വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

4 minutes reading time (862 words)

ലൈംഗികപീഢനങ്ങള്‍ക്കു പിന്നിലെ മന:ശാസ്ത്രം

ലൈംഗികപീഢനങ്ങള്‍ക്കു പിന്നിലെ മന:ശാസ്ത്രം

ഒരു വ്യക്തിയെയോ ഒരുകൂട്ടം വ്യക്തികളെയോ നിര്‍ബന്ധിച്ചോ നിരന്തരം പ്രേരിപ്പിച്ചോ നടത്തുന്ന ലൈംഗിക പ്രവൃത്തികളെല്ലാം ലൈംഗിക പീഢനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. പ്രായം കൂടുതലുളള ഒരു വ്യക്തി തനിക്ക് സംതൃപ്തി ലഭിക്കുന്ന വിധത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു വ്യക്തിയുമായി വിവിധ ലൈംഗിക കേളികളില്‍ ഏര്‍പ്പെടുന്നതിനെ ലൈംഗിക പീഢനമായി കണക്കാക്കാം. ബലാത്സംഗം, മോശമായ രീതിയിലുളള ശരീരസ്പര്‍ശം, ലൈംഗികാവയവങ്ങളുടെ പ്രദര്‍ശനം, ശാരീരികോപദ്രവം, മോശമായ ഭാഷാപ്രയോഗം എന്നിവയെല്ലാം ലൈംഗിക പീഢനങ്ങളില്‍പ്പെടുന്നു. കുട്ടികളെ ഉപയോഗിച്ച് അശ്ളീല സിനിമകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതും ലൈംഗിക പീഢനമാണ്.

മിക്ക പീഢനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ അധികാരികള്‍ക്ക് ലഭിക്കാത്തതിനാല്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന അത്തരം ദുഷ്പ്രവൃത്തികളുടെ യഥാര്‍ത്ഥ കണക്ക് നമുക്ക് ലഭ്യമല്ല. നവജാത ശിശുക്കള്‍ മുതല്‍ പ്രായമേറിയവര്‍ വരെ പീഢനങ്ങള്‍ക്കിരയാകുന്നുണ്ട്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് കൂടുതലായും ലൈംഗിക പീഢനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. പീഢനങ്ങള്‍ക്കിരയാവുന്ന മൂന്നിലൊരു ഭാഗവും 9 വയസ്സിന് മുമ്പുതന്നെ ഇത്തരം അതിക്രമങ്ങള്‍ക്കിരയാവുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പലപ്പോഴും ഇത്തരം പീഢനങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും സാമ്പത്തികമായി മുന്‍നിരയിലുളള കുടുംബങ്ങളില്‍ ഇവ പലപ്പോഴും രഹസ്യമായി സൂക്ഷിക്കപ്പെടുകയാണ് പതിവ്.

സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, മാനസികം എന്നീ മേഖലകളിലെ അധ:പതനവും മൂല്യച്യുതിയുമാണ് ലൈംഗിക പീഢനങ്ങള്‍ക്ക് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം, കുടുംബത്തില്‍ അംഗങ്ങളുടെ ബാഹുല്യം, ആവശ്യത്തിന് സ്ഥലമില്ലാത്തതിനാല്‍ തൊട്ടു തൊട്ടു കിടക്കേണ്ടി വരിക, സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു ജീവിക്കുക എന്നിവയും മറ്റു കാരണങ്ങളാണ്. മാനസിക രോഗങ്ങള്‍, ബുദ്ധിമാന്ദ്യം എന്നിവയും ഏതൊരു വ്യക്തിയേയും പീഢനത്തിന് ഇരയാക്കിയേക്കാം. പ്രായംകൊണ്ടും ശക്തികൊണ്ടും മുന്നില്‍ നില്‍ക്കുന്ന പുരുഷന്‍ ആയിരിക്കും മിക്കവാറും പീഢിപ്പിക്കുന്ന വ്യക്തി. സമൂഹത്തില്‍ എല്ലാ വിഭാഗങ്ങളിലുംപെട്ട കുറെ പുരുഷന്മാരും കുറച്ച് സ്ത്രീകളും ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്നവരാണ്. വിദ്യാഭ്യാസമുളളവരും ഇല്ലാത്തവരും തൊഴിലാളികളും തൊഴിലില്ലാത്തവരും മദ്യപാനികളും മയക്കുമരുന്നുപയോഗിക്കുന്നവരുമെല്ലാം ഇക്കൂട്ടത്തില്‍പെടുന്നു.

ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരില്‍ കുറെപ്പേര്‍ കുട്ടിക്കാലത്ത് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായവരാണെന്ന് പഠനം സൂചിപ്പിക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്നവരില്‍ അപരിചിതരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ഉണ്ടാകും.

ലൈംഗികപീഢനങ്ങള്‍ക്ക് ഇരയായവര്‍ക്ക് തങ്ങളുടെ തെറ്റുകൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്ന തോന്നലും അതുമൂലമുളള കുറ്റബോധവും എപ്പോഴും ഉണ്ടാകും. ശാരീരികമായ അക്രമവും ഭീഷണിയും കൊണ്ടാണ് പ്രായംചെന്നവരെ പലപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്നത്. കുട്ടികളെയും ചിലപ്പോള്‍ അക്രമത്തിലൂടെ കീഴ്പ്പെടുത്തുമെങ്കിലും മിക്കപ്പോഴും അതിന്റെ ആവശ്യം ഉണ്ടാകാറില്ല. മുതിര്‍ന്നവര്‍ക്ക് കുട്ടികളിലുളള ശാരീരികവും മാനസികവുമായ ആധിപത്യസ്വഭാവമാണതിനു കാരണം. പണത്തിന്റെയും ഭീഷണിയുടെയും സ്വാധീനത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വഴങ്ങുന്ന ചില മുതിര്‍ന്ന കുട്ടികളുമുണ്ട്. ലൈംഗികപീഡനം നടത്തിയ വ്യക്തി "പീഢനരഹസ്യം'' പുറത്തു പറയരുതെന്ന് ഇരയായ കുട്ടിയെ എപ്പോഴും ഓര്‍മ്മിപ്പിക്കും. ലജ്ജയും കുറ്റബോധവും കാരണം "രഹസ്യം'' പുറത്താകാതിരിക്കാന്‍ കുട്ടിയും നിര്‍ബന്ധിതനാകുന്നു.

ലൈംഗിക പീഢനങ്ങള്‍ സ്വന്തം ബന്ധുക്കളില്‍നിന്നുതന്നെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. സ്വന്തം പിതാവ്, രണ്ടാനച്ഛന്‍ , അമ്മാവന്‍ , മറ്റ് സഹോദരങ്ങള്‍ എന്നിവരില്‍നിന്നാണ് സാധാരണയായി ഇത്തരം അഗമ്യഗമനങ്ങള്‍ സംഭവിക്കാറുളളത്. സ്വന്തം പിതാവും മകളും തമ്മിലുളള ബന്ധമാണ് അഗമ്യഗമനങ്ങളില്‍ 75 ശതമാനവും. മകള്‍ക്ക് ഏകദേശം പത്ത് വയസ്സാകുമ്പോള്‍ ഇത്തരം പീഢനങ്ങള്‍ ആരംഭിക്കപ്പെടുന്നു. പീഢനം പുരോഗമിക്കുമ്പോള്‍ ഈ കുട്ടി അസ്വസ്ഥയും, ഭയചകിതയും ഒന്നും ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്തവളുമായി മാറുന്നു. പ്രായത്തിനനുസരിച്ചുളള ശാരീരിക വളര്‍ച്ചാ മാറ്റങ്ങള്‍ അവളുടെ അമ്പരപ്പിന് ആക്കം കൂട്ടുന്നു. മാത്രമല്ല സ്വന്തം പിതാവില്‍നിന്നും നേരിടേണ്ടിവന്ന പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ച് സ്വന്തം അമ്മയോട് സംസാരിച്ചാല്‍ തന്നെ പലപ്പോഴും അവര്‍ അത് വിശ്വസിക്കാതിരിക്കുകയും ഭര്‍ത്താവുമായുളള ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുകയും ചെയ്യുന്നു. ഈ സ്ഥിതിവിശേഷം പീഢനം അധികരിക്കാന്‍ ഉത്തമ സാഹചര്യമൊരുക്കുന്നു. പലപ്പോഴും ഇത്തരം കുടുംബങ്ങളില്‍ അമ്മ ഒരു കാര്യത്തിനും തന്റേടമില്ലാത്തവളും രോഗിയും ശാരീരികമോ മാനസികമോ ആയി വൈകല്യമുള്ളവരും ആയിരിക്കും. അതുകൊണ്ട് തന്നെ പീഢനത്തിനിരയാവുന്ന ഈ മകള്‍  തന്നെയായിരിക്കും കുടുംബത്തില്‍ അമ്മയുടെ ഭാഗം കൈകാര്യം ചെയ്യുന്നത്. പീഢിപ്പിക്കുന്ന പിതാവാകട്ടെ പലപ്പോഴും മദ്യപാനിയോ മറ്റേതെങ്കിലും തരത്തിലുളള ലഹരിക്ക് അടിമയുമായിരിക്കും. അമ്മയും മകളും തമ്മിലുളള അഗമ്യഗമനമാണ് സമൂഹത്തില്‍  എന്നും ഏറ്റവും നിന്ദിതമായി വിശേഷിപ്പിച്ചിട്ടുളളത്. മിക്കവാറും കടുത്ത മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവര്‍ക്കിടയിലാണ് ഇത്തരം ബന്ധങ്ങള്‍ സംഭവിക്കാറുളളത്. സഹോദരീ സഹോദരന്മാര്‍ക്കിടയിലുളള ബന്ധങ്ങള്‍ പലപ്പോഴും അച്ഛനമ്മമാര്‍ തന്നെ ഇടപെട്ട് മൂടിവെയ്ക്കപ്പെടുകയാണ് പതിവ്.

ലൈംഗിക പീഢനങ്ങളുടെ അനന്തര ഫലങ്ങളെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. പീഢനത്തിന്റെ സ്വഭാവം, പീഢനത്തിന് ഇരയാകുന്നവരുടെ പ്രായം, പീഢനത്തിന്റെ കാലയളവ്, പീഢനത്തിന് ഇരയായവരും പീഢിപ്പിച്ച വ്യക്തിയും തമ്മിലുളള ബന്ധം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. വിശ്വസ്തനായ ഒരു വ്യക്തിയില്‍നിന്നും പീഢനമേല്‍ക്കേണ്ടി വരുന്ന കുട്ടികള്‍ വിശ്വാസ്യതയ്ക്കു പിന്നിലെ ചതിയെക്കുറിച്ച് ബോധവാന്മാരാകുന്നു. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്നും പിന്തുണയും സഹായവും ലഭിക്കുന്ന ഇരകള്‍ക്ക് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്കുളള സാധ്യത കുറവാണ്. അതേസമയം "പീഢനരഹസ്യം'' മനസ്സില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ക്ക് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്. 

ലൈംഗിക പീഢനത്തിന്റെ പരിണതഫലങ്ങള്‍

പീഢനത്തിനിരകളാകുന്ന കുട്ടികളിലെ കുറ്റബോധം, ഭയം, ലജ്ജ, ദേഷ്യം എന്നിവ തുടക്കത്തിലേ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാം.

ലൈംഗിക പീഢനങ്ങള്‍ക്ക് ഇരയാകുന്നവരില്‍ പലതരത്തിലുളള മാനസിക പ്രശ്നങ്ങളും ഉണ്ടാകാം. പീഢനത്തിനിരകളാകുന്ന കുട്ടികളിലെ കുറ്റബോധം, ഭയം, ലജ്ജ, ദേഷ്യം എന്നിവ തുടക്കത്തിലേ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാം. കടുത്ത ഉത്കണ്ഠ, താന്‍ ഒന്നിനും കൊളളാത്തവനാണെന്ന തോന്നല്‍, ലൈംഗിക-വൈകാരിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം ലൈംഗിക പീഢനത്തിന്റെ ഫലമായുണ്ടാകുന്ന ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ്. പീഢനത്തിനിരയായവരില്‍ ചിലപ്പോള്‍ കടുത്ത വിഷാദവും ആത്മഹത്യാ പ്രവണതയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗവുമൊക്കെ കണ്ടുവരാം. പീഢനത്തിനിരയായ ഒട്ടേറെപ്പേര്‍ക്ക് വൈവാഹിക-കുടുംബ ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നു. ജീവിതത്തില്‍ ഒരു കാര്യവും പൂര്‍ണമായി മനസ്സുകൊടുത്ത് ചെയ്യാന്‍ കഴിയാത്ത ചിലര്‍ ഒരേ സിനിമയില്‍ വ്യത്യസ്ത റോളുകള്‍ അഭിനയിക്കുന്നതുപോലെ അവരുടെ ജീവിതം അഭിനയിച്ചു തീര്‍ക്കുന്നു.

ലൈംഗിക പീഢനത്തിനിരയായവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ മന:ശാസ്ത്രപരം, സാമൂഹികം, ലൈംഗികം, ശാരീരികം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്.

മന:ശാസ്ത്ര പ്രശ്നങ്ങള്‍

ഭയം, ഹൃദയാഘാതമുണ്ടാകുമെന്ന  ഭയം, ഉറക്കമില്ലായ്മ, ഭീകരസ്വപ്നങ്ങള്‍, അസ്വസ്ഥത, കടുത്ത ദേഷ്യം, ആരെങ്കിലും ദേഹത്തു തൊട്ടാല്‍ പെട്ടെന്നുളള ഞെട്ടല്‍, ആത്മവിശ്വാസമില്ലായ്മ, താന്‍ ഒന്നിനും കൊളളാത്തവനാണെന്ന തോന്നല്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകല്‍, അമിതമായുളള അധ്വാനവും പരുഷമായ കായികവിനോദങ്ങളും, വിഷാദം, സ്വയം നശിക്കല്‍, വേശ്യാവൃത്തി എന്നിവയിലേക്ക് രോഗികളെ കൊണ്ടെത്തിക്കുന്നവയാണ് മന:ശാസ്ത്ര പ്രശ്നങ്ങള്‍.

സാമൂഹിക പ്രശ്നങ്ങള്‍

മറ്റുളളവരില്‍ വിശ്വാസം നഷ്ടപ്പെടല്‍, കുടുംബബന്ധങ്ങളിലും സുഹൃത്ബന്ധങ്ങളിലും വിശ്വാസ്യതയില്ലെന്ന ഭയം.

ലൈംഗിക പ്രശ്നങ്ങള്‍

ലൈംഗികവേഴ്ചാസമയത്തെ സ്നേഹപൂര്‍വ്വമായ പെരുമാറ്റമോ സ്പര്‍ശമോ ഒക്കെ പങ്കാളിയില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന പീഢനത്തിന്റെ ഓര്‍മ്മകളുണ്ടാക്കാം. ഇത്തരം രോഗികള്‍ ചിലപ്പോള്‍ ഒട്ടുംതന്നെ സ്നേഹം കാണിക്കാതിരിക്കുകയോ പേരിനുമാത്രം സ്നേഹം പ്രകടിപ്പിക്കുകയോ ചെയ്യാം.

ലൈംഗികാവയവങ്ങളില്‍ വേദന, വേഴ്ചയില്‍ താല്‍പര്യമില്ലായ്മ, ഉദ്ധാരണക്കുറവ്, രതിമൂര്‍ച്ഛാവേളയിലെ പ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങിയ ലൈംഗിക പ്രശ്നങ്ങളും ഇത്തരക്കാരില്‍ കണ്ടുവരുന്നു.

ശാരീരിക പ്രശ്നങ്ങള്‍

വയറുവേദന, ലൈംഗികവേഴ്ചാസമയത്തെ വേദന, ആര്‍ത്തവവേദന, കുടലിലെ പ്രശ്നങ്ങള്‍, മനംപിരട്ടല്‍, തലവേദന, പുറംവേദന, തോളുകളിലെ വേദന, ശരീരഭാഗങ്ങളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദന എന്നിവയാണ് പൊതുവായി കാണുന്ന ശാരീരിക പ്രശ്നങ്ങള്‍. അമിതമായി ഭക്ഷണം കഴിക്കുക അല്ലെങ്കില്‍ തീരെ കഴിക്കാതിരിക്കുക മുതലായ ഈറ്റിംഗ് ഡിസോര്‍ഡറുകളും പലപ്പോഴും കണ്ടുവരുന്നു.

ലൈംഗിക പീഢനത്തെത്തുടര്‍ന്ന് ഒരു മാസത്തിനകം സ്ക്കൂളിലോ ജോലിക്കോ പോകാതെ എല്ലാവരില്‍നിന്നും ഒറ്റപ്പെട്ടു കഴിയുന്നവരുണ്ടെങ്കില്‍ പീഢനമേല്‍പ്പിച്ച മുറിവുകള്‍ അവരെ പോസ്റ്-ട്രോമാറ്റിക് സ്ട്രസ്സ് സിന്‍ഡ്രോം (Post Traumatic Stress Syndrome) എന്ന മാനസികാവസ്ഥയില്‍ എത്തിച്ചെന്നു മനസ്സിലാക്കാം. കടുത്ത പീഢനത്തെത്തുടര്‍ന്നുണ്ടാകുന്ന ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:-

  1. എല്ലാം നിഷേധിക്കലും ഒന്നും പുറത്തു പറയാതിരിക്കലും
  2. പീഢനത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും അനുഭവിക്കല്‍
  3. അമിതമായ അസ്വസ്ഥത

നിഷേധിക്കലും പുറത്തു പറയാതിരിക്കലും:- മിക്ക രോഗികളും അവരുടെ പീഢാനുഭവങ്ങള്‍ നിഷേധിക്കുകയോ പുറത്തു പറയാതിരിക്കുകയോ ചെയ്യും. പീഢന കഥകളെക്കുറിച്ചുളള സംസാരത്തില്‍നിന്നും മറ്റും അവര്‍ എപ്പോഴും  വിട്ടുനില്‍ക്കും. മുതിര്‍ന്നവര്‍ക്ക് തങ്ങളുടെ ലൈംഗിക പീഢനാനുഭവങ്ങള്‍  പൂര്‍ണമായും മനസ്സില്‍ അടക്കിവെയ്ക്കാന്‍ സാധിക്കുമെങ്കിലും ചിലപ്പോള്‍ മന:ശാസ്ത്രതെറാപ്പികളിലൂടെ അവയെ കണ്ടെത്താന്‍ കഴിയും. അങ്ങനെ കണ്ടെത്തിയാല്‍ത്തന്നെ അവ യാഥാര്‍ത്ഥ്യമാണോ അതോ വെറും സാങ്കല്‍പ്പികമോ എന്നൊക്കെ  മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. പീഢിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അവ മതിയായ തെളിവുകള്‍  ആവില്ലെങ്കിലും ആധുനിക ചികിത്സാമാര്‍ഗങ്ങളുപയോഗിച്ചുളള മന:ശാസ്ത്ര ചികിത്സയ്ക്ക് അവ തന്നെ അധികമാണ്.

പീഢനത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും അനുഭവിക്കല്‍

ഈ അവസ്ഥയില്‍ ബോധപൂര്‍വ്വമല്ലെങ്കിലും പേടിസ്വപ്നങ്ങളിലൂടെയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ശാരീരിക പ്രശ്നങ്ങളിലൂടെയും മറ്റും പീഢനത്തിനിരയായവര്‍ തങ്ങളുടെ ദുരനുഭവങ്ങളുടെ ഓര്‍മ്മകള്‍ വീണ്ടും അനുഭവിക്കുന്നു.

അമിതമായ അസ്വസ്ഥത:- പെട്ടെന്നു ദേഷ്യം വരല്‍, അമിത ജാഗ്രത, പെട്ടെന്ന് ഗാഢനിദ്ര സാധ്യമാകാത്ത അവസ്ഥ എന്നിവയെല്ലാം അമിതമായ അസ്വസ്ഥതയുടെ ലക്ഷണങ്ങളാണ്. 

കരാട്ടേ, കുങ്ഫു തുടങ്ങിയ ശാരീരിക പ്രതിരോധമാര്‍ഗ്ഗങ്ങളും, കടുത്ത നിയമനടപടികളും മാനസിക രക്ഷാമാര്‍ഗ്ഗങ്ങളും ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ശീലിപ്പിക്കേണ്ടതുണ്ട്.

സമൂഹത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക പീഢനങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ഇത്തരം അതിക്രമങ്ങളില്‍നിന്നും  രക്ഷനേടാനുളള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ വളരുന്ന കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ്  ലൈംഗിക ചൂഷണങ്ങളെ നേരിടാനുളള പ്രധാന പ്രതിരോധ മാര്‍ഗ്ഗം. കരാട്ടേ, കുങ്ഫു തുടങ്ങിയ ശാരീരിക പ്രതിരോധമാര്‍ഗ്ഗങ്ങളും, കടുത്ത നിയമനടപടികളും മാനസിക രക്ഷാമാര്‍ഗ്ഗങ്ങളും ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ശീലിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല പീഢനത്തിനിരയായവരുടെ ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനും ഇവര്‍ക്ക് പ്രതിസന്ധിതരണ കൌണ്‍സിലിങ്ങും (crisis intervention therapy)  ആവശ്യമാണ്. മാനസിക രോഗങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു മനോരോഗ വിദഗ്ദ്ധന്റെ മേല്‍നോട്ടത്തിലുളള ചികിത്സയും ആവശ്യമായി വന്നേക്കാം. 

Image courtesy: http://forefugees.com/

വികൃതി അമിതമായാല്‍
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം?
 

By accepting you will be accessing a service provided by a third-party external to http://manasikarogyam.com/

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

Our website is protected by DMC Firewall!