വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

6 minutes reading time (1105 words)

മാനസികാരോഗ്യവും സന്തുഷ്ടജീവിതവും

മാനസികാരോഗ്യവും സന്തുഷ്ടജീവിതവും
1930-ൽ അമേരിക്കയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ അന്തേവാസികളായ ശരാശരി 22 വയസ്സു പ്രായമുള്ള 180 കന്യാസ്തീകളോട്, തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി 300 വാക്കുകൾക്കുള്ളിൽ നിൽക്കുന്ന ലേഖനമെഴുതാൻ മദർ സുപ്പീരിയർ ആവശ്യപ്പെട്ടു. തങ്ങളുടെ ജനനസ്ഥലം, ബാല്യകാല അനുഭവങ്ങൾ, മാതാപിതാക്കൾ, സ്കൂൾജീവിതം, കന്യാസ്ത്രീ മഠത്തിൽ ചേരാനിടയായ സാഹചര്യങ്ങൾ, മതപഠനകാലം, കന്യാസ്ത്രീമഠത്തിലെ അനുഭവങ്ങൾ എന്നിവയൊക്കെ ആ ലേഖനത്തിലുൾപ്പെടുത്താനായിരുന്നു മദറിന്റെ്  നിർദ്ദേശം. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം 2001-ൽ, കെന്റക്കി സർവ്വകലാശാലയിലെ മനഃശാസ്ത്രഗവേഷകനായ  ഡെബൊറ ഡാനര്‍, വര്ഷവങ്ങള്ക്കു് മുൻപ് രചിക്കപ്പെട്ട ആ 180 ലേഖനങ്ങളെയും പഠനവിധേയമാക്കി.  ലേഖനങ്ങളിൽ വളരെ സന്തോഷകരമായ പോസിറ്റീവ് പരാമർശങ്ങൾ കൂടുതലായുൾപ്പെടുത്തിയ കന്യാസ്ത്രീകൾ, നെഗറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവരെക്കാൾ ശരാശരി 10 വർഷക്കാലത്തോളം കൂടുതൽ ജീവിച്ചിരുന്നുവെന്നായിരുന്നു അവർ  കണ്ടെത്തിയത്. ഇത്തരത്തിൽ പോസിറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവർ വാർദ്ധക്യത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ ആരോഗ്യവതികളായിരുന്നുവെന്നും ഈ പഠനം കണ്ടെത്തുകയുണ്ടായി. മനസ്സിന്റെ സന്തോഷവും ശാരീരിക ആരോഗ്യവും വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കണ്ടെത്തലിലേക്കാണ് ഈ പഠനം ഗവേഷകരെ നയിച്ചത്. 
1996-ൽ അമേരിക്കയിലെ മനശ്ശാസ്ത്രജ്ഞന്മാരുടെ സംഘടനയായ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ അധ്യക്ഷനായിരുന്ന മാർട്ടിൻ സെലിഗ്‌മാൻ ആണ് 'പോസിറ്റീവ് സൈക്കോളജി' എന്ന ആശയം വികസിപ്പിച്ചെടുത്തത്. മനശ്ശാസ്ത്രം എന്ന വിഷയം മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ചികിത്സാമാർഗ്ഗമെന്നതിലുപരി ഒരു വ്യക്തിയുടെ മനസ്സിനെ ആഹ്ലാദത്തിലേക്കു നയിക്കുന്ന ഒന്നാകണമെന്ന കാഴ്ച്ചപ്പാടായിരുന്നു ഇതിനു പിന്നിലുള്ള പ്രചോദനം. പട്ടികളെ ഉപയോഗിച്ച് സെലിഗ്‌മാൻ നടത്തിയ ചില പരീക്ഷണങ്ങളാണ് ഇതിലേക്കുള്ള വഴി തുറന്നത്. സെലിഗ്‌മാൻ രണ്ട് കൂടുകളിലായി പട്ടികളെ അടച്ചിട്ടു; എന്നിട്ട് ഈ കൂടുകളിലൂടെ വൈദ്യുതി കടത്തിവിട്ടു. ആദ്യത്തെ കൂട്ടിലെ പട്ടിക്ക് വൈദ്യുതിയിൽനിന്ന് രക്ഷപ്പെടാൻ മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ രണ്ടാമത്തെ കൂട്ടിൽ ഒന്നമർത്തിയാൽ വൈദ്യുതിപ്രസരണം നിർത്താൻ സഹായിക്കുന്ന ഒരു ചുവന്ന ബട്ടണുണ്ടായിരുന്നു. ആദ്യത്തെ കൂട്ടിലെ പട്ടി ഇലക്ട്രിക് ഷോക്ക് ലഭിക്കുമ്പോൾ ആദ്യമൊക്കെ വെപ്രാളം പ്രകടിപ്പിച്ചിരുന്നെങ്കിലും, രക്ഷപ്പെടാൻ മാർഗ്ഗമൊന്നുമില്ലാത്തതിനാൽ പിന്നെപിന്നെ ഷോക്കടിക്കുമ്പോൾ നിശബ്ദമായി അതു സഹിച്ചു തുടങ്ങി. രണ്ടാമത്തെ കൂട്ടിലെ പട്ടി ഷോക്കേൽക്കുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അതിന്റെ മുഖം കൊണ്ട് ചുവന്ന ബട്ടണമർത്തുകയും, അതോടെ ഷോക്കില്ലാതാകുന്നത് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് എപ്പോൾ കറന്റടിച്ചാലും  ഉടൻ തന്നെ ബട്ടണമർത്തി ഷോക്കിൽ നിന്ന് രക്ഷപ്പെടാൻ ആ പട്ടിക്ക് കഴിഞ്ഞു. എന്നാൽ ആദ്യത്തെ കൂട്ടിൽക്കിടന്ന് നിരവധി തവണ ഷോക്കേറ്റ പട്ടിയെ പിന്നീട് രണ്ടാമത്തെ കൂട്ടിലേക്കു മാറ്റിനോക്കി. പക്ഷേ, ഷോക്കിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ബട്ടണമർത്താൻ ആ പട്ടി ശ്രമിക്കുന്നതേയുണ്ടായിരുന്നില്ല. രക്ഷപ്പെടാൻ മാർഗ്ഗമുണ്ടായിട്ടും, നിശബ്ദനായി ഷോക്ക് സഹിക്കുക മാത്രമാണ് ആ പട്ടി ചെയ്‌തത്‌.  
പലപ്പോഴും മനുഷ്യരുടെ ജീവിതാവസ്ഥകളും മേൽപ്പറഞ്ഞ പരീക്ഷണത്തിൽ സമാനമാകാറുണ്ട്. ബാല്യത്തിലും കൗമാരത്തിലും വിഷമകരമായ അനുഭവങ്ങളിലൂടെ തുടർച്ചയായി കടന്നുപോകേണ്ടി വരുന്ന മനുഷ്യർ, ഒരു പരിധി കഴിയുമ്പോൾ, 'ഇതെന്റെ തലയിലെഴുത്താണ്. ഞാനെന്തു ചെയ്താലും ഈ കഷ്ടകാലം മാറില്ല' എന്നൊരു സമീപനത്തിലേക്കെത്താറുണ്ട്. പിൽക്കാലത്ത് ജീവിതത്തിൽ നല്ല നിലയിലെത്താനുള്ള അവസരങ്ങൾ ലഭിച്ചാലും ആ അവസരങ്ങളെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നതിൽ ഇവർ പരാജയപ്പെട്ടേക്കും. ഇത്തരത്തിൽ ജീവിതാനുഭവങ്ങളിലൂടെ 'പഠിച്ചെടുക്കുന്ന നിസ്സഹായാവസ്ഥ'യാണ് (ലേർനെഡ് ഹെൽപ്‌ലസ്‌നസ്) ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ സംഭവിക്കുന്നതിന് ഏറ്റവും വലിയ വിലങ്ങുതടിയായി നിൽക്കുന്നത്.
സമ്പുർണ്ണജീവിതം
പോസിറ്റീവ് സൈക്കോളജി സിദ്ധാന്തങ്ങൾ പ്രകാരം സന്തോഷകരമായ ജീവിതത്തിന് മൂന്നു തലങ്ങളുണ്ട്. ഘട്ടംഘട്ടമായി ഈ മൂന്നു തലങ്ങളും പിന്നിടുന്നതോടെയാണ് ജീവിതം സമ്പൂർണ്ണമാകുന്നത്.
പ്രസാദാത്മക ജീവിതം (പ്ലെസന്റ്  ലൈഫ്): 
ജീവിതാനുഭവങ്ങളെ ആസ്വദിക്കുകയും അവയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കഴിഞ്ഞുപോയ അനുഭവങ്ങളെക്കുറിച്ചു സംതൃപ്തിയും അഭിമാനവും ശാന്തതയും മനസ്സിൽ വളർത്തിയെടുക്കുകയാണ് ആദ്യപടി. നിലവിലുള്ള ജീവിതസാഹചര്യങ്ങളെ പൂർണ്ണമായും ആസ്വദിക്കുകയാണടുത്തത്. ഭാവിയെക്കുറിച്ചു പ്രതീക്ഷയും ശുഭാപ്തി വിശ്വാസവുമുണ്ടാകേണ്ടതും അനിവാര്യമാണ്.
ശുഭജീവിതം (ഗുഡ് ലൈഫ്): 
ചെയ്യുന്ന പ്രവൃത്തിയിൽ പൂർണ്ണമായും കേന്ദ്രീകരിച്ചു, ഒരു തടസ്സവുമില്ലാതെ, വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള ജീവിതം. ഒരു തരത്തിലുള്ള പ്രലോഭനങ്ങളും നമ്മെ ലക്ഷ്യത്തിൽ നിന്ന് തടസ്സപ്പെടുത്തുന്നില്ല. നമ്മുടെ വ്യക്തിത്വത്തിലുള്ള നല്ല ഗുണങ്ങൾ കണ്ടെത്തി അവ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന അവസ്ഥയാണിത്. 
അർത്ഥപൂർണ്ണമായ ജീവിതം (മീനിങ്ഫുൾ ലൈഫ്):
അവനവന്റെ നല്ല ഗുണങ്ങളെ ഉപയോഗിച്ച് സ്വാർത്ഥ താല്പര്യങ്ങൾക്കപ്പുറത്ത് മറ്റുള്ളവരുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുക. ഇതിലൂടെ ജീവിതത്തിന് പുതിയൊരു അർത്ഥം കൈവരുന്നു. സമ്പുർണ്ണ ജീവിതത്തിലേക്കുള്ള ഏറ്റവും മഹത്തായ ചുവടുവയ്പ്പാണിത്.
നിങ്ങളുടെ പോസിറ്റീവ് ഗുണങ്ങൾ
ജീവിതം ആഹ്ലാദകരമാക്കാൻ ഓരോ വ്യക്തിയും വളർത്തിയെടുക്കേണ്ട ചില സവിശേഷഗുണങ്ങളുണ്ട്. ഇവയെ 'ഹസ്താക്ഷര ഗുണങ്ങൾ' (സിഗ്നേച്ചർ സ്ട്രംങ്ത്) എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്പൂർണ്ണ ജീവിതത്തിലേക്കുള്ള ചുവടുവയ്‌പ്പിൽ നമ്മെ ഏറെ സഹായിക്കുന്ന കാര്യങ്ങളാണ് ഈ ഗുണങ്ങളോരോന്നും.
യുക്തിബോധം: കാര്യങ്ങളെ മുൻവിധികളില്ലാതെ, നിഷ്പക്ഷമായി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനുള്ള കഴിവ്. സർഗ്ഗാത്മകത. ജിജ്ഞാസ, തുറന്ന മനഃസ്ഥിതി, പുതിയ കാര്യങ്ങളും കഴിവുകളും പഠിക്കാനുള്ള താല്പര്യം, മറ്റുള്ളവർക്ക് ഉചിതമായ മാർഗ്ഗനിർദ്ദേശം നൽകാനുള്ള കഴിവ് എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
ധൈര്യം: പ്രതിസന്ധികളെ അതിജീവിക്കാനും നിലപാടുകളിൽ സത്യസന്ധത പുലർത്താനും ഉള്ള കഴിവ്. ആധികാരികത, കഠിനാധ്വാനശീലം, ഊർജ്ജസ്വലത, ഭീഷണികളെയും വെല്ലുവിളികളെയും മറികടക്കാനുള്ള കഴിവ്, വേദന സഹിക്കാനുള്ള ശേഷി എന്നിവയൊക്കെ ഇതിൽപ്പെടും. 
മനുഷ്യത്വം: സഹജീവികളോടുള്ള ഇടപെടൽ അനിവാര്യമായ ദയാവായ്പ്, സ്നേഹം, വൈകാരികബുദ്ധി, സാമൂഹ്യ ഇടപെടലുകൾ നടത്താനുള്ള ശേഷി തുടങ്ങിയവ.
നീതിബോധം: എല്ലാവരെയും സമഭാവത്തോടെ കാണാനുള്ള കഴിവ്. സമഭാവന, നേതൃവാസന, സംഘമായി പ്രവർത്തിക്കാൻ വേണ്ട പരസ്പര സഹകരണശേഷി എന്നിവ ഇതിൽപ്പെടും.
ആത്മനിയന്ത്രണം: ക്ഷമാശീലം, സ്വയംക്രമീകരണം, വിനയം, കരുതലോടുള്ള പെരുമാറ്റം തുടങ്ങി പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിക്കാൻ വേണ്ട ശേഷികൾ.
അത്യുത്കൃഷ്ടത: സൗന്ദര്യത്തെയും നന്മയെയും അംഗീകരിക്കാനുള്ള കഴിവ്. നമ്മെ സഹായിച്ചിട്ടുള്ളവരെ നന്ദിപൂർവ്വം സ്മരിക്കാനും നന്ദി പ്രകാശിപ്പിക്കാനുമുള്ള ശേഷി. നർമ്മബോധവും ശുഭാപ്തി വിശ്വാസവും നിലനിർത്താനുള്ള സാമർഥ്യം.
ജീവിതത്തിൽ എന്തൊക്കെ നല്ലതു ലഭിച്ചാലും തൃപ്തി വരാതെ കൂടുതൽ നേട്ടങ്ങൾ ആഗ്രഹിക്കുന്നത് മനുഷ്യ സ്വഭാവമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിക്കുന്ന നല്ല കാര്യങ്ങൾ കണ്ട് അസഹിഷ്ണുത തോന്നി അവരോടു മത്സരബുദ്ധിയിലധിഷ്ഠിതമായ വിദ്വേഷം വച്ച് പുലർത്തുന്നത് ആധുനിക ജീവിതരീതിയുടെ ഒരു അപകടകരമായ വശമാണ്. അസൂയ നിറഞ്ഞ ഇത്തരം സമീപനങ്ങൾ മനസിനെ മാത്രമല്ല ശാരീരികാരോഗ്യത്തെയും ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. അസംതൃപ്തി, അസൂയ, കടുത്ത മത്സരബുദ്ധി, വിദ്വേഷം, അമിത ദേഷ്യം എന്നിവയൊക്കെ നിത്യസ്വഭാവമാക്കിയവർക്ക് ശരീരത്തിലെ നാഡീവ്യൂഹങ്ങളിലും ഹോർമോണുകളുടെ അളവിലും വ്യത്യാസങ്ങളുണ്ടാക്കി അമിതരക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുന്നു. നെഗറ്റീവ് വിചാരങ്ങൾ നമ്മുടെ പ്രവർത്തന പരിധിയെ പരിമിതപ്പെടുത്തുകയും പലപ്പോഴും അനാശാസ്യമായ പെരുമാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ദേഷ്യം വന്നാലുടൻ തന്നെ ആക്രമണം, ഭയം തോന്നിയാലുടൻ ഓടി രക്ഷപ്പെടണം, എന്ന മട്ടിൽ നമ്മുടെ പ്രതികരണങ്ങൾ ചുരുങ്ങുന്നു. എന്നാൽ പോസിറ്റീവായ ചിന്തകൾ മനസ്സിൽ നിറയുന്നതോടെ, ക്ഷമാപൂർവം ആലോചിച്ചു പ്രവർത്തിക്കാനും, ഏതു സാഹചര്യത്തിന്റെയും   നന്മകൾ കണ്ടെത്താനും നാം ശീലിക്കുന്നു. അങ്ങനെ ചിന്തകൾ കൂടുതൽ അയവുള്ളതും പ്രവർത്തികൾ ലക്ഷ്യബോധത്തോടെയുള്ളതും ആയിത്തീരുന്നു. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയിലേക്കു നമ്മെ നയിക്കുന്നു.
ആയുർദൈർഘ്യത്തെപ്പറ്റിയുള്ള  ആധുനിക ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് സ്നേഹം, ശുഭാപ്തിവിശ്വാസം, ഊർജ്ജസ്വലത, ജിജ്ഞാസ, കൃതജ്ഞത എന്നീ ഗുണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാൻ സാദ്ധ്യതയുണ്ടെന്നാണ്.
പോസിറ്റീവ് സൈക്കോതെറാപ്പി 
പോസിറ്റീവ് സൈക്കോളജിയുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തി മാനസിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് പോസിറ്റീവ് സൈക്കോതെറാപ്പി. ഒരു മണിക്കൂർ വീതം നീളുന്ന പതിനാലു സെഷനുകളിലൂടെയാണ് ഈ ചികിത്സ പുരോഗമിക്കുന്നത്. ജീവിതത്തിലുണ്ടാകുന്ന പല നിസ്സഹായാവസ്ഥയും നമ്മുടെ നെഗറ്റീവ് ചിന്തകളുടെ പരിണിതഫലമാണ് എന്ന് രോഗിയെ ബോദ്ധ്യപ്പെടുത്തി, അവയെ മറികടന്ന് പോസിറ്റീവ് ചിന്തകൾ മനസ്സിൽ നിറക്കാൻ ഡോക്ടർ സഹായിക്കുന്നു. ഘട്ടംഘട്ടമായി, ജീവിതത്തിൽ ഇതുവരെ അനുവർത്തിച്ചിരുന്ന അനാരോഗ്യകരമായ പ്രതികരണരീതികളെ ഇല്ലാതാക്കി, ശുഭാപ്തി വിശ്വാസത്തിലധിഷ്ഠിതമായ ഒരു മാനസികാവസ്ഥയിലേക്ക് രോഗി എത്തിച്ചേരുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക രോഗങ്ങൾ ഉള്ളവർക്കും പ്രമേഹം, അധികരക്തസമ്മർദ്ദം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഈ ചികിത്സ പ്രയോജനം ചെയ്യാം.
സ്വന്തം നിലക്ക് ജീവിതത്തെ പോസിറ്റീവാക്കി മാറ്റാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവയാണ്.
എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് ബാല്യകാല അനുഭവങ്ങൾ ഓർത്തെടുത്ത് ഒരു ഡയറിയിൽ കുറിച്ചിടുക. കുട്ടിക്കാലത്തെ രസകരവും നിഷ്കളങ്കവുമായ അനുഭവങ്ങൾ ഓർക്കുന്നത് മനസ്സിനെ നന്മയിലേക്ക് നയിക്കും. ഹാർവാർഡ് സർവകലാശാലയിലെ ചില ഗവേഷകർ നടത്തിയ സമീപകാല പഠനങ്ങളിൽ തെളിഞ്ഞത് നിരന്തരം ബാല്യകാല അനുഭവങ്ങൾ ഓർക്കുന്നവർ കൂടുതൽ ഊർജ്ജസ്വലരും സഹായമനസ്ഥിതിയുള്ളവരും ന്യായമായി പ്രവർത്തിക്കുന്നവരുമായിത്തീരുന്നു എന്നാണ്.
ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ നമ്മെ സഹായിച്ചിട്ടുള്ള ആളുകളെ ഓർക്കുക. പലപ്പോഴും ഇത്തരക്കാരോട് നന്ദി പറയാൻ പോലും നാം മറന്നു പോയിട്ടുണ്ടാകും. ഇങ്ങനെ നമ്മെ സഹായിച്ചിട്ടുള്ള ഒരു വ്യക്തിക്കെങ്കിലും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഒരു കത്ത് എഴുതുക. കഴിയുമെങ്കിൽ അവരെ നേരിൽ കണ്ട് ആ കത്ത് നൽകുക.
ദിവസവും രാത്രി ഒരു ഡയറിയിൽ അന്ന് നടന്ന മൂന്ന് സന്തോഷകരമായ അനുഭവങ്ങൾ കുറിച്ചിടുക. പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടിയതോ, നമ്മുടെ ജോലി കണ്ട് ആരെങ്കിലും അഭിനന്ദിച്ചതോ ഒക്കെയാകാം ആ സംഭവങ്ങൾ. എന്തു കൊണ്ട് ഈ സംഭവങ്ങൾ നടന്നു. അതിനു നമ്മുടെ സ്വഭാവഗുണങ്ങളെന്തെകിലും കാരണമായിട്ടുണ്ടോ എന്ന് ചിന്തിക്കുക. നിങ്ങളുടെ സ്വഭാവത്തിലെ ഏതെങ്കിലും അഞ്ച് സവിശേഷഗുണങ്ങൾ ആലോചിച്ചു കണ്ടെത്തുക. ഈ ഗുണങ്ങൾ ജീവിതത്തിൽ നമ്മെ എങ്ങനെയൊക്കെ സഹായിച്ചിട്ടുണ്ടെന്നാലോചിക്കുക. നിങ്ങളുടെ സവിശേഷഗുണങ്ങളിൽ ഏതെങ്കിലുമൊന്നിനെ ദിവസേന ഒരു പുതിയ രീതിയിൽ ഉപയോഗിച്ചു നോക്കുക. നിങ്ങൾ വിചാരിച്ചതിനേക്കാൾ ഏറെ മുന്നേറാൻ നിങ്ങൾക്ക് സാധിക്കുമെന്ന്   ഇത് നിങ്ങളെ ബോദ്ധ്യപ്പെടുത്തും.
പെൻ റെസിലിയൻസ് ട്രെയിനിംഗ്
കുട്ടികളിലും കൗമാരപ്രായക്കാരിലും ജീവിതത്തിലെ പ്രതിസന്ധികളെയും നഷ്ടങ്ങളെയും ഫലപ്രദമായി മറികടക്കാൻ സഹായിക്കുന്ന ഒരു പരിശീലന രീതിയാണ് 'പെൻ റെസിലിയൻസ് ട്രെയിനിംഗ്'. പോസിറ്റീവ് സൈക്കോളജി തത്വങ്ങളുപയോഗിച്ചു വികസിപ്പിച്ചിരിക്കുന്ന ഈ പരിശീലനം പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്. 21 കേന്ദ്രങ്ങളായി 3000-ലധികം കുട്ടികൾ ഈ പരിശീലനത്തിനു വിധേയരായിട്ടുണ്ട്. ഒന്നര മണിക്കൂർ വീതമുള്ള 10 സെഷനുകളാണ് ഈ പരിശീലനത്തിലുള്ളത്.
ചിന്തകളും വികാരങ്ങളും പ്രവർത്തികളും തമ്മിലുള്ള ബന്ധം കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ആദ്യ ഘട്ടം. അസുഖകരമായ ചിന്തകളാണ് ജീവിതത്തിലെ വൈകാരിക പ്രശ്നങ്ങൾക്കും അപകടകരമായ പ്രവൃത്തികൾക്കും കാരണമാകുന്നതെന്നു കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്നു. ശുഭാപ്തിവിശ്വാസവും നിരാശാബോധവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന  ചില റോൾ പ്ലേകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും തുടർന്ന് നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ നിസ്സഹായാവസ്ഥയിലേക്കു പോകാതെ, വ്യത്യസ്തമായി ചിന്തിക്കാനുള്ള പരിശീലനമാണ് അടുത്തപടി. സമപ്രായക്കാരുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുമുള്ള പരിശീലനമാണ് പിന്നീട്. പരാജയങ്ങളോടും നഷ്ടങ്ങളോടും പ്രതികരിക്കാനുള്ള പരിശീലനം തുടര്‍ന്ന് നല്കുന്നു. പ്രശ്‌ന പരിഹാരശേഷിയും, സാമൂഹ്യസാഹചര്യങ്ങളോടിണങ്ങാന്‍ വേണ്ട സാമർത്ഥ്യങ്ങളും തുടര്‍ന്നു പരിശീലിപ്പിക്കുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സുഹൃത്തുക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനുള്ള കഴിവും ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. 
ഈ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് നിത്യ ജീവിതത്തിലെ പ്രയാസകരമായ സാഹചര്യങ്ങളെ  മറികടക്കാൻ വേഗം സാധിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. യാഥാർഥ്യബോധത്തോടെയുള്ള ശുഭാപ്തിവിശ്വാസം വെച്ചു പുലത്താനുള്ള സ്വഭാവദൃഢത, തീരുമാനമെടുക്കൽ ശേഷി എന്നിവ വികസിപ്പിക്കാനും ഇതിലൂടെ കഴിയുന്നുണ്ട്. 
പിൻകുറിപ്പ്: 1970-കളുടെ തുടക്കത്തിൽ, വയലാർ രാമവർമ്മ ചലച്ചിത്രരംഗത്ത് ഗാനരചയിതാവെന്ന നിലയിൽ തിളങ്ങി നില്ക്കുന്ന  കാലം. ഒരു ദിവസം സിനിമാരംഗത്തു ഉയർന്നുവരുന്ന ഒരു ഗാനരചയിതാവ് വയലാറിനെ കാണാനെത്തി. വയലാറിന്റെ ഗാനങ്ങളോടുള്ള തന്റെ  ആരാധന വെളിപ്പെടുത്തിയ യുവാവ് ഒരു സംശയവും ചോദിച്ചു. "ചേട്ടാ പലരും സിനിമയിൽ പാട്ടെഴുതുന്നുണ്ട്. എന്നാൽ  ചേട്ടന്റെ ഗാനങ്ങളുടെ സൗന്ദര്യമോ ജനപ്രീതിയോ അവയ്‌ക്കൊന്നുമില്ല. ഞാനും കുറേ  പാട്ടുകളെഴുതിയിട്ടുണ്ട്. പക്ഷേ ചേട്ടന്റെ ഗാനങ്ങളുടെയടുത്തെങ്ങും വരുന്നില്ല. എന്താണ് അങ്ങയുടെ രചനയുടെ ഈ സൗന്ദര്യ രഹസ്യം? വയലാർ ഒന്നും മിണ്ടാതെ അവിടെയിരുന്ന ഒരു കടലാസിലേക്ക് തന്റെ പേനയിൽനിന്ന് അൽപ്പം മഷി കുടഞ്ഞു; എന്നിട്ടാ കടലാസ് കയ്യിലെടുത്തു ചുരുട്ടി. മഷി കടലാസിൽ പടർന്നു. ആ കടലാസ് നിവർത്തിയിട്ട് വയലാർ യുവഗാനരചയിതാവിനോട് ചോദിച്ചു: "ഇതു കണ്ടിട്ട് നിനക്കെന്തുപോലെ തോനുന്നു?  കടലാസിൽ മഷി പടർന്നുണ്ടായ രൂപം സൂക്ഷിച്ചു നോക്കിയിട്ടു യുവാവു പറഞ്ഞു: "ചേട്ടാ എനിക്കിതു കണ്ടിട്ട് ഒരു പുലിയെപ്പോലെ തോനുന്നു." വയലാർ പ്രതിവചിച്ചു: "പക്ഷേ, എനിക്കിതിനെക്കണ്ടിട്ട് ഒരു പൂവിനെപ്പോലെയാണ് തോന്നുന്നത്. അതാണ് ഞാനും നീയും തമ്മിലുള്ള വ്യത്യാസം. ഒരു കവി കാണുന്നതെന്തിലും സൗന്ദര്യം ദർശിക്കുന്നവനാകണം."
വിഷാദ രോഗം ഒരു പൊതുജനാരോഗ്യ പ്രശ്നം നമുക്ക് വിഷാ...
മനോരോഗികളുടെ പുനരധിവാസം
 

By accepting you will be accessing a service provided by a third-party external to http://manasikarogyam.com/

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is a Joomla Security extension!