വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

5 minutes reading time (926 words)

ചികിത്സ തേടും മുന്‍പ്

ചികിത്സ തേടും മുന്‍പ്

രോഗങ്ങള്‍ വന്ന് തളര്‍ന്നുപോകുന്ന മനസ്സിനെ ശാന്തി നല്‍കി ഉണര്‍ത്താന്‍ പോന്നവിധം ആധുനികശാസ്ത്രം വികസിച്ചിട്ടുണ്ട്. ശാസ്ത്രീയ ചികിത്സയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നവയാണ് മിക്ക മനോരോഗങ്ങളും.

വിവിധ ശാരീരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍ശാസ്ത്രീയ മാര്‍ഗങ്ങളുമുണ്ട്. പരിശോധനകളെ പിന്തുണയ്ക്കാന്‍ ആധുനിക സാങ്കേതികവിദ്യകളുമുണ്ട്. ഇതിനെക്കുറിച്ച്‌ വായിച്ചറിവും കേട്ടറിവുമൊക്കെ സമൂഹത്തില്‍ വേണ്ടുവോളമുണ്ട്. " ഒരു സ്കാന്‍ വേണ്ടേ", "രക്തത്തിലെ ഷുഗര്‍ നോക്കേണ്ടേ" യെന്നൊക്കെ രോഗികള്‍ ആവശ്യപ്പെടും. എന്നാല്‍ മനസ്സ് രോഗാവസ്ഥയിലേക്കു പോകുമ്പോള്‍ ഏതുതരം സഹായം തേടണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമാണ്. ജീവിതത്തില്‍ സാധാരണ ചെയ്യാറുള്ള 'പറഞ്ഞുമനസ്സില്ലാക്കലും' 'ആശ്വസിപ്പിക്കലു' മൊക്കെ ഇത്തിരി ഡോസ് കൂട്ടിചെയ്താല്‍ തീരുന്നതല്ലേ മനസ്സിന്‍റെ എല്ലാ പ്രശ്നങ്ങളുമെന്നതാണ്‌ പൊതുവെയുള്ള കാഴ്ചപ്പാട്.

മനസ്സിന്‍റെ രോഗത്തിന് 'മരുന്നെ'ന്നും ചികിത്സയെന്നുമുള്ള സങ്കല്പം ധാരാളം പേര്‍ക്ക് ഇപ്പോഴും ദഹിക്കാത്ത വിഷയമാണ്. രൂപമുള്ളൊരു അവയവമില്ലാതെ എന്തിനെയാണ് ചികിത്സിക്കുന്നതെന്നാണ് വാദഗതി.ചുമ്മാ കാടടച്ച്‌ വെടിവെച്ച് മനുഷ്യരെ തളര്‍ത്തുന്ന പണിയല്ലേ ഈ ചെയ്യുന്നതെന്ന പരിഹാസവുമുണ്ട്. മനസ്സിന്‍റെ ഇരിപ്പിടം മസ്തിഷ്കമാണെന്നും തലച്ചോറിലെ ചില ഭാഗങ്ങളുടെ അപശ്രുതികളാണ് രോഗലക്ഷണങ്ങളുടെ പിന്നിലെന്നും ശാസ്ത്രം ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ തെളിയിച്ചിട്ടിട്ടുണ്ട്. മനോരോഗശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകള്‍ പൂര്‍ണതയിലെത്തിയിട്ടില്ലെന്നും ആശാവഹങ്ങളായ ഗവേഷണങ്ങള്‍ ഈ മേഖലയില്‍ സംഭവിക്കുന്നുണ്ടെന്നതുമാണ് സത്യം.ലഭ്യമായ നിഗമനങ്ങളിലൂന്നിയ ചികിത്സാവിധികള്‍കൊണ്ട് നല്ലൊരു ശതമാനം വ്യക്തികള്‍ക്കും രോഗസൗഖ്യമുണ്ടാകുന്നുണ്ട്. മെച്ചപ്പെട്ട നിലയില്‍ ജീവിതചര്യകള്‍ തുടരുവാന്‍പോന്ന വിധത്തില്‍ ഔഷധചികിത്സയുടെ പാര്‍ശ്വഫലങ്ങളെ പരിമിതപ്പെടുത്തുവാനും ശാസ്ത്രത്തിനായിട്ടുണ്ട്. മനസ്സിന്‍റെ രോഗലക്ഷണങ്ങള്‍മൂലം തളര്‍ന്നുപോകുന്ന വ്യക്തിക്ക് രോഗശാന്തി നല്‍കി ഉണര്‍ത്തുവാന്‍ പോന്ന വിധത്തില്‍ ചികിത്സാശാസ്ത്രം വികസിച്ചിട്ടുമുണ്ട്.

മനസ്സിന്‍റെ രോഗങ്ങളില്‍ ജനിതകഘടകങ്ങളുംജൈവപരമായസ്വാധീനവും(Genetic & Biological Factors) ശക്തമാണ്.രോഗമുള്ള വ്യക്തിയുടെ കുടുംബത്തിലെ വ്യത്യസ്ത തലമുറകളില്‍പ്പെട്ടവര്‍ക്ക് സമാനസ്വാഭാവമുള്ള മാനസികാസ്വാസ്ഥ്യങ്ങളുണ്ടാകാറുണ്ട്.തലച്ചോറിലെ രാസവസ്തുക്കളില്‍(Neuro Transmitter)ഉണ്ടാകുന്ന വ്യതിയാനങ്ങളും മാനസികാസ്വാസ്ഥ്യങ്ങളുമായി ബന്ധമുണ്ടെന്നതും വ്യക്തം.ഇതൊക്കെയാണെങ്കിലും സാമൂഹികവും വ്യക്തിപരവുമായ ഘടകങ്ങള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.ജൈവപരമായി രോഗസാധ്യതയുള്ള ഒരു വ്യക്തിയില്‍ രോഗം പ്രകടമാകുന്നത് പലപ്പോഴും ജീവിതസാഹചര്യങ്ങളില്‍ സംഘര്‍ഷങ്ങള്‍(Stress) ഉണ്ടാകുമ്പോഴാണ്. രോഗസൗഖ്യത്തെ നിര്‍ണയിക്കുന്ന ഒരു സുപ്രധാനഘടകമായി അനുകൂല കുടുംബ, സാമൂഹിക സാഹചര്യങ്ങള്‍ മാറാറുമുണ്ട്.

ഭ്രാന്തമായ ചികിത്സ

വിചാര വികാരങ്ങളെ അടക്കിയൊതുക്കി നിര്‍ത്താന്‍ കഴിയാത്തവര്‍ ബാധകൂടിയവരാണെന്നാണ് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്. ബാധയൊഴിപ്പിക്കല്‍ അതിപുരാതനകാലം മുതലേ സ്വീകരിച്ചുവന്നിരുന്ന ചികിത്സാ രീതിയിലുമാണ്. മനുഷ്യത്വപൂര്‍ണമായ വഴികളിലുടെ മനോരോഗികളെ ചികിത്സിച്ച് 'ബാധയൊഴിപ്പിച്ച' വലിയ ചികിത്സകനായിരുന്നു യേശുക്രിസ്തു. യേശുവിനു മുമ്പും പിമ്പും ഇപ്പോള്‍ പോലും പലേടത്തും ബാധയൊഴിപ്പിക്കെന്നാല്‍ ക്രൂരമായ മര്‍ദ്ദനങ്ങളേല്‍പ്പിക്കലാണ്.

പ്രാചീനകാലത്ത് ബാധയേറ്റവരെ ഒന്നുകില്‍ ദൈവമായി കണ്ടു പൂജിക്കുക അല്ലെങ്കില്‍ കൊല്ലുക എന്നതായിരുന്നു രീതി.ഇന്നും മനോരോഗികളെ ദൈവമായി കണ്ട് പൂജിക്കുന്ന രീതിയുണ്ടല്ലോ! മനോരോഗാചികില്‍സാരീതികളില്‍ അടുത്തകാലം വരെ ക്രൂരമര്‍ദനങ്ങള്‍ ഒരു മുഖ്യ ഇനമായിരുന്നു. പഴയ ഇംഗ്ലണ്ടില്‍ ചിത്തരോഗാശുപത്രിയിലെ അന്തേവാസികളോടു കാണിക്കുന്ന ക്രൂരതകള്‍ ഹൊഗാര്‍ എന്ന ശില്പി കൊത്തിവച്ചിട്ടുണ്ട്. മിക്കവരെയും ഭിത്തിയോടു ചേര്‍ത്ത് ചങ്ങലയ്ക്കിട്ടിരുന്നു.

1790 കളില്‍ ന്യുയോര്‍ക്കിലെ ഒരു മനോരോഗാശുപത്രിയില്‍ ചികിത്സാമര്‍ദ്ദനങ്ങേറ്റ് ഹന്നാ മില്‍സ് എന്ന യുവതി മരിച്ചു. ഇതിനെത്തുടര്‍ന്ന് വില്യം ടൂക്ക് എന്ന പുരോഹിതന്‍ വലിയ പ്രക്ഷോഭങ്ങള്‍ തന്നെ നടത്തി.1798ല്‍ ഫിലിപ്പ് പീനല്‍ എന്ന ഫ്രഞ്ച് മനോരോഗവിദഗ്ധന്‍ രോഗികളോടുള്ള പെരുമാറ്റത്തില്‍ മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നു വാദിച്ചു. അദ്ദേഹം ആശുപത്രിയില്‍ അധികാരമേറ്റപ്പോള്‍ ആദ്യം ചെയ്തത് മനോരോഗികളെ ചങ്ങലയില്‍ നിന്നു മോചിപ്പിക്കുകയായിരുന്നു.ഒരുപക്ഷേ ലോകത്താദ്യം മനോരോഗികളെ ബന്ധനമുക്തരാക്കിയ ചികിത്സകന്‍ അദ്ദേഹമായിരിക്കും.

രോഗനിര്‍ണയത്തിന്‍റെ പൊരുള്‍

കാര്‍ഷിക പ്രതിസന്ധിമൂലമുള്ള സാമ്പത്തിക വിഷമതകളില്‍ നട്ടംതിരിഞ്ഞ ഒരാള്‍ വിഷാദവാനായി.ഉറക്കവും വിശപ്പും നഷ്ടപ്പെട്ടു.ദൈനംദിന ജീവിതത്തോട് വിരക്തിയായി.ആത്മഹത്യാചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി.അവസ്ഥകള്‍ രോഗത്തിന്‍റെ തലത്തിലെത്തിനില്‍ക്കയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ചികിത്സിക്കണോ വേണ്ടയോ? ഇതുപോലൊരു ദുര്‍ഘടസന്ധിയില്‍ ആര്‍ക്കും സംഭവിക്കാവുന്നതല്ലേ ഇതൊക്കെയെന്ന്‍ ആശ്വസിച്ചു കൈയും കെട്ടി ഇരിക്കുന്നതിനു മുമ്പേ ചില വസ്തുതകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. സമാനമായതോ അതിനെക്കാള്‍ ഗുരുതരമായതോ ആയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒട്ടേറെ വ്യക്തികള്‍ ആശ കൈവിടാതെ സമചിത്തതയോടെ പ്രതികരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് അതില്‍ പ്രധാനം. വിഷാദവാനായ വ്യക്തിയെയും ഇവരെയും വേര്‍തിരിക്കുന്ന ചില ഘടകങ്ങളുണ്ടാകാം. അത് വ്യക്തിത്വത്തിന്‍റെ പ്രശനങ്ങളാകാം. സാമൂഹികങ്ങളായ പിന്തുണകളുടെ അഭാവമാകാം, വിശാദാത്മകമായി പ്രതികരിക്കുംവിധത്തില്‍ ചിട്ടപ്പെടുത്തിയ ജീനിന്‍റെയോ, ജൈവപരമായ പ്രകൃതത്തിന്‍റെയോ വികൃതിയാകാം, ഇതെല്ലാം കൂടിച്ചേര്‍ന്നുണ്ടാകുന്ന അപശ്രുതിയുമാവാം. അതു തിരിച്ചറിയണമെങ്കില്‍ ശാസ്ത്രീയമായ ഒരു അന്വേഷണം നടത്തണം. അതിനുശേഷമല്ലേ പ്രതിവിധി? ഇതാണ് രോഗവിശകലനത്തിന്‍റെയും രോഗനിര്‍ണയത്തിന്‍റെയും പൊരുള്‍. പ്രതിവിധി കടംതീര്‍ക്കലാകാം, ചികിത്സയുമാകാം, രണ്ടും ചേര്‍ന്നതാകാം. ചികിത്സ മരുന്നുകൊണ്ട് വേണോ, അതോ മനഃശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് വേണോ, അതോ രണ്ടും സമന്വയിച്ചു വേണോ എന്നതിനെക്കുറിച്ചൊക്കെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.

ഡോക്ടറോട് പറയേണ്ട കാര്യങ്ങള്‍

മനസ്സിന്‍റെ പ്രശ്നങ്ങളുമായി വിദഗ്ധരുടെ സഹായം തേടുമ്പോള്‍ താഴെ പറയുന്ന ചില വിവരങ്ങള്‍ നല്‍കാന്‍ ഒരു മുന്നൊരുക്കം നല്ലതാണ്. രോഗനിര്‍ണയത്തിന്‍റെ പ്രതിവിധികള്‍ നിശ്ചയിക്കുന്നതിനും അതു സഹായകമായിരിക്കും.

  1. മനസ്സിന്‍റെ അസ്വസ്ഥതകളും പെരുമാറ്റ വൈകല്യങ്ങളും എത്രകാലമായിട്ടുണ്ട്? ക്രമേണയാണോ പെട്ടന്നാണോ മാറ്റങ്ങള്‍ വന്നത്? വിശദാംശങ്ങള്‍ എന്തൊക്കെ? അതു ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?

  2. എന്തെങ്കിലും സംഘര്‍ഷങ്ങളുടെയോ(Stress) ജീവിത സാഹചര്യങ്ങളുടെയോ പശ്ചാത്തലത്തിലാണോ ഈ മാറ്റങ്ങള്‍ ഉണ്ടായത്?

  3. ഇതിനു മുന്‍പ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ? അവയുടെ പ്രകൃതങ്ങളെന്ത്? എന്ത് പ്രതിവിധികള്‍ സ്വീകരിച്ചു? ഫലമെന്തായിരുന്നു?

  4. ശാരീരികങ്ങളായ എന്തെങ്കിലും രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇപ്പോഴുണ്ടോ? ചികിത്സകളോ ഓഷധങ്ങളോ ഉപയോഗിക്കുന്നുണ്ടോ? ഏതെങ്കിലും ഔഷധങ്ങളോട് അലര്‍ജിയുണ്ടോ?

  5. കുടുബത്തിലെ വ്യത്യസ്ത തലമുറകളില്‍ രക്തബന്ധമുള്ള ആര്‍ക്കെങ്കിലും മനോരോഗമോ സ്വാഭാവവൈകല്യമോ അമിതമദ്യപാനശീലമോ ആതമഹത്യാ പ്രവണതയോ ഉണ്ടായിട്ടുണ്ടോ? അവയുടെ വിശദാംശങ്ങള്‍ എന്തൊക്കെ?

  6. ശൈശവം,ബാല്യം, കൗമാരം തുടങ്ങിയ ഘട്ടങ്ങളിലെ സുപ്രധാന വിവരങ്ങള്‍ എന്തൊക്കെയാണ്? ഈ ദശകള്‍ ആഹ്ലാദകരമായിരുന്നോ? വിദ്യഭ്യാസ കാലഘട്ടത്തിന്‍റെയും തൊഴില്‍ രംഗത്തെയും പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്?

  7. വ്യക്തിത്വത്തിലെ നല്ലതും ചീത്തയുമായ പ്രകൃതങ്ങള്‍ എന്തൊക്കെയാണ്? പ്രതിസന്ധികളില്‍ സ്വീകരിക്കുന്ന ശൈലികള്‍ എന്തൊക്കെയാണ്?

  8. കുടുംബം, കൂട്ടുകെട്ടുകള്‍, ദാമ്പത്യം തുടങ്ങിയ ബന്ധങ്ങളും സാമൂഹികമായ പിന്തുണകളും എത്രമാത്രം ശക്തമാണ്?

  9. ലൈംഗികമായ കാഴ്ചപ്പാട് പക്വവും ആരോഗ്യകരവുമാണോ? ലൈംഗികജീവിതം സംതൃപ്തമാണോ?

  10. അമിത മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉണ്ടോ?

രോഗത്തിന്‍റെ തരംതിരിവുകള്‍

മനോനില വിശദമായി പരിശോധിച്ച് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ശേഷമാണ് ഏതു തരത്തിലുള്ള രോഗമാണെന്ന് നിശ്ചയിക്കുന്നത്. രോഗത്തിന്‍റെ ചികിത്സയും വരുംകാല സ്വാഭാവങ്ങളുമൊക്കെ(Prognosis) ഇതിനെ ആധാരമാക്കിയാണ് നിര്‍ണയിക്കുന്നത്. രോഗാവസ്ഥ, വ്യക്തിത്വവും ബുദ്ധിശക്തിയും, പൊതുവായ ആരോഗ്യസ്ഥിതി, സാമൂഹിക ഘടകങ്ങള്‍, പൊതുവായ പ്രവര്‍ത്തനക്ഷമത (Functioning) തുടങ്ങിയ അഞ്ചുതലങ്ങള്‍( Axis) രോഗനിര്‍ണയത്തില്‍ പരിഗണിക്കേണ്ടതുണ്ട്.

ഓര്‍മ്മ, ബുദ്ധി, ശ്രദ്ധ, സ്ഥലകാലബോധം(Orientation)  തുടങ്ങിയ പ്രാഥമിക മനോവ്യാപാരങ്ങളെ അവതാളത്തിലാക്കുന്ന തലച്ചോറിന്‍റെ പ്രശ്നങ്ങളും മനസ്സിന്‍റെ രോഗങ്ങളുമായിട്ടാണ് പ്രകടമാകുന്നത്.തലച്ചോറിന്‍റെ ചില ഭാഗത്തുണ്ടാകുന്ന ട്യൂമറുകള്‍, രക്തസ്രാവം, തൈറോയ്ഡ് തുടങ്ങിയ എന്‍ഡോക്രൈന്‍ ഗ്രന്ഥികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, തലച്ചോറിലെ അണുബാധകള്‍, രക്തത്തിലെ ഉപ്പിലുണ്ടാകുന്ന(Sodium) വ്യതിയാനങ്ങള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍-ഇങ്ങനെ ഒട്ടനവധി ശാരീരിക പ്രശ്നങ്ങളിലും മനസ്സിന്‍റെ രോഗലക്ഷണങ്ങളുടെ സാന്നിധ്യമുണ്ടാകും.ഇതൊക്കെ മനസ്സിലാക്കാന്‍ പോന്നവിധത്തിലുള്ള അന്വേഷണവും, ഉചിതമായ അടിസ്ഥാന വൈദ്യശാസ്ത്ര പരിശോധനകളും മനസ്സിന്‍റെ രോഗങ്ങളില്‍ അനിവാര്യമാണ്.

വെറുതെ മുദ്രകുത്തല്ലേ...

വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും സമൂഹമനസ്സില്‍ മനോരോഗമെന്ന് കേട്ടാല്‍ തെളിയുന്ന ചിത്രം തെരുവോരത്ത് അലഞ്ഞുനടക്കുന്ന, മുടിയും താടിയും നീട്ടിവളര്‍ത്തിയ ചിത്തരോഗിയുടേതാണ്‌. വേണ്ട ചികിത്സ ലഭിക്കാതെ പോകുന്നതിന്‍റെ ഫലമാണിതെന്ന് എത്രപേര്‍ക്കറിയാം? സമൂഹത്തില്‍ പതിനഞ്ചു മുതല്‍ ഇരുപതുവരെ ശതമാനം പേര്‍ക്ക് വിവിധ തരത്തിലുള്ള മനസ്സിന്‍റെ രോഗങ്ങളുണ്ടെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.രോഗമുണ്ടെന്ന തിരിച്ചറിവ് നഷ്ടമായി പരിസരബോധം വിട്ടു പെരുമാറുന്ന ഉന്മാദരോഗികളുടെ തോത് ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. അതിലെ ഒരു നേരിയ വിഭാഗം മാത്രമേ അപകടകാരികളോ അക്രമാസക്തരോ ആകുന്നുള്ളൂ. അതും പ്രകോപിതരായാല്‍  മാത്രം. മനസ്സിന്‍റെ പ്രശ്നങ്ങള്‍ക്കായി സഹായം തേടുന്നവരെയൊക്കെ ഇങ്ങനെ കാണുന്നവര്‍ ഏറെയാണ്. വിദഗ്ധരുടെ സഹായം തേടുവാന്‍ പലര്‍ക്കും വൈമന്യസമുണ്ടാകുന്നതും അതുകൊണ്ടാണ്. മനസ്സിന്‍റെ വിശേഷങ്ങള്‍ ആനുകാലികങ്ങളില്‍ വായിക്കാന്‍ എല്ലാര്‍ക്കും താല്പര്യമാണ്. എന്നാല്‍ സഹായം തേടേണ്ടിവരുമ്പോള്‍ ഈ ആവേശമില്ല. പാത്തും പതുങ്ങിയും ഈ രംഗത്തെ വ്യാജവേഷങ്ങള്‍ക്ക് തലവെച്ചുകൊടുക്കയും ചെയ്യും.

പ്രതിവിധികള്‍

മനസ്സിനുണ്ടാകുന്ന എല്ലാ ആകുലതകള്‍ക്കും പ്രതിവിധി തേടി വിദഗ്ധരെ  സമീപിക്കേണ്ടതുണ്ടോ? നമ്മുടെ മനസ്സിലും നാം ജീവിക്കുന്ന സമൂഹത്തിലുമൊക്കെ ചെറിയ ചെറിയ സംഘര്‍ഷങ്ങളിലൊക്കെ ആശ്വാസം നല്‍കാന്‍ പോന്നവിധത്തിലുള്ള ശക്തികളുണ്ട്. അത് ഫലിക്കാതെ വരുമ്പോള്‍ വിദ്ഗധരെ പരിഗണിക്കണം.

മനസ്സിന്‍റെ പ്രശ്നങ്ങളെന്തെന്ന് വിശകലനം ചെയ്തുകഴിഞ്ഞാല്‍ പിന്നെ പ്രതിവിധികള്‍ നിശ്ചയിക്കുന്നു.ലഘുവായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കൗണ്‍സിലിംഗ്, സൈക്കൊതെറാപ്പികള്‍, പെരുമാറ്റ ചികിത്സകള്‍,ഔഷധ ചികിത്സകള്‍, ഷോക്ക് തെറാപ്പി,ഒക്കുപെഷണല്‍ തെറാപ്പി, പുനരധിവാസ ചികിത്സ-അങ്ങനെ ഒരു വലിയ ലിസ്റ്റ്തന്നെയുണ്ട്‌.ഇവയില്‍ ഉചിതമായവ സമന്വയിപ്പിച്ചുള്ള രീതിയാണ് നിലവിലുള്ളത്. ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങലുള്ളപ്പോള്‍ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കേണ്ടിയും വരും.

മനസ്സിന്‍റെ രോഗങ്ങളില്‍ നിന്ന് മോചനം കിട്ടി മാനസികാരോഗ്യം വീണ്ടുകിട്ടുവാനായി ക്ഷമയോടെ ഏതാനും ആഴ്ചകള്‍ കാത്തിരിക്കേണ്ടിവരാം.ഔഷധങ്ങളുടെ കൃത്യമായ അളവ് നിശ്ചയിക്കാന്‍ സമയം വേണ്ടിവരും.അത് ലഭ്യമായാലും രോഗസൗഖ്യം പൂര്‍ണ്ണമാകാന്‍ മൂന്നാഴ്ച മുതല്‍ ആറാഴ്ച വരെ വേണ്ടിവരാം.രോഗശാന്തി വന്നാലുടന്‍ ഔഷധം നിര്‍ത്താനാവില്ല.എത്രകാലം തുടരണമെന്നത് അസുഖത്തിന്‍റെ പ്രകൃതമനുസരിച്ചാണ് തീരുമാനിക്കുന്നത്. വളരെയേറെ തരം രോഗങ്ങളില്‍ ഔഷധങ്ങള്‍ നിര്‍ത്തുവാനാകും. എന്നാല്‍ ക്യത്യമായ ഡോസില്‍ മരുന്നുകള്‍ തുടര്‍ന്നാല്‍ മാത്രം നിയന്ത്രണത്തില്‍ വരികയും ഔഷധങ്ങളുടെ പിന്‍ബലത്തോടെ മെച്ചപ്പെട്ട സാമൂഹികജീവിതം സാധ്യമാവുകയും ചെയ്യുന്ന ഉന്മാദരോഗങ്ങളുണ്ട്.ഇത്തരം സന്ദര്‍ഭങ്ങളില്‍ ചികിത്സ നിര്‍ത്തിയാല്‍ പ്രശ്നമാകും. നിലവിലുള്ള ചികിത്സകള്‍ക്ക് കീഴടങ്ങാത്ത ഒരു ചെറിയ വിഭാഗം മനോരോഗങ്ങളുമുണ്ട്.രോഗം വ്യക്തിത്വത്തിനുണ്ടാക്കിയ ഗുരുതരമായ മുറിപ്പാടുകളും പേറി നിഷ്ക്രിയരായി പോകുന്ന ഇവര്‍ക്ക് പുനരധിവാസ ചികിത്സകളാണ് വേണ്ടത്.ഇതിനുള്ള സൗകര്യങ്ങള്‍ നമ്മുടെ നാട്ടില്‍താരതമ്യേന കുറവാണ്.രോഗസൗഖ്യത്തിലുള്ള ഇത്തരം വ്യത്യാസങ്ങള്‍ ഒട്ടേറെ ശാരീരിക രോഗങ്ങളിലും ഉണ്ടെന്ന് ഓര്‍ക്കണം.

ചികിത്സകനെന്ന മരുന്ന്‍

ലഘുമാനസിക രോഗങ്ങളില്‍ ഏറെ പ്രയോജനപ്പെടുന്ന മനഃശാസ്ത്ര ചികിത്സകളിലൂടെ സൗഖ്യം ലഭിക്കുവാന്‍ ക്ഷമ വേണം.അസ്വസ്ഥകളുടെ ഗൗരവമനുസരിച്ച് പലവട്ടം പോകേണ്ടി വരാം.അത്തരം ചികിത്സകളുമായി സഹകരിക്കാനും, അവയിലൂടെ കിട്ടുന്ന മാര്‍ഗനിര്‍ദേശങ്ങളെ ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള പ്രതിബദ്ധതയും പ്രധാനമാണ്.കൗണ്‍സലിങ്ങും ഹിപ്നോട്ടിസവുമൊക്കെ എല്ലാ പ്രശ്നങ്ങള്‍ക്കും അതിശീഘ്രം പരിഹാരം നല്‍കുന്ന ഒറ്റമൂലിയാണെന്ന അബദ്ധധാരണ മുതലെടുക്കുന്ന വ്യാജവേഷക്കാരെക്കൊണ്ട് സമ്പന്നമാണ് മനഃശാസ്ത്ര ചികിത്സാമേഖലയെന്ന കാര്യം ഓര്‍ക്കുക.ശാസ്ത്രീയമായ പഠനമോ പരിചയസമ്പന്നനായ ചികിത്സകന്‍റെ  കീഴിലുള്ള ക്ലിനിക്കല്‍ പരിശീലനമോ വേണ്ടാതെ വെറും യുക്തിയുടെ ബലത്തില്‍ ആര്‍ക്കും കൈകാര്യം ചെയ്യാവുന്നതാണ്‌ മനഃശാസ്ത്രചികിത്സയെന്നു കരുതുന്ന ഇവരുടെ പരീക്ഷണമൃഗമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.ശാസ്ത്രീയമായ പരിശീലനത്തോടൊപ്പംതന്നെ നൈതികതയും(Ethics) വേണം. ചികിത്സകന്‍റെ മനസ്സിന്‍റെ നന്മയും പക്വതയും മറ്റേതു മേഖലളേക്കാളും മനസ്സിന്‍റെ ചികിത്സകളില്‍ പ്രസക്തമാണ്.ഇത്തരം ചികിത്സകളിലെ ഏറ്റവും മികച്ച ഫലങ്ങളും മോശപ്പെട്ട പാര്‍ശ്വഫലങ്ങളും ഒരു പക്ഷേ, ചികിത്സകനെന്ന ഘടകത്തില്‍നിന്നുമാകാം! ചികിത്സകനും ചിലപ്പോള്‍ ഒരു മരുന്നിന്‍റെ പോലെയാവമെന്ന് സാരം!

Image Courtesy:Our Treatment Schedule 

മനോരോഗികളുടെ പുനരധിവാസം
തൊഴില്‍ മനശ്ശാന്തി കവരുമ്പോള്‍
 

By accepting you will be accessing a service provided by a third-party external to http://manasikarogyam.com/

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is a Joomla Security extension!