വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

3 minutes reading time (646 words)

കൌണ്‍സലിംഗിന്‍റെ അടിസ്ഥാന തത്വങ്ങള്‍

കൌണ്‍സലിംഗിന്‍റെ അടിസ്ഥാന തത്വങ്ങള്‍

മാനസികമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വളരെയധികം സഹായകരമായ ഒരു ചികിത്സാ രീതിയാണ് കൌണ്‍സലിംഗ്. അതേ സമയം ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമാണ്. എല്ലാ മാനസിക പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലിയാ‍യി ഇത് പ്രചരിപ്പിക്കപ്പെടുന്നു. വേണ്ടത്ര യോഗ്യതകള്‍ നേടാത്ത ധാരാളം പേര്‍ കടന്നുവന്ന് ഈ രംഗം കൂടുതല്‍ വഷളാക്കുന്നു.

പൊതുജനങ്ങള്‍ക്ക് കൌണ്‍സലിംഗിനെക്കുറിച്ചുള്ള അടിസ്ഥാനപരമാ‍യ സംശയങ്ങള്‍ ദൂരീകരിക്കാനാവശ്യമായ വിവരങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ താഴെകൊടുക്കുന്നു.

എന്താണ് കൌണ്‍സലിംഗ്?

മാനസികമായ അല്ലെങ്കില്‍ ജീവിതത്തെ സംബന്ധിച്ച പ്രശ്നങ്ങളെ നേരിടാനാകാതെ വിഷമിക്കുന്ന ഒരാളും ഇത്തരം കാര്യങ്ങളില്‍ പരിശീലനം സിദ്ധിച്ച ഒരു കൌണ്‍സിലറും തമ്മില്‍ നടത്തുന്ന ഒരു പരസ്പര പ്രക്രിയയാണ് കൌണ്‍സലിംഗ്. ഇതിന്‍റെ ലക്ഷ്യം പ്രശ്നമുള്ളയാള്‍ക്ക് ആശ്വാസം നല്‍കലും അവയെ നേരിടാന്‍ അയാളെ സഹായിക്കലുമാണ്.

കൌണ്‍സലിംഗ് എന്തല്ല?

 • പൊതുവായ വിവരങ്ങള്‍ നല്‍കല്‍
 • ഉപദേശിക്കല്‍, എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കല്‍
 • അഭിമുഖ സംഭാഷണം
 • ഒരാളുടെ മത, രാഷ്ട്രീയ വിശ്വാസങ്ങളെ മാറ്റാന്‍ ശ്രമിക്കല്‍
 • വിമര്‍ശനം, വഴക്കുപറയല്‍.

മനോരോഗചികിത്സയില്‍ കൌണ്‍സലിംഗിന്‍റെ സ്ഥാനമെന്താണ്?

ലഘുവായ വൈകല്യങ്ങളെയും ജീവിതത്തിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെയും കുറക്കുവാനും എങ്ങനെ പ്രശ്നങ്ങളെ നേരിടാം എന്ന് പഠിപ്പിക്കാനുമുള്ള പ്രക്രിയയാണ് കൌണ്‍സലിംഗ്.

മനോരോഗങ്ങള്‍ ചികിത്സിക്കാന്‍ ഔഷധങ്ങളും സൈക്കോതെറാപ്പിയുമാണ് സാ‍ധാരണ ഉപയോഗിക്കുന്നത്.

വിവിധ മനശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വ്യക്തിത്വം, ചിന്ത, പെരുമാറ്റം എന്നിവയെ അപഗ്രഥിച്ച് പ്രശ്നങ്ങളെയും വൈകല്യങ്ങളെയും പരിഹരിക്കാന്‍ ശ്രമിക്കുന്ന പ്രക്രിയയെ സൈക്കോതെറാപ്പി എന്ന് പറയുന്നു. ഇതിന് ആഴത്തിലുള്ള മനശാസ്ത്രപരമായ അറിവും പ്രത്യേക പരിശീലനവും ആവശ്യമാണ്.

ലഘുവായ വൈകല്യങ്ങളെയും ജീവിതത്തിലെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെയും കുറക്കുവാനും എങ്ങനെ പ്രശ്നങ്ങളെ നേരിടാം എന്ന് പഠിപ്പിക്കാനുമുള്ള പ്രക്രിയയാണ് കൌണ്‍സലിംഗ്.

മനോരോഗികളില്‍ കാണപ്പെടുന്ന ചില പ്രശ്നങ്ങളെ നേരിടാനും ഔഷധങ്ങള്‍ കഴിക്കാത്തവരെ പ്രേരിപ്പിക്കാനും കൌണ്‍സലിംഗ് വളരെ സഹായകരമാണ്.

ഒരു കൌണ്‍സിലര്‍ക്ക് വേണ്ട അടിസ്ഥാന ഗുണങ്ങള്‍ എന്തെല്ലാം?

 1. വ്യക്തിത്വം, മാനസികപ്രശ്നങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവയെ സംബന്ധിച്ച അടിസ്ഥാന അറിവ്
 2. വിഷമിക്കുന്ന ഒരു സഹജീവിയെ സഹായിക്കാനുള്ള സന്നദ്ധത
 3. നല്ല കേള്‍വിക്കാരനായിരിക്കണം
 4. ആശയവിനിമയത്തില്‍ നല്ല കഴിവുണ്ടാകണം
 5. ഊഷ്മളമായ സമീപനം
 6. സ്വന്തം അഭിപ്രായങ്ങള്‍ മാറ്റിവെച്ച് മറ്റൊരാള്‍ പറയുന്ന കാര്യങ്ങള്‍ (അവ തെറ്റോ, മോശമോ ആണെങ്കില്‍ കൂടി) വിധിപ്രസ്താവം നടത്താതെ തുറന്ന മനസ്സോടെ കേള്‍ക്കാനുള്ള സന്നദ്ധത
 7. ഒരല്പം നര്‍മ്മബോധം
 8. തത്വചിന്ത, ആത്മീയത എന്നിവയോട് കുറച്ചൊരു ആഭിമുഖ്യം

ആര്‍ക്കൊക്കെ ഒരു നല്ല കൌണ്‍സിലറാകാം?

ആശയവിനിമയം ആണ് ഒരു കൌണ്‍സിലര്‍ക്ക് വേണ്ട അടിസ്ഥാന ഗുണം.

മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ കാണപ്പെടുന്നു. നല്ല കൌണ്‍സിലറാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ആദ്യമായി സ്വയം വിശകലനം ചെയ്യാനും തന്നെത്തന്നെ മനസിലാക്കുവാനും ശ്രമിക്കണം . മുകളില്‍ പറഞ്ഞ ഗുണങ്ങളില്‍ തനിക്ക് ഇല്ലാത്തവ പരിശീലനത്തിലൂടെ നേടിയെടുക്കണം. അതിന് തയ്യാറുള്ള ആര്‍ക്കും നല്ല കൌണ്‍സിലറാകാന്‍ കഴിയും. ആശയവിനിമയം ആണ് ഒരു കൌണ്‍സിലര്‍ക്ക് വേണ്ട അടിസ്ഥാന ഗുണം.

ആശയവിനിമയം എങ്ങനെയെല്ലാം നടക്കുന്നു?

ആശയവിനിമയം രണ്ടുതരത്തില്‍ നടക്കുന്നു

 1. വാചികം (verbal) - ഭാഷ ഉപയോഗിച്ചുകൊണ്ടുള്ളത്
 2. ആംഗികം (nonverbal) - മുഖഭാവം, ശരീരഭാഷ എന്നിവ ഉപയോഗിച്ചുള്ളത്.

അധികം സന്ദര്‍ഭങ്ങളിലും ഇവ രണ്ടും ഒരേ പോലെ ഉള്ള ഭാവം പ്രകടിപ്പിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മാനസിക വിഷമമുളവാക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ ഇവ തമ്മില്‍ പൊരുത്തക്കേട് കാണപ്പെടാം. നല്ല കൌണ്‍സിലര്‍ ഇവ രണ്ടും ഒരേ പോലെ ശ്രദ്ധിക്കണം. ഇവ തമ്മില്‍ പൊരുത്തക്കേടുള്ള സന്ദര്‍ഭങ്ങളില്‍ ഏതാണ് സത്യത്തോട് അടുത്ത് നില്‍ക്കുന്നത് എന്ന് ചിന്തിക്കണം. പലപ്പോഴും ആംഗികമായ സംവേദനമായിരിക്കും സത്യം പറയുന്നത്.

ഒരേ വാചകം തന്നെ രണ്ട് വ്യത്യസ്തമായ ടോണുകളില്‍ ഉച്ചരിച്ചാല്‍ രണ്ട് അര്‍ത്ഥം ധ്വനിപ്പിക്കാമെന്ന വസ്തുത എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. "അവന്‍ മിടുക്കനാണ്" (അഭിനന്ദനം), "അവന്‍ മിടുക്കനാണ്" (പരിഹാസം )

സംസാരത്തിലൂടെ ആശയവിനിമയം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?

 1. പ്രാ‍യത്തിനും ലിംഗത്തിനും യോജിച്ച സംബോധന ഉപയോഗിക്കുക
 2. സ്വകാര്യത ഉറപ്പാക്കുക
 3. ലളിതമായ ഭാഷ ഉപയോഗിക്കുക
 4. പറയുന്ന കാര്യങ്ങള്‍ സ്വന്തം വാചകത്തില്‍ സംഗ്രഹിച്ച് തിരിച്ച് പറഞ്ഞ്, താന്‍ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക
 5. ഇടക്കിടയ്ക്ക് അതെ, ഉം എന്നിങ്ങനെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുക
 6. ഇടക്കിടയ്ക്ക് തടസ്സപ്പെടുത്താതിരിക്കുക
 7. അതിവേഗത്തിലും ഉച്ചത്തിലുമുള്ള സംഭാഷണം ഒഴിവാക്കുക
 8. വിമര്‍ശനം ഒഴിവാക്കുക
 9. നടന്ന സംഭവങ്ങളുടെ വിവരണം കേട്ട ശേഷം  ആ സമയത്തുണ്ടായിരുന്ന വൈകാരികനില വിവരിക്കാന്‍ സമയം കൊടുക്കുക
 10. ആശ്വസിപ്പിക്കാന്‍ മറക്കാതിരിക്കുക

ആംഗികമായ ആശയവിനിമയത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

 1. പ്രായത്തിനും ലിംഗത്തിനും യോജിച്ച രീതിയില്‍ ദൂരം ക്രമീകരിക്കുക
 2. സന്ദര്‍ഭത്തിന് യോജിച്ച രീതിയില്‍ കണ്ണുകളില്‍ നോക്കി സംസാരിക്കുക - പ്രത്യേകിച്ച് വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍
 3. കൌണ്‍സലിംഗ് ചെയ്യപ്പെടുന്നയാളുടേതിന് സദൃശ്യമായ ടോണില്‍ സംസാരിക്കുക. പരുഷവും പരിഹാസസൂചകവുമായ ശൈലി ഒഴിവാക്കുക
 4. മൃദുവായ ടോണില്‍ സംസാരിക്കുക
 5. ആംഗ്യങ്ങളും തലയാട്ടലുകളും കൊണ്ട് സംഭാഷണം പ്രോത്സാഹിപ്പിക്കുക. കാര്യങ്ങള്‍ താന്‍ മനസിലാക്കുന്നുണ്ടെന്ന് പ്രകടിപ്പിക്കുക.
 6. വൈകാരികമായ തന്മയീഭാവം ഉണ്ടെന്ന് ആംഗ്യങ്ങളിലൂടെയും മുഖഭാവത്തിലൂടെയും സൂചിപ്പിക്കുക.

കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

 1. ലേബലിംഗ് ഒഴിവാക്കുക (ഉദാ: മദ്യപാനി, മുന്‍കോപി , തൊട്ടാവാടി, മന്ദബുദ്ധി)
 2. കുറ്റപ്പെടുത്താതിരിക്കുക
 3. പൊള്ളയായ മുഖസ്തുതി, സോപ്പിടല്‍ എന്നിവ ഒഴിവാക്കുക
 4. ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക
 5. തുരുതുരാ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക
 6. വ്യര്‍ത്ഥമായ വാഗ്ദാനങ്ങളും പൊള്ളയായ ആശ്വാസവാക്കുകളും ഒഴിവാക്കുക
 7. താന്‍ എല്ലാകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാണെന്നും തന്‍റെ ഉപദേശം കേട്ടാല്‍ എല്ലാം ശരിയാകും എന്ന് പറയുകയോ ധ്വനിപ്പിക്കുകയോ ചെയ്യരുത്.
 8. സംസാരിച്ചിരിക്കുമ്പോള്‍ ദൂരേക്ക് നോക്കുക, മറ്റ്കാര്യങ്ങളില്‍ ശ്രദ്ധിക്കുക എന്നിവ ഒഴിവാക്കുക.
 9. കോട്ടുവാ വിടാതിരിക്കാന്‍ ശ്രദ്ധിക്കുക.
 10. തുറിച്ചു നോക്കലും വികാരരഹിതമായി നോക്കുന്നതും ഒഴിവാക്കുക.
 11. കൌണ്‍സലിംഗ് സമയത്ത് കേട്ട കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരുമായി ചര്‍ച്ച ഒഴിവാക്കുക.
 12. ഒരാളുടെ അനുഭവങ്ങള്‍ മറ്റൊരാള്‍ക്ക് ധൈര്യം നല്‍കാനായി വിവരിക്കുമ്പോള്‍ അപരന്‍റെ പേരുവിവരങ്ങള്‍ നല്‍കാതിരിക്കുക.

സാധാരണ ആരൊക്കെയാണ് കൌണ്‍സലിംഗ് നടത്തുന്നത്?

b2ap3_thumbnail_counsellors_kerala.jpg

* ഏറ്റവും മുകള്‍ത്തട്ടിലുള്ള മാനസികാരോഗ്യപ്രവര്‍ത്തകര്‍ എണ്ണത്തില്‍ വളരെ കുറവാണ്. എല്ലാവര്‍ക്കും ഇവരുടെ സേവനം ലഭ്യമായി എന്നു വരില്ല. എന്നാല്‍ കൂടുതല്‍ പ്രയാസങ്ങള്‍ ഉള്ളവര്‍ക്ക് ഇവരുടെ സേവനം അനിവാര്യമാണ്. ഇവരുടെ യോഗ്യതകള്‍ ചുവടെ ചേര്‍ക്കുന്നു.
സൈക്യാട്രിസ്റ്റ്: എംബിബിഎസ്സിനുശേഷം സൈക്യാട്രിയില്‍ MD or DPM
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: MA സൈക്കോളജിക്കു ശേഷം MMSP
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: MSW വിനു ശേഷം MPSW.

** രണ്ടാമത്തെ തട്ടിലുള്ള കൌണ്‍സിലര്‍മാര്‍ ധാരാളമുണ്ട്. MA സൈക്കോളജി, MSW എന്നീ യോഗ്യതകള്‍ ഉള്ളവരാണിവര്‍.

വിവിധ തരം കൌണ്‍സലിഗ് രീതികള്‍ ഏവ?

 1. മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള കൌണ്‍സലിംഗ്
 2. ഹാനികരമായ പെരുമാറ്റങ്ങള്‍ മാറ്റാനുള്ള കൌണ്‍സലിംഗ് (ഉദാ: മദ്യപാനം, ചൂതാട്ടം, ലൈംഗിക വൈകൃതങ്ങള്‍)
 3. ദാമ്പത്യബന്ധം മെച്ചപ്പെടുത്താനുള്ള കൌണ്‍സലിംഗ്
 4. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള കൌണ്‍സലിംഗ്
 5. പ്രശ്നപരിഹാരത്തിനായുള്ള കൌണ്‍സലിംഗ്
 6. ഗ്രീഫ് കൌണ്‍സലിംഗ്
 7. ദുരന്തബാധിതര്‍ക്കും മാനസികാഘാതമേറ്റവര്‍ക്കുമുള്ള കൌണ്‍സലിംഗ്

കൌണ്‍സലിംഗ് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

 1. കൌണ്‍സലിംഗ് ചെയ്യപ്പെട്ടയാള്‍ക്ക് തന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കപ്പെട്ടതായി തോന്നുന്നു
 2. തന്നെ സഹായിക്കാന്‍ ആള്‍ക്കാര്‍ ഉണ്ട് എന്നത് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നു
 3. മഥിക്കുന്ന വികാരങ്ങളും ഓര്‍മ്മകളും പങ്കുവെക്കുന്നതു വഴി മനസിന്‍റെ ഭാരം കുറഞ്ഞതായി തോന്നുന്നു.
 4. പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ സാധിക്കുന്നു 
 5. തന്‍റെ ഭാഗത്തുള്ള കുറവുകള്‍ മനസിലാക്കുന്നതു വഴി സ്വന്തം നിലപാടിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നു
 6. കൌണ്‍സിലറുമായുള്ള ദൃഡമായ ആത്മബന്ധത്തിന്‍റെ ഉറപ്പില്‍ തെറ്റുകള്‍ തിരുത്താനുള്ള ആത്മവിശ്വാസം ലഭിക്കുന്നു.
കുട്ടികളിലെ സ്വഭാവദൂഷ്യരോഗം (Conduct Disorder)
ലൈംഗികരോഗങ്ങള്‍
 

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is developed by Dean Marshall Consultancy Ltd