃഷ്ണയും ചിന്തകളും പ്രവൃത്തികളും വളരെയധികം കൂടുതലാവുകയോ നിയന്ത്രണാതീതമാവുകയോ ചെയ്യുന്നതിനെയാണ് സെക്സ് അഡിക്ഷന്‍ എന്നു വിളിക്കുന്നത്. ഇങ്ങിനെയൊരു പ്രശ്നം ശരിക്കും നിലവിലുണ്ടോ എന്നും ഇതിന്‍റെ നിര്‍വചനം എന്താണെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിദഗ്ധര്‍ ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. ഒബ്സസീവ്‌ കംപല്‍സീവ് ഡിസോര്‍ഡര്‍, നാഴ്സിസിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ ഉള്ളവരില്‍ സെക്സ് അഡിക്ഷന്‍ കൂടുതലായി കണ്ടുവരാറുണ്ട്.  

കൌണ്‍സലിംഗിന്‍റെ അടിസ്ഥാന തത്വങ്ങള്‍
പഠനവൈകല്യങ്ങള്‍ (Specific Learning Disabilities)
 

By accepting you will be accessing a service provided by a third-party external to http://manasikarogyam.com/

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is a Joomla Security extension!